ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി.മറ്റൊരു പേരിലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടാം.സര്‍വീസ് ചാര്‍ജിനെക്കുറിച്ച് ഹോട്ടല്‍ ഉടമ ഉപഭോക്താക്കളോട് വ്യക്തമാക്കുമ്പോൾ ചാര്‍ജ് നല്‍കണമെന്ന് ആവശ്യപ്പെടരുതെന്നും ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതായത് റെസ്റ്റോറന്റിന്റെ പക്ഷത്ത് നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുകയും താല്‍പര്യമുണ്ടെങ്കില്‍ സ്വമേധയാ തരാമെന്ന് ഉപഭോക്താക്കളെ അറിയിക്കുകയും മാത്രമാണ് ചെയ്യാന്‍ പാടുള്ളതെന്ന് ഉത്തരവില്‍ പറയുന്നു.
പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
പാലക്കാട് :പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.6 ദിവസം മുൻപാണ് ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ യുവതിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കുഞ്ഞ് മരിച്ചു. തുടർന്ന് ഇന്ന് രാവിലെയോടെ യുവതിയും മരിച്ചു.ആശുപത്രി അധികൃതർ പ്രസവം വൈകിപ്പിച്ചതാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.സിസേറിയന് ആവശ്യപ്പെട്ടപ്പോഴും ഡോക്ടർമാർ അത് ചെയ്തില്ല. കുട്ടയെ കൈയ്യിൽ ലഭിക്കുമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് കുടുംബം പറയുന്നത്. പ്രസവശേഷം യുവതിയ്‌ക്ക് രക്തസ്രാവം ഉണ്ടായെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു. പിന്നാലെ ഗർഭപാത്രം നീക്കം ചെയ്തു. എന്നാൽ ഇത് ഭർത്താവ് പോലും അറിഞ്ഞില്ലെന്നാണ് കുടുംബം പറയുന്നത്. ആശുപത്രിക്ക് എതിരെ പാലക്കാട് സൗത്ത് പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
കനത്ത മഴ;കടലാക്രമണത്തിനും കടൽക്ഷോഭത്തിനും സാധ്യത; കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം : കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയണ്ട്. അതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ലെന്നാണ് നിർദ്ദേശം.ചൊവ്വാഴ്ച വരെ ആന്ധ്രാപ്രദേശ് തീരം, മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ, മദ്ധ്യ കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്ക് കിഴക്കൻ മദ്ധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന് രാത്രി 11.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും വ്യക്തമാക്കുന്നു.
ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം; സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും
തിരുവനന്തപുരം:ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഇക്കാര്യം തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഓഫീസിൽ ഇന്ന് നടക്കുന്നത്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ഇന്ന് ലഭ്യമാകില്ല എന്നും അറിയിക്കുന്നു. ഫയൽ തീർപ്പാക്കലിനായി ജോലിക്ക് ഹാജരാകണമെന്നും, അവധി ദിവസം ജോലിയ്‌ക്കായി മാറ്റി വെയ്‌ക്കുന്ന ജീവനക്കാർക്ക് നന്ദി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം നടക്കുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകൾ കണ്ടെത്തി അത് തീർപ്പാക്കുന്നതിനായി മാസത്തിൽ ഒരു ദിവസത്തെ അവധി മാറ്റി വെയ്‌ക്കണമെന്ന നിർദേശം മുഖ്യമന്ത്രി മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനവും പ്രവർത്തി ദിനമാക്കി മാറ്റാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.
എ കെ ജി സെന്ററിന് നേരെ ബോംബേറ്
തിരുവനന്തപുരം:എ കെ ജി സെന്ററിന് നേരെ ബോംബേറ്. വ്യാഴാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. എ കെ ജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്.ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ബോംബെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബോംബെറിഞ്ഞതിന് ശേഷം ബൈക്ക് കുന്നുകുഴി ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.വലിയ സ്‌ഫോടന ശബ്ദവും പുകയും ഉണ്ടായതിനെ തുടര്‍ന്ന് പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും ബൈക്കിലെത്തിയവർ രക്ഷപ്പെട്ടിരുന്നു.പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്‍ പറഞ്ഞു. നാടൻ പടക്കമാണ് എറിഞ്ഞതെന്നാണ് പോലീസ് നിഗമനം.സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പാർട്ടി ഓഫിസുകൾക്ക് സുരക്ഷ ശക്തമാക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. കെപിസിസി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾ നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്തു.സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് കോടിയേരി പറഞ്ഞു.