കണ്ണൂർ : തലശ്ശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ നടപടിയുമായി പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് സിഗ്മ എന്ന സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒപ്പം തലശേരി ആർടിഒ ബസിന് പതിനായിരം രൂപ പിഴയും ചുമത്തി.കഴിഞ്ഞ ദിവസമാണ് തലശ്ശേരി ബസ് സ്റ്റാൻഡിൽ കേസിനാസ്പദമായ സംഭവം നടന്നത്. നിരവധി വിദ്യാർത്ഥികളാണ് രാവിലെ ഒമ്പത് മണിയോടെ ഈ സ്റ്റാൻഡിൽ ബസ് കാത്തിരുന്നത് . ഈ സമയം പ്രദേശത്ത് കനത്തമഴയാണ് ഉണ്ടായിരുന്നത്. എന്നാൽ മറ്റ് യാത്രക്കാരെല്ലാം കയറിയതിന് ശേഷം പുറപ്പെടാൻ നോക്കുമ്പോൾ മാത്രമാണ് വിദ്യാർത്ഥികളെ ബസ്സിൽ കയറാൻ ജീവനക്കാർ അനുവദിച്ചത്. ബസിൽ കയറുന്നതിനായി ജീവനക്കാരുടെ അനുമതി കാത്ത് മഴനനഞ്ഞ് നിൽക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പോലീസ് നടപടി.ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ബാലവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ബസ് പുറപ്പെടുമ്പോൾ മാത്രമെ കയറാൻ അനുവദിക്കുകയുള്ളൂ. അല്ലാതെ കയറിയാൽ ജീവനക്കാർ കൺസഷൻ നൽകില്ല. പകരം മുഴുവൻ ചാർജ്ജും ഈടാക്കും. യാത്രക്കാരായി തങ്ങളെ ജീവനക്കാർ കാണാറില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
വടക്കഞ്ചേരി ബസ് അപകടം;ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ നരഹത്യ കുറ്റം ചുമത്തി
പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ നരഹത്യ കുറ്റം ചുമത്തി.പെരുമ്പടവം പൂക്കോട്ടില്‍വീട്ടില്‍ ജോമോന്‍ പത്രോസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.ഡ്രൈവറുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് ലാബിലേക്കാണ് അയച്ചത്. മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് രക്തസാമ്പിള്‍ പരിശോധിക്കുന്നത്. ഡ്രൈവറുടെ മുൻകാല പശ്ചാത്തലവും പരിശോധിക്കും. ഇതിനു പിന്നാലെ ഡ്രൈവർ ജോമോന്റേത് എന്ന് സംശയിക്കുന്ന ചില വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.വളരെ അശ്രദ്ധയോടെ അപകടകരമായി ഇയാൾ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈഎസ്പിയ്‌ക്കാണ് ദൃശ്യങ്ങൾ ലഭിച്ചത്.ബസിൽ വളരെ ഒച്ചത്തിൽ പാട്ട് ഇട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ പാട്ടിനൊപ്പമാണ് ഡ്രൈവർ സീറ്റിന്റെ ഒരു വശത്ത് നിന്നു കൊണ്ട് ഇയാൾ ഡാൻസ് ചെയ്യുന്നത്. ഡ്രൈവറുടെ നിയന്ത്രണത്തിലല്ല ബസ് പോകുന്നത്.ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സംഭവം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ബസ് ഓടിക്കുന്നത് ജോമോനാണോയെന്ന് പരിശോധിക്കും. കസ്റ്റഡിയിലുള്ള ജോമോനോട് വിവരം ചോദിച്ചറിയുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 156 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ രണ്ടുപേർ മലപ്പുറത്ത് പിടിയിൽ
മലപ്പുറം: മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 156 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിലായി.കാരാട്ട്കുന്ന് മുഹമ്മദ് റാഹിൽ(22), കൂളംബസാർ ഹർഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.78 പൊതികളിലായി മിനി പിക്കപ്പ് ലോറിയിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അൻപത് ലക്ഷത്തിലധികം രൂപ വിലമതിക്കുമെന്നാണ് വിവരം.മീൻ കൊണ്ടുപോകുന്ന വണ്ടിയുടെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായവരുടെ പേരിൽ നേരത്തെയും കഞ്ചാവ് കേസുണ്ടെന്നാണ് വിവരം.
വടക്കഞ്ചേരി വാഹനാപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പത്രോസ് പിടിയില്‍
പാലക്കാട്: വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജോമോന്‍ പത്രോസ് പിടിയില്‍.അപകട സമയത്ത് ബസ് ഓടിച്ചിച്ചിരുന്ന ജോമോൻ പത്രോസിനെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. കാറിൽ പോകുകയായിരുന്ന ജോമോനെ ശങ്കരമംഗലത്ത് വച്ച് ചവറ പോലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു.അധ്യാപകനാണെന്ന വ്യാജേനയാണ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയത്.കൈയ്‌ക്കും കാലിനും നിസാര പരുക്ക് മാത്രമുണ്ടായിരുന്ന ഇയാൾ അദ്ധ്യാപകനെന്നു പറഞ്ഞാണ് ചികിത്സ തേടിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകട ശേഷം ടൂറിസ്റ്റ് ബസിന്റെ ഉടമ അടക്കമുള്ളവർ സ്ഥലത്തെത്തിയാണ് ജോമോനെ കൂട്ടിക്കൊണ്ടുപോയതെന്നും സൂചനയുണ്ടായിരുന്നു. ജോമോനെതിരെ മനഃപൂർവ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.ടവർ ലൊക്കേഷൻ പിൻതുടർന്നെത്തിയ വടക്കഞ്ചേരി പോലീസ് അറിയിച്ചത് പ്രകാരം ചവറ പോലീസ് ശങ്കരമംഗലത്ത് വച്ച് വാഹനം തടഞ്ഞ് ജോമോനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വടക്കഞ്ചേരി പോലീസിന് കൈമാറി. പോലീസ് ജോമോനുമായി വടക്കഞ്ചേരിയിലേക്ക് തിരിച്ചു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അപകടത്തെ കുറിച്ച് അന്വേഷിക്കും.ഇതിനു പുറമെ അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഉടമയും പിടിയിലായി. ബസിന്റെ ഉടമസ്ഥനായ അരുണാണ് പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് പുറമെ ജോമോനെ രക്ഷപ്പെടാൻ സഹായിച്ച ചങ്ങനാശ്ശേരി സ്വദേശി അർജുൻ എ കുമാർ,പാലാ സ്വദേശി വിഷ്ണുഗോപൻ,പിറവം സ്വദേശി റ്റിനോ പി.റ്റി എന്നിവരും പോലീസ് കസ്റ്റഡിയിലായി. പ്രതികൾ രക്ഷപ്പെടാൻ ഉപയാഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.
വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിന് പിന്നിലിടിച്ച് മറിഞ്ഞു; 9 മരണം
പാലക്കാട്: വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിന് പിന്നിലിടിച്ച് മറിഞ്ഞ് 9 മരണം.അൻപതോളം പേർക്ക് പരിക്കേറ്റു. 7 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ 42 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരും രണ്ട് ബസ് ജീവനക്കാരും ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നു.മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളാണ്. മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരും. ഒരാൾ അദ്ധ്യാപകനുമാണ്. എൽന ജോസ്(15), ക്രിസ്വിന്റ്(16), ദിവ്യ രാജേഷ് (16), അഞ്ജന അജിത്ത്(16), ഇമ്മാനുവൽ(16) എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. കെഎസ്ആർടിസി യാത്രക്കാരായ ദീപു(25), അനൂപ്(24), രോഹിത്ത്(24) എന്നിവരും മരിച്ചു. അദ്ധ്യാപകനായ വിഷ്ണുവും(33) അപകടത്തിൽ മരിച്ചു.കൊട്ടാരക്കര-കോയമ്പത്തൂർ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് പിന്നിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിനു പുറകിൽ ഇടിച്ചത്.അപകടസമയത്ത് മഴയുണ്ടായിരുന്നു. ടൂറിസ്റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ ഉൾപ്പെടെ പുറത്തെടുത്തത്. അപകട കാരണം അമിതവേഗം എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസി ബസ്സിൽ ഇടിച്ച് ചതുപ്പിലേക്ക് മറിഞ്ഞ ടൂറിസ്റ്റ് ബസ്സ് ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തിയത് പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലും ആലത്തൂരിലെ ആശുപത്രിയിലേക്കും മാറ്റി.
കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായി; പയ്യാമ്പലത്ത് അന്ത്യനിദ്ര
കണ്ണൂർ: മുൻ ആഭ്യന്തരമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായി .മൃതദേഹം പൂർണ ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. മുൻമുഖ്യമന്ത്രി ഇകെ നായനാരുടെയും സിപിഎം നേതാവ് ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരത്തിന് നടുവിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്.മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമടക്കമുള്ള മുതിർന്ന നേതാക്കളാണ് മൃതദേഹം ചുമലിൽ വഹിച്ചത്. മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേർന്ന് ചിതയ്‌ക്ക് തീ കൊളുത്തി.തിങ്കളാഴ്ച മൂന്നരയോടെ മണിയോടെയായിരുന്നു കണ്ണൂരെ പയ്യാമ്പലത്ത് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി പ്രിയപത്‌നി വിനോദിനിയും മക്കളും കുടുബാംഗങ്ങളും പയ്യാമ്പലത്തുണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പിബി അംഗം പ്രകാശ് കാരാട്ട്, ബിജെപി നേതാവ് വത്സൻ തില്ലങ്കേരി, സികെ പദ്മനാഭൻ,പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയ നേതാക്കൾ കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ചു.അർബുദബാധിതനായിരുന്ന കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.ഇന്നലെ ഉച്ചയോടെ എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂരിലെത്തിക്കുകയായിരുന്നു.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ(69) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29ായിരുന്നു അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഓഗസ്റ്റ് 29 ന് പ്രത്യേക എയർ ആംബുലൻസിലാണ് കോടിയേരി ബാലകൃഷ്ണനെ തുടർ ചികിത്സകൾക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിന്‍റെ അവശതയും കണക്കിലെടുത്താണ് ചികിത്സ ചെന്നൈയിലേക്ക് മാറ്റിയത്. നേരത്തെ അമേരിക്കയിൽ ചികിത്സിച്ച ഡോക്ടർമാരുടെ നിർദേശം അനുസരിച്ചായിരുന്നു അപ്പോളോയിൽ കോടിയേരിയെ ചികിത്സിച്ചുവന്നത്.കണ്ണൂർ തലശേരി കല്ലറ തലായി എൽ.പി. സ്കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16നാണ് ബാലകൃഷ്ണൻ ജനിച്ചത്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തെത്തിയത്.ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ നിന്നും പ്രീഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദപഠനവും പൂർത്തിയാക്കി.
1970ൽ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണ് സിപിഎമ്മിന്‍റെ പ്രദേശത്തെ അറിയപ്പെടുന്ന നേതാവായി കോടിയേരി മാറുന്നത്. 1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി. 1988ൽ ആലപ്പുഴയിൽ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. 1990 മുതൽ 1995 വരെയുള്ള അഞ്ച് വർഷക്കാലം സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1995ൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിൽ സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റിലേക്ക് തെരെഞ്ഞെടുത്തു. 2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഎം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്കും 2008ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോയിലേക്കും കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു.2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാനസമ്മേളനത്തിൽ പിണറായി വിജയന്‍റെ പിൻഗമായിയായി കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 2018ൽ കണ്ണൂരിൽ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു. 2022ൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ മൂന്നാമൂഴം ലഭിച്ച് അഞ്ച് മാസം പിന്നിടുമ്പോഴാണ് കോടിയേരി അനാരോഗ്യം മൂലം പാർട്ടി സെക്രട്ടറിപദം ഒഴിഞ്ഞത്.സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരിയുമായ എസ്. ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ്, ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.