ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി നാളെ പുറത്തിറക്കും;പങ്കാളികളായ ബാങ്കുകൾ ഏതൊക്കെ? സേവനം ലഭിക്കുന്ന നഗരങ്ങൾ ഏതെല്ലാം;ഉപയോഗ സാദ്ധ്യതകൾ അറിയാം

keralanews indias own digital currency to be launched tomorrow which are the participating banks which cities are served

മുംബയ്: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയുടെ ഒന്നാംഘട്ട റീട്ടെയിൽ സേവനത്തിന് പൈലറ്റ് (പരീക്ഷണ) അടിസ്ഥാനത്തിൽ ഡിസംബർ ഒന്നുമുതൽ നാല് നഗരങ്ങളിൽ റിസർവ് ബാങ്ക് തുടക്കമിടും.ഇതിനായി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി എന്നിവയുള്‍പ്പെടെ നാല് ബാങ്കുകളുമായാണ് ആര്‍ബിഐ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. പങ്കാളികളാകുന്ന ഉപയോക്താക്കളും വ്യാപാരികളും ഉള്‍പ്പെടുന്ന ഒരു ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന സ്ഥലങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ ഉള്‍പ്പെടുകയെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.ഉപഭോക്താക്കളിൽ നിന്നും വ്യാപാരികളിൽ നിന്നും തിരഞ്ഞെടുത്തവർക്കാണ് (ക്ളോസ്ഡ് യൂസർ ഗ്രൂപ്പ്/സി.യു. ജി) ആദ്യം സേവനം ലഭിക്കുക.നിലവിലെ രൂപാ നോട്ടുകളുടെയും നാണയങ്ങളുടെയും അതേമൂല്യമുള്ള ഡിജിറ്റൽ രൂപമാണ് ഇ-റുപ്പീ.ഇടപാടുകാര്‍ക്കും വ്യാപാരികള്‍ക്കും ബാങ്ക് പോലുള്ള ഇടനിലക്കാര്‍ വഴിയാണ് ഇത് വിതരണം ചെയ്യുകയെന്നും ആര്‍ബിഐ അറിയിച്ചു. പങ്കാളികളായ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതും മൊബൈല്‍ ഫോണുകളിലും മറ്റ് ഡിവൈസുകളിലുമുള്ള ഡിജിറ്റല്‍ വാലറ്റ് വഴിയും ഉപയോക്താക്കള്‍ക്ക് ഇ-റൂപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ കഴിയും.വ്യക്തികള്‍ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലും ഡിജിറ്റല്‍ രൂപ ഉപയോഗിച്ച് ഇടപാട് നടത്താമെന്നും ആര്‍ബിഐ പറയുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതുപോലെ, വ്യാപാര സ്ഥാപനങ്ങളുടെ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇ-റുപ്പി വഴി പേയ്മെന്റുകള്‍ നടത്താനാകും.ഡിജിറ്റൽ രൂപയ്‌ക്ക് പലിശ ലഭ്യമാകില്ല.

ഘട്ടം ഘട്ടമായാണ് ആര്‍ബിഐ ഡിജിറ്റല്‍ റുപ്പി പുറത്തിറക്കുക. ആദ്യ ഘട്ടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളില്‍ മാത്രമാണ് ഡിജിറ്റല്‍ റുപ്പി സേവനങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ, ന്യൂഡല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലാണ് ഡിസംബര്‍ 1 മുതല്‍ ഇ-റുപ്പി സൗകര്യം ലഭ്യമാകുക. പിന്നീട് ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുള്‍പ്പെടെ നാല് ബാങ്കുകകളും പദ്ധതിയില്‍ ചേരും. പിന്നീട്, അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്നൗ, പട്ന, ഷിംല തുടങ്ങിയ നഗരങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കും.പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത്. ഈ ഘട്ടത്തിൽ നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാകും രണ്ടാം ഘട്ടം വിപുലമാക്കുക. വളരെ പെട്ടെന്ന് സംഭവിക്കുന്ന കാര്യമാവില്ല ഇതെന്നും സമയമെടുത്താകും വികസിപ്പിക്കുകയെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. ലോകത്തിൽ ആദ്യമായാണ് ഇത്തരം ഡിജിറ്റൽ രൂപ പുറത്തിറക്കുന്നതെന്നും അതിനാൽ വളരെ ജാഗ്രതയോടെയാകും ഓരോ നീക്കവുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

വിഴിഞ്ഞം സംഘർഷം;തീരദേശത്ത് പ്രത്യേകശ്രദ്ധ; സ്‌റ്റേഷനുകള്‍ക്ക് ജാഗ്രതാനിര്‍ദേശം;അവധിയിലുള്ള പോലീസുകാർ തിരിച്ചെത്തണം

keralanews vizhinjam conflict special attention in coastal areas alert to stations policemen on leave to return

തിരുവനന്തപുരം : വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാനിര്‍ദേശം.കലാപസമാന സാഹചര്യം നേരിടാൻ സജ്ജരാകാൻ എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും നിർദ്ദേശം നൽകി.അടുത്ത രണ്ടാഴ്ചത്തേക്കാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്ത് കുമാറിന്റെതാണ് നിർദ്ദേശം.തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിർദ്ദേശം നൽകിയിരുക്കുന്നത്. അവധിയിലുള്ള പോലീസുകാർ തിരിച്ചെത്തണം . അടിയന്തര സാഹചര്യത്തിൽ അവധി വേണ്ടവർ ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടണം.സ്‌പെഷ്യൽ ബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കണം. റേഞ്ച് ഡി ഐജിമാർ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തണം.വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളിലെ തീരദേശ പോലീസ് സ്റ്റേഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലകളിലെ സുരക്ഷാക്രമീകരണങ്ങള്‍, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനിയെയാണ് നിയോഗിച്ചിട്ടുള്ളത്.വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് അയവുവന്നെങ്കിലും അസ്വസ്ഥത നിലനിൽക്കുന്നുണ്ട്. പോലീസ് തുടര്‍ നടപടികളിലേക്ക് കടന്നാല്‍ പ്രകോപനം ഉണ്ടാകാനും പ്രതിഷേധം സംസ്ഥാനം ഒട്ടാകെ വ്യാപിക്കാനും സാധ്യതയുണ്ട്. തീരദേശ മേഖലയില്‍ അടക്കം പ്രക്ഷോഭസാധ്യതകള്‍ ഇന്റലിജന്‍സ് മുന്നറിയിപ്പിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്.

തലശ്ശേരി കത്തിക്കുത്ത്; പ്രതികളുമായി തെളിവെടുപ്പ് നടത്തി പോലീസ്;കൃത്യത്തിനുപയോഗിച്ച ആയുധം കണ്ടെത്തി

keralanews thalaseri murder case police took evidence from the accused and found the weapon used in the crime

കണ്ണൂർ: തലശ്ശേരിയിൽ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി പോലീസ്. കൊലയ്‌ക്കുപയോഗിച്ച ആയുധം അന്വേഷണ സംഘം കണ്ടെത്തി.കൃത്യത്തിന് ശേഷം പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച ഓട്ടോയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.തലശ്ശേരി കമ്പൗണ്ടർഷോപ്പ് എന്ന സ്ഥലത്ത് പ്രതികളെ എത്തിച്ചാണ് പോലീസ് തെളിവെടുത്തത്. മൂന്നാം പ്രതിയായ സന്ദീപിന്റെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലായിരുന്നു കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന കത്തി ഒളിപ്പിച്ചത്. ഒന്നാം പ്രതി പാറായി ബാബുവിനെ എത്തിച്ചായിരുന്നു കത്തി പോലീസ് കണ്ടെടുത്തത്.ഇതിന് സമീപമായിരുന്നു ഓട്ടോ ഒളിപ്പിച്ചിരുന്നത്. സന്ദീപിന്റെ വീടിന്റെ പരിസരത്തെ തെളിവെടുപ്പ് അവസാനിച്ചാൽ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.ഇതിന് ശേഷം ഏഴ് പ്രതികളെയും പോലീസ് കോടതിയിൽ ഹാരജാക്കും. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന്‌ സ്വദേശി കെ ഖാലിദ് (52) സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്.പാറായി ബാബു, ജാക്‌സൺ എന്നിവർ ചേർന്ന് ലഹരി ഇടപാടിന്റെ പേരിൽ വെട്ടി കൊന്നുവെന്നാണ് കേസ്.കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിൽ 5 പേർ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ സംഭവിച്ച വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കൊലപാതകത്തിന് ശേഷം കർണാടകയിലേക്ക് കടന്ന മുഖ്യപ്രതി പാറായി ബാബുവിനെ ഇരിട്ടിയിൽ വച്ചാണ് പോലീസ് പിടികൂടിയത്.

തലശ്ശേരിയിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു;മൂന്ന് പേർ കസ്റ്റഡിയിൽ

keralanews two persons killed in attack by drug gang in thalassery three persons in custody

കണ്ണൂർ: തലശ്ശേരിയിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന്‌ സ്വദേശി കെ ഖാലിദ് (52) സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് നെട്ടൂർ സ്വദേശി ഷാനിബിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.ഇന്നലെ വൈകിട്ട് 4.30 ഓടെ സഹകരണ ആശുപത്രിക്ക് സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. ഷമീറിന്റെ മകൻ ഷബീലിനെ നേരത്തേ ഒരു സംഘം നേരത്തെ മർദ്ദിച്ചിരുന്നു. ഇയാളെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ്‌ അനുരഞ്ജനത്തിനെന്ന പേരിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.ഖാലിദിന്റെ കഴുത്തിനാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. ഇരുവരെയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരി സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് തലശേരി സ്വദേശികളെ പോലീസ് പിടികൂടി. ജാക്‌സൺ, ഫർഹാൻ, നവീൻ എന്നിവരാണ് കസ്റ്റഡിയിലായത്.

ഡിസംബർ ഒന്നു മുതൽ മിൽമ പാൽ വില ലിറ്ററിന് 6 രൂപ കൂടും;തൈരിനും വില ഉയരും

keralanews from december price of milma milk will increase by rs 6 per litre price of curd also increase

തിരുവനന്തപുരം: ഡിസംബർ ഒന്ന് മുതൽ മിൽമ പാൽ ലിറ്ററിന് ആറ് രൂപ കൂടും. മന്ത്രി ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ എസ് മണിയും മുഖ്യമന്ത്രി പിണറായി വിജയുമായി നടത്തിയ ചർച്ചയിലാണ് വില വർദ്ധന സംബന്ധിച്ച് തീരുമാനമായത്. വില വർദ്ധന ഉടനടി നടപ്പാക്കാനാണ് മിൽമ ആലോചിച്ചത്. എന്നാൽ വിലവർദ്ധന സംബന്ധിച്ച സർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച ഭരണസമിതി യോഗം ചേർന്ന് ഡിസംബർ ഒന്ന് മുതൽ വില വർദ്ധന നടപ്പാക്കുമെന്നാണ് സൂചന.വില വർധനയുടെ 83.75 ശതമാനമാകും കർഷകന് ലഭിക്കുക. ഒപ്പം ക്ഷേമനിധിയിലേക്ക് 0.75 ശതമാനവും നൽകും. ബാക്കി വരുന്ന 5. 75 ശതമാനം ഡീലർമാർക്കും 5. 75 ശതമാനം സംഘത്തിനും മൂന്നര ശതമാനം യൂണിയനുകൾക്കും അതിന്റെ 0.5 ശതമാനം പ്ലാസ്റ്റിക് നിർമ്മാർജ്ജനം ചെയ്യുന്നതിനും മാറ്റിവയ്‌ക്കും.നേരത്തെ പാൽ വില ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.മൂന്ന് തരത്തിലുള്ള വില വര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപയും 4-10 പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർദ്ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി മുൻപ് അറിയിച്ചിരുന്നു. വില വർദ്ധനയുടെ ഗുണം ക്ഷീരകർഷകർക്ക് ലഭിക്കുമെന്നും രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വില വർദ്ധനവിന് സർക്കാർ അനുമതി നൽകിയത്.

ഫുട്‌ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റി;തലശേരി ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

keralanews students arm amputated after he fell and broke bone while playing football family made serious allegations against thalassery general hospital

കണ്ണൂർ: ഫുട്‌ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ ചികിത്സാ പിഴവ്മൂലം മുറിച്ചു മാറ്റേണ്ടി വന്നതായി ആരോപണം.തലശേരി ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ മകൻ സുൽത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു 17കാരനായ സുൽത്താൻ.ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകി. ഒക്ടോബർ 30 ന് വൈകീട്ടാണ് വീടിന് അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്‌ബോൾ കഴിക്കുന്നതിനിടെയാണ് സുൽത്താന്  ഗ്രൗണ്ടിൽ വീണ് പരുക്കേറ്റത്,. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്‌സ്‌റേ മെഷീൻ കേടായിരുന്നു. എക്‌സ്‌റേ എടുക്കാൻ കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയിൽ പോയി. ഒരു മണിക്കൂറിനുള്ളിൽ എക്‌സ്‌റേ തലശേരി ആശുപത്രിയിൽ ഹാജരാക്കി. കുട്ടിയുടെ കൈയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു. അന്ന് എക്‌സ്‌റേ ഫോട്ടോയെടുത്ത് അസ്ഥിരോഗ വിഭാഗം ഡോക്ടർക്ക് അയച്ചുകൊടുത്തു. തുടർന്ന് സ്‌കെയിൽ ഇട്ട് കൈ കെട്ടി. കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം ഡോക്ടർ ശസ്ത്രക്രിയ നിർദ്ദേശിച്ചുവെങ്കിലും ചെയ്തില്ല. നവംബർ ഒന്നിന് രാവിലെ കൈ നിറം മാറി.തുടർന്ന് കുട്ടിയെ ഡോ.വിജുമോൻ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടൽ പരിഹരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. നവംബർ 11 നാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതെന്നും കുടുംബം പറയുന്നു. പിന്നീട് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കൽ കോളേജിൽ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റിയെന്നാണ് പരാതി.എന്നാൽ ചികിത്സാ പിഴവ് ഉണ്ടായില്ലെന്നാണ് തലശേരി ജനറൽ ആശുപത്രിയുടെ വാദം. കുട്ടിയുടൈ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് കൈയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാർട്ട്‌മെന്റ് സിൻഡ്രോം എന്ന അവസ്ഥ വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നുമാണ് ആശുപത്രിയുടെ വാദം.

ചരിത്രം കുറിക്കാൻ ഇന്ത്യയുടെ ആദ്യത്തെ പ്രൈവറ്റ് റോക്കറ്റ്;വിക്രം-എസിന്റെ വിക്ഷേപണം വിജയകരം

keralanews indias first private rocket vikram s successfully launched

തിരുവനന്തപുരം:ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം-എസ് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ തുറമുഖത്ത് നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിക്രം എസ് സൗണ്ടിങ് റോക്കറ്റ് വിക്ഷേപണമാണ് വിയജകരമായത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30 നായിരുന്നു വിക്ഷേപണം.’പ്രാരംഭ്’ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ബഹിരാകാശ മേഖല ആദ്യമായാണ് സ്വകാര്യ കമ്പനിക്ക് റോക്കറ്റ് വിക്ഷേപണത്തിന് ഇത്തരത്തില്‍ അനുമതി നല്‍കുന്നത്. 545 കിലോ ഭാരവും ആറ് മീറ്റര്‍ ഉയരവുമുള്ള ഒരു ചെറിയ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതല്‍ കടലില്‍ പതിക്കുന്നത് വരെ ആകെ അഞ്ച് മിനിറ്റ് സമയം മാത്രമായിരുന്നു റോക്കറ്റിന്റെ ആയുസ്.വിക്രം എന്ന പേരില്‍ റോക്കറ്റിന്റെ മൂന്ന് പതിപ്പുകളാണ് സ്‌കൈറൂട്ട് പുറത്തിറക്കുന്നത്. 480 കിലോഗ്രാം ഭാരം ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്രം-1, 595 കിലോഗ്രാം ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള വിക്രം-2, 815 കിലോഗ്രാം മുതല്‍ 500 കിലോമീറ്റര്‍ വരെ ഭാരം ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്രം-3 എന്നിവയാണ് അവ. ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള എൻ സ്‌പേസ് ടെക് ഇന്ത്യ, ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച്ച് ലാബ് എന്നിവ ചേർന്ന് നിർമ്മിച്ച മൂന്ന് പേലോഡുകളാണ് റോക്കറ്റിലുണ്ടായിരുന്നത്.സ്‌കൈറൂട്ട് വികസിപ്പിച്ച റോക്കറ്റുകള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനായ വിക്രം സാരാഭായിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ സംയുക്തങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്രധാന ഘടനയുള്ള ലോകത്തിലെ ചുരുക്കം ചില വിക്ഷേപണ വാഹനങ്ങളില്‍ ഒന്നാണ് ഈ റോക്കറ്റുകള്‍. വാഹനത്തില്‍ സ്പിന്‍ സ്ഥിരതയ്ക്കായി ഉപയോഗിക്കുന്ന ത്രസ്റ്ററുകള്‍ 3ഡി പ്രിന്റ് ചെയ്തതാണ്. വിക്ഷേപണ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിന് മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.രാജ്യത്ത് ഇതുവരെയുള്ള റോക്കറ്റുകളുടെ വിക്ഷേപണം ഐഎസ്ആര്‍ഒയുടെ അധീനതയിലായിരുന്നതിനാല്‍ ഈ ദൗത്യം ചരിത്രത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

പ്രിയാ വര്‍ഗീസിന് തിരിച്ചടി; കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

keralanews kannur university associate professor appointment should be reviewed order by high court

കൊച്ചി: പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി.കണ്ണൂർ സർവകലാശാലയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ റാങ്ക് പട്ടികയും കോടതി റദ്ദാക്കി.അദ്ധ്യാപകരായി ജോലി ചെയ്യാത്തവരെ അദ്ധ്യാപന പരിചയമുള്ളവരായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.എട്ട് വർഷം അദ്ധ്യാപന പരിചയം വേണ്ട തസ്തികയിൽ മൂന്ന് വർഷം മാത്രം അദ്ധ്യാപന പരിചയമുള്ള പ്രിയാ വർഗീസിന്റെ യോഗ്യത അപര്യാപ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.കണ്ണൂർ സർവകലാശാല അസോസിയേറ്റഡ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിനെ നിയമിക്കുന്നതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിധി പറഞ്ഞത്. അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക് നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്കുകാരനായ ഡോ.ജോസഫ് സ്കറിയ നൽകിയ  ഹർജിയിലാണ് വിധി.ചാൻസലറായ ഗവർണർ, സംസ്ഥാന സർക്കാർ, യുജിസി, പ്രിയാ വർഗീസ് എന്നിവരായിരുന്നു ഹർജിയിലെ എതിർകക്ഷികൾ. എല്ലാ കക്ഷികളും നൽകിയ വാദങ്ങൾ വിശദീകരിച്ചതിന് ശേഷമായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.അതേസമയം ഈ ഹർജി നിലനിൽക്കില്ലെന്നുള്ള വാദമായിരുന്നു പ്രിയ വർഗീസ് ഉന്നയിച്ചത്. എന്നാൽ ഈ വാദം ഹൈക്കോടതി ആദ്യമേ തള്ളിയിരുന്നു. ഗവേഷണ കാലയളവിൽ പ്രിയയ്‌ക്ക് അദ്ധ്യാപന പരിചയമുണ്ടോയെന്നും കോടതി ചോദിച്ചു. പിഎച്ച്ഡി കാലയളവ് ഫെല്ലോഷിപ്പോടെയാണ്. ഇത് ഡെപ്യൂട്ടേഷൻ കാലയളവായിട്ടാണ് കണക്കാക്കുക. അതായത് അദ്ധ്യാപനം ഈ സമയത്ത് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ഗവേഷണ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

സർക്കാർ അപേക്ഷാ ഫോമുകളിൽ ഇനി ഭാര്യയും ഭർത്താവുമില്ല;പകരം ജീവിത പങ്കാളി

keralanews government application forms no longer include husband and wife instead life partner

തിരുവനന്തപുരം: അപേക്ഷ ഫോമുകളിലെ പദ പ്രയോഗത്തിൽ തിരുത്തൽ വരുത്തിയുള്ള ഉത്തരവിട്ട് പുതിയ സർക്കുലറുമായി സർക്കാർ. പുതിയ സർക്കുലർ പ്രകാരം മൂന്ന് മാറ്റങ്ങളാണ് പദ പ്രയോഗത്തിൽ വരുത്തിയിട്ടുള്ളത്. സർക്കാർ അപേക്ഷ ഫോമുകളിൽ ‘ഭാര്യ’ എന്ന എന്നതിന് പകരം ജീവിത പങ്കാളി എന്ന ചേർക്കണമെന്നതാണ് ആദ്യ മാറ്റം. അവൻ / അവന്‍റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൻ / അവൾ , അവന്‍റെ/ അവളുടെ എന്ന രീതിയിൽ ആക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. അപേക്ഷ ഫോമുകളിൽ രക്ഷിതാക്കളുടെ വിവരങ്ങൾ എഴുതാനുള്ള ഓപ്ഷൻ ഉണ്ടാക്കണം എന്നതാണ് വേറൊരു നിർദ്ദേശം.അപേക്ഷാ ഫോമുകളിൽ രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഒരു രക്ഷാകർത്താവിന്റെ മാത്രമായോ രണ്ട് രക്ഷകർത്താക്കളുടെയും വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.  ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പാണ് മാറ്റങ്ങൾ വ്യക്തമാക്കിയുള്ള സർക്കുലർ പുറത്തിറക്കിയത്.ഇക്കാര്യങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാധകമാണെന്ന് സർക്കുലറിലുണ്ട്.

പാൽ വില വർധിപ്പിക്കാൻ ശുപാർശ; ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതി;തീരുമാനം വരും ദിവസങ്ങളിലെന്ന് മന്ത്രി

keralanews recommendation to raise milk prices increase it from six to ten rupees decision will taken in the coming days

തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാൽ വില ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. കാർഷിക, വെറ്റിനറി സർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.രണ്ടംഗ സമിതിയാണ് വിഷയം പഠിച്ച് ശുപാർശ നകിയത്.ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ.മൂന്ന് തരത്തിലുള്ള വില വര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപയും 4-10 പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. സംഭരണ വില എന്നത് 37.76 രൂപ ആയതിനാല്‍ വലിയ നഷ്ടം കര്‍ഷകര്‍ നേരിടുന്നു. ഒന്‍പത് രൂപയോളം നഷ്ടം നേരിടുമെന്നതിനാല്‍ വര്‍ധന അനിവാര്യമാണെന്നാണ് ശുപാര്‍ശ. 5 രൂപയില്‍ കുറയാത്ത വര്‍ധനയുണ്ടാകുമെന്ന് മന്ത്രി ചിഞ്ചുറാണി സൂചന നേരത്തെ നല്‍കിയിരുന്നു.