തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തില്ല. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊറോണ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് അവലോകന യോഗത്തിലെ തീരുമാനം. വരുന്ന രണ്ട് ഞായറാഴ്ചകളിലും നിയന്ത്രണങ്ങൾ ശക്തമാക്കാനും അവലോകന യോഗം തീരുമാനിച്ചു. ഇതേ തുടർന്ന് 23 നും 30 നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ മാത്രമാകും ഉണ്ടാകുക. ഈ ദിവസങ്ങളിൽ അനാവശ്യ യാത്രകൾ അനുവദിക്കില്ല.അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.ദീര്‍ഘദൂര ബസ്, ട്രെയിന്‍, വ്യോമ സര്‍വീസുകള്‍ അനുവദിക്കും.വിനോദ സഞ്ചാര ആവശ്യത്തിനായി ഞായറാഴ്ച ദിവസത്തേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് താമസരേഖകള്‍ ഉണ്ടെങ്കില്‍ ഹോട്ടല്‍/ റിസോര്‍ട്ട് എന്നിവിടങ്ങളിലേക്ക് കാറുകളിലും ടാക്സികളിലും യാത്ര അനുവദിക്കും.വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിനല്‍/സ്റ്റോപ്/സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് പൊതുഗതാഗതം, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ സര്‍വീസ് നടത്താന്‍ അനുവദിക്കും. കോവിഡ് മാനദണ്ഡ പ്രകാരമുള്ള യാത്രരേഖകളോ ടിക്കറ്റോ യാത്രക്കാരുടെ കൈവശമുണ്ടെങ്കില്‍ മാത്രമേ യാത്ര അനുവദിക്കൂ.റെസ്റ്റോറന്‍റുകള്‍, ബേക്കറികള്‍ എന്നിവക്ക് നേരിട്ടോ അല്ലെങ്കില്‍ ഹോം ഡെലിവറി വഴിയോ സാധനങ്ങള്‍ വില്‍ക്കുന്നതിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഒൻപത് വരെ പ്രവര്‍ത്തിക്കാം. ബീച്ചുകള്‍, തീം പാര്‍ക്കുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉറപ്പുവരുത്തണം. ഇവിടങ്ങളില്‍ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസര്‍ ലഭ്യമാക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം. ഇതിനായി ആവശ്യാനുസരണം സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കണം.അത്യാവശ്യ അറ്റകുറ്റപണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
കൊറോണ വ്യാപനം; ജില്ലകളെ മൂന്നായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തും; സി കാറ്റഗറിയിൽ കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കൊറോണ അവലോകന യോഗത്തിലെ തീരുമാനം. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും.എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത-സാമുദായിക, രാഷ്‌ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്. ബി. കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്‌ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.സി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്‌ട്രീയ, സാമുദായിക, രാഷ്‌ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. നിലവിലെ സാഹചര്യത്തിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയിൽ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയിൽ. സി കാറ്റഗറിയിൽ വരുന്ന ജില്ലകൾ നിലവിൽ സംസ്ഥാനത്ത് ഇല്ല.ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകേണ്ടതാണ്. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.
സംസ്ഥാനത്ത് ഇന്ന് 46,387 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;40 കടന്ന് ടിപിആർ; തിരുവനന്തപുരത്തും എറണാകുളത്തും 10,000 ത്തിനടുത്ത് രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 46,387 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂർ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂർ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസർഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്.ടി പി ആര്‍ 40.2 ശതമാനം ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 309 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 172 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 43,176 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2654 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 385 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1701, കൊല്ലം 519, പത്തനംതിട്ട 492, ആലപ്പുഴ 437, കോട്ടയം 3300, ഇടുക്കി 369, എറണാകുളം 4216, തൃശൂർ 1072, പാലക്കാട് 476, മലപ്പുറം 652, കോഴിക്കോട് 1351, വയനാട് 142, കണ്ണൂർ 317, കാസർഗോഡ് 344 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
കൊറോണ അതിതീവ്ര വ്യാപനം;ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ അടിയന്തര യോഗം ചേർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ അടിയന്തര യോഗം ചേർന്നു. കൊറോണ, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച സർവയലൻസ്, ഇൻഫ്രാസ്ടെക്ച്ചർ ആന്റ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, മെറ്റീരിയൽ മാനേജ്മെന്റ്, ട്രാൻസ്പോർട്ടേഷൻ ആന്റ് ഓക്സിജൻ, വാക്സിനേഷൻ മാനേജ്മെന്റ്, പോസ്റ്റ് കൊറോണ മാനേജ്മെന്റ് തുടങ്ങിയ 12 സംസ്ഥാനതല ആർആർടി കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.മതിയായ ജീവനക്കാരെ നിയോഗിച്ച് സമയബന്ധിതമായി പരിശോധനാ ഫലം ലഭ്യമാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. പരിശോധന അടിസ്ഥാനമാക്കി നിരീക്ഷണം ശക്തമാക്കും. ഹോസ്പിറ്റൽ സർവയലൻസ്, ട്രാവൽ സർവയലൻസ്, കമ്മ്യൂണിറ്റി സർവയലൻസ് എന്നിവയ്‌ക്ക് പ്രാധാന്യം നൽകും.സർവയലൻസ് കമ്മിറ്റിയുടെ ഭാഗമായുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ശക്തിപ്പെടുത്തി. ആശുപത്രികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണ് ഈ കമ്മിറ്റിയുടെ പ്രധാന ദൗത്യം. സ്വകാര്യ ആശുപത്രികളെ കൂടി ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന കൊറോണ രോഗികളുടെ വാക്സിനേഷൻ അവസ്ഥ, ചികിത്സ, ഡിസ്ചാർജ് തുടങ്ങിയ കാര്യങ്ങളും ഈ കമ്മിറ്റി നിരീക്ഷിക്കും.ആശുപത്രികളിൽ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.സുരക്ഷാ ഉപകരണങ്ങൾക്കും മരുന്നുകൾക്കും ക്ഷാമമില്ല. ഓക്സിജൻ കരുതൽ ശേഖരമുണ്ടെങ്കിലും ഓക്സിജൻ സാഹചര്യം നിരന്തരം നിരീക്ഷിക്കും. കൂടുതൽ ആംബുലൻസ് സൗകര്യം സജ്ജമാക്കും.സംസ്ഥാനത്ത് വാക്സിൻ സ്റ്റോക്കുണ്ട്. പോസ്റ്റ് കൊറോണ മാനേജ്മെന്റ് ശക്തിപ്പെടുത്തും.ആശുപത്രി ജീവനക്കാർക്ക് കൊറോണ പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വേഗത്തിൽ നൽകും. രോഗികളുടെ എണ്ണം കൂടിയതിനാൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതാണ്. കൊറോണ ഒപിയിൽ ദിവസവും 1200 ഓളം പേരാണ് ചികിത്സ തേടുന്നത്. കാത്തിരിപ്പ് സമയം ഒരു മിനിറ്റിൽ താഴെയാക്കും. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെ ആർആർടി നിരന്തരം നിരീക്ഷിക്കും. സ്ഥിതിഗതികൾ ദിവസവും അവലോകനം ചെയ്യാനും മന്ത്രി നിർദ്ദേശം നൽകി.
കണ്ണൂർ വിമാനത്താവളത്തിൽ 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; അമ്മയും മകളും അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 26 ലക്ഷം രൂപ വിലമതിക്കുന്ന 528 ഗ്രാം സ്വർണമാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയിലായി. പേസ്റ്റ് രൂപത്തിലാക്കി പാന്റിനുള്ളിൽ തേച്ച് പിടിപ്പിച്ചാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.അമ്മയെയും മകളെയും എയര്‍ കസ്റ്റംസ് വിഭാഗം വിശദമായി ചോദ്യം ചെയ്യുകയാണ്.കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്നും 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. 925 ഗ്രാം സ്വർണം വാരം സ്വദേശിയിൽ നിന്നാണ് കണ്ടെടുത്തത്. സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ ഹസ്‌നാഫ് പിടിയിലായി.
നടി ആക്രമിക്കപ്പെട്ട കേസ്;പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി അസി. പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി സുനിൽ കുമാറിനെ നിയമിച്ചു.കഴിഞ്ഞ മാസമാണ് മുൻ പബ്ലിക് പ്രോസിക്യൂട്ടർ വി എൻ അനിൽ കുമാർ രാജിവെച്ചത്.ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് സുനിൽ കുമാറിനെ ചുമതലപ്പെടുത്തിയത്. സർക്കാരിനായി നാളെ സുനിൽകുമാറാകും ഹാജരാക്കുക. നിലവിൽ പ്രോസിക്യൂഷൻ അഭിഭാഷക സംഘത്തിലെ അംഗമാണ് സുനിൽകുമാർ. വിചാരണ കോടതി നടപടികളിൽ പ്രതിഷേധിച്ചാണ് അനിൽ കുമാർ രാജിവെച്ചത്. കേസിൽ നിർണായകമായ സാക്ഷികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായുള്ള അപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു ഇതിന് പിന്നാലെയായിരുന്നു രാജി. വിചാരണ കോടതിയ്‌ക്കെതിരെ ശക്തമായ വിമർശനവും അദ്ദേഹം ഉന്നയിരിച്ചുന്നു. നടിയെ ആക്രമിച്ച കേസിലെ മൂന്നാമത്തെ പബ്ലിക് പ്രോസിക്യൂട്ടറാണ് സുനിൽ.വിചാരണ കോടതി നടപടികളിൽ പ്രതിഷേധിച്ചാണ് കേസിലെ ആദ്യ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എ സുരേശനും രാജിവെച്ചത്.
ഒന്ന് മുതൽ ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ പഠനം;അധ്യാപകര്‍ നിർബന്ധമായും സ്‌കൂളില്‍ വരണം; സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ച സാഹചര്യത്തിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി.ഈ കാലയളവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കണമെന്നും രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. 10, 11, 12 ക്ലാസുകാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടരും.കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ തുടരുന്നതും പുതുക്കിയ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിക്കുന്നതുമാണ്.രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണം.സ്‌കൂള്‍തല എസ്.ആര്‍.ജി.കള്‍ ഫലപ്രദമായി ചേരേണ്ടതാണ്. കൂട്ടികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നല്‍കണം.എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ക്ലാസ്സുകള്‍ കാണുന്നതിനാവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ ഓരോ സ്‌കൂളും ഉറപ്പുവരുത്തണം. എല്ലാ സ്‌കൂളുകളുടേയും ഓഫീസ് നിലവിലെ കൊറോണ നിയന്ത്രണങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം. എല്ലാ അദ്ധ്യാപകരും സ്‌കൂളിൽ ഹാജരാകണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൊറോണ വ്യാപനം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിർണായക യോഗം ഇന്ന്;കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിർണായക യോഗം ഇന്ന് ചേരും.വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ സ്വീകരിക്കും.കോളേജുകൾ അടച്ചിട്ടേക്കും. പൊതു ഇടങ്ങളിൽ ആളുകളെ കുറയ്‌ക്കാനുള്ള നടപടികളും സ്വീകരിക്കും.വിവാഹം മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 നിന്ന് കുറക്കാൻ സാധ്യതയുണ്ട്.വാരാന്ത്യ ലോക്ഡൗണും രാത്രികാല കർഫ്യൂവും പരിഗണനയിലുണ്ട്. സ്വകാര്യ വാഹനങ്ങളിലെ അടക്കം യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ട് വന്നേക്കും. തിയറ്ററുകള്‍ അടക്കം എസി ഹാളുകളിലെ പരിപാടികള്‍ നിരോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ പൂർണമായ അടച്ചിടലിലേക്ക് പോകില്ലെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാർ, ആരോഗ്യ വിദഗ്ധർ തുടങ്ങിയവർ കൊറോണ അവലോകന യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് മൂന്നാം തരംഗം കുതിച്ചുയരുകയാണ്. ഏറെ നാളിന് ശേഷം ഇന്നലെ പ്രതിദിന കേസുകള്‍ മുപ്പതിനായിരം കടന്ന് 34199ലെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37 കടന്നു. സ്ഥിതി ഗുരുതരമെന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. കനത്ത ജാഗ്രത വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാകും ഇന്നത്തെ അവലോകന യോഗത്തിലെ തീരുമാനം.
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം; രോഗലക്ഷണങ്ങളെ നിസ്സാരമായി കാണരുതെന്നും വീണ ജോർജ്ജ്
തിരുവനന്തപുരം:സംസ്ഥാനം കോവിഡ് മൂന്നാം തരംഗത്തിലാണെന്നും രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.കൊറോണ തീവ്ര വ്യാപനത്തെ രാഷ്‌ട്രീയ, കക്ഷിഭേദമന്യേ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിൽ നിന്നും രണ്ടാം തരംഗത്തിൽ നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളാണ് പടരുന്നത്. മണവും രുചിയും നഷ്ടപ്പെടുന്നവർ കുറവാണ്. ഒമിക്രോൺ വന്നു പൊയ്‌ക്കോട്ടെ എന്ന് കരുതരുതെന്നും വീണ ജോർജ്ജ് പറഞ്ഞു.ഒമിക്രോണ്‍ ബാധിച്ച 17 ശതമാനം പേരില്‍ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും വേണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഡെല്‍റ്റയെക്കാള്‍ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്നും അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. ഈ ഘട്ടത്തില്‍ N95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് തന്നെ ധരിക്കണം. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ, സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.ഡെൽറ്റയെക്കാൾ തീവ്രത കുറവാണ് ഒമിക്രോണിന്. പക്ഷേ ഒമിക്രോൺ അവഗണിക്കാം എന്നല്ല അതിനർത്ഥം. ഒമിക്രോണുമായി ബന്ധപ്പെട്ട് ധാരാളം വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാന രഹിതമാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഡെൽറ്റയെക്കാൾ അഞ്ചിരട്ടി വ്യാപനശേഷിയാണ് ഒമിക്രോണിനുള്ളത്. ക്ലസ്റ്റർ രൂപപ്പെടൽ ഒഴിവാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും വീണ ജോർജ്ജ് പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളിൽ കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കം. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിന്‍ നല്‍കുക.രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണിവരെയായിരിക്കും സ്‌കൂളുകളിലെ വാക്സിനേഷന്‍ സമയം.വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.500ല്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്സിനേഷന്‍. സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.ഇന്ന് പൊതു പ്രതിരോധകുത്തിവെപ്പ് ദിനമായതിനാല്‍ പകുതിയോളം സെഷനുകളില്‍ മാത്രമേ കൊവിഡ് വാക്‌സിന്‍ നല്‍കൂ.അധ്യാപകരുമായി ബന്ധപ്പെട്ടാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ വാക്‌സിനെടുക്കാനായി കരുതണം. പരമാവധി കുട്ടികളിലേക്ക് കൊവിഡ് വാക്‌സിനേഷന്‍ എത്തിക്കുകയാണ് ലക്ഷ്യം.