ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തി; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

keralanews all five shutters of the idukki churuthoni dam were raised warning for those on the banks of periyar

ഇടുക്കി; നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത് പ്രകാരം ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തി. സെക്കന്റിൽ 2.6 ലക്ഷം ലിറ്റർ വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നത്. വൈകിട്ട് മണിയോടെ മൂന്ന് ലക്ഷം ലിറ്റർ വെള്ളം തുറന്ന് വിടും.നേരത്തെ മൂന്ന് ഷട്ടറുകളായിരുന്നു ഉയർത്തിയത്. എന്നാൽ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേയിലൂടെ ഒഴുക്കുന്ന ജലത്തിന്റെ തോത് വർധിപ്പിച്ചതിനാലുമാണ് ജലനിരപ്പ് നിയന്ത്രിക്കാൻ 5 ഷട്ടറുകളും ഉയർത്തിയത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ജലനിരപ്പ് നിയന്ത്രിക്കാനായില്ലെങ്കിൽ നാളെ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കും.2018ന് ശേഷം ഇതാദ്യമായാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തുന്നത്.

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധന; കമ്മിറ്റിയെ നിയോഗിച്ചതായി ഗതാഗതമന്ത്രി

keralanews increase in student concession rates transport minister appointed the committee

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് വർദ്ധനവ് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമൻ ചെയർമാനായ കമ്മിറ്റിയിൽ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ ബി. ജി. ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ് എന്നിവരാണ് അംഗങ്ങൾ.ബസ്ചാർജ് വർധിപ്പിച്ചപ്പോൾ അതിനോടൊപ്പം കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. എന്നാൽ നിലവിലുള്ള കൺസഷൻ നിരക്ക് തുടരുവാനും ഇക്കാര്യം പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുവാനുമാണ് സർക്കാർ തീരുമാനിച്ചത്. ഇതിനെ തുടർന്നാണ് പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ കമ്മിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി മന്ത്രി വ്യക്തമാക്കി.

കനത്ത മഴ;മുല്ലപ്പെരിയാര്‍, മലമ്പുഴ അണക്കെട്ടുകള്‍ തുറന്നു

keralanews heavy rains mullaperiyar and malampuzha dams opened

തിരുവനന്തപുരം: വൃഷ്ടിപ്രദേശത്ത് നിന്ന് നീരൊഴുക്ക് തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍, മലമ്പുഴ അണക്കെട്ടുകള്‍ തുറന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതം തുറന്നു. വൈകിട്ട് അഞ്ചിനാണ് വി1, വി5, വി6, വി10 എന്നീ ഷട്ടറുകള്‍ തുറന്നത്.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ആകെ 1870 ഘനയടി ജലമാണ് പുറത്തുവിടുന്നത്. 9066 ഘനയടിയാണ് നീരൊഴുക്ക്. എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറില്‍ വിന്യസിച്ചിട്ടുണ്ട്.പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യം മുന്‍നിര്‍ത്തി മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും സജ്ജീകരിച്ചു.  കൊല്ലം തെന്മല ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തി. കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അതേസമയം ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു.

സംസ്ഥാനത്ത് മങ്കിപോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി

keralanews second patient who was under treatment for monkeypox in the state also recovered

കണ്ണൂർ: സംസ്ഥാനത്ത് മങ്കിപോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി.കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുപ്പത്തൊന്നുകാരൻ രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി.ജൂലൈ 13ന്‌ യുഎഇയില്‍ നിന്ന്‌ വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി നേരത്തെ രോഗമുക്തി നേടിയിരുന്നു. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ടു പ്രാവശ്യം പരിശോധനകള്‍ നടത്തിയിരുന്നു. എല്ലാ സാമ്പിളുകളും രണ്ടു പ്രാവശ്യം നെഗറ്റീവായതിനെ തുടര്‍ന്നാണ് അന്ന് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യത;കേരളത്തില്‍ മഴ ശക്തമായേക്കും

keralanews low pressure is likely in bay of bengal rain may be heavy in kerala

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം.നിലവിൽ തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ ഇത് ശക്തി പ്രാപിക്കും. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഷീയർ സോനിന്റെയും ,അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുകയാണ്. ഇതിന്റെയെല്ലാം ഫലമായി സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത തിങ്കളാഴ്ചവരെയാണ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളത്. ഇതിന് പുറമേ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതിനാൽ കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്കുണ്ട്. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു

keralanews traffic has been completely banned on the nedumpoil mananthavadi pass road

കണ്ണൂർ: നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്താണ് തീരുമാനം.ഗതാഗതത്തിന് ബദല്‍ മാര്‍ഗമായി കൊട്ടിയൂര്‍-പാല്‍ചുരം റോഡ് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മഴ ശക്തമാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഈ മാസം ഏഴ് വരെ നിര്‍ത്തി വയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും. ഉരുള്‍പൊട്ടല്‍ നാശം വിതച്ച സ്ഥലങ്ങളിലേക്ക് അനാവശ്യ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആളുകള്‍ കൂട്ടത്തോടെ ഈ മേഖലകളില്‍ കാണാന്‍ എത്തുന്നത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണിത്.

തളിപ്പറമ്പിൽ എല്‍ പി സ്കൂളിലെ അഞ്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വര്‍ഷം കഠിനതടവ്

keralanews teacher sentenced 79 years rigorus imprisonment in case of molesting five students of l p school in thaliparamba

കണ്ണൂർ: തളിപ്പറമ്പിൽ എല്‍ പി സ്കൂളിലെ അഞ്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വര്‍ഷം കഠിനതടവും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധി.പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് തളിപ്പറമ്പ പോക്സോ കോടതി ശിക്ഷിച്ചത്.2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയില്‍ വച്ചാണ് ഗോവിന്ദന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് സ്കൂള്‍ പ്രധാന അധ്യാപിക, ഹെല്‍പ് ഡെസ്ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേര്‍ത്തിരുന്നുവെങ്കിലും ഇവരെ വെറുതെ വിട്ടു.സംഭവത്തിനു ശേഷം ഗോവിന്ദനെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തിരുന്നു.പെരിങ്ങോം പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന പി ബി സജീവ്, സുഷീര്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി. വിചാരണയ്ക്കിടെ കേസിലെ സാക്ഷിയായ സ്‌കൂളിലെ ഒരു അധ്യാപിക കൂറുമാറുകയും ചെയ്തിരുന്നു.

അന്തരീക്ഷ ചുഴി;കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ജാഗ്രതാ നിർദേശം

keralanews meteorological center warns heavy rain will continue in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന് മുകളിലായി നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയും, തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുമാണ് മഴയ്‌ക്ക് കാരണമാകുന്നത്. ഞായറാഴ്ചവരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.മഴ തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. യെല്ലോ, ഓറഞ്ച് അലർട്ടുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന റെഡ് അലർട്ട് പിൻവലിച്ചിരുന്നു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.മഴയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിനും വിലക്കുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തുമാണ് മത്സ്യബന്ധനത്തിന് വിലക്കുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

കണ്ണൂർ ജില്ലയിലെ മലയോരത്ത് ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം;കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

keralanews landslides in kannur district caused huge damage bodies of missing persons were found

കണ്ണൂർ: ജില്ലയിൽ കനത്ത മഴയിൽ മലയോരത്ത് വ്യാപക ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. നെടുംപുറംചാൽ, തുടിയാട്, ചെക്കേരി, വെള്ളറ, പൂളക്കുറ്റി മേഖലയിലാണ് ഉരുൾപൊട്ടിയത്. ഒഴുക്കിൽപ്പെട്ട് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേലേ വെള്ളറയിലെ ചന്ദ്രൻ, നിടുംപുറംചാലിൽ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് നദീറയുടെ മകൾ രണ്ടര വയസ്സുകാരി നുമ തസ്ലീം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.വീടിന് മുകളില്‍ മണ്ണിടിഞ്ഞാണ് ചന്ദ്രനെ കാണാതായത്.എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ നുമ തസ്ലിമിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിന്റെ ഇരമ്പൽ കേട്ട് വീടിന് പിൻഭാഗത്തേക്ക് വന്ന നദീറയും കുഞ്ഞും ഒഴുക്കിൽ പെടുകയായിരുന്നു. നദീറയേയും സമീപത്തെ മറ്റൊരു കുടുംബത്തേയും അഗ്നിരക്ഷാസേന രക്ഷപെടുത്തിയിരുന്നു.പുലര്‍ച്ചെ വരെ തെരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള കുളത്തിനരികെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.നെടുംപൊയില്‍, ചിക്കേരി കോളനി, നെടുംപുറം ചാല്‍ എന്നിവടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. കാണിച്ചാറില്‍ മണ്ണിടിച്ചിലുണ്ടായി. തൊണ്ടിയില്‍, നെടും പൊയില്‍, കൊമ്മേരി ടൗണുകളില്‍ വെള്ളം കയറി. കണ്ണൂരില്‍ മഴ കനത്തതോടെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പേരാവൂര്‍ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാഭവിനിന്റെ കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.ഇവിടെ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഒലിച്ചു പോയതായി ഡയറക്ടര്‍ സന്തോഷ് അറിയിച്ചു. നിരവധി പശുക്കള്‍ ചാവുകയും തെറ്റുവഴി സര്‍വീസ് സ്റ്റേഷനു സമീപം ഒരു കുടുംബം ഒറ്റപ്പെടുകയും ചെയ്തു. തലശേരി, മാനന്തവാടി അന്തര്‍ സംസ്ഥാനപാതയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. ഏലപ്പീടിക കണ്ടംതോട് ഉരുള്‍പൊട്ടലില്‍ ഒരുകുടുംബം പൂര്‍ണമായും ഒറ്റപ്പെട്ടു.

കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു;14 പന്നികൾ രോഗം ബാധിച്ച് ചത്തു

keralanews african swine fever confirmed in kannur district 14 pigs died due to the disease

കണ്ണൂർ: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.കണിച്ചാർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കൊളക്കാട് പ്രദേശത്തെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. ഇതുവരെ ഫാമിലെ 14 പന്നികൾ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താൻ ഇന്ന് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ആഫ്രിക്കൻ പന്നിപ്പനി കേസ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. മാനന്തവാടിയിലെ ഫാമിലായിരുന്നു ആദ്യമായി കണ്ടെത്തിയത്. പന്നികൾ കൂട്ടത്തോടെ ചാവാൻ തുടങ്ങിയപ്പോൾ ഭോപ്പാലിലെ ലാബിലേക്ക് സാമ്പിളുകൾ അയച്ച് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കേരളത്തിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.തുടർന്ന് ഫാം ഉടമയുടെ സമ്മതത്തോടെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി മറവ് ചെയ്തു. ആഫ്രിക്കൻ പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പന്നിയിറച്ചിയുടെ കടത്ത് നിരോധിച്ചിട്ടുണ്ട്.