തിരുവനന്തപുരം: പാറശ്ശാലയിൽ കാമുകൻ ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്ന കേസിൽ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ് ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്.സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാൽ, മറ്റൊരു ശുചിമുറിയിൽവച്ചാണ് ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. ഇതേ തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് താൻ അണുനാശിനി കുടിച്ചതായി പെൺകുട്ടി വ്യക്തമാക്കിയത്. ഉടനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഗ്രീഷ്മ.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥരായ ഗായത്രി, സുമ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.സുരക്ഷ വീഴ്ചയെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറൽ എസ് പി പറഞ്ഞു.
ഷാരോണിന്റെ കൊലപാതകം;പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി; കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന
തിരുവനന്തപുരം: പാറശ്ശാലയിൽ ഷാരോൺ എന്ന യുവാവിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഗ്രീഷ്മയുടെ അച്ഛനും,അമ്മയും, അമ്മാവനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പോലീസിനോട് കുറ്റസമ്മതം നടത്തിയത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാരോണിന്റെ പെണ്‍സുഹൃത്തും കുടുംബവും എസ്.പി. ഓഫീസില്‍ ഹാജരായത്. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെണ്‍കുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തിയിരുന്നു. തുടര്‍ന്ന് ഡിവൈ.എസ്.പി. ജോണ്‍സണ്‍, എ.എസ്.പി. സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്യുകയായിരുന്നു.പോലീസിന്റെ ചോദ്യംചെയ്യലില്‍ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പോലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു.
കാസർകോഡ് ദേശീയപാത നിർമാണത്തിനിടെ അടിപ്പാതയുടെ മേല്‍പ്പാളി തകര്‍ന്നു; മൂന്ന് പേര്‍ക്ക് പരിക്ക്
കാസർകോഡ്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പെരിയ ടൗണില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്.മറുനാടന്‍ തൊഴിലാളികളായ സോനു (22), വാസില് (25), മുന്ന (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കോണ്‍ക്രീറ്റ് പണി നടക്കുന്നിതിനിടെയാണ് പാളി തകര്‍ന്നത്.പാളിക്കടിയില്‍ സ്ഥാപിച്ച ഇരുമ്പ് തൂണുകള്‍ നിരങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വെള്ളിയാഴ്ച രാത്രിയിലാണ് 13.75 മീറ്റര്‍ നീളവും 16.6 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാളി കോണ്‍ക്രീറ്റ് ചെയ്യാന്‍ തുടങ്ങിയത്. അതില്‍ 180 ഘന മീറ്റര്‍ കോണ്‍ക്രീറ്റ് നിറച്ച് പണി പുരോഗമിക്കവെയാണ് മധ്യത്തില്‍ നിന്ന് പാളി തകര്‍ന്നുതുടങ്ങിയത്. മുകള്‍ഭാഗം കുഴിയാന്‍ തുടങ്ങിയതോടെ പാളിക്ക് മുകളിലുണ്ടായിരുന്ന തൊഴിലാളികള്‍ രണ്ട് ഭാഗത്തേക്കും ഓടി രക്ഷപ്പെടുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശൻ പാച്ചേനി അന്തരിച്ചു
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനി(54) അന്തരിച്ചു. കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഈ മാസം 19നാണ് സതീശൻ പാച്ചേനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സതീശന്‍ പാച്ചേനി സജീവമായത്.കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്‌സഭാ സീറ്റിലും മത്സരിച്ചിട്ടുണ്ട്.തളിപ്പറമ്പിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു ജനനം.മാവിച്ചേരി കേസിൽ ഉള്‍പ്പെടെ നിരവധി തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.പാച്ചേനി സർക്കാർ എൽ പി സ്കൂൾ, ഇരിങ്ങൽ യുപി സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ നേടി.എ കെ ആന്റണിയോടുള്ള ആദരവ് കെഎസ്‌യുവിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്‌യു യൂണിറ്റിന്റെ പ്രസിഡന്റായി. പിന്നീട് കണ്ണൂർ പോളിടെക്നിക്കിലും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ സംസ്ഥാന പ്രസിഡന്റ് വരെയായി. കണ്ണൂരിൽ നിന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ വി റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ.
മരടിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു
കൊച്ചി: മരടിലെ ഗാന്ധി സ്‌ക്വയറിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സുശാന്ത് (35), ശങ്കര്‍ (25) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. അഞ്ച് തൊഴിലാളികളായിരുന്നു ജോലിക്കുണ്ടായിരുന്നത്. പൊളിക്കുന്നതിനിടെ പെട്ടെന്ന് സ്ലാബ് തകര്‍ന്നുവീണപ്പോള്‍ രണ്ട് തൊഴിലാളികള്‍ ഇതിനടിയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോയമ്പത്തൂർ സ്ഫോടനക്കേസ്; ലക്ഷ്യം വർഗീയ കലാപം; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി
കോയമ്പത്തൂര്‍: ഉക്കടത്തെ സ്‌ഫോടനക്കേസില്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയതായി കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി.ബാലകൃഷ്ണ.വർഗീയ കലാപമായിരുന്നു പ്രതികളുടെ ലക്ഷ്യം. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 20 പേരെ ചോദ്യം ചെയ്തു. പരിശോധനകളും ചോദ്യം ചെയ്യലുകളും തുടരുകയാണെന്നും കമ്മീഷണർ അറിയിച്ചു.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നിലവിൽ അറസ്റ്റിലായ പ്രതികളിൽ ചിലർ കേരളം സന്ദർശിച്ചിട്ടുണ്ട്. കേരളം സന്ദർശിക്കാനിടയായ സാഹചര്യം എന്താണെന്ന് അന്വേഷിച്ച് വരികയാണ്. 2019ൽ എൻഐഎ ചോദ്യം ചെയ്തവരുൾപ്പെടെ ഇപ്പോൾ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ പത്തുതവണ കൈമാറിയാണ് ജമീഷ മുബിന്റെ കൈവശമെത്തിയത്.ഇയാള്‍ക്ക് കാര്‍ സംഘടിപ്പിച്ച് നല്‍കിയത് അറസ്റ്റിലായ മുഹമ്മദ് തല്‍ഹയാണ്. ഇയാള്‍ അല്‍-ഉമ്മ സ്ഥാപകനും 1998-ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനുമായ ബാഷയുടെ സഹോദരപുത്രനാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.ഇയാൾ കൂടാതെ മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊട്ടാസ്യം, ചാർക്കോൾ, അലുമിനിയം പൗഡർ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയെന്നും കമ്മീഷണർ അറിയിച്ചു. സ്‌ഫോടനം നടന്ന സാഹചര്യത്തിലും പ്രതികൾക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചനകൾ ലഭിക്കുന്നതിനാലും കോയമ്പത്തൂർ നഗരത്തിൽ സുരക്ഷ ശക്തമാക്കി. ദ്രുതകർമ്മ സേനയെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ആർഎഎഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണങ്ങളും പരിശോധനകളും ഉണ്ടാകും.
അരുണാചൽ പ്രദേശ് ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം ബഹുമതികളോടെ സംസ്‌കരിച്ചു
കാസർകോട്: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ കെ.വി. അശ്വിന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.ജന്മനാടായ ചെറുവത്തുരിലെ പൊതുജന വായനശാലയിൽ എത്തിച്ച മൃതദേഹം അവസാനമായി കാണാൻ നിരവധിയാളുകളാണ് എത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി അഹമ്മദ് ദേവർ കോവിലും മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് ജില്ലാ കളക്ടർ ഭണ്ഡാരകി സ്വാഗത് രൺവീർ ചന്ദും അന്തിമോപചാരം അർപ്പിച്ചു. വായനശാലയിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.അശ്വിന്റെ സഹോദരിമാരുടെ മക്കളായ ആതുലും ചിയാനും ചേർന്നാണ് ചിതയ്‌ക്ക് തീക്കൊളുത്തിയത്.ഇന്നലെ വൈകീട്ടോടെ മൃതദേഹം കണ്ണൂരിലെത്തിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ വിലാപയാത്രയായി ആണ് ചെറുവത്തൂരിലെത്തിച്ചത്.
ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ വിസിമാർക്ക് തുടരാം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ചാൻസലർ ഉത്തരവ് ഇറക്കുന്നതുവരെ വൈസ് ചാൻസലർക്ക് സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി. നിയമപരമായി മാത്രമേ വി.സിമാരെ പുറത്താക്കാൻ സാധിക്കൂവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചത് ശരിയായില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലറായ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. വിശദീകരണം കേട്ട ശേഷം ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്ഥാനത്ത് തുടരാമെന്നാണ് കോടതി ഉത്തരവ്.സംസ്ഥാനത്തെ വൈസ് ചാൻസലർമാർ ഉടനടി രാജിവെക്കേണ്ടതില്ലെന്ന് ഗവർണർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. വിസിമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ഗവർണറുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. രാജി അഭ്യർഥന മാത്രമാണ് താൻ നടത്തിയത്. വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നവംബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ അതിനുള്ള മറുപടി നൽകിയാൽ മതിയെന്നും ഗവർണർ വ്യക്തമാക്കി.
ഡീലർമാരുടെ മേൽ ബ്രാൻഡഡ് ഇന്ധനം അടിച്ചേൽപ്പിക്കരുത് – പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി
കോട്ടയം:ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡീലർമാരുടെ മേൽ ബ്രാൻഡഡ് ഫ്യൂവലുകളായ എക്സ്ട്രാ പ്രീമിയം, എക്സ്ട്രാ ഗ്രീൻ എന്നിവ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു.
സാധാരണ പെട്രോൾ/ഡീസൽ എന്നിവയെ അപേക്ഷിച്ച് ആറുരൂപയിലധികം വില വ്യത്യാസം വരുന്ന ബ്രാൻഡഡ് ഇന്ധനത്തെ ഉപഭോക്താക്കളും താല്പര്യപ്പെടുന്നില്ല എന്നതാണ് സ്ഥിതി.ഐഒസി പമ്പുകളിലെ രണ്ടു ടാങ്കുകൾ ബ്രാൻഡഡ് പെട്രോൾ, ഡീസൽ എന്നിവയ്ക്കായി ഒഴിച്ചിടണമെന്നും സാധാരണ പെട്രോൾ , ഡീസൽ എന്നിവയുടെ വില്പനയെക്കാൾ ബ്രാൻഡഡ് ഫ്യുവലിന്റെ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ഐഒസി ഇപ്പോൾ തങ്ങളുടെ ഡീലർമാരോട് നിർബന്ധപൂർവം ആവശ്യപ്പെടുന്നത്.
ഐഒസി യുടെ ഈ നടപടി സാമ്പത്തികമായി ഇപ്പോൾ തന്നെ പ്രതിസന്ധി നേരിടുന്ന ഡീലർമാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന് മാത്രമല്ല ഐഒസി പമ്പുകൾ സന്ദർശിക്കുന്ന ഉപഭോക്താവിന്റെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തിലുള്ള സംഭവവികാസമായി മാറിയേക്കുമെന്ന് ലീഗൽ സർവീസ് സൊസൈറ്റി പ്രസ് റിലീസിലൂടെ അറിയിച്ചു.
മല്ലികാർജുൻ ഖാർഗെ പുതിയ കോൺഗ്രസ് പ്രസിഡന്റ്
ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ പോൾ ചെയ്ത 9385 വോട്ടുകളിൽ ഖാർഗേ 7897 വോട്ടുകൾ നേടിയപ്പോൾ ശശി തരൂരിന് 1072 വോട്ട് ലഭിച്ചു. 416 വോട്ട് അസാധുവായതായി തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ഖാർഗെയുടെ കർണ്ണാടകയിലെ വസതിക്ക് മുമ്പിലും ഒഫീസ് പരിസരത്തും വിജയാഘോഷം തുടങ്ങിയിരുന്നു.കള്ളവോട്ട് നടന്നതായുള്ള തരൂരിന്റെ അക്ഷേപം കണക്കിലെടുത്ത് ഉത്തർപ്രദേശിലെ വോട്ടെണ്ണൽ ഏറ്റവും ഒടുവിൽ മതിയെന്ന് തെരഞ്ഞെടുപ്പ് സമിതി നിർദേശം നൽകിയിരുന്നു. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ മൂവായിരം വോട്ടുമായി ഖാർഗെ ബഹുദൂരം മുന്നിലെത്തി.വോട്ടെണ്ണൽ പാതി പിന്നിട്ടതോടെ ഖാർഗെയുടെ അപ്രമാദിത്യം വ്യക്തമായിരുന്നു. ഒടുവിൽ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ തന്നെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി.രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിനെ നയിക്കാൻ പ്രസിഡന്റ് എത്തുന്നത്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു.അതേസമയം എഐസിസി ആസ്ഥാനത്ത് എത്തിയ ശശി തരൂരിനോട് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും തരൂർ പ്രതികരണത്തിന് തയ്യാറായില്ല. മല്ലികാർജുന ഖാർഗയ്ക്ക് പ്രസ്താവനയിലൂടെ ആശംസനേർന്ന തരൂർ, കോൺഗ്രസിനുള്ളിലെ ഉൾപ്പാർട്ടി ജനാധിപത്യം ശക്തിപ്പെടുത്താൻ തെരഞ്ഞെടുപ്പിന് സാധിച്ചെന്നും പ്രതികരിച്ചു.