തലശേരി: തലശേരി നഗരത്തിലെ രണ്ടാം ഗേറ്റില്‍ പാചകവാതകം കയറ്റി കൊണ്ടുപോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്.മംഗ്‌ളൂരില്‍ നിന്നും പാചകവാതകം കയറ്റി ചോളാരിയിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വാതകചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.തലശേരി പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി’ ഇതുവഴിയുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.ചോളാരിയില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വിദഗ്ദ്ധരെത്തി ടാങ്കറില്‍ നിന്നും ഗ്യാസ് മറ്റൊന്നിലെക്ക് മാറ്റും. മംഗ്‌ളൂരില്‍ നിന്ന് ഖലാസികളെത്തിയാണ് ഗ്യാസ് ടാങ്കര്‍ മാറ്റുക.
കണ്ണൂർ നഗരത്തിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
കണ്ണൂർ: നഗരത്തിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ശ്രീകണ്ഠാപുരം കൂട്ടുമുഖം സ്വദേശി മനേഷ് മോഹൻ, തളിപ്പറമ്പ് ചുഴലി സ്വദേശി സി ജാഫർ എന്നിവരാണ് പിടിയിലായത്. തളാപ്പ് സ്‌കൂളിന് സമീപത്തുവെച്ചാണ് ഇവർ പോലീസിന്റെ വലയിലാകുന്നത്.ഒരു ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. എസ്‌ഐമാരായ ഇബ്രാഹിം, യോഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ നാസർ, രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.എംഡിഎംഎ കൈമാറുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്. ടൗണിൽ നിന്നും ലഹരിമരുന്ന് ശേഖരിച്ചു മറ്റു പ്രദേശങ്ങളിൽ വില്പന നടത്തുന്നവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 38,684 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 32.1 ശതമാനം;41,037 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 38,684 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂർ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂർ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസർഗോഡ് 731 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 197 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 370 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 57,296 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 189 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,878 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2304 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 313 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,037 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 8954, കൊല്ലം 2373, പത്തനംതിട്ട 2472, ആലപ്പുഴ 2205, കോട്ടയം 4115, ഇടുക്കി 1713, എറണാകുളം 2676, തൃശൂർ 1034, പാലക്കാട് 3314, മലപ്പുറം 2719, കോഴിക്കോട് 4915, വയനാട് 1346, കണ്ണൂർ 2314, കാസർഗോഡ് 887 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,66,120 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,86,949 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.
രണ്ടാഴ്ചത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനം
തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഓൺലൈനായാണ് യോഗം ചേർന്നത്. സ്‌കൂളുകൾ ഈ മാസം 14 മുതലാണ് തുറക്കുക. കൊറോണ വ്യാപനത്തെ തുടർന്ന് ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.കൊറോണ വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേയ്‌ക്ക് സ്‌കൂളുകൾ അടക്കാൻ തീരുമാനിച്ചത്. വൈറസ് വ്യാപനം കുറയാതിരുന്ന സാഹചര്യത്തിൽ അടച്ചിടൽ കുറച്ച് കൂടി നീട്ടുകയായിരുന്നു. നിലവിൽ വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്.
തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കി; ആറ്റുകാൽ പൊങ്കാല വീടുകൾ കേന്ദ്രീകരിച്ച്;ഞായറാഴ്ച ലോക്ഡൗൺ തുടരാനും അവലോകന യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കി. സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും സി കാറ്റഗറിയിൽ ഉണ്ടാകുക.മലപ്പുറവും, കോഴിക്കോടും എ കാറ്റഗറിയിലാണ്. കാസർകോട് ജില്ല മാത്രമാണ് ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തത്. മറ്റ് ജില്ലകൾ എല്ലാം ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കാസർകോട് ജില്ലയിൽ പൊതുവിലുള്ള കൊറോണ പ്രോട്ടോക്കോൾ മാത്രമേ ഉണ്ടാകുകയുള്ളൂ.അതേസമയം, കൊറോണ വ്യാപനത്തെ തുടർന്ന് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരും. എന്നാൽ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് നൽകും. പ്രാർത്ഥനയ്‌ക്കായി ആരാധനാലയങ്ങളിൽ 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. ഞായറാഴ്ച നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അവലോകന യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ കൊറോണ കണക്കുകൾ കൂടുതൽ കുറയുന്ന മുറയ്‌ക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ട് വരുമെന്നും സർക്കാർ നിലപാട് വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാല ഇത്തവണയും വീടുകൾ കേന്ദ്രീകരിച്ച് നടത്താനാണ് തീരുമാനം. ക്ഷേത്ര പരിസരത്ത് 200 പേരെ വരെ അനുവദിച്ചേക്കും. ആരേയും റോഡിൽ പൊങ്കാലയിടാൻ അനുവദിക്കില്ലെന്നും അവലോകന യോഗത്തിൽ തീരുമാനമായി.
പോലീസ് ഉദ്യോഗസ്ഥർക്ക് വീട്ടിലെ വിശേഷ ദിവസങ്ങളിൽ ഇനി അവധി
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് വീട്ടിലെ വിശേഷ ദിവസങ്ങളിൽ ഇനി അവധി ഉറപ്പാക്കും.ഇതിനായി ആ ദിവസങ്ങൾ ഏതൊക്കെ എന്നതിന്റെ രജിസ്റ്റർ സ്റ്റേഷനിൽ സൂക്ഷിക്കും.കണ്ണൂർ റെയ്ഞ്ചിൽ പെടുന്ന ജില്ലകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.റേഞ്ച് ഡിഐജി രാഹുൽ ആർ നായർ ഇത് സംബന്ധിച്ച സർക്കുലർ എല്ലാ സ്റ്റേഷനുകൾക്കും കൈമാറി.സംസ്ഥാനത്താകെ തുടർന്ന് നടപ്പാക്കാനാണ് പദ്ധതി.പോലീസുദ്യോഗസ്ഥരുടെ ജന്മദിനം, കുട്ടികളുടെ ജന്മദിനം, ഭർത്താവ്/ ഭാര്യയുടെ ജന്മദിനം, വിവാഹവാർഷികം എന്നീ ദിവസങ്ങളിൽ അവധി ആവശ്യപ്പെടുമ്പോൾ ഒഴിച്ചുകൂടാനാകാത്ത സംഭവങ്ങളില്ലെങ്കിൽ അവധി നിർബന്ധമായും നല്കണമെന്നാണ് നിർദേശം.പോലീസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെ ഇത്രയും വിശേഷ ദിനങ്ങൾ പ്രത്യേക ഫോമിൽ പൂരിപ്പിച്ച് സ്റ്റേഷൻ ചുമതലയുള്ള ഓഫീസർക്ക് കൈമാറണം.സ്റ്റേഷൻ ഹൌസ് ഓഫീസർമാരുടെ ഈ രജിസ്റ്റർ ഡിഎസ്പി സൂക്ഷിക്കണം.എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത് നടപ്പാക്കിയെന്ന് ഉറപ്പ് വരുത്താൻ എസ്പിയും ഡിഎസ്പിയും പരിശോധിക്കുകയും വേണം.
പോലീസ് ഉദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനങ്ങളെ ഉടൻതന്നെ രേഖാമൂലം അഭിനന്ദിക്കുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.പോലീസ് ഉദ്യോഗസ്ഥർക്കോ ആശ്രിതരായ കുടുംബാംഗങ്ങൾക്കോ വൈദ്യ സഹായം ആവശ്യമുണ്ടെങ്കിൽ മേലുദ്യോഗസ്ഥർ മാനുഷിക പരിഗണനയോടെ ഇത് ലഭ്യമാക്കണം.അർഹിക്കുന്ന പരിഗണന ലഭിക്കേണ്ട ഇത്തരം അഭ്യർത്ഥനകൾ പോലീസ് ആസ്ഥാനത്തും ജില്ലാ പോലീസ് ആസ്ഥാനത്തെ വെൽഫെയർ ബ്യുറോകൾക്കും ലഭ്യമാക്കി താമസം കൂടാതെ സഹായം വാങ്ങി നൽകണം.പോലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വർധിപ്പിക്കണമെങ്കിൽ അവരുടെ മാനസികനില കൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനു മേലുദ്യോഗസ്ഥർ പിന്തുണ നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
വയനാട് ജില്ലയിൽ ഡിജിറ്റൽ ഡ്രോൺ സർവേക്ക് തുടക്കമായി
മാനന്തവാടി: ഭൂരേഖകൾക്ക് ക്യത്യത ഉറപ്പാക്കാനുള്ള ഡിജിറ്റൽ സർവേക്ക് മാനന്തവാടിയിൽ തുടക്കമായി.നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലേയും സർവേ നടപടികൾ പൂർത്തിയാക്കി റവന്യൂ വകുപ്പിന് രേഖകൾ കൈമാറാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഏഴാമത്തെ ജില്ലയുടെയും ഡ്രോൺ സർവേക്കാണ് മാനന്തവാടിയിൽ തുടക്കം കുറിച്ചത്.ഡിജിറ്റൽ സർവേ രേഖകൾ യാഥാർഥ്യമാകുന്നതോടെ നിലവിലുള്ള ഭൂമിയുടെ സർവേ, സബ് ഡിവിഷൻ, തണ്ടപ്പേർ നമ്പറുകൾ കാലഹരണപ്പെടും. നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി പുതിയ നമ്പർ നൽകും. ഇതോടെ റവന്യൂ,രജിസ്ട്രേഷൻ, പഞ്ചായത്ത്, ബാങ്ക് തുടങ്ങിയ ഡിപ്പാർട്ട്മെൻറുകളിൽ നിന്നുള്ള സേവനങ്ങൾ എളുപ്പത്തിലാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. രാജ്യമാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ സർവേ പദ്ധതി പ്രകാരം രാജ്യത്തെ ഏഴു ലക്ഷം വില്ലേജുകളിൽ പദ്ധതിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. കേരളത്തിൽ ഇതിനകം വയനാട് കൂടാതെ ആറ് ജില്ലകളിൽ നിലവിൽ സർവേ നടന്നുവരുന്നു.കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം,സംസ്ഥാന റവന്യൂ, സർവേ, പഞ്ചായത്ത് വകുപ്പുകൾ,സർവേ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് സർവേ നടത്തുന്നത്.അനുയോജ്യമായ ഭൂപ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തിയാണ് ഡ്രോൺ സർവേ. സ്ഥലമുടമകൾ അടയാളപ്പെടുത്തിയ അതിരുകൾ മാത്രമേ ഡ്രോൺ കാമറകൾക്ക് തിരിച്ചറിയാൻ കഴിയൂ.
പ്രതിയുടെ സഹോദരിയില്‍ നിന്ന് ലഭിച്ച എടിഎം കാര്‍ഡിലൂടെ പണം തട്ടിയെടുത്തതിന് എസ്പി പിരിച്ച് വിട്ട പൊലീസുകാരനെ തിരിച്ചെടുത്ത് ഡിഐജി
കണ്ണൂർ: പ്രതിയുടെ സഹോദരിയില്‍ നിന്ന് ലഭിച്ച എടിഎം കാര്‍ഡിലൂടെ പണം തട്ടിയെടുത്തതിന് എസ്പി പിരിച്ച് വിട്ട പൊലീസുകാരനെ തിരിച്ചെടുത്ത് ഡിഐജി.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന ഇ.എൻ. ശ്രീകാന്തിനെയാണ് തിരിച്ചെടുത്തത്. പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിഐജിയുടെ പുതിയ ഉത്തരവ്.ശ്രീകാന്തിന്റെ അപേക്ഷ പരിഗണിച്ച് രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി ബോധ്യമാകുന്നുണ്ടെന്നും എന്നാൽ സേനയിൽ തുടരാൻ അവസരം നൽകാവുന്നതായും കാണുന്നുണ്ട്. വരുംകാല വാർഷിക വേതന വർധനവ് മൂന്ന് വർഷത്തേക്ക് തടഞ്ഞുവെച്ചുകൊണ്ട് സേവനത്തിലേക്ക് തിരച്ചെടുക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.2021 ഏപ്രിലില്‍ പുളിപ്പറമ്പ് സ്വദേശിനിയായ യുവതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് ശ്രീകാന്ത് 50000ത്തോളം രൂപ പലതവണകളായി അപഹരിച്ചതായി പരാതി ഉയര്‍ന്നത്.യുവതിയുടെ സഹോദരന്‍ ഗോകുല്‍ കവര്‍ച്ച നടത്തിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിച്ച പണം സഹോദരിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണ് ശ്രീകാന്ത് അപഹരിച്ചതായി പരാതി ഉയര്‍ന്നത്.അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ശ്രീകാന്ത്, ഗോകുലിന്റെ സഹോദരിയിൽ നിന്ന് എടിഎം കാർഡിന്റെ പിൻ നമ്പർ വാങ്ങിയത്. ആദ്യം 9500 രൂപ പിൻവലിക്കുകയും , ബാക്കി തുക കൊണ്ട് സാധനങ്ങൾ വാങ്ങിയതായും കണ്ടെത്തുകയായിരുന്നു.പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. തുടർന്ന് ശ്രീകാന്തിനെ സസ്‌പെൻഡ് ചെയ്തു. പിന്നാലെയാണ് സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്.
ഗൂഢാലോചനക്കേസ്; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദം ഇന്ന്. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച് നില്‍ക്കുകയാണ്. ഉച്ചയ്‌ക്ക് 1.45നാണ് പ്രോസിക്യൂഷൻ വാദം തുടരുക. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ദിലീപ് ഇന്നലെ ഹൈക്കോടതിയിൽ വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2017 ലെ നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ സാധിക്കില്ലെന്ന് മനസിലായതോടെ അന്വേഷണം സംഘം കെട്ടിച്ചമച്ചതാണ് ഈ ഗൂഢാലോചന കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലില്ലാത്ത പല കാര്യങ്ങളും എഫ്ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പോലീസുകാരുടെ പേരും എഫ്ഐആറിൽ കൂട്ടിച്ചേർത്തു. ബാലചന്ദ്രകുമാറിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ലേയെന്ന് കോടതി ചോദിച്ചു. 2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടതല്ല, ഇത് മറ്റൊരു കേസായി പരിഗണിക്കാവുന്നതാണെന്നുമായിരുന്നു കോടതിയുടെ മറുപടി. കേസില്‍ ഗൂഢാലോചന നടത്തിയത് ബാലചന്ദ്രകുമാറാണെന്നും ആ മൊഴി വിശ്വസിക്കരുതെന്നും പ്രതിഭാഗം പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ കൊല്ലാൻ ദിലീപ് അനൂപിന് നിർദ്ദേശം നൽകുന്നതിന്റെ റെക്കോർഡ് തന്റെ കൈവശമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ഇന്നലെ വെളിപ്പെടുത്തി. ആ ശബ്ദസന്ദേശം താൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ആ ശബ്ദസംഭാഷണം താൻ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് 6 പേര്‍ മരിച്ചു;7 പേര്‍ക്ക് പരിക്ക്
മുംബൈ: പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് 6 പേര്‍ മരിച്ചു.7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.പൂനെ യര്‍വാദ ശാസ്ത്രി നഗറിലാണ് സംഭവം. ഇതുവരെ 6 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. മൃതദേഹങ്ങള്‍ പൂനെയിലെ സലൂണ്‍ ആശുപത്രിയിലേക്ക് മാറ്റി.രാത്രി 11 മണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലെ വലിയ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് തൊഴിലാളികള്‍ ആണ്. ഏഴുപേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി.