തിരുവനന്തപുരം: ഈ മാസം 28 ന് പണിമുടക്ക് സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കെ എസ് ആര്‍ ടി സി തൊഴിലാളി സംഘടനകള്‍ പിന്മാറി.ഗതാഗത മന്ത്രിയുമായി ഈ മാസം 25 ന് ചര്‍ച്ച നടത്താമെന്ന തീരുമാനത്തെ തുടർന്നാണ് തീരുമാനം. ശമ്പളത്തിന് 20 ഡ്യൂട്ടി വേണമെന്ന ഉത്തരവ് മരവിപ്പിച്ചു. 12 മണിക്കൂര്‍ ഡ്യൂട്ടി പാറ്റേണും മരവിപ്പിച്ചു.ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ കെ എസ് ആര്‍ടിസി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മെയ് 6 ലെ പണിമുടക്കില്‍ മാറ്റമില്ലെന്ന് ടി ഡി എഫ് അറിയിച്ചു. ഏപ്രില്‍ 28 ലെ സൂചന പണിമുടക്ക് മാറ്റിവെച്ചുവെന്ന് സി ഐ ടി യു അറിയിച്ചു. 28 ന് പണിമുടക്കില്ലെന്ന് ബി എം എസും അറിയിച്ചു. മെയ് 5ന് മുൻപ് ശമ്പളം കിട്ടിയില്ലെങ്കില്‍ മെയ് 6 ന് പണിമുടക്കുമെന്ന് ടിഡിഎഫും ബിഎംഎസും നിലപാട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു;ദല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഇല്ലെങ്കില്‍ 500 രൂപ പിഴ
ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി.മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.ഡൽഹിയിൽ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ ഏപ്രില്‍ തുടക്കത്തില്‍ പിന്‍വലിച്ചിരുന്നു. നിലവില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് ഉപയോഗം കൂട്ടാന്‍ പിഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി വീണ്ടും പുനസ്ഥാപിച്ചത്. കോവിഡ് കേസുകളില്‍ നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ദല്‍ഹി, ഹരിയാന, മിസോറം എന്നീ സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വ്യാപനം നിരീക്ഷിക്കാനും ഉടനടി നടപടികള്‍ കൈക്കൊള്ളാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.കോവിഡ് പരിശോധന വ്യാപകമാക്കാനും വാക്സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശമുണ്ട്. അതേസമയം സ്‌കൂളുകള്‍ അടയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയില്ല. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ദല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ബുധനാഴ്ച 0.44 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ 12ന് പോസിറ്റീവ് നിരക്ക് 0.21 ശതമാനമായിരുന്നു. ബുധനാഴ്ചത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനമാണ്.
വയനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
കൽപ്പറ്റ: വയനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി.രാജേഷാണ് (35) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍നിന്നു ഇറങ്ങിപ്പോയ രാജേഷിനെ വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല. ബുധനാഴ്ച്ചയോടെ കൊട്ടിയൂര്‍ ബസ് സ്റ്റോപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷി ആവശ്യത്തിനായി ബാങ്കുകളില്‍ നിന്നും അയല്‍കൂട്ടങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തിയില്‍ നിന്നും രാജേഷ് വായ്പ വാങ്ങിയിരുന്നു. എന്നാല്‍, കൃഷി നശിച്ചതോടെ ഭീമമായ തുക നഷ്ടം വന്നു. ഇതോടെ, രാജേഷിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി.കഴിഞ്ഞ വര്‍ഷം വാഴ കൃഷി ചെയ്തെങ്കിലും കാട്ടാനകൂട്ടം പതിവായി കൃഷി നശിപ്പിച്ചു.പിന്നീട് ചെയ്ത നെല്‍ക്കൃഷിയും കാട്ടാനയുടെ ആക്രമണത്തില്‍ ഇല്ലാതാകുകയായിരുന്നു. ഇതോടെ, വലിയ നിരാശയിലായിരുന്നു രാജേഷെന്ന് വീട്ടുകാര്‍ പറഞ്ഞു.കൃഷി നാശം സംഭവിച്ചിട്ടും വനം വകുപ്പോ, കൃഷി വകുപ്പോ മറ്റ് വകുപ്പുകളോ യാതൊരുവിധ ധനസഹായവും രാജേഷിനോ കുടുംബത്തിനോ നല്‍കിയിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിച്ചു;മന്ത്രിസഭായോഗത്തിൽ അംഗീകാരം
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ്, ഓട്ടോ ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതിന് അനുമതി നൽകിയത്. ബസ് മിനിമം ചാർജ് 10 രൂപയാക്കി. കിലോമീറ്ററിന് നിരക്ക് 1 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തി. മെയ് ഒന്ന് മുതലായിരിക്കും ബസ് ചാർജ് വർധന നിലവിൽ വരുന്നത് എന്നാണ് പ്രാഥമിക വിവരം.ഇന്ന് തന്നെ ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. കഴിഞ്ഞ മാസം ചേർന്ന എൽഡിഎഫ് യോഗം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ നിർദ്ദേശിച്ച നിരക്കു വർധന ശരിവെച്ചിരുന്നു.ഇത് തത്വത്തിൽ അംഗീകരിച്ചു കൊണ്ടാണ് മന്ത്രിസഭാ യോഗം നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.സംസ്ഥാനത്ത് നാല് വർഷത്തിന് ശേഷമാണ് ബസ് ചാർജ്ജ് മിനിമം നിരക്ക് വർധിപ്പിക്കുന്നത്. 2018ലാണ് മിനിമം ചാർജ് ഏഴിൽ നിന്ന് എട്ടാക്കി ഉയർത്തിയത്. എന്നാൽ കിലോമീറ്റർ നിരക്ക് 2021ൽ കൂട്ടിയിരുന്നു. കിലോമീറ്ററിന് 70 പൈസ എന്നുള്ളത് 90 പൈസയാക്കിയാണ് അന്ന് ഉയർത്തിയത്. ഓട്ടോ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്‌സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; എഫ്‌ഐആർ റദ്ദാക്കില്ല;കേസിന്റെ തുടരന്വേഷണത്തിന് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് തിരിച്ചടി. എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്.ഹൈകോടതി സിംഗിള്‍ ബെഞ്ച് ഒന്നര മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. മേയ് 30നു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യവും കോടതി നിഷേധിച്ചു.അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നില്ലെന്നു ഡിജിപി ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.കേസിൽ യാതൊരു തെളിവുകളുമില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ മാത്രം അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നുമായിരുന്നു ദിലീപിന്റെ വാദം. ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകളില്ലെന്നും കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസ് വധഗൂഢാലോചനാ കേസ് റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.അതേസമയം മാധ്യമ വിചാരണ തടയണം എന്നാവശ്യപ്പെട്ടുള്ള പ്രതി സുരാജിന്റെ ഹര്‍ജിയിലും ഹൈകോടതി ഇടക്കാല ഉത്തരവിട്ടു. മൂന്നാഴ്ചത്തേയ്ക്ക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനാണ് വിലക്ക്.
കണ്ണൂർ എടച്ചേരി കുന്നാവ് ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ: എടച്ചേരി കുന്നാവ് ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.എടച്ചേരി മുത്തപ്പന്‍ കാവിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നടുവില്‍ സ്വദേശി റോയി-ഷീബ ദമ്പതികളുടെ മകന്‍ ലിനോ ജോസഫാ(15)ണ് മരിച്ചത്.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ട്യൂഷന്‍കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.ശ്രീപുരം സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ലിനോ. ഫയര്‍ ഫോഴ്‌സെത്തി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരിമാര്‍: ലെന(വിദ്യാര്‍ഥിനി, മംഗളൂരു), ലിയ(വിദ്യാര്‍ഥിനി, ശ്രീപുരം സ്‌കൂള്‍). സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് നടുവില്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
പ്രതിദിന കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കാന്‍ കേരളത്തോട് കേന്ദ്രം
ന്യൂഡല്‍ഹി: കേരളം പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള പഴയ കണക്കുകള്‍ കൂടി ചേര്‍ത്താണ് രാജ്യമാകെയുള്ള കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധന കാണിച്ചത്.അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കേരളം കൊവിഡ് കണക്ക് പുറത്തുവിട്ടത്.ഇത് രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും കേന്ദ്രം വിമര്‍ശിച്ചു. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍ കേരളത്തിന് കത്തയച്ചു.കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കത്തയച്ചത്.രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് പ്രതിദിന കോവിഡ് കണക്കുകളുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു തീരുമാനം.
മീനിലെ മായം;സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താൻ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതുമായ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നിർദ്ദേശം നൽകിയത്. നെടുങ്കണ്ടത്തെ ആറ് പോയിന്റുകളില്‍ നിന്നും ശേഖരിച്ച 8 സാമ്പിളുകൾ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഉടുമ്പൻചോല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാർ, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ 6 വിൽപന കേന്ദ്രങ്ങളിൽ നിന്നാണ് മത്സ്യ സാമ്പിളുകൾ ശേഖരിച്ചത് എന്ന് മന്ത്രി വ്യക്തമാക്കി.തൂക്കുപാലത്ത് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ നിന്ന് മീൻ വാങ്ങിയവർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. മീനിന്റെ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകൾക്കും പൂച്ചക്കുട്ടികൾക്കും ചില പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് അവർ സ്ഥലത്തെ വെറ്റിറിനറി സർജനെ ഇക്കാര്യം അറിയിച്ചു. അടുത്ത ദിവസം ഒരു പൂച്ച ചത്തു. ഇതേ കാലയളവിൽ തന്നെ മത്തി മീൻ കഴിച്ച് പൂച്ച ചത്തതായി അയൽവാസികളിൽ ഒരാൾ പരാതിപ്പെട്ടു. ഭക്ഷ്യവിഷബാധയോ സീസണൽ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്റിറിനറി സർജൻ അറിയിച്ചു. അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി മെഡിക്കൽ ഓഫീസറും റിപ്പോർട്ട് ചെയ്തു. തുടർന്നാണ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തരമായി അന്വേഷിച്ച് സാമ്പിളുകൾ ശേഖരിച്ച് തുടർ നടപടികൾ സ്വീകരിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം തേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍;കാവ്യയേയും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍.തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോള്‍ ചെന്നൈയില്‍ ആണെന്നാണ് കാവ്യ മറുപടി നല്‍കിയതെന്നും അടുത്ത ആഴ്ച നാട്ടില്‍ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകളില്‍ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സംബന്ധിച്ച ചില വിവരങ്ങൾ ദിലീപിന്റെ ഭാര്യാ സഹോദരൻ സൂരജിന്റെ ഫോണിൽ നിന്നും ലഭിച്ചതായും പോലീസ് അറിയിച്ചു.ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. അതേസമയം കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കാൻ ബാർ കൗൺസിൽ തീരുമാനിച്ചു. അഭിഭാഷകരായ ബി. രാമൻപിള്ള, ഫിലിപ്പ് ടി വർഗ്ഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നോട്ടീസ് അയക്കാനാണ് ബാർകൗൺസിൽ തീരുമാനിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമാണ് നടപടി.
സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചു;മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചു. ദുരന്തനിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. മാസ്‌കും ആൾക്കൂട്ട നിയന്ത്രണവും പാലിച്ചില്ലെങ്കിൽ ഇനി കേസെടുക്കില്ല. രണ്ട് വർഷത്തിലേറെ കാലമായി സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചിരിക്കുന്നത്.കേന്ദ്ര നിര്‍ദ്ദേശത്തെിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. മാസ്‌ക് ധരിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം തുടരണമെന്നും സാമൂഹിക അകലവും പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമപ്രകാരം ഒട്ടേറെ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസമായി 500ൽ താഴെ പ്രതിദിന രോഗികളാണ് റിപ്പോർട്ട് ചെയ്യാറുള്ളത്. സംസ്ഥാനത്ത് ഇന്ന് 291 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്.