സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു

keralanews chicken price increasing in the state

കൊച്ചി : സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു.നിലവിൽ  170 രൂപ കടന്നിരിക്കുകയാണ് കോഴിവില. വേനൽക്കാലത്ത് സാധാരണയായി കോഴിയിറച്ചിക്ക് വില കുറയുകയാണ് പതിവ്. എന്നാൽ ഇപ്പോൾ വില ദിവസേന കുതിച്ചുയരുകയാണ്. കോഴിക്കുഞ്ഞുങ്ങളുടെയും അവയ്‌ക്കുള്ള തീറ്റയുടെയും വില കൂടിയതാണ് ചിക്കന് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയ്‌ക്ക് കൂടിയത്. 1500 രൂപയ്‌ക്കുള്ളിൽ കിട്ടിയിരുന്ന കോഴിത്തീറ്റയ്‌ക്ക് ഇപ്പോൾ ഒരു ചാക്കിന് 2500 രൂപ കൊടുക്കണം. കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. 12-15 രൂപയ്‌ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 40 രൂപയായി വില.കോഴിയിറിച്ചിക്ക് വില കൂടിയത് ഇറച്ചി വ്യാപാരികളെ സാരമായി ബാധിച്ചിട്ടുണ്ട്. വില കൂടിയതോടെ കച്ചവടം കുത്തനെ കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്.

റോഡിൽ വഴി മുടക്കി വാഹനം നിർത്തിയത് ചോദ്യം ചെയ്തതിന് കണ്ണൂരിൽ മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

keralanews fisherman attacked for questioning vehicles parked blocking road in kannur

കണ്ണൂർ:ബർണ്ണശ്ശേരിയിൽ റോഡിൽ വഴി മുടക്കി വാഹനം നിർത്തിയത് ചോദ്യം ചെയ്തതിന് മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.ആയിക്കര സ്വദേശി വിൽഫ്രഡ് ഡേവിഡിന് നേരെയാണ് ആക്രമണം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയക്കുമരുന്ന് സംഘമാണ് വിൽഫ്രഡിനെ അക്രമിച്ചതെന്നാണ് വിവരം.ബർണശേരിയിലെ പ്രധാന റോഡിൽ വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് വിൽഫ്രഡ് ചോദ്യം ചെയ്തതാണ് ലഹരിമാഫിയ സംഘത്തെ പ്രകോപിതരാക്കിയത്. ഇതിൽ അരിശം പൂണ്ട അക്രമികൾ ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന വിൽഫ്രഡിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. മർദ്ദിച്ച് അവശനാക്കിയ ശേഷം സംഘം കയ്യിൽ കരുതിയ വടിവാൾ കൊണ്ടി വലതുകാലിൽ വെട്ടി. തുടർന്ന് നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. വെട്ടേറ്റ് വിൽഫ്രഡിന്റെ വലതുകാൽ അറ്റ് തൂങ്ങി. ഇതിന് പുറമേ തലയ്‌ക്കും സാരമായ പരിക്കുണ്ട്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി.

നിരക്ക് വർധന നടപ്പിലാക്കിയില്ല;സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

keralanews rate hike has not been implemented private bus owners go on indefinite strike

കൊച്ചി: ബജറ്റിലെ അവഗണനയിലും നിരക്ക് വർദ്ധനവ് വൈകിപ്പിക്കുന്നതിലും പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.ബസ് ചാർജ്ജ് മിനിമം 12 രൂപയാക്കണമെന്നാണ് ഫെഡറേഷന്റെ ആവശ്യം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള ഒരു രൂപയിൽ നിന്നും ആറ് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യം. നിരക്ക് കൂട്ടാമെന്ന് സർക്കാർ ഉറപ്പ് നൽകി ആറ് മാസം പിന്നിട്ടിട്ടും ആ വാക്ക് പാലിച്ചിട്ടില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയും നൽകിയില്ലെന്ന് അവർ ആരോപിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ വ്യക്തമാക്കി. ഈ മാസം അവസാനം തീയതി പ്രഖ്യാപിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.ബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നേരത്തെ എത്തിയിരുന്നു. അയ്യായിരത്തിൽ താഴെ മാത്രം ബസ്സുകൾ ഉള്ള കെഎസ്ആർടിസിയ്‌ക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും നടത്തിയില്ല. ബജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നത് പ്രതിഷേധാർഹമാണെന്നും ഫെഡറേഷൻ ആരോപിച്ചിരുന്നു.

കെഎസ്ഇബിയുടെ 65-ാം വാർഷികത്തോടനുബന്ധിച്ച് 65 ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കാനൊരുങ്ങി വൈദ്യുതി ബോർഡ്

keralanews electricity board prepares to launch 65 electric cars on the occasion of ksebs 65th anniversary

തിരുവനന്തപുരം: കെഎസ്ഇബി രൂപീകരണത്തിന്റെ 65-ാം വാർഷികത്തോടനുബന്ധിച്ച് 65 ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കാനൊരുങ്ങി വൈദ്യുതി ബോർഡ്. ഹരിത ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ പുറത്തിറക്കുന്നത്. കെഎസ്ഇബിയുടെ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ ഡീസൽ കാറുകൾക്ക് പകരമായിരിക്കും പുതിയ ഇലക്ട്രിക് വാഹനങ്ങൾ.തിങ്കളാഴ്ച രാവിലെ കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രിമാരായ കൃഷ്ണൻകുട്ടിയും, ആന്റണി രാജുവും പങ്കെടുത്തു. ഭാവിയിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനാണ് കെഎസ്ഇബി പദ്ധതിയിടുന്നത്. വരും വർഷങ്ങളിൽ സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ഇബി ചെയർമാൻ ബി.അശോക് പറഞ്ഞു.വൈവിധ്യമാർന്ന പരിപാടികളാണ് കെഎസ്ഇബി@65 ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 7 മുതൽ 31 വരെ ഒരുക്കിയിരിക്കുന്നത്. അതേസമയം, 62 കാർ ചാർജിങ് സ്റ്റേഷനുകളുടെയും 1,150 ഇരുചക്രവാഹന ചാർജിങ് സ്റ്റേഷനുകളുടെയും നിർമ്മാണം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.

ഐഎസ്എൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം;കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ നേരിടും

keralanews i s l semi finals starts from today kerala blasters jamshedpur match today

ഗോവ: ഐഎസ്എൽ എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗോവയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ഗോവയിലെ ഫട്ടോർഡ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.അതേസമയം, ഇന്ന് നടക്കുന്ന സെമി ഫൈനൽ ആഘോഷമാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടുമ്പോൾ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് പുറത്ത് ഒരു ഫാൻ പാർക്ക് ഒരുക്കിയിരിക്കുകയാണ് ഇവർ.കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു പുറത്ത് വൈകിട്ട് 5.30 മുതൽ ഫാൻപാർക്ക് തുറക്കും. ആരാധകരെ മുഴുവൻ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാൻ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അവസാനമായി നടന്ന രണ്ട് ഐഎസ്എൽ സീസണുകളിലും രണ്ടു വർഷമായി കലൂരിൽ ഒത്തുകൂടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണ്ണാവസരമാകും ഇത്.

സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളും ഡൽഹിയിലെത്തി; ഓപ്പറേഷൻ ഗംഗ പൂർത്തിയായി

keralanews students from sumi also arrived in delhi operation ganga completed

ന്യൂഡൽഹി: യുക്രെയ്‌നിലെ സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ സംഘം പോളണ്ടിൽ നിന്നും ഡൽഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർത്ഥികളെ രാജ്യത്തേയ്‌ക്ക് കൊണ്ടുവന്നത്. ഇതിൽ ആദ്യത്തെ വിമാനം ഇന്ന് പുലർച്ചെ 5.45നും രണ്ടാമത്തേത് രാവിലെ 8.40നുമാണ് എത്തിയത്. മൂന്നാമത്തെ വിമാനം 1.15നും ഡൽഹിയിലെത്തി. ഇരുന്നൂറോളം മലയാളി വിദ്യാർത്ഥികൾ സംഘത്തിലുണ്ട്.സുമിയിൽ നിന്നും ഒഴിപ്പിച്ച 694 പേരെ ബുധനാഴ്ച 12 ബസുകളിലായി പോൾട്ടാവയിലെത്തിച്ച് ട്രെയിൻ മാർഗം ലീവിവിലേക്കും ശേഷം പോളണ്ടിലേക്കും കൊണ്ടുവരികയായിരുന്നു. ഇന്ത്യൻക്കാർക്കൊപ്പം നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ടുണീഷ്യ പൗരന്മാരേയും സർക്കാർ പോളണ്ടിലെത്തിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പൂർത്തിയായെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.സുമിയിലെ അവസ്ഥ വളരെ സങ്കീർണ്ണമായിരുന്നുവെന്നും ആദ്യത്തെ രണ്ട് ദിവസം ഒരുപാട് ഭയന്നുവെന്നും അവിടെ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 1175 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;1612 പേർക്ക് രോഗമുക്തി

keralanews 1175 corona cases confirmed in the state today 1612 cured

തിരുവനന്തപുരം: കേരളത്തിൽ 1175 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂർ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂർ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസർകോട് 28 എന്നിങ്ങെനയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 64 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,762 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1115 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1612 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 223, കൊല്ലം 108, പത്തനംതിട്ട 100, ആലപ്പുഴ 99, കോട്ടയം 189, ഇടുക്കി 159, എറണാകുളം 111, തൃശൂർ 83, പാലക്കാട് 132, മലപ്പുറം 69, കോഴിക്കോട് 150, വയനാട് 86, കണ്ണൂർ 90, കാസർഗോഡ് 13 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 10,511 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ നടുറോഡിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു

keralanews retired ksrtc employee commits suicide by setting fire

കൊച്ചി: മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെഎസ്ആർടിസി ജീവനക്കാരൻ നടുറോഡിൽ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ കെഎസ്ആർടിസി ഓഫീസിന് സമീപം താമസിക്കുന്ന ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ.എൻ അജയകുമാറാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ഫയർഫോഴ്‌സും, പോലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി.

സംസ്ഥാന ബജറ്റ് ഐടി മേഖലയ്‌ക്ക് കൂടുതൽ ശ്രദ്ധ; കണ്ണൂരിൽ ഐടി പാർക്ക് സ്ഥാപിക്കും

keralanews state budget focuses on it sector an i t park will be set up in kannur

തിരുവനന്തപുരം:ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ ഐടി മേഖലയ്‌ക്ക് കൂടുതൽ ശ്രദ്ധ നൽകാൻ തീരുമാനം.കണ്ണൂരിൽ ഐടി പാർക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.ഇതിന് പുറമേ സംസ്ഥാനത്ത് നാല് ഐടി ഇടനാഴികൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.മഹാമാരിക്കാലത്ത് വലിയ അഭിവൃദ്ധിയുണ്ടായ മേഖലയാണ് ഐടി. ഇവിടെ തൊഴിലവസരങ്ങളുടെ അത്ഭുതകരമായ വളർച്ചയാണ് ഉണ്ടായത്. ഇത് പരിഗണിച്ച് നിലവിൽ ആറ് വരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികൾ സംസ്ഥാനത്ത് സർക്കാർ സ്ഥാപിക്കും. ഈ നാല് ഇടനാഴികളും സംസ്ഥാനങ്ങളിലെ പ്രധാന ഐടി കേന്ദ്രങ്ങളിൽ നിന്നും ഉത്ഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ വിമാനത്താവളം വികസിച്ചതോടെ ഐടി വ്യവസായത്തിൽ കൂടുതൽ സാദ്ധ്യതകൾ ഉണ്ടാകും. ഈ സാഹചര്യത്തിൽ കണ്ണൂരിൽ പുതിയ ഐടി പാർക്ക് നിർമ്മിക്കും. ഇടനാഴി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലത്ത് അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ ഐടി സൗകര്യം ഒരുക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഐടി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി വർദ്ധിപ്പിക്കും. ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ വികസിപ്പിക്കും. ഇതിനായി കിഫ്ബി വഴി 100 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്‌ട്ര വിമാനയാത്രകള്‍ക്കുള‌ള വിലക്ക് നീക്കി;സര്‍വീസുകള്‍ 27 മുതൽ പുനരാരംഭിക്കും

keralanews ban on international flights has been lifted and services will resume from the 27th

ന്യൂഡൽഹി:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ വിലക്കുകൾ പിൻവലിച്ച് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ പൂർണമായും പുനരാരംഭിക്കുന്നു. ഈ മാസം 27 ആം തീയതി മുതൽ വിമാന സർവ്വീസുകൾ വീണ്ടും ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 20 നാണ് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് വിദേശത്ത് കുടുങ്ങിക്കിടന്നവരെ രാജ്യത്ത് എത്തിക്കാൻ വന്ദേഭാരത് വിമാന സർവ്വീസ് കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. 2020 ജൂലൈ മുതലായിരുന്നു ഇത്. കൊറോണ വ്യാപനത്തിൽ അയവുവന്നതിനെ തുടർന്ന് ആഭ്യന്തര വിമാന സർവ്വീസുകൾ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്‌ട്ര വിമാന സർവ്വീസിനുള്ള നിയന്ത്രണം തുടരുകയായിരുന്നു. ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ചിട്ടുള്ള അന്താരാഷ്‌ട്ര കാർഗോ പ്രവർത്തനങ്ങളും, ഇന്ത്യയുമായി എയർ ബബിൾ കരാറിലേർപ്പെട്ട രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകളും മാത്രമാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്.രാജ്യത്ത് കൊറോണ വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ ഡിസംബർ 15 മുതൽ അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ആലോചിച്ചിരുന്നെങ്കിലും അപ്പോഴേക്കും ഒമിക്രോൺ വ്യാപനം രൂക്ഷമായി.തുടർന്ന് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് ജനുവരി 31 വരെ ദീർഘിപ്പിച്ചിരുന്നു.