തിരുവനന്തപുരം: യുക്രെയ്‌നിൽ നിന്ന് ഡൽഹിയിൽ എത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാനായി മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ വിമാനം രാവിലെ 9.30നും, രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡൽഹിയിൽ നിന്ന് പുറപ്പെടും.കൊച്ചി വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്കും കാസർഗോട്ടേക്കും ബസ്സ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാൻ നോർക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നുണ്ട്.കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോർക്കയുടെ പ്രത്യേക ടീമുകൾ പ്രവർത്തനനിരതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 2222 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;4673 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2222 പേർക്ക് കൊറോണ സ്ഥിരീകരിച്ചു തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂർ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂർ 85, പാലക്കാട് 70, കാസർകോട് 45 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,061 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 70 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 88 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,758 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2093 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 94 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4673 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 847, കൊല്ലം 121, പത്തനംതിട്ട 243, ആലപ്പുഴ 240, കോട്ടയം 536, ഇടുക്കി 296, എറണാകുളം 650, തൃശൂർ 342, പാലക്കാട് 223, മലപ്പുറം 330, കോഴിക്കോട് 415, വയനാട് 227, കണ്ണൂർ 168, കാസർകോട് 35 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 19,051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കണ്ണൂരിലെ മലയോര മേഖലയിൽ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു
കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയിൽ വൻ തീപിടിത്തം. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീപിടുത്തമുണ്ടായത്. പ്രദേശത്തെ തീയണയ്ക്കാൻ അഗ്നിശമനസേനയും നാട്ടുകാരും ശ്രമം തുടരുകയാണ്.നേരത്തേ, കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപവും തീപിടിത്തമുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലിൽ നിന്നാണ് തീപടർന്നത്. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.തീപിടിത്തത്തെ തുടർന്ന് കോയമ്പത്തൂർ എക്സ്പ്രസ് മുക്കാൽ മണിക്കൂർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്നു. തീ പൂർണമായും അണച്ചശേഷമാണ് വണ്ടി കടത്തിവിട്ടത്.
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ശക്തി പ്രാപിച്ചു; കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറി.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്‌ക്ക് 470 കിലോമീറ്റർ അകലെ തെക്ക് – തെക്ക് കിഴക്കായും, തമിഴ്‌നാടിന് 760 കിലോമീറ്റർ അകലെ തെക്ക് – തെക്ക്കിഴക്കായും ചെന്നൈക്ക് 950 കിലോമീറ്റർ അകലെ തെക്ക് – തെക്ക് കിഴക്കായും സ്ഥിതി ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്രന്യൂന മർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശ്രീലങ്കയുടെ കിഴക്കൻ തീരം വഴി തമിഴ് നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. മഴമുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ മുഖ്യമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.അതേസമയം കേരള തീരത്തും ലക്ഷദ്വീപ് മേഖലയിലും മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. എന്നാൽ ന്യൂനമർദ്ദത്തിന്റെ ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ അടുത്ത 5 ദിവസത്തേക്ക് കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം തുടങ്ങിയ സമുദ്ര മേഖലകളിലേക്ക് മത്സ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.
യുക്രൈൻ രക്ഷാദൗത്യം; 25 മലയാളികള്‍ കൂടി കേരളത്തിലെത്തി
തിരുവനന്തപുരം:യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്ന് ഡല്‍ഹിയിലെത്തിയ 25 മലയാളികള്‍ കൂടി കേരളത്തിലെത്തി. ഹംഗറി വഴി എത്തിയവരാണ് സംസ്ഥാനത്തെത്തിയത്. ബാക്കിയുള്ളവരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണമെന്ന് ഈ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഖാര്‍കീവ്, കിയവ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നതെന്നും അവര്‍ പറഞ്ഞു. ഇവരുടെ യൂണിവേഴ്സിറ്റി അതിര്‍ത്തിയുടെ അടുത്തായതിനാലാണ് പെട്ടെന്ന് രക്ഷപ്പെടാനായതെന്നും ഇവര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 2,846 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 4325 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2,846 പേർക്ക് കൊറോണ സ്ഥിരീകരിച്ചു തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂർ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂർ 113, വയനാട് 112, ആലപ്പുഴ 111, കാസർകോട് 20 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 38 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 128 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,501 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2696 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 115 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4325 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 676, കൊല്ലം 451, പത്തനംതിട്ട 245, ആലപ്പുഴ 224, കോട്ടയം 260, ഇടുക്കി 302, എറണാകുളം 813, തൃശൂർ 252, പാലക്കാട് 146, മലപ്പുറം 251, കോഴിക്കോട് 445, വയനാട് 96, കണ്ണൂർ 86, കാസർകോട് 78 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 24,912 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
യുക്രെയ്‌നിൽ റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു;മരിച്ചത് കർണാടക സ്വദേശി
കീവ്: യുക്രെയ്‌നിൽ റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു.കർണാടക ഹവേരി സ്വദേശി നവീൻ കുമാർ (21) ആണ് മരിച്ചത്. ഖാർകീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് നവീൻ കുമാർ കൊല്ലപ്പെട്ടത്.രാവിലെയോടെയായിരുന്നു സംഭവം. ഖാർകീവിലെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് അപകടം . വിദ്യാർത്ഥികൾ പുറത്തിറങ്ങരുതെന്ന് എംബസി നിർദ്ദേശം നൽകിയിരുന്നു. മരണവിവരം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.നവീനിന്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചു.വൈകീട്ടോടെയാണ് നവീന്റെ പിതാവുമായി മോദി ഫോണിൽ ബന്ധപ്പെട്ടത്. നവീന്റെ മരണത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി.നവീന്റെ മരണത്തിൽ വിദേശകാര്യമന്ത്രാലയം ദു:ഖവും രേഖപ്പെടുത്തി.യുക്രെയ്‌നിൽ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം വേഗത്തിലാക്കി. ഖാർകീവിലെയും മറ്റ് നഗരങ്ങളിലെയും ഇന്ത്യക്കാരെ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി വിദേശകാര്യസെക്രട്ടറി റഷ്യൻ , യുക്രെയ്ൻ സ്ഥാനപതികളുമായി ബന്ധപ്പെട്ടുവരികയാണ്.