കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ തട്ടുകടകളിൽ ഉപ്പിലിട്ട വസ്തുക്കളുടെ വിൽപ്പന നിരോധിച്ചു

keralanews sale of salted goods banned in shops within the limits of kozhikode corporation

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ തട്ടുകടകളിൽ ഉപ്പിലിട്ട പഴം, പച്ചക്കറി വിൽപ്പന നിരോധിച്ചു. തട്ടുകടയിൽ നിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നടപടി. 53 കച്ചവട സ്ഥാപനങ്ങളിലാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തിയത്.ശുചിത്വ മാനദണ്ഡങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ അധികൃതർ താത്കാലികമായി അടപ്പിച്ചിരുന്നു. നഗരസഭയുടെ ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് ഇവർ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. 17ഓളം കടകളിൽ നിന്ന് 35 ലിറ്റർ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് പിടിച്ചെടുത്തിട്ടുണ്ട്.ഉപ്പിലിട്ട വസ്തുക്കളിൽ പെട്ടന്ന് സത്തു പിടിക്കാൻ ബാറ്ററി വാട്ടറും ഏറെ നാൾ കേടാകാതെ ഇരിക്കാൻ അസറ്റിക് ആസിഡും ഉപയോഗിക്കുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. വളരെ പെട്ടന്ന് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

കെഎസ്ഇബി സമരം;യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും

keralanews kseb strike minister k krishnankutty will hold discussions with the unions today

തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരം തീർക്കാൻ യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും. ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് മന്ത്രിയ്‌ക്ക് നിർദ്ദേശം നൽകിയത്.ബോർഡിലെ അംഗീകൃത ട്രേഡ് യൂണിയനുകൾക്ക് കൂടി സ്വീകാര്യമായ ധാരണ രൂപപ്പെടുത്തണമെന്നാണ് മന്ത്രിയ്‌ക്ക് നൽകിയ നിർദ്ദേശം. യൂണിയനുകളുമായുള്ള പ്രശ്‌നം തീർപ്പാക്കാൻ ഫോർമുല ആയെന്നായിരുന്നു ഇന്നലെ നടന്ന ചർക്ക് ശേഷം മന്ത്രി പ്രതികരിച്ചത്. ഇതോടെ യൂണിയനുകൾ സമരം അവസാനിപ്പിച്ചേക്കും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.നീതിക്കൊപ്പം നിൽക്കാനാണു ശ്രമം. ചെയർമാൻ തെറ്റ് ചെയ്തതായി അറിയില്ല. ജീവനക്കാർക്ക് ചില ആശങ്കകൾ ഉണ്ടെന്നും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ഇന്നലെ നടന്ന യോഗത്തിൽ എ.വിജയരാഘവൻ അറിയിച്ചിരുന്നു.

സുൽത്താൻ ബത്തേരിയിൽ ക​ടു​വക്കു​ഞ്ഞ് ജ​ന​വാ​സ മേ​ഖ​ല​യിലെ പൊ​ട്ട​ക്കി​ണറ്റിൽ വീണു

keralanews tiger fell into well in populated area in sulthan batheri

വയനാട്: സുൽത്താൻ ബത്തേരിയിൽ കടുവക്കുഞ്ഞ് ജനവാസ മേഖലയിലെ പൊട്ടക്കിണറ്റിൽ വീണു.മന്ദംകൊല്ലിയിലെ പൊട്ടക്കിണറ്റിലാണ് കടുവക്കുഞ്ഞിനെ കണ്ടെത്തിയത്.പ്രദേശവാസിയാണ് സംഭവം ആദ്യം കണ്ടത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വച്ചു പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. മയക്കുവെടി സംഘവും സംഭവ സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള കടുവയാണ് കിണറ്റിലുള്ളതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. നിലവിൽ കടുവയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ല.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസ് കോടതി ഇന്ന് പരിഗണിക്കും; സി രാജേന്ദ്രന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

keralanews court to hear case of murder of tribal youth in attappady today c rajendran special public prosecutor

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസ് മണ്ണാര്‍ക്കാട് എസ് സി-എസ് ടി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.കേസില്‍ സര്‍ക്കാര്‍ പുതിയതായി നിയോഗിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. രാജേന്ദ്രന്‍ കോടതിയില്‍ ഹാജരാകും.മധു കൊല്ലപ്പെട്ടിട്ട് നാലു വര്‍ഷമായിട്ടും വിചാരണ നടപടികള്‍ വൈകുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പുറമെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വിടി രഘുനാഥ് ഒഴിയാന്‍ ശ്രമിച്ച്‌ കേസില്‍ ഹാജരാകാതെ വന്നതും വിവാദമായി.തുടര്‍ന്നാണ് മധുവിന്റെ കുടുംബത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതി അഭിഭാഷകനായ സി രാജേന്ദ്രനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പാലക്കാട്ടെ അഭിഭാഷകന്‍ രാജേഷ് എം മേനോനാണ് അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.ഇരുവരും ഇന്ന് കോടതിയില്‍ ഹാജരാകും. കേസില്‍ 16 പ്രതികളാണുള്ളത്. മധു കേസ് മാര്‍ച്ച്‌ 26ന് പരിഗണിക്കുമെന്നായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് വിചാരണ നടപടികള്‍ നേരത്തെയാക്കുകയായിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. മുക്കാലി പൊട്ടിക്കല്‍ ഗുഹയില്‍ കഴിഞ്ഞിരുന്ന മധു 2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദനത്തിനും ഇരയായത്.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി; സഭ ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം

**EDS: TWITTER IMAGE POSTED BY @vijayanpinarayi ON TUESDAY, MAY 18, 2021** Kerala: Kerala CM Pinarayi Vijayan with Governor Arif Mohammed Khan. (PTI Photo)(PTI05_18_2021_000268B)

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനപ്രസംഗം തുടങ്ങി.പ്രതിപക്ഷം പ്രസംഗം ബഹിഷ്‌കരിച്ച്‌ പ്രകടനമായി പുറത്തേക്ക് പോയി. ഗവര്‍ണര്‍ സഭയിലെത്തിയതിന് പിന്നാലെ ‘ഗവര്‍ണര്‍ ഗോ ബാക്’ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.ഗവര്‍ണര്‍ പ്രസംഗം ആരംഭിക്കുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ സംസാരിക്കാനായി എഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. സഭാ സമ്മേളനത്തില്‍ നിങ്ങള്‍ക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തില്‍ പ്രതിഷേധിക്കുകയാണ്. ഗവര്‍ണറും സര്‍കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, അവസാനനിമിഷംവരെ സര്‍കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഗവര്‍ണര്‍ ഒടുവില്‍ നയപ്രഖ്യാപനപ്രസംഗം വായിക്കാമെന്ന് സമ്മതിച്ചത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായി ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ് കര്‍ത്തയെ നിയമിച്ചത് തൊട്ടുണ്ടായ വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചിരുന്നു.നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഉപാധി വെച്ച ഗവര്‍ണര്‍ക്ക് മുന്നില്‍ പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റി സര്‍ക്കാര്‍ അനുനയിപ്പിക്കുകയായിരുന്നു. മാര്‍ച്ച്‌ 11 നാണ് സംസ്ഥാനമ ബജറ്റ്. ഇതിന് മുന്നോടിയായാണ് നയപ്രഖ്യാപനം പ്രസംഗം. പതിനഞ്ചാം നിയമസഭയുടെ നാലാമത് സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. വാഗ്ദാനങ്ങൾ സർക്കാർ നടപ്പിലാക്കി. കൊറോണ പ്രതിസന്ധിയെ സംസ്ഥാനം വിജയകരമായി നേരിട്ടുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.സർക്കാരിന്റെ നൂറുദിന പരിപാടിയെയും ഗവർണർ പ്രശംസിച്ചു.  തമിഴ്‌നാടിന് വെള്ളം ഉറപ്പാക്കി മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നത് തന്നെയാണ് നിലപാടെന്നും ഗവർണർ പറഞ്ഞു.2020ലെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ പരാമര്‍ശത്തിനെതിരെ ഗവര്‍ണര്‍ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. 2021ല്‍ കാര്‍ഷിക നിയമത്തിനെതിരായ ഭേദഗതിയിലും ഗവര്‍ണര്‍ പ്രതിഷേധിച്ചിരുന്നു. രണ്ട് വിഷയങ്ങളും ദേശീയ താല്‍പര്യങ്ങള്‍ക്കെതിരാണ് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ഇത്തവണ അത്തരത്തില്‍ ഒരു വിഷയവും നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ല. പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അവകാശമില്ല എന്നതുകൊണ്ട് തന്നെ സര്‍ക്കാര്‍ അംഗീകരിച്ച്‌ നല്‍കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണമായും ഗവര്‍ണര്‍ വായിക്കും.

കൊട്ടിയൂർ പാലുകാച്ചി മല ട്രക്കിങ് മാർച്ചിൽ ആരംഭിക്കും

keralanews kottiyoor palukachi hill trekking will start in march

കേളകം : കൊട്ടിയൂർ പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് മാർച്ച് അവസാനത്തോടെ തുടങ്ങാൻ തീരുമാനം.ഡി.എഫ്.ഒ. പി. കാർത്തിക്, കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, കേളകം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡൻറ് സി.ടി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഇതിനു മുന്നോടിയായി പാലുകാച്ചിമല കേന്ദ്രീകരിച്ച് വനസംരക്ഷണസമിതി രൂപവത്കരിക്കും.തുടർന്ന് ട്രക്കിങ്ങിന്റെ ബെയ്സ് ക്യാമ്പായ സെയ്ൻറ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സ്ഥലം, ശൗചാലയസൗകര്യങ്ങളും ഒരുക്കും.സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗാർഡുകളെയും നിയമിക്കും. തുടർന്ന് മാർച്ച് അവസാനത്തോടെ ട്രക്കിങ് തുടങ്ങുമെന്ന് ഡി.എഫ്.ഒ. പറഞ്ഞു. മറ്റടിസ്ഥാനസൗകര്യങ്ങൾ ഘട്ടം ഘട്ടമായി സ്ഥാപിക്കും. ബെയ്സ് ക്യാമ്പിലേക്കായി മൂന്നുവഴികളാണുണ്ടാവുക.ഗ്രാമീണ ടൂറിസവും പ്ലാന്റേഷനും കോർത്തിണക്കി കേളകം-അടക്കാത്തോട്-ശാന്തിഗിരി വഴി എത്തുന്ന രീതിയിലാണ് ഒരു വഴി, ട്രക്കിങ് സാധ്യതയുള്ള സാഹസികപാതയായി ചുങ്കക്കുന്നുനിന്ന് പാലുകാച്ചി എത്തുന്ന വഴി, ഐതിഹ്യപാതയായി നീണ്ടുനോക്കിയിൽനിന്ന് പാലുകാച്ചി എത്തുന്ന രീതിയിലുമാണ് പാതകൾ ക്രമീകരിക്കുക. ഓരോ പ്രദേശങ്ങളിലെയും ഭൂപ്രകൃതിയും പ്രത്യേകതയും ഉൾപ്പെടുത്തിയുള്ള മ്യൂസിയവും ടൂറിസം അനുബന്ധ സൗകര്യങ്ങളും അതത് പഞ്ചായത്തുകൾ ഒരുക്കുന്നുണ്ട്.കേളകം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ കൊട്ടിയൂർ റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്, മണത്തണ സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ്, കേളകം പഞ്ചായത്ത് വൈസ്പ്രസിഡൻറ് തങ്കമ്മ മേലേക്കൂറ്റ്, പഞ്ചായത്തംഗംങ്ങളായ സജീവൻ പാലുമ്മി, ടോമി പുളിക്കക്കണ്ടം, ബിജു ചാക്കോ, കൊട്ടിയൂർ പഞ്ചായത്തംഗം ബാബു മാങ്കോട്ടിൽ,കേളകം പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്ത് ഇന്ന് 8655 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;18 മരണം;22,707 പേർക്ക് രോഗമുക്തി

keralanews 8655 corona cases confirmed in the state today 18 deaths 22707 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8655 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂർ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂർ 357, പാലക്കാട് 343, വയനാട് 332, കാസർകോട് 102 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 108 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 193 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,338 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7884 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 660 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,707 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 5811, കൊല്ലം 1540, പത്തനംതിട്ട 542, ആലപ്പുഴ 1360, കോട്ടയം 2680, ഇടുക്കി 743, എറണാകുളം 2783, തൃശൂർ 1832, പാലക്കാട് 821, മലപ്പുറം 1183, കോഴിക്കോട് 1420, വയനാട് 780, കണ്ണൂർ 950, കാസർകോട്് 262 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

കേരളത്തില്‍ നിന്നുള്ളവർക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമില്ല

keralanews rtpcr test not mandatory to enter karnataka from kerala

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവർക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.ഇതു സംബന്ധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി.കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.നേരത്തെ മഹാരാഷ്‌ട്രയിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം ഒഴിവാക്കിയിട്ടും കേരളത്തിൽ നിന്നുള്ളവർക്ക് ഒഴിവാക്കിയിരുന്നില്ല. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിൽ താഴെ എത്തിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കൂവെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.

കെ റെയില്‍ കല്ലിടലിനെതിരേ കണ്ണൂര്‍ താണയില്‍ പ്രതിഷേധം;സര്‍വേ കല്ല് പിഴുതുമാറ്റി

keralanews protest in kannur thana against k rail stone laying survey stone removed

കണ്ണൂർ: കെ റെയില്‍ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ താണയില്‍ പ്രതിഷേധം.കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രദേശവാസികളും കെ റെയില്‍ വിരുദ്ധ സമരസമിതിയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.പോലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.നെല്ലിയോട് ദീപക്കിന്‍റെ ഭൂമിയില്‍ സ്ഥാപിച്ച സര്‍വേ കല്ല് പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. ഇതോടെ പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഇതിനിടെ പ്രതിഷേധത്തില്‍ പങ്കെടുത്ത സി സുഷമ എന്ന സ്ത്രീയെ ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്ന ആരോപണവും ഉയര്‍ന്നു. ഉദ്യോഗസ്ഥ മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ വീണ്ടും സംഘടിച്ചു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.കെ റെയില്‍ പദ്ധതിക്കായി സര്‍വേയും കല്ലിടലും നടത്തുന്നതിനെതിരേ വിവിധ ജില്ലകളില്‍ പ്രദേശവാസികളും കെ റെയില്‍ വിരുദ്ധ സമരസമിതിയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഗൂഢാലോചന കേസ്;നടന്‍ ദിലീപ് അടക്കമുള്ള 3 പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും

keralanews conspiracy case crime branch again question 3 accused including dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള മൂന്ന് പ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും.ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുക. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യംചെയ്യല്‍ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം അനൂപിനും സുരാജിനും ലഭിച്ചു. ബുധനാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് അനൂപിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, അനൂപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിനെയും ദിലീപിനെയും അടുത്ത ദിവസം ചോദ്യം ചെയ്യലിന് വിളിച്ചേക്കും. ഇവരുടെ ഫോൺ പരിശോധനാഫലം നാളെ ലഭിക്കും. ഇതിന് ശേഷമായിരിക്കും ഹാജരാവാനുള്ള തീയതി നിശ്ചയിക്കുക. കേസിൽ ഈ പരിശോധനാഫലങ്ങൾ നിർണായകമാണെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.മാത്രമല്ല, പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും ചോദ്യംചെയ്യല്‍.