തിരുവനന്തപുരം:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനം പിൻവലിച്ചു.കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.ഉദ്യോഗസ്ഥരുടെ വർക്ക് ഫ്രം ഹോം സൗകര്യം റദ്ദാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി.സർക്കാർ ജീവനക്കാർക്ക് പുറമെ സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ദുരന്ത നിവാരണ വകുപ്പ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അനുവദിച്ച ജോലി ഇളവാണ് റദ്ദാക്കിയിരിക്കുന്നത്. ഭിന്നശേഷി വിഭാഗങ്ങൾ മുലയൂട്ടുന്ന അമ്മമാർ, രോഗബാധിതർ എന്നീ വിഭാഗങ്ങൾക്കായിരുന്നു കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത്.
കണ്ണൂര്‍ തലശേരിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് ബോംബുകള്‍ കണ്ടെടുത്തു
കണ്ണൂര്‍: തലശേരിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് ബോംബുകള്‍ കണ്ടെടുത്തു. എരഞ്ഞോളി മലാൽ മടപ്പുരക്ക് സമീപത്തു നിന്നായിരുന്നു ബോംബുകൾ കണ്ടെടുത്തത്. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തി ബോംബുകൾ നിര്‍വീര്യമാക്കി. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമായിരുന്നു കണ്ടെത്തിയത്. അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണ് ഇവയെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം തോട്ടടയിൽ വിവാഹ സംഘത്തിന് നേരെ ബോംബ് ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് തലശ്ശേരിയിൽ നിന്നും ബോംബുകൾ പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം;ബോംബ് നിർമിച്ചത് താനാണെന്ന് അറസ്റ്റിലായ മിഥുന്റെ മൊഴി
കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക മൊഴി.ബോംബ് നിർമിച്ചത് താനാണെന്ന് അറസ്റ്റിലായ മിഥുൻ മൊഴി നൽകി.ചോദ്യം ചെയ്യലിലാണ് മിഥുൻ ഇക്കാര്യം സമ്മതിച്ചത്. മറ്റ് പ്രതികളായ അക്ഷയും ഗോകുലും ബോംബ് നിർമിക്കാൻ സഹായിച്ചെന്നും മിഥുൻ മൊഴി നൽകി. എടക്കാട് പോലീസ് സ്‌റ്റേഷനിൽ ഇന്നലെയാണ് മിഥുൻ കീഴടങ്ങിയത്. ബോംബാക്രമണത്തിൽ ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ടതിന് ശേഷം മിഥുൻ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മുന്നിൽ മിഥുൻ കീഴടങ്ങിയത്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്ത് കൂടിയാണ് മിഥുൻ.പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ മിഥുനേയും ഗോകുലിനേയും ഇന്ന് തലശേരി കോടതിയില്‍ ഹാജരാക്കും. അക്ഷയ് യെ ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
മാദ്ധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മാദ്ധ്യമ വാർത്തകൾ നിർത്തിവെക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. മാദ്ധ്യമ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ ജനവികാരം തനിക്കെതിരാക്കാനുളള ശ്രമമാണ് നടക്കുന്നത് എന്ന് ദിലീപ് പറഞ്ഞു.മാദ്ധ്യമ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ ജനവികാരം തനിക്കെതിരാക്കാൻ ശ്രമമുണ്ടാകുന്നുണ്ടെന്നാണ് ദിലീപിന്റെ വാദം. കേസ് അന്വേഷണം അട്ടിമറിക്കാനാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും ശ്രമം. വിചാരണ കോടതിയിലെ നടപടികൾ പൂർത്തിയാകുന്നത് വരെ കേസുമായി ബന്ധപ്പെട്ട മാദ്ധ്യമ വാർത്തകൾ നിർത്തിവെക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. എന്നാൽ ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹർജി സമർപ്പിച്ചത്.
പ്രശസ്ത ബോളിവുഡ് ഗായകൻ ബപ്പി ലഹിരി അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹിരി അന്തരിച്ചു.69 വയസായിരുന്നു.ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജുഹുവിലെ ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ദീപക് നംജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഇതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.1970-80 കാലഘട്ടത്തിൽ, കിടിലൻ പാട്ടുകളുമായി ബോളിവുഡിനെ നൃത്തം ചെയ്യിച്ച ഗായകനാണ് ബപ്പി ലഹിരി. സ്വർണാഭരണങ്ങളോടുള്ള ഭ്രമം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ചൽത്തേ ചൽത്തേ ,ഡിസ്കോ ഡാൻസർ, ബംബൈ സേ ആയാ മേരാ ദോസ്ത്’ തുടങ്ങിയ ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയതിൽ വലിയ പങ്കുവഹിച്ചയാളായിരുന്നു ബപ്പി ലഹ്‌രി. 2020-ൽ പുറത്തിറങ്ങിയ ബാഗി 3 എന്ന സിനിമയിലെ ഭങ്കാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോളിവുഡ് ഗാനം.
വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സംഘർഷങ്ങൾ സ്ഥിരം സംഭവമാകുന്നു;തടയാൻ പോലീസ് ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സംഘർഷങ്ങൾ സ്ഥിരം സംഭവമാകുന്ന സാഹചര്യത്തിൽ ഇത് തടയാൻ പോലീസ് ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതിനായുള്ള പ്രവർത്തന പദ്ധതിക്ക് അടിയന്തിരമായി രൂപം നൽകാൻ സംസ്ഥാന പോലീസ് മേധാവി നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കണ്ണൂർ മോഡൽ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.നടപടികള്‍ സ്വീകരിച്ച ശേഷം സംസ്ഥാന പൊലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണ മെന്നു കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ തോട്ടടയില്‍ വിവാഹവീടിനു സമീപം ബോംബ് പൊട്ടി ഏച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി.വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന സംഘർഷങ്ങൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു.സാമുദായിക സൗഹാർദ്ദം തകർത്ത്, സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തിലേക്ക് ഇത്തരം പ്രവണതകൾ വളരുന്ന പശ്ചാത്തലത്തിൽ അതിശക്തമായ നടപടികൾ അനിവാര്യമായി മാറിയിരിക്കുകയാണെന്ന് കെ ബൈജു നാഥ് ഉത്തരവിൽ പറഞ്ഞു.
കണ്ണൂർ തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം;മുഖ്യപ്രതി മിഥുൻ കീഴടങ്ങി
കണ്ണൂർ: തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷിച്ചിരുന്ന മുഖ്യപ്രതി മിഥുൻ കീഴടങ്ങി.എടയ്ക്കാട് സ്റ്റേഷനിലാണ് മിഥുന്‍ ഹാജരായത്. മിഥുനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ബോംബേറില്‍ മിഥുന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.പ്രതികള്‍ സഞ്ചരിച്ച വെള്ള ട്രാവലര്‍ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊലപാതകം നടന്ന ദിവസം പ്രതികള്‍ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്‍റെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്. കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി അക്ഷയ് യെ ഇന്ന് തലശ്ശേരി കോടതിയില്‍ റിമാന്‍ഡ് ചെയ്യും.ബോംബുമായി എത്തിയ സംഘത്തില്‍ പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പൊലീസ് പറയുന്നു. കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്‍റെ തലയില്‍ത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കല്യാണത്തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാന്‍ ഏച്ചൂര്‍ സംഘം ബോംബുമായി എത്തുകയായിരുന്നു.ഏച്ചൂര്‍ സ്വദേശിയായ ഷമില്‍ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.
നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍
പാലക്കാട്: നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പിടിയില്‍. പാലക്കാട്-ആലത്തൂര്‍ ദേശീയപാതയില്‍ ഇന്നലെ രാത്രി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാരുടെ പക്കല്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഒന്‍പതു പേരാണ് പരിശോധനയില്‍ കുടുങ്ങിയത്.ഡ്രൈവര്‍മാര്‍ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച പാന്‍മാസാല, പുകയില തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഇതിനിടെ ലൈസെന്‍സില്ലാതെ ജോലി ചെയ്ത കണ്ടക്ടറെയും പിടികൂടി. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ജോലി സമയത്ത് ലഹരിക്കായി ഉപയോഗിക്കുന്നതായും വിവരമുണ്ട്. പലപ്പോഴും ഇത്തരം ലഹരി ഉപയോഗം വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും പരാതിയുണ്ട്. കുഴല്‍മന്ദത്ത് രണ്ടു യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മോട്ടര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി 9.30 ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു.
മാതമംഗലത്തിന് പിന്നാലെ മാടായിയിലും കടയ്ക്കു മുന്നിൽ സിഐടിയു സമരം;സമരം തുടർന്നാൽ കട പൂട്ടേണ്ടി വരുമെന്ന് ഉടമ
കണ്ണൂർ: മാതമംഗലത്തിന് പിന്നാലെ മാടായിയിലും കടയ്ക്കു മുന്നിൽ സിഐടിയു സമരം. ശ്രീ പോർക്കലി എന്ന സ്റ്റീൽ കടയ്ക്ക് മുന്നിലാണ് സിഐടിയു കൊടി കുത്തി സമരം നടത്തുന്നത്. സമരം നടക്കുന്നതിനാൽ മൂന്നാഴ്ചയായി കച്ചവടം തടസ്സപ്പെടുകയാണെന്ന് കട ഉടമ ടി.വി മോഹൻ ലാൽ പറയുന്നു.സ്ഥാപനത്തിലെ ജോലിക്കാരെ ചുമടിറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സിഐടിയു കടയ്ക്ക് മുന്നിൽ കൊടികുത്തി സമരം തുടങ്ങിയത്. 60 ലക്ഷം രൂപയുടെ സാധനങ്ങളാണ് വിറ്റു പോകാതെ കടയിൽ കെട്ടിക്കിടക്കുന്നതെന്ന് ഉടമ പറഞ്ഞു. സമരം തുടർന്നാൽ കട തനിക്ക് പൂട്ടേണ്ടി വരുമെന്നും ടി.വി മോഹൻ ലാൽ മാധ്യമങ്ങളോട് പറഞ്ഞു. മാതമംഗലത്ത് സിഐടിയു സമരം ഹാർഡ്‍വെയർ സ്ഥാപനം പൂട്ടിയിരുന്നു. സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെ വഴിയിലിട്ട് തല്ലുമെന്ന് സിഐടിയു ഭീഷണിയും മുഴക്കിയിരുന്നു. കടയിൽ വരുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും, സംരംഭം തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും കട ഉടമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തട്ടുകടയിൽ നിന്നും അബദ്ധത്തിൽ ആസിഡ് കുടിച്ചു;വിദ്യാർത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു
കോഴിക്കോട്:വെള്ളമാണെന്ന് കരുതി തട്ടുകടയിൽ നിന്നും അബദ്ധത്തിൽ ആസിഡ് കുടിച്ച വിദ്യാർത്ഥി ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ .കാസർകോട്ടെ മദ്രസ്സയിൽ നിന്നും വിനോദയാത്രയ്‌ക്കായി കോഴിക്കോട് ബീച്ചിൽ എത്തിയ സംഘത്തിൽ പെട്ട പതിനാലുകാരൻ തൃക്കരിപ്പൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്.വിദ്യാർത്ഥിയും ഒപ്പമുണ്ടായിരുന്നവരും ബീച്ചിൽ ഉന്തുവണ്ടിയിൽ വിൽപ്പനയ്‌ക്ക് വെച്ച ഉപ്പിലിട്ടത് വാങ്ങി കഴിച്ചിരുന്നു. ഉപ്പിലിട്ടതിന്റെ എരിവ് മൂലം മുഹമ്മദ് ഉന്തു വണ്ടിയിൽ തന്നെ വച്ചിരുന്ന കുപ്പിയിൽ നിന്നും വെള്ളമാണെന്ന് തെറ്റിദ്ധരിച്ചു ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ആസിഡ് കുടിച്ചതോടെ അവശതയിലായ മുഹമ്മദിന് ശ്വാസമെടുക്കാൻ തടസ്സം അനുഭവപ്പെടുകയും,ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു മേലേക്ക് ശർദിക്കുകയും ചെയ്തു.ശർദിൽ ദേഹത്ത് വീണ് സുഹൃത്തിനും ഗുരുതര പൊള്ളലേറ്റു.ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയുടെ തൊണ്ടയും,അന്ന നാളവും ഗുരുതരമായി പൊള്ളിയിട്ടുണ്ട് .ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.മെഡിക്കൽ കോളേജിലെ ചികിത്സയ്‌ക്ക് ശേഷം നിലവിൽ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർത്ഥി .ഇന്നലെ മുഹമ്മദ് സംസാരിച്ചു തുടങ്ങിയതോടെയാണ് നടന്ന സംഭവം വീട്ടുകാർ അറിയുന്നത്. ഉപ്പിലിടുന്നത് പെട്ടെന്ന് പകമാകാൻ ബാറ്ററി വെള്ളം,ആസിഡ് തുടങ്ങി ആരോഗ്യത്തിനു അതീവ ഹാനികരങ്ങളായ വസ്തുക്കൾ കച്ചവടക്കാർ ഉപയോഗിക്കുന്നതായി പരാതികൾ ഉണ്ട്.ഇത്തരത്തിൽ ഉന്തു വണ്ടിയിൽ സൂക്ഷിച്ച ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചതെന്നാണ് സൂചന.