തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചാണെന്ന് സ്ഥിരീകരണം. യുഎഇയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയായ 22കാരന്റെ മരണമാണ് മങ്കിപോക്‌സ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനയിലും യുവാവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണമാണിത്. ഇന്നലെ ആലപ്പുഴയിലെ വൈറോളജി ലാബിലാണ് യുവാവിന്റെ സ്രവ പരിശോധന ആദ്യം നടത്തിയത്.അവിടെ പോസിറ്റീവ് ആണെന്ന ഫലമാണ് ലഭിച്ചത്. തുടര്‍ന്നാണ് സ്രവ സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് പരിശോധിക്കാനായി അയച്ചത്.യുവാവിന് മങ്കിപോക്‌സ് ആണെന്ന് നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു. ഇദ്ദേഹം യുഎഇയിലായിരുന്നു. അവിടെ 19, 20 തിയതികളിലാണ് മങ്കിപോക്‌സ് പരിശോധന നടത്തിയത്. ഇത് പോസിറ്റീവ് ആയിരുന്നു. ഈ വിവരം മറ്റാരോടും പറയാതെയാണ് യുവാവ് നാട്ടിലേക്ക് വന്നത്. നാട്ടില്‍ നെടുമ്പാശേരിയിലാണ് വിമാനം ഇറങ്ങിയത്. 22ാം തിയതി വീട്ടിലെത്തി. ഇവിടെ രണ്ട് ദിവസം കഴിഞ്ഞിരുന്നു. യുവാവിന് മങ്കിപോക്സ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദേഹത്ത് കുരുക്കള്‍ ഉണ്ടായിരുന്നില്ല. കഴലവീക്കവും തലച്ചോറിനെ ഈ രോഗം ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അപസ്മാരവുമാണ് ഉണ്ടായിരുന്നത്. ഇതിനിടെ ഇയാള്‍ കൂട്ടുകാരുമൊത്ത് കളിക്കാനും മറ്റുമായി പുറത്ത് പോയിരുന്നു.ഒടുവില്‍ ന്യൂമോണിയ ബാധിച്ച് പനി കടുത്തു. 27ാം തിയതി ഇയാള്‍ കുഴഞ്ഞു വീണു. ആദ്യം ചാവക്കാട്ടെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയോടെ സ്ഥിതി ഗുരുതരമാവുകയും, ശനിയാഴ്ച മരിക്കുകയുമായിരുന്നു. നിലവില്‍ 15 പേരാണ് യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറ് മരണം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി; അഞ്ച് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയില്‍ ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 55 വീടുകള്‍ക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് തലവന്മാരുമടക്കം ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ സേനാ മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ വരെ അതിതീവ്ര വഴ തെക്കന്‍, മധ്യ കേരളത്തില്‍ കേന്ദ്രീകരിക്കും. നാളെ കഴിയുന്നതോടെ അത് വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 200 മില്ലിലീറ്ററില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നു. തുടര്‍ച്ചയായ നാലു ദിവസം ഇത്തരത്തില്‍ മഴ ലഭിച്ചാല്‍ പ്രതിസന്ധി സൃഷ്ടിക്കും.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മഴവെള്ളപ്പാച്ചില്‍ എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം ആരംഭിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതും തയ്യാറെടുപ്പും ആവശ്യമാണ്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തീകരിക്കും. ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു സംഘങ്ങള്‍ മുന്‍കൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സേനയെ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡാമുകളില്‍ നിലവില്‍ വെള്ളം ഒഴുക്കി വിടേണ്ട സാഹചര്യമില്ല. ഡാം കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ പരിശോധിക്കുന്നുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചെറിയ അണക്കെട്ടുകളില്‍ നിന്നും നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കും.ഇന്നലെ വൈകിട്ട് മുതല്‍ തെക്കന്‍ കേരളത്തില്‍ വ്യാപകമഴയാണ് നാളെ വരെ അതിതീവ്രമഴ തെക്കന്‍- മധ്യ കേരളത്തിലുണ്ടാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. നാളെ കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് പ്രവചനം.
മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ വിവിധ വകുപ്പുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി നേരിടാന്‍ ഒരുങ്ങാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. എഡിജിപിമാരായ എംആര്‍ അജിത്ത് കുമാറും, വിജയ് സാഖറെയും പൊലീസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.അടിയന്തര ഇടപെടലിന് മന്ത്രിമാര്‍ക്ക് ജില്ലാ ചുമതല നല്‍കിയിട്ടുണ്ട്. മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ആവശ്യമായ ക്രമീകരണം ഉണ്ടാക്കാന്‍ മൃഗസംരക്ഷണവകുപ്പിന് നിര്‍ദ്ദേശം നല്‍കി. വൈദ്യുതി ലൈനുകളുടേയും പോസ്റ്റുകളുടേയും സുരക്ഷാ പരിശോധന കെഎസ്‌ഇബി നിര്‍വഹിക്കും. പാലങ്ങളുടെ സുരക്ഷ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ ആവശ്യമായ ഇടത്ത് അതിനുള്ള സൗകര്യം ഒരുക്കും.സംസ്ഥാനത്ത് ആകെ ഏഴ് ക്യാംപുകളാണ് നിലവില്‍ ആരംഭിച്ചത്. നിലവില്‍ ഏഴ് ക്യാംപുകളിലായി 90 പേര്‍ തങ്ങുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി,വയനാട് ഒരോ ക്യാംപുകളും കോട്ടയത്ത് രണ്ട് ക്യാംപകളുമാണ് തുറന്നത്. ദുരന്തനിവാരണ അതോറിട്ടി അതാത് സമയത്ത് നല്‍കുന്ന മുന്നറിയിപ്പുകള്‍ എല്ലാവരും പാലിക്കണം. മഴ സാഹചര്യം പരിശോധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് സ്‌കൂളുകള്‍ക്ക് അവധി നല്‍കാവുന്നതാണ്. നിലവില്‍ തെക്കന്‍ ജില്ലയിലെ സ്‌കൂളുകളില്‍ എല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അതിതീവ്ര മഴ; ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ( ഓഗസ്റ്റ് 2 ന്) അവധി.മഴ തീവ്രമായതോടെ ഡാമുകളിലെ ഷട്ടറുകളും ഉയർത്തുന്നുണ്ട്. അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകുന്നുണ്ട്. അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ച് സെന്റീ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പമ്പാതീരത്ത് ജാഗ്രതാനിർദേശം നൽകി. മഴക്കെടുതിയിൽ ആറ് മരണങ്ങൾ സംഭവിച്ചു. 5 വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോര മേഖലകളിൽ വീണ്ടും മഴ കനത്തതോടെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 23 പേരെ മാറ്റി പാർപ്പിച്ചുകഴിഞ്ഞു.