കത്ത് വിവാദം; കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം രാജി വെയ്ക്കില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ

keralanews letter controversy will not resign as long as has the support of the councillors says mayor arya rajendran

തിരുവനന്തപുരം: കത്ത് വിവാദത്തിൽ രാജി വെക്കില്ലെന്ന് ആവർത്തിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ.കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയർ സ്ഥാനത്ത് തുടരും. രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്യ.55 കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തിയാണ് താൻ മേയറായി ചുമതലയേൽക്കുന്നത്. കൗൺസിലർമാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തന്നെ തുടരും.മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. വിഷയത്തിൽ പറയാനുള്ളത് ക്രൈം ബ്രാഞ്ചിനോട് നേരിട്ട് പറയും.ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ട്. കോടതി മേയറെ കൂടി കേൾക്കണം എന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. സമരങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാകരുതെന്നും മേയർ പറഞ്ഞു.അതേസമയം, ആര്യാ രാജേന്ദ്രനെതിരെ ഇന്നും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നഗരസഭയ്ക്ക് മുന്നിൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.കത്ത് വിവാദത്തിൽ മേയർക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഡിജിപിക്കും സിബിഐ മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണങ്ങളെ പറ്റി മേയർക്ക് പറയാനുള്ളത് കേട്ട ശേഷം കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കാം എന്നാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കേസ് നവംബർ 25 -ാം തീയതി വീണ്ടും പരിഗണിക്കും.വിവാദ കത്തില്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ നഗരസഭാഗം ജി.എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

പെട്രോളിയം ട്രേഡേഴ്സ് നോർത്ത് സോൺ മീറ്റിങ്

keralanews petroleum traders north zone meeting

കോഴിക്കോട്:പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയുടെ വടക്കൻ മേഖല സമ്മേളനം കോഴിക്കോട് ഹോട്ടൽ കോപ്പർ ഫോളിയയിൽ വെച്ച് ഈ മാസം 4,5 തീയതികളിലായി നടന്നു.പെട്രോളിയം വ്യാപാര മേഖല വലിയ പ്രതിസന്ധികളെ നേരിടുന്ന പശ്ചാത്തലത്തിലാണ് അടിയന്തിരമായി ഇങ്ങനെയൊരു യോഗം വിളിച്ചു കൂട്ടിയത്. അടിസ്ഥാന മൂലധന നിക്ഷേപത്തിലും ദൈനംദിന ചിലവുകളിലും ഭീമമായ വർധനവുണ്ടായിട്ടും കഴിഞ്ഞ 5 വർഷമായി ഡീലർ കമ്മീഷനിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.ഓരോ ആറുമാസം കൂടുമ്പോഴും ഡീലർ കമ്മീഷൻ പുതുക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരം രൂപീകരിക്കപ്പെട്ട അപൂർവ്വ ചന്ദ്ര കമ്മിറ്റിയുടെ ശുപാർശ നടപ്പിലാക്കാൻ പൊതുമേഖലാ എണ്ണ കമ്പനികൾ ഇതുവരെയും തയ്യാറായിട്ടില്ല.പകരമായി ഉദ്യോഗസ്ഥ അധീശത്വത്തിനു വേണ്ടിയുള്ള കരിനിയമങ്ങൾ ഡീലറുടെ മേൽ അടിച്ചേൽപ്പിക്കാനാണ് കമ്പനികൾ വ്യഗ്രത കാണിക്കുന്നത്.

പെട്രോളിയം വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന ഡീലർമാർ അനാവശ്യ സമ്മർദ്ദത്തിലാക്കുന്ന നിലപാടുകളിൽ നിന്ന് ഓയിൽ കമ്പനികൾ പിന്മാറണമെന്ന് പെട്രോളിയം ട്രേഡേഴ്സ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വടക്കൻ മേഖലയിൽ നിന്നുള്ള നൂറിലധികം പെട്രോളിയം ഡീലർമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ചെയർമാൻ എ എം സജി, വൈസ് ചെയർമാൻ കെ വി രാമചന്ദ്രൻ, ജോയിന്റ് സെക്രെട്ടറി ടോം സ്കറിയ, ഖജാൻജി സെയ്ദ് എം ഖാൻ, അനുരൂപ് വടകര എന്നിവർ പ്രസംഗിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം;മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്

keralanews thiruvananthapuram corporation letter controversy high court notice to mayor arya rajendran

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡിജിപിക്കും സിബിഐ മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും എല്‍ഡിഎഫ് പാർലമെൻ്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്.മേയർ അടക്കമുള്ളവർ വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ആരോപണങ്ങളെ പറ്റി മേയർക്ക് പറയാനുള്ളത് കേട്ട ശേഷം കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കാം എന്ന് കോടതി പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.. കേസ് നവംബർ 25 -ാം തീയതി വീണ്ടും പരിഗണിക്കും.കത്തുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹർജി നൽകിയത്. ജോലി സ്വന്തം പാർട്ടിക്കാർക്ക് നൽകാൻ ശ്രമിച്ച മേയർ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു. രണ്ട് വർഷത്തിനിടെ തിരുവനന്തപുരം കോർപ്പറേഷനിൽ 1000 ത്തോളം പേരെ അനധികൃതമായി നിയമിച്ചുവെന്നും ആരോപണമുണ്ട്.സിപിഎം സഖാക്കളെ തിരുകി കയറ്റാൻ പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടു കൊണ്ടുളള മേയർ ആര്യ രാജേന്ദ്രന്റെ കത്താണ് വിവാദത്തിലായത്. സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ജോലിക്കാരെ ആവശ്യമുള്ള തസ്തികകളും അപേക്ഷിക്കേണ്ട അവസാന തീയ്യതിയുമുൾപ്പെടെ മേയറുടെ ലെറ്റർപാഡിൽ തയ്യാറാക്കിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.മേയർ ആര്യാ രാജേന്ദ്രന്റെ ഒപ്പും ഇതിൽ കാണാം. പിന്നാലെ മറ്റൊരു കത്തും പുറത്തുവന്നിരുന്നു. എന്നാൽ ഇത് തയ്യാറാക്കിയത് താൻ ആണെന്ന് ഡിആർ അനിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കത്തിൽ മേയർ അറിയാതെ എങ്ങനെ ഒപ്പ് വന്നുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

കോയമ്പത്തൂർ കാർ സ്ഫോടന കേസ്;പാലക്കാട് എൻഐഎ റെയ്ഡ്

keralanews coimbatore car blast case n i a raid in palakkad

പാലക്കാട്: കോയമ്പത്തൂർ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് പാലക്കാട് എൻഐഎ റെയ്ഡ്.മുതലമടയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഷെയ്ഖ് മുസ്തഫയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധം പുലർത്തിയതിനെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് ഇയാൾ.പുലർച്ചെയായിരുന്നു പരിശോധന. കോയമ്പത്തൂർ ചാവേർ ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു പരിശോധന നടത്തിയത്. ഏകദേശം മൂന്ന് മണിക്കൂറോളം പരിശോധന നീണ്ടു.കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥരെത്തിയത്. ഒക്ടോബര്‍ 23ന് പുലർച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വൻ സ്ഫോടനവും നടന്നത്.കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ആറുപേരെയും 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ ജയിലിലേക്ക് അയച്ചു.അതേസമയം ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ എൻഐഎ വ്യാപക പരിശോധന നടത്തിയിരുന്നു. 45 സ്ഥലങ്ങളിലായിരുന്നു പരിശോധന. ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവം; പ്രതിയെ വിട്ടയച്ചതിൽ തലശ്ശേരി പോലീസിന് വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്

keralanews incident where child kicked for leaning on the car reported that thalassery police failed in releasing accused

കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ യുവാവ് ചവിട്ടിവീഴ്ത്തിയ സംഭവത്തില്‍ പ്രതിയെ വിട്ടയച്ചതിൽ തലശ്ശേരി പോലീസിന് വീഴ്ചസംഭവിച്ചതായി റൂറല്‍ എസ്.പി.യുടെ അന്വേഷണറിപ്പോർട്ട്.സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ കാര്യഗൗരവത്തോടെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.തലശ്ശേരി എസ്.എച്ച്.ഒ. എം.അനില്‍, എസ്.ഐ. വരീഷ്‌കുമാര്‍, ജി.ഡി. ചാര്‍ജിലുണ്ടായിരുന്ന സുരേഷ് എന്നിവര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവസ്ഥലത്ത് പോയ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.അതിനിടെ, കേസിലെ പ്രതി മുഹമ്മദ് ഷിഹാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടു. പ്രതിക്കെതിരേ ബാലനീതി വകുപ്പുകള്‍ കൂടി ചുമത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.അതേസമയം, ചികിത്സയിലുള്ള ആറുവയസ്സുകാരന്‍ തിങ്കളാഴ്ച ആശുപത്രി വിടും. കുട്ടിയെ സാമൂഹികക്ഷേമ വകുപ്പിന്റെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ ആലോചന.

ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും പുറത്തിറക്കുന്നതിനിടെ കാർ കിണറ്റിലേക്ക് വീണു;അച്ഛനും മകനും ദാരുണാന്ത്യം

keralanews while leaving home to learn driving car fell into well father and son died

കണ്ണൂർ: ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും പുറത്തിറക്കുന്നതിനിടെ കാർ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം.നെല്ലിക്കുന്ന് കമ്മ്യൂണിറ്റി ഹാളിലെ സമീപത്തെ താരാമംഗലം മാത്തുക്കുട്ടി, മകൻ ബിന്‍സ് (18) എന്നിവരാണ് മരിച്ചത്.മാത്തുക്കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ ബിന്‍സ് ചികിത്സയിലിരിക്കെകയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. വീട്ടിൽ നിന്നും കാറ് പുറത്തേക്കെടുത്തപ്പോൾ നിയന്ത്രണം വിട്ട് കിണറിന്റെ പാർശ്വഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. കാർ തലകീഴായി കിണറ്റിലേക്ക് പതിച്ചതോടെ ഇരുവരും കാറിൽ കുടുങ്ങുകയായിരുന്നു.ഓടിയെത്തിയ നാട്ടുകാരിൽ ചിലർ കാറിൻറെ പിറകുവശത്തെ ചില്ല് തകർത്താണ് മാത്തുകുട്ടിയെ ആദ്യം പുറത്തെടുത്തത്. എന്നാൽ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ബിൻസിനെ പുറത്തെടുക്കാൻ വീണ്ടും ഏറെ വൈകി. ആലക്കോട് പോലീസും തളിപ്പറമ്പ് ഫയർഫോഴ്സും സ്ഥലത്തെത്തിയതിന് ശേഷമാണ് കാർ കിണറ്റിൽ നിന്നും പുറത്തെടുക്കാൻ ആയത്.

ഷാരോൺ കൊലപാതകം; പ്രതി ഗ്രീഷ്മ ആശുപത്രി വിട്ടു;പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും

keralanews sharons murder accused greeshma left hospital police apply for custody tomorrow

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഗ്രീഷ്മയെ ജയിലിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.അട്ടകുളങ്ങര വനിത ജയിലിലേക്കാണ് മാറ്റിയത്. നാളെ പോലീസ് കസ്റ്റഡി അപേക്ഷ നൽകും.കേസിൽ അറസ്റ്റിലായ ഗ്രീഷ്മ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലാണ് ഗ്രീഷ്മയെ പ്രവേശിപ്പിച്ചിരുന്നത്. തൊണ്ടയിലും അന്നനാളത്തിലും മുറിവുകളുണ്ടായിരുന്നു. ചികിത്സയിൽ കഴിയുന്നതിനാൽ കേസിലെ തെളിവെടുപ്പ് നീളുകയായിരുന്നു.നേരത്തെ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവൻ നിർമൽ കുമാറിനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഗ്രീഷ്മ കഷായത്തിൽ കലർത്തിയ വിഷത്തിന്റെ കുപ്പി കണ്ടെടുത്തിരുന്നു.നിലവിലെ അന്വേഷണത്തിൽ തൃപ്തരാണെന്നും കേസ് തമിഴ്‌നാട് പോലീസിന് കൈമാറരുതെന്നും അഭ്യർത്ഥിച്ച് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണം, വിഷം വാങ്ങിയത്, തൊണ്ടി മുതൽ ഉപേക്ഷിച്ചത് തുടങ്ങിയ സംഭവവികാസങ്ങളുണ്ടയത് തമിഴ്‌നാട് സ്റ്റേഷൻ പരിധിയിലാണ്. അതിനാലാണ് കേസ് തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നത്.

മോർബി തൂക്കുപാലം അപകടം;141 മരണം; സ്ഥലത്ത് പ്രധാനമന്ത്രി സന്ദർശനം നടത്തി

keralanews morbi suspension bridge accident 141 dead prime minister visited the place

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ മച്ചുനദിയിലെ തൂക്കുപാലം തകർന്നുണ്ടായ അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു.രക്ഷാപ്രവർത്തനം തുടരുന്ന മച്ചുനദിക്കു മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. അപകടത്തിൽ പരുക്കേറ്റവർ ചികിത്സയിലുള്ള മോർബി സിവിൽ ആശുപത്രിയും മോദി സന്ദർശിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപ്പിന്റെ പേര് പ്രദർശിപ്പിച്ചിരുന്ന ബോർഡ് വെള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിന്റെ ചിത്രം പുറത്തുവന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇവന്റ് മാനേജ്‌മെന്റാണെന്ന ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി സന്ദര്‍ശനത്തിന് മുന്നോടിയായി തിരക്കുപിടിച്ച് ഒറ്റരാത്രികൊണ്ട് നവീകരിച്ച പശ്ചാത്തലത്തിലായിരുന്നു വിമർശനം.മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പരിക്കേറ്റവരെ പുതുതായി പെയിന്റടിച്ച വാര്‍ഡുകളിലേക്ക് മാറ്റിയതും വിവാദമായി. പിന്നാലെയാണ് കമ്പനിയുടെ പേര് മറച്ചെന്ന വിവരം പുറത്ത് വരുന്നത്.ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള മോർബിയിലാണ് ദുരന്തമുണ്ടായത്.141 പേരാണ് അപകടത്തിൽ മരിച്ചത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി അഞ്ച് ദിവസം മുൻപാണ് പാലം തുറന്നുകൊടുത്തത്. അപകട സമയത്ത് പാലത്തിൽ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് പാലത്തിന് മുകളിൽ കയറിവർ പാലം കുലുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.തൂക്കുപാലം ഏഴു മാസം അടച്ചിട്ട് നവീകരിച്ചെങ്കിലും പല കേബിളുകളും മാറ്റിയിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പാലത്തിൽ അറ്റകുറ്റപണി നടത്തിയ കമ്പനിയുടെ മാനേജർമാർ അടക്കം 9 പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.

ഷാരോൺ രാജ് കൊലപാതകം; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി

keralanews sharon raj murder arrest of greeshmas mother and uncle recorded

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകത്തിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി.തെളിവുകൾ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിർമൽ കുമാറിനേയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.ഷാരോണിന്റെ മരണ ശേഷം അമ്മയ്‌ക്കും അമ്മാവനും ഗ്രീഷ്മയെ ആയിരുന്നു സംശയം. ഇക്കാര്യം ആരാഞ്ഞപ്പോൾ താനാണ് കൊലപ്പെടുത്തിയത് എന്ന് ഗ്രീഷ്മ സമ്മതിച്ചു. ഇതോടെ കഷായത്തിന്റെ കുപ്പിയുൾപ്പെടെ നശിപ്പിക്കുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കി.ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിൽ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.ഒരു വർഷമായി ഷാരോണും ഗ്രീഷ്മയും തമ്മിൽ അട‌ുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ഷാരോൺ തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഗ്രീഷ്മ നൽകിയ മൊഴി. കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ ബന്ധം കൂടുതൽ വഷളായി. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോണിനോട് പലകുറി പലരീതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഷാരോണിനെ ഒഴിവാക്കാൻ കടുംകൈ ചെയ്തതെന്നാണ് ഗ്രീഷ്മ പൊലീസിന് നൽകിയ മൊഴി.