ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാത്രികര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ.ചൈന, ഹോങ്കോങ്, ജപ്പാന്, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്ലന്ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് സര്‍ക്കാരിന്റെ എയര്‍ സുവിധ പോര്‍ട്ടലില്‍ അവരുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ചൈനയിലും കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
12 ജില്ലകളിലെ 56 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്;മൂന്ന് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം:നിരോധിച്ച സംഘടനയായ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ 56 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സിയായ NIA റെയ്ഡ്. പി.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റാഷിയുടെ വീട്ടിലുൾപ്പെടെയാണ് പുലര്‍ച്ചെയോടെ റെയ്ഡ്. രണ്ടാം നിര പ്രാദേശിക നേതാക്കളുടെ വീട്ടിലാണ് അതിരാവിലെ അന്വേഷണ സംഘമെത്തിയത്. ഇവരിൽ പലരുടേയും സാമ്പത്തിക സ്രോതസിലെ സംശയമാണ് റെയ്ഡിന് കാരണം.വിതുരയിൽ നിന്നും സംസ്ഥാന നേതാവ് സുൽഫിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേയ്ക്ക് കൊണ്ടുവന്നതായാണ് വിവരം. തിരുവനന്തപുരത്ത് തോന്നയ്ക്കൽ, പള്ളിക്കൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ റെയ്ഡ് നടന്നു.എറണാകുളത്ത് എട്ടിടത്തും ആലപ്പുഴയിൽ നാലിടത്തും ഏജൻസി റെയ്ഡ് നടത്തി. ആലപ്പുഴയിലെ ചന്തിരൂർ, വണ്ടാനം, വീയപുരം, ഓച്ചിറ, എറണാകുളം ജില്ലയിലെ എടവനക്കാട്, ആലുവ, വൈപ്പിൻ മേഖലകളിലാണ് പരിശോധന.വയനാട്ടിലും പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ. റെയ്ഡ് തുടരുന്നു. മാനന്തവാടി, താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട് പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുന്നത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. കൂടുതൽ പ്രദേശങ്ങളിൽ റെയ്ഡ് തുടരാനാണ് സാധ്യത. ജില്ലാ പോലീസിന് ഇതു സംബന്ധിച്ച് യാതൊരു വിവരവും നൽകാതെയാണ് എൻ.ഐ.എ. പരിശോധന.ക്രിമിനൽ പശ്ചാത്തലമുള്ള പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളും എൻഐഎയുടെ നിരീക്ഷണത്തിലാണ്.സ്വാഭാവിക പരിശോധനയാണ് പുരോഗമിക്കുന്നതെന്ന് എൻഐഎ വ്യക്തമാക്കി.
ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി അപകടം; ആന്ധ്രാ സ്വദേശി മരിച്ചു
ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ഹൗസ് ബോട്ട് മുങ്ങി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആന്ധ്ര സ്വദേശി രാമചന്ദ്ര റെഡ്ഡി(55)യാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകർന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഒരു ജീവനക്കാരനടക്കം നാലു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമചന്ദ്ര റെഡ്ഡിയുടെ മകൻ രാജേഷ് റെഡ്ഡി, ബന്ധുക്കളായ നരേന്ദർ, നരേഷ്, ബോട്ട് ജീവനക്കാരൻ സുനന്ദൻ എന്നിവരാണ് ചികിത്സയിലുള്ളത്.കഴിഞ്ഞ ദിവസം യാത്ര കഴിഞ്ഞ് സംഘം രാത്രി ബോട്ടിൽ തന്നെ കഴിയുകയായിരുന്നു. പുലർച്ചെ ബോട്ട് മുങ്ങുന്നത് സമീപത്തെ ബോട്ട് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.കുതിരപ്പന്തി സ്വദേശി മിൽട്ടൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടാണിത്.
പെട്രോൾ പമ്പ് സമരം മാറ്റി
കണ്ണൂർ:ജില്ലയിൽ നാളെയും മറ്റന്നാളുമായി നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റി.റീജിയണൽ ലേബർ കമ്മീഷണർ വിളിച്ച ചർച്ച അലസിപ്പിരിഞ്ഞെങ്കിലും സമരം പിൻവലിക്കാൻ തൊഴിലാളികൾ തീരുമാനിക്കുകയായിരുന്നു.അതേസമയം ജനുവരി 24 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി കൺവീനർ എ പ്രേമരാജൻ അറിയിച്ചു.ശമ്പളം വര്‍ധിപ്പിച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം നൽകിയത്.നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോഴും പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഒരു ദിവസം 482 രൂപയാണ് കൂലി. യാത്ര, ഭക്ഷണം എന്നിവ സ്വന്തം കൈയില്‍ നിന്ന് എടുക്കണം.കൂടാതെ, സ്ഥാപന ഉടമകള്‍ ക്ഷേമനിധിയില്‍ തൊഴിലാളികളുടെ പേര് ചേര്‍ക്കുന്നില്ല. ഇഎസ്ഐ, പിഎഫ് ഏര്‍പെടുത്താന്‍ ഓയില്‍ കമ്പനികളുടെ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ ഇതൊന്നും നടപ്പിലാക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് മാസ്ക്, കൈയുറ എന്നിവ ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഓയില്‍ കംപനികള്‍ ഇവയൊന്നും നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.സര്‍കാര്‍ കൊണ്ടുവന്ന മിനിമം കൂലി നടപ്പിലാക്കാന്‍ ഉടമകള്‍ തയാറായിട്ടില്ല. 2011 ലെ മിനിമം കൂലിക്ക് സ്റ്റേ വാങ്ങിയിരുന്നു. തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ കൊണ്ടുവന്ന മിനിമം കൂലി ഹൈകോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായില്ല.
ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു കടലിൽ കുളിക്കാനിറങ്ങിയ ഇരുവരെയും കാണാതായത്.ഇന്ന് രാവിലെയോടെയായിരുന്നു ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.കഠിനംകുളം, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസുകാർ സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി.ക്രിസ്മസ്സ് ദിനത്തിൽ വൈകിട്ട് 6 മണിയോടെ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് ഇരുവരെയും കാണാതായത്.
തൃശ്ശൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം;ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
തൃശൂർ: ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം.കാർ യാത്രികരാണ് മരിച്ചത്.തൃശൂർ എറവിലുള്ള സ്കൂളിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. വാടാനപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കാഞ്ഞാണിയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.മരിച്ചവർ എല്ലാം എൽത്തുരുത്ത് സ്വദേശികളാണ്. വിന്‍സന്റ്, ഭാര്യ മേരി, തോമസ്, ജോര്‍ജി എന്നിവരാണ് മരിച്ചത്. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്ത് നിന്നും വരികയായിരുന്ന ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നിരുന്നു. നാട്ടുകാരെത്തി കാർ പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
36 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക കിരീടം ചൂടി അർജന്റീന
ഖത്തർ:ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ഫുട്ബോൾ ലോക കിരീടം ചൂടി അർജന്റീന.ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്താണ് (4-2) അർജന്റീന കിരീടം നേടിയത്. രണ്ട് ഗോൾ നേടിയ ലയണൽ മെസിയും എയ്ഞ്ചൽ ഡി മരിയയുമാണ് മുഴുവൻ സമയത്ത് അർജന്റീനയുടെ സ്കോറർമാർ. കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ മൂന്ന് ഗോളുകളും നേടിയത്.പെനാൽറ്റി ഷൂട്ടൌട്ടിൽ 4-2ന് ഫ്രാൻസിനെ മറികടക്കുമ്പോൾ, 36 വർഷത്തിനുശേഷമാണ് അർജന്റീന ഫിഫ ലോകകപ്പിൽ മുത്തമിടുന്നത്. മുമ്പ് 1978ലും 1986ലുമാണ് അർജന്റീന ലോകകപ്പ് നേടിയത്. 1978ൽ മരിയോ കെംപസിലൂടെയും 1986ൽ ഡീഗോ മറഡോണയിലൂടെയും നേടിയ ലോകകിരീടം 2022ൽ ലയണൽ മെസിയിലൂടെ അർജന്റീന തിരിച്ചുപിടിക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. തുടക്കം മുതൽ കളിയിൽ മേധാവിത്വം പുലർത്തിയാണ് അർജന്റീന രണ്ടു ഗോൾ ലീഡ് നേടിയത്.ആദ്യ പകുതിയിലെ ലീഡുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ അർജന്റീനയെ കാത്തിരുന്നത് ഫ്രാൻസിന്റെ ഗംഭീര തിരിച്ചുവരവാണ്. കീലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഫ്രാൻസ് പിടിമുറുക്കി. ഇരട്ട പ്രഹരമേൽപ്പിച്ചാണ് എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചത്.
ഫുട്ബോൾ ലോകത്തിനെ ആവേശത്തിന്റെ കൊടുമുടി കയറ്റി ഇതിഹാസ താരം ലയണൽ മെസിയിലൂടെയായിരുന്നു അർജന്റീന മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ മെസി നേടിയ ആദ്യ ഗോളിന് മുന്നിട്ട് നിന്ന അർജന്റീന എയ്ഞ്ചൽ ഡി മരിയയിലൂടെ ഫൈനലിലെ രണ്ടാം ഗോൾ നേടി.ഇരുപത്തിയൊന്നാം മിനിറ്റിൽ ഡി മരിയയെ പെനാൽറ്റി ബോക്സിൽ ഡെംബെലെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു മെസി ഫൈനലിലെ ആദ്യ ഗോൾ കണ്ടെത്തിയത്.മുപ്പത്തിയാറാം മിനിറ്റിലായിരുന്നു ഡി മരിയയുടെ രാജകീയമായ തിരിച്ചു വരവ് അടയാളപ്പെടുത്തിയ ഗോൾ പിറന്നത്. മെസിയായിരുന്നു രണ്ടാം ഗോളിന്റെയും അമരക്കാരൻ. മെസിയിൽ നിന്നും പന്ത് സ്വീകരിച്ച മക് അലിസ്റ്റർ അവസരം ഒട്ടും പാഴാക്കാതെ അത് ഡി മരിയക്ക് നൽകി. അവസരം മുതലെടുത്ത ഡി മരിയ അത് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.പനി ബാധിച്ച സൂപ്പർ താരം ജിറൂഡിനെയും ഡെംബെലെയും ഫ്രാൻസ് നാൽപ്പത്തി മൂന്നാം മിനിറ്റിൽ പിൻവലിച്ചത് ആരാധകരെ നിരാശയിലാക്കി. രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമിട്ട് ഫ്രാൻസ് ആക്രമണം കടുപ്പിച്ചു. അർജന്റീന ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ മികച്ചു നിന്നപ്പോൾ, അപ്രതീക്ഷിതമായ മടങ്ങി വരവായിരുന്നു എംബാപ്പെ എന്ന യാഗാശ്വത്തിലൂടെ ഫ്രാൻസ് നടത്തിയത്.എഴുപത്തിയൊൻപതാം മിനിറ്റിൽ കൊലോമുവാനിയെ ബോക്സിൽ തള്ളി വീഴ്ത്തിയ ഒട്ടമെൻഡിക്കെതിരെ റഫറി പെനാൽറ്റി വിധിച്ചു. എൺപതാം മിനിറ്റിൽ കിക്കെടുത്ത എംബാപ്പെ ലക്ഷ്യം കണ്ടു. ഗോളിന്റെ ഞെട്ടലിൽ പകച്ച അർജന്റീനയുടെ പതർച്ച മുതലെടുത്ത് എൺപത്തിയൊന്നാം മിനിറ്റിൽ എംബാപ്പെ ഫ്രാൻസിന്റെ രണ്ടാം ഗോൾ കണ്ടെത്തി.
മത്സരം പുരോഗമിക്കവേ ഇരു ടീമുകളും മികച്ച അവസരങ്ങളുണ്ടാക്കി മുന്നോട്ട് പോയി. ആദ്യ പകുതിയിൽ ഉറങ്ങിയ ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചു വന്നതോടെ അർജന്റീനയും ഉണർന്നു. ഒടുവിൽ ആഗ്രഹിച്ച പോലെ അർജന്റീനയുടെ ഗോൾ പിറന്നു.എന്നാൽ വിട്ടുകൊടുക്കാൻ ഫ്രാൻസും എംബാപ്പെയും തയ്യാറായില്ല. അധിക സമയത്തിന്റെ അവസാന നിമിഷം പെനാൽറ്റിയിലൂടെ ഗോൾ നേടി എംബാപ്പെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ട് പോയി.പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്കെടുത്ത മെസ്സി കൃത്യമായി വലയിലെത്തിച്ചു. മറുഭാഗത്ത് എംബാപ്പെയും ലക്ഷ്യം കണ്ടതോടെ മത്സരം മുറുകി. എന്നാൽ ഇവിടെയാണ് എമിലിയാനോ മാർട്ടിനസ് എന്ന താരത്തിന്റെ സാന്നിധ്യം അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. തുടർച്ചയായി രണ്ട് കിക്കുകൾ തടുത്ത എമിലിയാനോ ടീമിനെ അക്ഷരാർത്ഥത്തിൽ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.ആദ്യ കിക്ക് എംബാപ്പെ ഗോളാക്കിയെങ്കിലും തുടർന്നുള്ള കിക്ക് തടുത്തിട്ട് എമിലിയാനോ, അർജന്റീനയ്ക്ക് മേധാവിത്വം നൽകി. മൂന്നാമത്തെ കിക്ക് ഫ്രഞ്ച് താരം പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ മത്സരത്തിൽ അർജന്റീന വിജയമുറപ്പിക്കുകയായിരുന്നു. നാലമത്തെ കിക്ക് ഫ്രഞ്ച് താരം കോലോ മൌനി ലക്ഷ്യം കണ്ടെങ്കിലും തൊട്ടടുത്ത കിക്കെടുത്ത മോണ്ടിയാലിന് പിഴച്ചില്ല. അർജന്റീന ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറി.
ലോകകപ്പ് ആവേശം അതിരുവിട്ടു; കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു;ഒരാളുടെ നില ഗുരുതരം;ആറ് പേർ കസ്റ്റഡിയിൽ
കണ്ണൂർ : കണ്ണൂരിൽ ലോകകപ്പ് ആഘോഷത്തിനിടെ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പള്ളിയാമൂലയിൽ ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ അനുരാഗിന്റെ നില ഗുരുതരമാണ്.പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപ്രതികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.അർജന്റീന-ഫ്രാൻസ് മത്സരത്തിന് പിന്നാലെ ആരാധകർ തമ്മിൽ നടന്ന വാക്കേറ്റമാണ് പിന്നീട് സംഘർഷത്തിലേക്കും ആക്രമണത്തിലേക്കും നയിച്ചത്. ഉടൻ തന്നെ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് വച്ച് സംഘർഷം നടന്നിരുന്നു. എന്നാൽ അന്ന് ആർക്കും പരിക്കേറ്റിരുന്നില്ല.
സംസ്ഥാനത്ത് മദ്യവില കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടി.10 മുതല്‍ 20 രൂപ വരെയാണ് ഇന്നു മുതൽ കൂടിയത്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപന നികുതിയിൽ 4% വർധന വരുത്തുന്നതിനുള്ള നിയമഭേദഗബില്ലിൽ കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരുന്നു. ബിയറിനും വൈനിനും രണ്ട് ശതമാനം വിൽപന നികുതി ഈടാക്കും. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലിൽ ആണ് ഗവർണർ ഒപ്പിട്ടത്. ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വച്ചപ്പോൾ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വിൽപന നികുതി കൂട്ടുന്നത്. പുതു വർഷത്തിൽ പുതിയ വിലക്ക് വിൽക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാൽ, ഉത്തരവിൽ പുതിയ നിരക്ക് ഉടൻ നിലവിൽ വരുമെന്ന് രേഖപ്പെടുത്തിയതിനാൽ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.വിൽപന നികുതി വർധിപ്പിക്കുമ്പോള്‍ ഒമ്പത് ബ്രാൻഡുകൾക്ക് വില വർധിക്കുമെന്നായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചിരുന്നത്. മദ്യനികുതി വർധിപ്പിക്കാനുള്ള പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്റെ ചർച്ചയിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ മദ്യക്കമ്പനികള്‍ക്ക് വേണ്ടിയാണ് വില വർധിപ്പിക്കുന്നെന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ല് എതിർത്തിരുന്നു.
കോട്ടയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു;16 പേര്‍ക്ക് പരിക്ക്
കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു.16 പേര്‍ക്ക് പരിക്കേറ്റു.മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേക്ക് പോയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.ചെന്നൈ താംബരം സ്വദേശി സംഘമിത്രയാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.