നടിയെ ആക്രമിച്ച കേസ്;കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

keralanews actress attack case crime branch questioned kavya madhavan

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ട് 4.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം മടങ്ങിയത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന സംഘവും ദിലീപിന്റെ വീട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും കാവ്യയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു.എന്നാല്‍ ആലുവയിലെ വീട്ടില്‍വച്ച്‌ ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇവിടെ വച്ച്‌ ചോദ്യം ചെയ്തത്.കേസിലെ തുടരന്വേഷണത്തിന് ഹൈക്കോടതി നൽകിയിരിക്കുന്ന കാലാവധി ഈ മാസം 31 ന് അവസാനിക്കും. എന്നാൽ കാവ്യയുൾപ്പെടെ കേസിൽ നിർണായക മൊഴി നൽകുമെന്നു കരുതുന്നവരുടെ ചോദ്യം ചെയ്യൽ ബാക്കിയായിരുന്നു. ഇതേ തുടർന്നാണ് വേഗം കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം ഭാര്യ കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യലില്‍ നടി സഹകരിച്ചോ എന്ന വിവരം അധികൃതര്‍ പുറത്തുവിട്ടില്ല.കാവ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടർ നീക്കങ്ങൾ നടത്തും.

കാസർകോഡ് ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കടയുടമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

keralanews incident of student died after eating shawarma lookout notice issued against shop owner

കാസർകോഡ്: ചെറുവത്തൂരിൽ ഷവര്‍മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ കടയുടമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസില്‍ കൂള്‍ബാര്‍ മാനേജര്‍, മാനേജിങ് പാര്‍ട്ണര്‍, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി എന്നിവര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൂള്‍ ബാറിന്റെ ഉടമ വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂരില്‍നിന്നും ശേഖരിച്ച ഷവര്‍മ സാംപിളിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായിരുന്നു.ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാംപിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.

ഭക്ഷ്യ വിഷബാധ; സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്;പലയിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയതായി റിപ്പോർട്ട്

keralanews food poisoning food safety department tightens inspections in state

തിരുവനന്തപുരം:സംസ്ഥാനത്ത് പലയിടത്തും ഭക്ഷ്യ വിഷബാധ റിപ്പോട്ട് ചെയ്തതിന് പിന്നാലെ പരിശോധന കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്.പലയിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയതായാണ് റിപ്പോർട്ടുകൾ.തിരുവനന്തപുരം നെടുമങ്ങാട് ബാര്‍ ഹോടെല്‍ സൂര്യ, ഇന്ദ്രപ്രസ്ഥ, സെന്‍ട്രല്‍ പ്ലാസ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകളുടെ പരിശോധന നടന്നു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കൻ, ബീഫ്, മുട്ട, പൊറോട്ട ഉള്‍പെടെയും എസ് യു ടി ആശുപത്രിയിലെ മെസില്‍ നിന്നും കാന്റീനില്‍ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെടുത്തതായും റിപോര്‍ടുണ്ട്.കച്ചേരി ജംക്ഷനില്‍ മാര്‍ജിന്‍ ഫ്രീ ഷോപില്‍ സാധനങ്ങള്‍വച്ച മുറിയില്‍ എലിയെ പിടിക്കാന്‍ കൂടുവെച്ച നിലയിലായിരുന്നു. ഈ മാര്‍ജിന്‍ ഫ്രീ ഷോപിന് നോട്ടീസ് നല്‍കി. തിരുവനന്തപുരം നഗരത്തിലും വ്യാപക പരിശോധന നടക്കുകയാണ്. കാസര്‍കോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ പഴകിയ മീന്‍ പിടികൂടി. വില്‍പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കാസര്‍കോട്ടെ മാര്‍കറ്റിലെത്തിച്ച 200 കിലോ പഴകിയ മീനാണ് പിടിച്ചെടുത്തത്.കൊച്ചിയിലും ഇടുക്കിയിലും ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. തൊടുപുഴയിലെ നാല് സ്ഥാപനങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കി.സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയില്‍, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 110 കടകളാണ് വെള്ളിയാഴ്ചവരെ പൂട്ടിച്ചത്. വെള്ളിയാഴ്ചവരെ 347 സ്ഥാപനങ്ങള്‍ക്ക് നോടീസ് നല്‍കുകയും ചെയ്തിരുന്നു.ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു. വിവിധ ജില്ലകളിലായി വഴിയോര ഭക്ഷണശാലകളിലേക്കും തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെയാണ് പരിശോധനകള്‍ കര്‍ശനമായി നടന്നു തുടങ്ങിയത്.

കാസർകോഡ് ചെറുവത്തൂരിൽ ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ സംഭവം;കൂൾബാറിലെ ഭക്ഷണ സാമ്പിളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം

keralanews food poisoning from shawarma at kasaragod cheruvathur presence of e coli and coliform bacteria in food sample taken from coolbar

കാസർകോട് : ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷവർമ്മ കഴിച്ച ചെറുവത്തൂരിലെ ഐഡിയിൽ ഫുഡ്‌പോയിന്റിലെ ഭക്ഷ്യസാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തി. കോഴിക്കോട്ടെ ലാബിൽ നടത്തിയ പരിശോധനയിലാണ് അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഷവര്‍മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവയാണ് കോഴിക്കോട്ടെ റീജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്.കുട്ടി മരിച്ചതിന് പിന്നാലെ കൂൾബാറിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സാമ്പിളുകൾ ശേഖരിച്ചത്. മരിച്ച പെൺകുട്ടിയ്‌ക്ക് ഷിഗെല്ല  ബാധിച്ചിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഭക്ഷ്യസാമ്പിളുകളിൽ ഷിഗെല്ലയുടെ സാന്നിദ്ധ്യമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടുത്ത ദിവസം അധികൃതർ പുറത്തുവിടും.വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതാണ് ഭക്ഷ്യവസ്തുക്കളിലെ ബാക്ടീരിയയുടെ സാന്നിദ്ധ്യത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇവിടെ നിന്നും ഭക്ഷണം കഴിച്ച് ചികിത്സയിലുള്ളവരുടെ പ്ലേറ്റലെറ്റ് പരിശോധിച്ചതിൽ നിന്നും ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

അര്‍ജുന്‍ ആയങ്കി‍ സ്ഥിരം കുറ്റവാളി;കാപ്പ ചുമത്താൻ ശുപാർശ നൽകി കമ്മീഷണർ

keralanews arjun ayanki is a regular offender commissioner recommended to impose kappa

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ.ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കമ്മീഷണർ ആർ ഇളങ്കോ ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി. സ്ഥിരം കുറ്റവാളിയാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്തത്. ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഉത്തരവ് പുറത്തിറങ്ങിയാൽ അർജുൻ ആയങ്കിയ്‌ക്ക് സ്വന്തം ജില്ലയായ കണ്ണൂരിൽ പ്രവേശിക്കാൻ സാധിക്കില്ല. കഴിഞ്ഞ ജൂണിലാണ് അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റില്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി.മലപ്പുറത്ത് സ്വര്‍ണക്കടത്തു സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അര്‍ജുന്‍ ആയങ്കിയിലേക്ക് എത്തിയത്. രണ്ട് മാസത്തെ തടവിന് ശേഷം ആഗസ്റ്റിലായിരുന്നു അര്‍ജുന്‍ ആയങ്കിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട നിരവധി ആക്രമണ കേസുകളും നിലനില്‍ക്കുന്നുണ്ട്. നിരന്തരമായി ആക്രമണക്കേസുകളില്‍ പ്രതിയാകുന്നവരേയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരേയുമാണ് കാപ്പ ചുമത്തി നാടുകടത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുന്നത്.

കാസര്‍കോട്ട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു;നിരവധി പേർക്ക് പരിക്ക്

keralanews private bus overturned in kasargod injuring several people

കാസര്‍കോട്: ചെറുവത്തൂര്‍ മട്ടലായിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റു.ദേശീയ പാതയില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സമീപമാണ് അപകടം നടന്നത്.കണ്ണൂര്‍- കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ചെറുവത്തൂരിലെയും പയ്യന്നൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്;ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാർഥി; കെ.പി.സി.സി നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചു

keralanews thrikkakara by election uma thomas udf candidate the high command approved the kpcc proposal

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിക്കും.കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദേശിച്ചതും. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. യോഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവിനിമയം നടത്തിയിരുന്നു. പിടി തോമസിന്റെ സിറ്റിംഗ് സീറ്റിൽ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോൺഗ്രസിലെ ഭൂരിഭാഗം പേരുടേയും അഭിപ്രായം.പി.ടി. തോമസിന്‍റെ നിര്യാണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്‍റെ ഭാര്യയെ തന്നെ സ്ഥാനാർഥിയാക്കുന്നതിലൂടെ പി.ടി. തോമസിനുണ്ടായിരുന്ന ജനപിന്തുണ സ്ഥാനാർഥിക്ക് സ്ഥാനാർഥിക്ക് ഉറപ്പിക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്‌ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക.

കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ നാല് പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

keralanews shigella confirms four people with food poisoning after consuming shawarma in cheruvathur kasargod

കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ നാല് പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.ചികിത്സയിലുള്ള മറ്റുള്ളവർക്കും ഷിഗല്ലക്ക് സമാനമായ രോഗലക്ഷണങ്ങളാണ് ഉള്ളത്. അതിനാൽ ഭക്ഷ്യവിഷബാധക്ക് കാരണം ഷിഗല്ല വൈറസാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസമാണ് ചെറുവത്തൂരിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ഐഡിയൽ ഫുഡ്‌പോയിന്റിൽ നിന്നും ഷവർമ കഴിച്ച പ്ലസ്ടൂ വിദ്യാർത്ഥിനി ദേവനന്ദ മരിക്കുന്നത്. ഷവർമ്മ കഴിച്ച മറ്റ് 17 വിദ്യാർത്ഥികളെ ശാരീരിക ബുദ്ധിമുട്ടുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കൂള്‍ബാര്‍ മാനേജര്‍ അറസ്റ്റില്‍

keralanews coolbar manager arrested in the incident of girl died after eating shawarma in kasargod cheruvathoor

കാസർകോട്: കാസർഗോഡ് ചെറുവത്തൂരിൽ ഷവര്‍മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂള്‍ബാര്‍ മാനേജര്‍ പടന്നയിലെ തായൽ ഹൗസ് അഹമ്മദിനെയാണ് ചന്ദേര പോലീസ് അറസ്റ്റ് ചെയ്യതത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനസ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെ നേരത്തെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.കേസിൽ പ്രതിചേർക്കപ്പെട്ട സ്ഥാപന ഉടമ പിലാ വളപ്പിൽ കുഞ്ഞഹമ്മദിന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ആലോചനയുണ്ട്. കുഞ്ഞഹമ്മദ് കേസിൽ നാലാം പ്രതിയാണ്. കഴിഞ്ഞ ദിവസമാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയിന്റില്‍നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ(16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. 31 പേരെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ ഐഡിയൽ ഫുഡ് പോയിന്റ് സ്ഥാപനം ജില്ലാ ഭരണകൂടം ഇടപെട്ട് അടപ്പിച്ചിരുന്നു. ഫുഡ് പോയിന്റിന്റെ കാർ തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. വാൻ കത്തിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കാസർകോട് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു; 17 പേർ ചികിത്സ തേടി

keralanews student ate shawarma dies of food poisoning 17 people sought treatment

കാസർകോട്:ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16) യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ 17 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില ഗുരുതരമാണ്.ചെറുവത്തൂരിലെ  ഐഡിയൽ കൂൾബാർ ആന്റ് ഫുഡ് പോയിന്റ് എന്ന കൂൾബാറിൽ നിന്നും ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമ്മ കഴിച്ച ശേഷം അസ്വസ്ഥതകൾ നേരിട്ട കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി ഇവിടെ നിന്നും ഭക്ഷണം കഴിച്ചത്. കരിവള്ളൂർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ദേവനന്ദ. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഫുഡ് സേഫ്റ്റി ലെെസൻസ് ഇല്ലാതെയാണ് കൂൾബാർ പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കൂൾബാർ അടച്ചുപൂട്ടിയിട്ടിട്ടുണ്ട്.അതേസമയം സംഭവത്തില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.