സാങ്കേതിക തകരാർ; പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറുകൾ തനിയെ തുറന്നു; പാലക്കാടും തൃശ്ശൂരും ജാഗ്രതാ നിർദ്ദേശം

keralanews technical failure shutters of parambikulam dam opened by themselves alert in palakkad and thrissur

പാലക്കാട്:സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടര്‍ തനിയെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് രണ്ട് ജില്ലകളെ ആശങ്കയിലാഴ്‌ത്തി പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറുകൾ തനിയെ തുറന്നത്. ഇതേ തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിലും, ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടര്‍ തനിയെ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റര്‍മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിപ്പോയത്.അധിക ജലം പുറത്തേക്ക് ഒഴുകിയതോടെ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു.പറമ്പിക്കുളം ആദിവാസി കോളനികളിലെയും, തീര മേഖലകളിൽ താമസിക്കുന്നവരെയുമാണ് അടിയന്തിരമായി മാറ്റിപ്പാർപ്പിച്ചത്. നിലവിൽ 15,000 മുതൽ 20,000 വരെ ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിച്ച് ഷട്ടർ താഴ്‌ത്താൻ മൂന്ന് ദിവസമെങ്കിലും സമയം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.അപ്രതീക്ഷിതയെത്തുന്ന വെള്ളം ആദ്യം പെരിങ്ങല്‍ക്കുത്ത് ഡാമിലും തുടര്‍ന്ന് ചാലക്കുടിപ്പുഴയിലേക്കുമെത്തും. നിശ്ചിത അളവില്‍ക്കൂടുതല്‍ വെള്ളമെത്തുന്നത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ചാലക്കുടിപ്പുഴയില്‍ വന്‍തോതില്‍ വെള്ളമുയര്‍ന്നാല്‍ അപകടങ്ങള്‍ക്ക് കാരണമാകും. സാങ്കേതികപ്പിഴവ് പരിഹരിക്കാനായില്ലെങ്കില്‍ പറമ്പിക്കുളം ഡാമിലെ വെള്ളം മുഴുവന്‍ ഒഴുകിത്തീരും. തമിഴ്‌നാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് വെള്ളം പറമ്പിക്കുളത്തുനിന്നാണ് നല്‍കുന്നത്.കാലപ്പഴക്കം മൂലം ഷട്ടറിന്റെ നിയന്ത്രണസംവിധാനങ്ങള്‍ക്ക് കേടുപാടുകളുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും അധികൃതര്‍ അറിയിച്ചു.

മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച സംഭവം; നാല് KSRTC ജീവനക്കാർക്ക് സസ്‌പെൻഷൻ

keralanews incident of father beaten infront of daughter four ksrtc employees suspended

തിരുവനന്തപുരം:കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച സംഭവത്തിൽ നാല് KSRTC ജീവനക്കാർക്ക് സസ്‌പെൻഷൻ.സംഭവത്തിൽ ഉത്തരവാദികളായ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് മകളുടെ മുൻപിൽ വെച്ച് പിതാവിനെ ജീവനക്കാർ മർദിച്ചത്. ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി സിഎംഡി ക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ അഞ്ച് പേരെ പ്രതി ചേർത്ത് കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നു. IPC 143,147,149 തുടങ്ങിയ വകുപ്പുകൾ ചുമത്തി അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കോളേജ് വിദ്യാർത്ഥിനിയായ മകളുടെ കണ്‍സഷന് അപേക്ഷ നല്‍കാനായാണ് ആമച്ചല്‍ സ്വദേശിയായ പ്രേമൻ ഡിപ്പോയിൽ എത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു.

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിനു പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം

keralanews student commits suicide after posting confiscation notice at home family to intensify protest

കൊല്ലം :വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം.കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയെ (18)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അഭിരാമി.ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വീട്ടിൽ ജപ്തി നോട്ടീസ് കണ്ട കോളേജ് വിദ്യാർത്ഥിയായ അഭിരാമി മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയായിരുന്നു. തുടർന്ന് ഏറെ നേരം വിളിച്ചിട്ടും മുറി തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടി പൊളിച്ച് അകത്ത് കയറി. അപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ബാങ്കിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് വിവിധ സംഘടനകൾ ഇന്ന് മാർച്ച് നടത്തി. അഭിരാമിയുടെ പോസ്റ്റ് മോർട്ടവും ഇന്ന് നടക്കും.നാല് വർഷം മുൻപാണ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ കേരള ബാങ്കിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ ലോൺ എടുത്തത്. കൊറോണ കാലത്ത് അച്ഛന്റെ ജോലി പോയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നര ലക്ഷം രൂപ അടച്ചിരുന്നു എന്നാണ് കുടുംബം പറയുന്നത്. എന്നാൽ ബാക്കി തുക ഉടൻ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് നോട്ടീസ് നൽകി. തുടർന്നാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്.

മകൾക്ക് കൺസെഷൻ ആവശ്യപ്പെട്ട് എത്തിയ അച്ഛനെ മർദ്ദിച്ച സംഭവം;കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്

keralanews incident of beating father who came to demand concession for daughter case against ksrtc employees

തിരുവനന്തപുരം : വിദ്യാർഥിനിയുടെ കൺസഷൻ സംബന്ധിച്ചുള്ള വാക്ക് തർക്കത്തിൽ തിരുവനന്തപുരം കാട്ടാക്കടയിൽ അച്ഛന് മർദനമേറ്റ സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്.കാട്ടാക്കട ഡിപ്പോയിലെ അഞ്ചിലധികം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.മർദ്ദനമേറ്റേ പ്രേമന്റെ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്.ആശുപത്രിയിൽ കഴിയുന്ന പ്രേമന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസിയോട് വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്‌ക്ക് കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.കൂടാതെ സംഭവത്തിൽ സംസ്ഥാന ഹൈക്കോടതിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. വിഷയം നാളെ കഴിഞ്ഞ് പരിഗണിക്കും.ആമച്ചൽ സ്വദേശി പ്രേമനെയാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ജീവനക്കാർ തല്ലിയത്. മകളുടെ കൺസെഷൻ പുതുക്കാനായാണ് ഇയാൾ കാട്ടാക്കട ഡിപ്പോയിലെത്തിയത്. പഴയ കാർഡും ഫോട്ടോയും നൽകി. എന്നാൽ കൺസെഷൻ അനുവദിക്കണമെങ്കിൽ കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.മൂന്ന് മാസം മുൻപാണ് കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയത്. മൂന്നു വർഷത്തെ ഡിഗ്രി കോഴ്‌സിന് പഠിക്കുന്നയാളോട് ഇടയ്‌ക്ക് സർട്ടിഫിക്കറ്റ് ചോദിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പിതാവ് പറഞ്ഞു. ഇതാണ് ഇവിടുത്തെ നിയമം എന്നായിരുന്നു ജീവനക്കാരുടെ മറുപടി.പരീക്ഷ നടക്കുന്നതിനാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കൺസെഷൻ നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഇത്തരം പെരുമാറ്റങ്ങളാണ് കെഎസ്ആർടിസിയുടെ പ്രതിസന്ധിയ്‌ക്ക് കാരണമെന്ന് പ്രേമൻ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. പിന്നാലെ സിഐടിയു പ്രവർത്തകർ മകളുടെ മുന്നിലിട്ട് മർദ്ദിക്കുകയായിരുന്നു. വാക്കേറ്റത്തിനിടെയിൽ പിതാവിനെ പിടിച്ച് മാറ്റാൻ എത്തിയ രണ്ട് മക്കളെയും ജീവനക്കാർ പിടിച്ച് ഉന്തുകയും വലിച്ചഴിക്കുകയും ചെയ്തു. അച്ഛനെ പിടിച്ച് മാറ്റാൻ ശ്രമിച്ച തന്നെയും കെഎസ്ആർടിസി ജീവനക്കാർ പിടിച്ച് തള്ളിയെന്ന് പ്രേമന്റെ മകൾ രേഷ്മ പറഞ്ഞു. ആ സംഭവത്തെ തുടർന്ന് തനിക്ക് പരീക്ഷ നന്നായി എഴുതാൻ സാധിച്ചില്ല. ഒരു പെൺകുട്ടിയെന്ന പരിഗണന പോലും കെഎസ്ആർടിസി ജീവനക്കാർ നൽകിയില്ല. പോലീസ് സ്റ്റേഷനിൽ സ്വയമെത്തിയാണ് പരാതി നൽകിയെന്നും രേഷ്മ പറഞ്ഞു.

കണ്ണൂരിൽ വീണ്ടും പശുവിന് പേയിളകി; ദയാവധത്തിനിരയാക്കി

keralanews another cow tests raies positive in kannur euthanised

കണ്ണൂർ: കണ്ണൂരിൽ വീണ്ടും പശുവിന് പേയിളകി.അഴീക്കൽ ഭാഗത്താണ് പേയിളകിയ പശു വിരണ്ടോടി പരിഭ്രാന്തി പരത്തിയത്. അഴിച്ചുവിട്ട് വളർത്തുന്ന പശുവാണിത്. ഇതിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു.അക്രമവാസന കാണിച്ചിരുന്ന പശുവിനെ പിന്നീട് ദയാവധത്തിനിരയാക്കി.രാത്രിയിൽ പശുവിരണ്ടോടി കൂടുതൽ ആളുകൾക്ക് പരിക്കേൽക്കാതിരിക്കാനാണ് ദയാവധം നടത്തിയത്. പശുവിന്റെ ശരീരത്ത് പലയിടത്തും മുറിവുകളുണ്ട്. പേപ്പട്ടി കടിച്ചതിന് സമാനമാണ് മുറിവുകളെന്ന് ഡോക്ടർമാർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ചാലയിലും ചിറ്റാരിപറമ്പും പേയിളകിയ പശുവിനെ ദയാവധത്തിന് ഇരയാക്കിയിരുന്നു. തുടർച്ചയായി പട്ടികൾക്കും പശുക്കൾക്കും പേയിളകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തുന്നുണ്ട്. മൂന്നാമത്തെ പശുവിനാണ് പശുവിനാണ് കണ്ണൂർ ജില്ലയിൽ അജ്ഞാതകാരണങ്ങൾ കൊണ്ടു പേയിളകുന്നത്.

തൃശൂർ പാലപ്പിള്ളിയിൽ പേ വിഷബാധയേറ്റ പശുവിനെ വെടിവെച്ച് കൊന്നു

keralanes cow infected with rabies virus shot dead in thrissur palappilli

തൃശൂർ: പാലപ്പിള്ളി എച്ചിപ്പാറയിൽ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവിനെയാണ് വെടിവെച്ചു കൊന്നത്.  പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് പശു നിരീക്ഷണത്തിലായിരുന്നു.വ്യാഴാഴ്ച രാവിലെ പേയിളകിയതിൻ്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പോലീസ്, വെറ്റിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പശുവിനെ വെടിവെച്ച് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. വെറ്റിനറി ഡോക്ടർ പശുവിന് പേവിഷബാധയേറ്റതായി സർട്ടിഫിക്കറ്റ് നൽകി. വെടിവെക്കാൻ ലൈസൻസുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയാണ് പശുവിനെ വെടിവെച്ച് കൊന്നത്. വരന്തരപ്പിള്ളി എസ്.ഐ. എ.വി. ലാലു, വെറ്റിനറി സർജൻ ഡോ. റോഷ്മ, ചിമ്മിനി റേഞ്ച് ഓഫീസർ അജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കൽ പാറു പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവർക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളർത്തുമൃഗങ്ങൾക്കും തോട്ടത്തിൽ മേയുന്ന പശുക്കൾക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.പ്രദേശത്ത് കടിയേറ്റ വളർത്തു നായകളെ അനിമൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരികയാണ്. നിരീക്ഷണത്തിലായിരുന്ന വനം വകുപ്പ് ജീവനക്കാരൻ്റെ വീട്ടിലെ വളർത്തുനായ് രണ്ടാഴ്ച മുമ്പ് ചത്തിരുന്നു. ഈ സമയമത്രയും ഖാദറിൻ്റെ പശു നിരീക്ഷണത്തിലായിരുന്നു. തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുവായതിനാൽ കെട്ടിയിട്ട് നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വെടിവെച്ച് കൊന്ന പശുവിനെ വെറ്റിനറി വകുപ്പിൻ്റെ നിർദേശപ്രകാരം തന്നെ കുഴിച്ചിട്ടു.ചിമ്മിനി, എച്ചാപ്പാറ പ്രദേശങ്ങളിലും നടാമ്പാടം കോളനിയിലും ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ വാക്സിൻ നൽകിയിട്ടുണ്ട്. മേഖലയിലെ വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.

നിയമസഭാ കയ്യാങ്കളി കേസ്;കുറ്റപത്രം വായിച്ചുകേൾപ്പിച്ചു;കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികൾ; കേസ് 26 ന് പരിഗണിക്കും

keralanews assembly ruckus case charge sheet read out accused denied crime in court case heard on 26

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവർ ഇന്ന് കോടതിയിൽ ഹാജരായി. വി.ശിവന്‍കുട്ടി, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍ എന്നീ അഞ്ചു പ്രതികളാണ് ഇന്ന്  കോടതിയില്‍ ഹാജരായത്. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചെങ്കിലും മന്ത്രിയുള്‍പ്പെടെയുള്ള അഞ്ചുപേരും കുറ്റം നിഷേധിച്ചു.അന്വേഷണസംഘം ഹാാജരാക്കിയ ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ വേണമെന്നാണ് പ്രതിഭാഗം കോടതിയില്‍ അവശ്യപ്പെട്ടത്.ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ പ്രതികള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നു പ്രോസിക്യൂഷനും നിലപാടെടുത്തു. ഇതോടെ പത്തു ദിവസത്തിനകം തെളിവുകൾ പ്രതിഭാഗത്തിന്  നല്‍കാനും കോടതി ഉത്തരവിട്ടു.ഇപി ജയരാജൻ അസുഖം കാരണം ഇന്ന് ഹാജരാകില്ലെന്ന് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു. എന്നാൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയരാജനെക്കൂടി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാകും വിചാരണ തീയതി പ്രഖ്യാപിക്കുക. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവവും നാശനഷ്ടങ്ങളുമുണ്ടായത്. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്താണ് നശിപ്പിച്ചതെന്നാണ് കേസ്. അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതിനിടയിൽ വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ ഹർജി ഹൈക്കോടതി തള്ളി. കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നുവെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.  അതുപോലെ തന്നെ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.

മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക;യാത്രക്കാരെ ഒഴിപ്പിച്ചു

keralanews smoke on air india express flight from muscat to kochi passengers evacuated

മസ്‌കറ്റ്: മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക.ഇതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചത്.എയർ ഇന്ത്യയുടെ IX 442  എന്ന വിമാനത്തിലാണ് പുക കണ്ടെത്തിയത്. വിമാനത്തിന്റെ ചിറകിൽ നിന്നും പുക ഉയരുന്നതായിട്ടാണ് കണ്ടെത്തിയത്. യാത്രക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ 14 പേർക്ക് പരുക്കേറ്റു. ടേക്ക് ഓഫിന് തൊട്ടു മുമ്പാണ് പുക കണ്ടത്. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.144 യാത്രക്കാരും 6 കാബിൻ ക്രൂ അംഗങ്ങളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർപ്പോർട്ട് അധികൃതർ അറിയിച്ചു.

ശാസ്താംകോട്ടയില്‍ ചത്ത നായക്ക് പേവിഷബാധ;രണ്ട് സ്ത്രീകളെയും വളർത്ത് മൃഗങ്ങളെയും കടിച്ചിരുന്നു

keralanews dead dog infected with rabies in shastamkota two women and domestic animals were bitten

കൊല്ലം: ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈ നായ രണ്ട് സ്ത്രീകളെയും വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു.ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രായമായ സ്ത്രീകളെയും ആട്, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളേയും കടിച്ചത്. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ഒരു വീടിന് മുന്നില്‍ ചത്ത നിലയില്‍ നായയെ കണ്ടെത്തിയത്. അപ്പോള്‍ മുതല്‍ പേവിഷബാധയുണ്ടെന്ന സംശയമുണ്ടായിരുന്നു.ഈ നായയുടെ കടിയേറ്റ സ്ത്രീകള്‍ ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെ എടുത്ത ശേഷം ചികിത്സയിലാണ്.അതേസമയം, സംസ്ഥാനത്ത് ഇന്നും നിരവധി പേർക്ക് തെരുവ് നായകളുടെ കടിയേറ്റിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 24 മണിക്കൂറിനിടെ 28 പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. കണ്ണൂരിൽ തെരുവ് നായക്കൂട്ടം കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. കോട്ടയത്ത് നായയുടെ ആക്രമണത്തിൽ സ്‌കൂളിലേക്കു പോയ പ്ലസ് വൺ വിദ്യാർഥിനിക്കും സ്‌കൂട്ടർ മറിഞ്ഞ് അഭിഭാഷകനും പരിക്കേറ്റു. കഴിഞ്ഞ ദിവസം കോഴിക്കോട് ഫറോക്കിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചിരുന്നു.

സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തുടരും; ജാമ്യം ലഭിച്ചെങ്കിലും ഇ.ഡി. കേസ് നിലനില്‍ക്കുന്നതിനാല്‍ മോചിതനാകില്ല

keralanews siddique kappan remain in prison will not released ed case is pending

ലക്നൗ: സുപ്രീം കോടതി ജാമ്യം അനുവദിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ലഖ്നൗവിലെ ജയിലില്‍ തുടരുമെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസ് ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണിത്.2020 ഒക്ടോബറില്‍ ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്‌. എന്നാല്‍ ജാമ്യം ലഭിച്ചുവെങ്കിലും ഇ.ഡി. കേസ് അന്വേഷണത്തില്‍ തീരുമാനം ആകാത്തതിനാല്‍ കാപ്പന് പെട്ടെന്ന് പുറത്തിറങ്ങാനാവില്ല.ഒരു ലക്ഷം രൂപയ്ക്കും ഒരാളുടെ ആള്‍ജാമ്യത്തിലുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. സുപ്രീം കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.കലാപ ഗൂഢാലോചനയുടെ ഭാഗമായെന്നും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് സിദ്ദിഖ് കാപ്പന്‍, അഥികുര്‍ റഹ്‌മാന്‍, ആലം മസൂദ് എന്നിവരെ മഥുര പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ യു.എ.പി.എ. നിയമം, ഐ.ടി. നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്.എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദി ക്കുകയായിരുന്നു.ജയില്‍ മോചിതനായ ശേഷം അടുത്ത ആറാഴ്ച ഡല്‍ഹിയില്‍ തന്നെ തുടരണമെന്നും എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.