
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു.മെമ്മറി കാര്‍ഡ് പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി. ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാ ഫലം ഇന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഫോറന്‍സിക് ലാബിലാണ് കാര്‍ഡ് പരിശോധിച്ചത്. മൂന്നു തീയതികളില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നാണ് പരിശോധനാഫലമെന്നാണ് സൂചന. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.








