തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നുമുതല്‍ 9വരെയുള്ള ക്ലാസുകളില്‍ ഏപ്രില്‍ പത്തിനുള്ളില്‍ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി.മാര്‍ച്ച് 31നുള്ളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കും. അദ്ധ്യാപകസംഘടനകളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.21ാം തീയതി മുതല്‍ പൂര്‍ണമായും ക്ലാസുകള്‍ ആരംഭിക്കും. ശനിയാഴ്ച ക്ലാസുകള്‍ അടുത്ത മൂന്ന് ആഴ്ച മാത്രമേ ഉണ്ടാകൂ. നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമ്പോൾ ഓണ്‍ലൈന്‍ ക്ലാസുകള്‍ അദ്ധ്യാപകര്‍ക്ക് ഭാരമാവുന്ന തരത്തില്‍ തുടരില്ല.അദ്ധ്യാപകരോട് കൂടിയാലോചിക്കാതെ മാര്‍ഗനിര്‍ദ്ദേശം ഇറക്കിയ പശ്ചാത്തലവും മന്ത്രി വിശദീകരിച്ചു. ഭിന്നശേഷിക്കാരടക്കം സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീര്‍ക്കല്‍, പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ നടത്തുന്നതിനാണ് നിലവിലെ ഊന്നല്‍. പത്ത്, പ്ലസു ക്ലാസുകളില്‍ ഈമാസം 28ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഇരിട്ടി പായത്ത് തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ക്കുത്തേറ്റ് ഒൻപത് പേര്‍ക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടി പായം ഏച്ചിലത്ത് തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ക്കുത്തേറ്റ് ഒൻപത് തൊഴിലാളികൾക്ക് പരിക്കേറ്റു.തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.തൊഴിലുറപ്പ് തൊഴിലാളികള്‍ കാടുവെട്ടിത്തെളിക്കുന്നതിനിടയിലാണ് കടന്നല്‍ക്കുത്തേറ്റത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെയും ഇരുചക്രവാഹന യാത്രക്കാരെയും കടന്നലുകള്‍ ആക്രമിച്ചു.ആദ്യം കടന്നല്‍ ആക്രമിച്ചത് കമലാക്ഷി എന്നവരെയാണ്. കുത്തേറ്റതിനെ തുടര്‍ന്ന് കമലാക്ഷി ഓടി സമീപത്തുള്ള തോട്ടില്‍ ചാടുകയായിരുന്നു. കമലാക്ഷിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പായം കോണ്ടമ്ബ്ര സ്വദേശികളായ ജയന്തി, രോഹിണി, ധന്യ, സരസ്വതി, വിജയന്‍, ബിന്ദു എന്നീ തൊഴിലാളികള്‍ക്കും കുത്തേറ്റത്.എരുമത്തടത്തെ ഗോഡൗണില്‍ കൂലിപ്പണിക്കാരനായ മനോജിനാണ് ഇവരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ കുത്തേറ്റത്. ഇതുവഴി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന ഏച്ചിലം സ്വദേശി കരുണാകരനും കടന്നല്‍ക്കുത്തേറ്റു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
ചേറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുത്ത് വനം വകുപ്പ്
പാലക്കാട്:മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുത്ത് വനം വകുപ്പ്. വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്.ഒപ്പം മല കയറിയ വിദ്യാര്‍ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മലയില്‍ കൂടുതല്‍ ആളുകള്‍ കയറാനെത്തുന്നതിന് പിന്നാലെയാണ് നടപടി.വനം-പരിസ്ഥിതി സ്‌നേഹികളുള്‍പ്പടെയുള്ളവര്‍ സംഭവത്തില്‍ കേസെടുക്കാത്ത വനം വകുപ്പ് നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. വനത്തില്‍ അതിക്രമിച്ച് കയറിയാല്‍ നിര്‍ബന്ധമായും കേസെടുക്കണമെന്ന രീതിയില്‍ അവര്‍ ദേശീയ തലത്തില്‍ ഒരു കൂട്ടായ്മയുണ്ടാക്കുകയും ചെയ്തു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വാളയാര്‍ റെയ്ഞ്ച് ഓഫീസര്‍ ബാബുവിനും കൂടെ വനത്തിലേക്ക് പോയ വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.നേരത്തെ ബാബുവിനെതിരെ നടപടി എടുക്കില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്തായിരുന്നു അന്ന് നടപടി എടുക്കാതിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരാള്‍ വീണ്ടും കുര്‍മ്പാച്ചി മലയിലേക്ക് കയറിയിരുന്നു.ഇതിന് പിന്നാലെയാണ് ബാബുവിനെതിരെ കേസെടുക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. നേരത്തെ ബാബുവിന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ഒരു നിലപാടും വനം വകുപ്പ് സ്വീകരിക്കില്ലെന്നും സംഭവം നടന്നതിന്റെ കാരണം വനം വകുപ്പ് പരിശോധിക്കുമെന്നാണ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചത്. കൂടാതെ ആര്‍ ബാബുവിന് നല്‍കിയ പ്രത്യേക അനുകൂല്യം നിയമലംഘനത്തിനുള്ള ലൈസന്‍സ് ആയി കണക്കാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ രാധാകൃഷ്ണന്‍ എന്നയാളാണ് മല കയറിയത്. വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഇയാളെ വനംവകുപ്പ് കണ്ടെത്തിയത്. രാധാകൃഷ്ണനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി താഴെ എത്തിച്ചു. ഇയാളെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി എട്ടുമണിയോടെ മലമുകളില്‍ നിന്നും മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകള്‍ തുടര്‍ച്ചയായി മിന്നുന്നത് കണ്ട നാട്ടുകാരാണ് സംഭവം വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.റിസര്‍വ് വനത്തിനുള്ളില്‍ അതിക്രമിച്ചു കടക്കുകയോ നിരോധിക്കപ്പെട്ട പ്രവൃത്തി ചെയ്താലോ കുറഞ്ഞത് ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവും, 1000 മുതല്‍ 5000 രൂപ വരെ പിഴയുമാണ് ശിക്ഷ. വനത്തിനുള്ളില്‍ ഇല പറിച്ചാലും, ചെടി നട്ടാലും, വേരോടെ പിഴുതെടുത്താലും കൃഷി ചെയ്താലും കുടുങ്ങും. വനത്തിന് നാശം ഉണ്ടാക്കിയാല്‍ നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിനു പുറമേയാണ് തടവും പിഴയും ചുമത്തുക.
കോഴിക്കോട് 20 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി; അറസ്റ്റിലായത് വീട്ടമ്മയെ വളർത്തു നായ്‌ക്കൾ ആക്രമിച്ച കേസിലെ പ്രതി
കോഴിക്കോട്: മാങ്കാവിൽ വൻ ലഹരി മരുന്ന് വേട്ട. 20 ലക്ഷം രൂപയുടെ ലഹരി മരുന്നുകളുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. താമരശേരി അമ്പായത്തോട് സ്വദേശി റോഷനാണ് പിടിയിലായത്. ഇയാളെ എക്‌സൈസ് ചോദ്യം ചെയ്ത് വരികയാണ്. ലഹരിമരുന്നുകളായ എംഡിഎംഎയും എൽഎസ്ഡിയുമാണ് റോഷനിൽ നിന്നും എക്‌സൈസ് സംഘം പിടികൂടിയത്. താമരശേരിയിൽ വീട്ടമ്മയെ വളർത്തു നായകൾ ആക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ റോഷൻ.രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെ വെഴുപ്പൂർ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകൻ ആയ റോഷന്റെ വളർത്തു നായ ഫൗസിയ എന്ന വീട്ടമ്മയെ കടിക്കുകയായിരുന്നു. എസ്റ്റേറ്റ് വഴി ജോലിക്കു പോകുകയായിരുന്ന ഫൗസിയയെ റോട്ട് വീലർ ഇനത്തിൽപ്പെട്ട മൂന്ന് വളർത്തുനായ്‌ക്കൾ ചേർന്നാണ് കടിച്ച് പരിക്കേൽപ്പിച്ചത്. നാട്ടുകാർ എത്തിയാണ് വീട്ടമ്മയെ രക്ഷിച്ചത്.ഈ നായ്‌ക്കൾ ഇതിന് മുൻപും പ്രദേശവാസികളെ ഉപദ്രവിച്ചിട്ടുണ്ട്. അക്രമകാരികളായ നായ്‌ക്കളെ അലസമായാണ് റോഷൻ കൈകാര്യം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉയർന്നിരുന്നു.
കോഴക്കേസ്; കെ എം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇന്നും ചോദ്യം ചെയ്യും
കോഴിക്കോട്: പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇന്നും ചോദ്യം ചെയ്യും.ഇന്നലെ ഹാജരാക്കിയെ രേഖകളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ തേടും. 11 മണിക്കൂറായിരുന്നു ഷാജിയെ ഇന്നലെ ചോദ്യം ചെയ്തത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ഷാജിയെ വിളിപ്പിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. 2014ൽ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് ഷാജിക്കെതിരെ പരാതി നൽകിയത്. കെ.എം ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ തുക എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് ഷാജിയോട് ഇഡി നേരത്തേ വിശദീകരണം തേടിയിരുന്നു. ഇതിന് മുൻപ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസും ഷാജിയെ ചോദ്യം ചെയ്തിരുന്നു.അന്വേഷണവുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.കണ്ണൂരിലെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപയായിരുന്നു കണ്ടെത്തിയത്. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും വിജിലന്‍സിന് ലഭിച്ചു.
സ്‌കൂള്‍ അധ്യായനം; അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: സ്‌കൂള്‍ അധ്യയനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യാപക സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും.പ്രവര്‍ത്തന സമയം, ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കല്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും. പരീക്ഷാ നടത്തിപ്പും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്യും.എന്നാല്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച നിശ്ചയിച്ച ശേഷം സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതില്‍ സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തീരുമാനമെടുത്ത ശേഷം അധ്യാപക സംഘടനകളുടെ യോഗം വിളിക്കുന്നത് ശരിയായില്ലെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. കെഎസ്ടിഎ ഒഴികെയുള്ള അധ്യാപക സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്. വൈകീട്ട് വരെ ക്ലാസ് നീട്ടുമ്പോൾ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്നത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് സംഘടന കെപിഎസ്ടിഎ ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐ സംഘട എകെഎസ്ടിയുവിന്റെ പ്രതികരണം.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു;12 പേർക്ക് പരിക്ക്
കോഴിക്കോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.രണ്ട് അയ്യപ്പൻമാരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്.കോഴിക്കോട് പുറക്കാട്ടിരിയിലാണ് അപകടം നടന്നത്.കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പട്ടത്. ഇവർ സഞ്ചരിച്ച ട്രാവലർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെയാണ് അപകടം.കർണാടക ആസൻ സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരും ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് 8989 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;25 മരണം;24,757 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8989 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂർ 625, കണ്ണൂർ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസർഗോഡ് 170 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 92 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 61 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,377 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8281 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 603 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,757 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 4565, കൊല്ലം 1466, പത്തനംതിട്ട 585, ആലപ്പുഴ 1650, കോട്ടയം 2694, ഇടുക്കി 1436, എറണാകുളം 3056, തൃശൂർ 2604, പാലക്കാട് 1213, മലപ്പുറം 1586, കോഴിക്കോട് 1591, വയനാട് 807, കണ്ണൂർ 1031, കാസർഗോഡ് 473 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,44,384 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ഗൂഢാലോചന കേസ് അടിസ്ഥാനരഹിതം; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. അഭിഭാഷകൻ ബി രാമൻപിള്ള മുഖേനയാണ് ഹർജി ഫയൽ ചെയ്തത്. തനിക്കെതിരായ എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ദിലീപ് കോടതിയിൽ അറിയിച്ചു. ദിലീപിന്റെ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.അന്വേഷണ സംഘത്തിന് തന്നോട് എന്തോ വ്യക്തി വൈരാഗ്യമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് തന്നെ വേട്ടയാടുന്നതെന്നുമാണ് ഇപ്പോൾ നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നത്.നടിയെ ആക്രമിച്ച കേസ് നീട്ടിക്കൊണ്ടുപോകുന്നതിനായി ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കമാണിത്. ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന നടത്തിയതിന് ഒരു തെളിവുമില്ല. ഈ സാഹചര്യത്തില്‍ എഫ്‌ഐആര്‍ നിലനില്‍ക്കില്ല. അതുകൊണ്ട് കൊണ്ടുതന്നെ എഫ്‌ഐആര്‍ റദ്ദാക്കണം. എഫ്‌ഐആർ റദ്ദാക്കിയില്ലെങ്കിൽ കേസ് സിബിഐയ്‌ക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടു. കേസ് ക്രൈബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥർ മനഃപൂർവ്വം തന്നെ വേട്ടയാടുകയാണെന്നും ഇതേ കേസിൽ മുൻകൂർ വാദം കേൾക്കുന്നതിനിടെ ദിലീപ് വാദിച്ചിരുന്നു.ഡിജിപി ബി.സന്ധ്യ, എഡിജിപി എസ്.ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നതെന്നും ദിലീപ് ഹർജിയിൽ പറയുന്നു. വധഗൂഢാലോചക്കേസിൽ നേരത്തെ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.
കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ബോംബ് എറിഞ്ഞയാൾ അറസ്റ്റിൽ
കണ്ണൂർ: തോട്ടടയിൽ വിവാഹപാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. അക്ഷയ് എറിഞ്ഞ ബോംബ് അബദ്ധത്തിൽ മറ്റൊരാളുടെ കയ്യിൽ തട്ടി ജിഷ്ണുവിന്റെ തലയിൽതട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് ഉൾപ്പെടെ നാല് പേരെ നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. റിജിൽ, ജിജിൽ, സനീഷ് എന്നിവരാണ് കസ്റ്റഡിയിൽ എടുത്ത മറ്റുള്ളവർ. ഇവരെല്ലാം കൊല്ലപ്പെട്ട ജിഷ്ണുവിന്റെ അടുത്ത സുഹൃത്തുക്കളാണ്. ബോംബ് കൈകാര്യം ചെയ്ത ഏച്ചൂർ സ്വദേശി മിഥുൻ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.ഏറു പടക്കത്തിൽ സ്‌ഫോടക വസ്തു നിറച്ചായിരുന്നു ബോംബ് ഉണ്ടാക്കിയത്. ബോംബ് എറിഞ്ഞ സംഘത്തിൽ 18 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ 14 പേർക്ക് കയ്യിൽ ബോംബുള്ള വിവരം അറിയില്ലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.