കൊച്ചി:ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ.കൊച്ചിയിലെ ഇൻക്ഫെക്ടറ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ് സുജീഷ് ആണ് അറസ്റ്റിലായത്.ആറ് പേരാണ് സുജേഷിനെതിരെ പരാതി നൽകിയത്. ഇതിൽ അഞ്ച് പേരുടെ പരാതി പോലീസ് രജിസറ്റർ ചെയ്തു. സുജേഷിനെ ഉടൻ ചേരാനല്ലൂർ പോലീസ് സ്‌റ്റേഷനിൽ എത്തിയ്‌ക്കും. പരാതി ഉയർന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.പെരുമ്പാവൂരിൽ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ശനിയാഴ്ച്ച രാത്രിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുജീഷിന്റെ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്, പ്രതി സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന് ചേരാനെല്ലൂര്‍ പൊലീസിന് വിവരം ലഭിച്ചത്. ഇവിടെയെത്തിയായിരുന്നു അറസ്റ്റ്. ഓടി രക്ഷപ്പെടാന്‍ പ്രതി ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.ചേരാനെല്ലൂരിലെ ടാറ്റു സ്റ്റുഡിയോയില്‍ ശനിയാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു.സി.സി.ടി.വി. യുടെ ഡി.വി.ആര്‍., കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. പരാതികള്‍ വന്നതോടെ ടാറ്റു പാര്‍ലര്‍ പൂട്ടി.കൊച്ചിയിലെ ഇൻക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയ്‌ക്ക് നേരെ യുവതി സോഷ്യൽ മീഡിയയിലൂടെ ആണ് ആദ്യം രംഗത്തെത്തിയത്. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തി ആർട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ആർട്ടിസ്റ്റിന്റെ ഇൻസ്റ്റഗ്രാം ഐഡിയും പേരും അടക്കം പങ്കുവെച്ചാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.സെലിബ്രറ്റികളടക്കം നിരവധി പ്രമുഖർ കാക്കനാട്ടെ ടാറ്റൂ സ്റ്റുഡിയോയിൽ പോയി ടാറ്റു ചെയ്യുന്നത് കണ്ടാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. ഇതിനുശേഷം സമാന അനുഭവം ഉണ്ടായെന്ന് പറഞ്ഞ് നിരവധി ആളുകൾ കാക്കനാട്ടെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ രംഗത്തെത്തി. ഇതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഉക്രൈന്‍ അധിനിവേശം; റഷ്യയിലുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് വിസ,മാസ്റ്റര്‍ കാര്‍ഡ് കമ്പനികൾ
മോസ്‌കോ: റഷ്യയിലുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് വിസ,മാസ്റ്റര്‍ കാര്‍ഡ് കമ്പനികൾ.യുക്രെയ്‌നില്‍ അധിനിവേശം റഷ്യ പതിനൊന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ,മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍ ഉപയോഗിക്കാന്‍ കഴിയില്ല.റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് റഷ്യയ്‌ക്ക് പുറത്തും പണമിടപാടുകള്‍ നടത്താനാകില്ലെന്നും ഇരു കമ്പനികളും വ്യക്തമാക്കി. തീരുമാനത്തിലൂടെ ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ ഖേദിക്കുന്നു.എന്നാല്‍ ഈ യുദ്ധവും സമാധനത്തിനും സ്ഥിരതയ്‌ക്കും നേരെയുള്ള ഭീഷണിയും ഞങ്ങളുടെ മൂല്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിസ സിഇഒ എല്‍ കെല്ലി പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി കമ്പനികളുമായും കൂടിക്കാഴ്ച നടത്തി റഷ്യയിലെ സേവനങ്ങള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.മാസ്റ്റര്‍കാര്‍ഡും വിസയും റഷ്യയിലെ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തിവെയ്‌ക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യുഎസ് കോണ്‍ഗ്രസ് പ്രതിനിധി ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു.
അതേസമയം പതിനൊന്നാം ദിവസവും ഉക്രൈനില്‍ റഷ്യ ആക്രമണം തുടരുകയാണ്. അധിനിവേശ സേന കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ മാനുഷിക ദുരന്തത്തിന്റെ വക്കിലാണ് ഉക്രൈന്‍ നഗരങ്ങള്‍. തെക്കന്‍ നഗരമായ മരിയുപോളില്‍ പ്രഖ്യാപിച്ച ഭാഗിക വെടിനിര്‍ത്തല്‍ പാളിയതോടെ നഗരം അപകടമുനമ്പിലാണ്. നഗരവാസികളെ ഒഴിപ്പിക്കാന്‍ ശനിയാഴ്ച പകല്‍ അഞ്ചുമണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താമെന്നായിരുന്നു റഷ്യന്‍ വാഗ്ദാനം.എന്നാല്‍ ഈ സമയത്തും റഷ്യ ഷെല്ലിങ് തുടര്‍ന്നുവെന്നും ഒഴിപ്പിക്കല്‍ സാധ്യമായില്ലെന്നും മരിയുപോള്‍ നഗര ഭരണകൂടം വ്യക്തമാക്കി.റഷ്യന്‍ സൈന്യം ഉപരോധിച്ചിരിക്കുന്ന വോള്‍വോനാഖയില്‍ മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടന്ന് ജീര്‍ണിക്കുകയാണ്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു. ഷെല്‍ട്ടറുകളില്‍ കഴിയുന്നവര്‍ക്കുള്ള ആഹാരവും മരുന്നും ഏതാണ്ട് തീര്‍ന്ന നിലയിലാണ്.
യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു;മരിച്ചത് കണ്ണൂർ സ്വദേശി
കണ്ണൂർ: യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ സിആർപിഎഫ് ജവാൻ വിപിൻ ദാസാണ്(37) ജീവനൊടുക്കിയത്. യുപിയിലെ ചന്തൗലിയിൽ തിരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു വിപിൻ ദാസ്.ഡ്യൂട്ടി ആവശ്യങ്ങള്‍ക്കുള്ള തോക്കുപയോഗിച്ചാണ് വെടിവച്ചത്.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വിപിന്റെ വീടിന്റെ കുറ്റിയടി ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും മേലുദ്യോഗസ്ഥർ അവധി അനുവദിച്ചിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ലീവ് നല്‍കാതെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്തു. ഇതില്‍ അതിയായ വിഷമം ഉള്ളതായി കൂടെ ജോലി ചെയ്യുന്ന മറ്റു പട്ടാളക്കാരോട് പറഞ്ഞിരുന്നുവെന്നാണ് സൂചന. കണ്ണൂര്‍ തേക്കിയിലെ ദാസന്റെ മകനാണ് വിപിന്‍. കീര്‍ത്തനയാണ് ഭാര്യ. ഒരു മകനുമുണ്ട്.മൃതദേഹം നാളെ ഉച്ചയോടു കൂടി വീട്ടിലേക്ക് എത്തും എന്നാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള വിവരം.
സംസ്ഥാനത്ത് ഇന്ന് 1836 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;2988 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1836 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂർ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74, കണ്ണൂർ 60, കാസർകോട് 13 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 37 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 83 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,136 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1736 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 71 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2988 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 404, കൊല്ലം 209, പത്തനംതിട്ട 162, ആലപ്പുഴ 204, കോട്ടയം 243, ഇടുക്കി 211, എറണാകുളം 456, തൃശൂർ 249, പാലക്കാട് 167, മലപ്പുറം 186, കോഴിക്കോട് 212, വയനാട് 130, കണ്ണൂർ 108, കാസർകോട് 47 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 15,825 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,27,908 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് വാർഷിക പരീക്ഷ ഈ മാസം 23 മുതൽ; ചോദ്യങ്ങൾ ലളിതമായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വാർഷിക പരീക്ഷ ഈ മാസം 23 മുതൽ ആരംഭിക്കും.ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരീക്ഷ നടക്കുക. ഏപ്രിൽ രണ്ടിന് പരീക്ഷ പൂർത്തിയാകും.പ്രത്യേക സാഹചര്യമായതിനാൽ പരീക്ഷയ്‌ക്ക് ചോദ്യങ്ങൾ ലളിതമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാർച്ച് 31 മുതലാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുക. ഏപ്രിൽ 29ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 30ന് തുടങ്ങി ഏപ്രിൽ 22ന് അവസാനിക്കുമെന്നും മന്ത്രി അറിയിച്ചു. പ്ലസ് വൺ-വിഎച്ച്എസ്ഇ പരീക്ഷ ജൂൺ രണ്ട് മുതൽ 18 വരെയും നടക്കും.ഏപ്രിൽ, മേയ് മാസങ്ങൾ വേനലവധിയായിരിക്കും. ജൂൺ ഒന്നിനാണ് സ്‌കൂൾ തുറക്കുക. സ്‌കൂൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി മേയ് 15 മുതൽ വൃത്തിയാക്കൽ തുടങ്ങും. അദ്ധ്യാപകർക്ക് പരിശീലന ക്ലാസുകളും മേയിൽ നടക്കും. അടുത്ത അദ്ധ്യയന വർഷത്തെ കലണ്ടറും മേയിൽ പ്രസിദ്ധീകരിക്കും.
എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നുമായി കണ്ണൂരിൽ രണ്ട് യുവാക്കൾ പിടിയിൽ
കണ്ണൂർ: എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നുമായി കണ്ണൂരിൽ രണ്ട് യുവാക്കൾ പിടിയിൽ. ചെറുഞ്ഞിക്കരി സ്വദേശി ഷിജിൻ പി.കെ, അഞ്ചരക്കണ്ടി സ്വദേശി ലിതിൻ പി.കെ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മട്ടന്നൂർ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാകുന്നത്. ഹാഷിഷ് ഓയിലും എംഡിഎംഎയും അടക്കമുള്ള മാരക മയക്കുമരുന്നുകൾ ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയത്താംപറമ്പ് ചെറുഞ്ഞിക്കരി എന്ന സ്ഥലത്ത് നമ്പർ പ്ലെയ്റ്റ് ഇല്ലാത്ത മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു പ്രതികൾ.പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയതിനെ തുടർന്ന് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വാറിയിൽ അപകടം; രണ്ടു തൊഴിലാളികൾ മരിച്ചു
കർണാടക: ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിച്ചു. പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് അപകടം.മൂലഹള്ള ചെക്ക് പോസ്റ്റിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മടഹള്ളയിലാണ് സംഭവം. കല്ലുകൾക്കടിയിൽ കുടുങ്ങിയ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.6 പേർക്ക് പരിക്കേറ്റു. മുത്തങ്ങ സ്വദേശിയായ ഹക്കീമിൻ്റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിയാണിത്.ടിപ്പർ ലോറികളും കല്ലിനടയിൽപ്പെട്ടു. കൂടുതൽ പേർ പാറക്കെട്ടുകൾക്കുള്ളിൽ അകപ്പെട്ടോയെന്നറിയാൻ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.
ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തി; യുക്രെയ്‌നിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്യുന്നു
ന്യൂഡൽഹി: ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് യുക്രെയ്‌നിൽ നിന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയതെന്നാണ് വിവരം.വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞ് വെച്ചു. നിലവിൽ സിഐഎസ്എഫ് വിദ്യാർത്ഥിയെ ചോദ്യം ചെയ്ത് വരികയാണ്. കേരളത്തിലേക്ക് തിരിക്കാനിരുന്ന യാത്രയും സുരക്ഷാ വിഭാഗം തടഞ്ഞിട്ടുണ്ട്. യാത്ര തടഞ്ഞ വിവരം കേരളഹൗസ് അധികൃതരെ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി ഡൽഹിയിലെത്തിയത്. ഇന്നലെ പുറപ്പേണ്ട എയർഏഷ്യ വിമാനത്തിൽ വിദ്യാർത്ഥി കേരളത്തിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തുകയായിരുന്നു. യുദ്ധഭൂമിയിൽ നിന്നും വരുമ്പോൾ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥിയുടെ ബാഗിൽ എത്തിയത് എന്നതെല്ലാം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം.
സംസ്ഥാനത്ത് ഇന്ന് 2190 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;3878 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2190 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂർ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂർ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസർകോട് 16 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 72 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 179 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,012 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2041 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 120 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3878 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 633, കൊല്ലം 197, പത്തനംതിട്ട 203, ആലപ്പുഴ 211, കോട്ടയം 434, ഇടുക്കി 270, എറണാകുളം 632, തൃശൂർ 249, പാലക്കാട് 193, മലപ്പുറം 261, കോഴിക്കോട് 260, വയനാട് 134, കണ്ണൂർ 153, കാസർകോട് 48 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 17,105 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കണ്ണൂർ കുറുമാത്തൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കണ്ണൂർ: കണ്ണൂർ കുറുമാത്തൂരിൽ 70 മില്ലിഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. പൊക്കുണ്ട് സ്വദേശിയായ മൂലക്കിൽ വളപ്പിൽ വീട്ടിൽ അഷ്‌റഫ് എം വി (27) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ പി മധുസൂദനനും സംഘവും ചേർന്നാണു ഇയാളെ പിടികൂടിയത്. അഷ്‌റഫിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.