കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടൻ ദിലീപ് രംഗത്ത്. കേസ് അട്ടിമറിക്കാനാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നത്. നടി മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയതിന് പിന്നിൽ പ്രോസിക്യൂഷനാണ്. പരാതിക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനുമുണ്ട്. 202-ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിന്റെ തലേദിവസമാണ് പരാതി രൂപപ്പെട്ടതെന്നും ദിലീപ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. വിസ്താരം നടന്നിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ തെറ്റുമായിരുന്നു. പ്രോസിക്യൂട്ടറെ രാജി വെപ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണ്. ബിജു പൗലോസിനെതിരെയും നടപടിയെടുക്കണമെന്ന് പരാതിയിൽ ദിലീപ് ആവശ്യപ്പെടുന്നു. തുടരന്വേഷണ ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്‌ക്കും ക്രൈംബ്രാഞ്ച് എഡിജിപിയ്‌ക്കും ദിലീപ് പരാതി നൽകി. ബാലചന്ദ്രന്റെ പരാതിയിൽ തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ല. ഗൂഢാലോചന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അന്വേഷണം ഏൽപ്പിക്കരുതെന്നും ദിലീപ് പരാതിയിൽ പറയുന്നു.
കണ്ണൂർ പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന ബസ് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു;തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി
കണ്ണൂർ: പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന ബസ് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു. ചെറുകുന്നിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന മായാസ് എന്ന ബസ്സാണ് കത്തിനശിച്ചത്.ഡ്രൈവറുടെ സീറ്റിനടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ജീവനക്കാർ ഇറങ്ങിനോക്കിയപ്പോഴാണ് ബസ്സിന് തീപിടിച്ചതായി അറിഞ്ഞത്.ബസ്സിൽ അൻപതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.ഉടൻതന്നെ ജീവനക്കാർ ബസ് റോഡരികിൽ ചേർത്ത് നിർത്തുകയും ജീവനക്കാരും നാട്ടുകാരും ചേർന്ന് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കുകയും ചെയ്തു. തുടർന്ന് ഫയർ ഫോഴ്സിനെ വിവരമറിയിക്കുയായിരുന്നു. ഉടൻതന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തുകയും തീയണയ്ക്കാൻ ആരംഭിക്കുകയും ചെയ്തു.തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഇത് വഴിയുള്ള വാഹനങ്ങളെ തടഞ്ഞു നിർത്തുകയും മറ്റ് ബസ്സുകളെ കൊറ്റാളി റൂട്ട് വഴി തിരിച്ചുവിടുകയും ചെയ്തു.ബസ്സിലെ തീ പൂർണ്ണമായും അണച്ചുകഴിഞ്ഞതായാണ് വിവരം. ബസ് പൂർണ്ണമായും കത്തിനശിച്ചു. സംഭവമറിഞ്ഞതിനെ തുടർന്ന് നിരവധി ആളുകളാണ് ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്.വലിയതോതിലുള്ള ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഇവിടെ ഒഴിവായിരിക്കുന്നത്.
കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ മർദിച്ച സംഭവം; എഎസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ
കണ്ണൂർ: കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ മർദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്ത സംഭവത്തിൽ എഎസ്‌ഐ പ്രമോദിനെ അന്വേഷണ വിധേയമായി സ്‌പെൻഡ് ചെയ്തു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തെന്നാരോപിച്ചായിരുന്നു ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ എഎസ്‌ഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.എന്നാൽ യുവാവ് മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ഇതോടെയാണ് പോലീസ് ഇടപെട്ടതെന്നും യാത്രക്കാരിൽ ഒരാൾ പറയുന്നു.മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേ്ക്ക് പോയ മാവേലി എക്‌സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം നടക്കുന്നത്. യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് യാത്രക്കാർ വിവിരം ടിടിയെ അറിയിച്ചു. ടിടി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയും അതിന് സാധിക്കാതെ വന്നപ്പോണ് ഇടപെട്ടതെന്നും പോലീസ് വിശദീകരിച്ചിരുന്നു.സംഭവം അന്വേഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് വരുന്ന മുറയ്‌ക്ക് അധികാര പരിധി നോക്കി അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
വാളയാർ ചെക്ക്‌പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 67,000 രൂപ പിടികൂടി; കൈക്കൂലിയായി പച്ചക്കറികളും
പാലക്കാട്: വാളയാർ ആർടിഒ ചെക്‌പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ 67,000 രൂപയുടെ കൈക്കൂലി പണം പിടികൂടി. പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.വേഷം മാറിയാണ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് എത്തിയത്.വിജിലൻസ് സാന്നിദ്ധ്യം മനസ്സിലാക്കിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ് കുതറിയോടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ്, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.ഏജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ആര്‍ടിഓ ചെക്ക് പോസ്റ്റില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറി കയറിയത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് വിജിലന്‍സ് സംഘം വേഷം മാറി പരിശോധനയ്ക്കെത്തിയത്. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയുള്ള സമയത്തിനുള്ളിലാണ് 67,000 രൂപ കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ വാങ്ങിയതെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്ന പണം ഓഫീസില്‍ നിന്ന് പുറത്തു കടത്താന്‍ ഏജന്‍റുമാരുണ്ട്. ഇത്തരത്തില്‍ ഏജന്‍റിന് കൈമാറിയ പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്.പരിശോധനയ്‌ക്ക് നിൽക്കുന്ന ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതായി വിവരം ലഭിച്ചിരുന്നു. മത്തൻ, ഓറഞ്ച് തുടങ്ങിയവ പതിവായി ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേയും ഈ സ്ഥലത്ത് കൈക്കൂലി വാങ്ങുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചരക്ക് വാഹനങ്ങളിൽ കൊണ്ടുവരുന്നത് എന്താണോ അത് തന്നെ പല ഉദ്യോഗസ്ഥരും കൈക്കൂലിയായി വാങ്ങുന്നുണ്ടെന്നാണ് വിവരം.
കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ ഒപി വിഭാഗം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ ഒപി വിഭാഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.ഇവിടെ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് . ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഈ മെഡിക്കല്‍ കോളേജിനെ പൂര്‍ണ തോതിലുള്ള മെഡിക്കല്‍ കോളേജാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.കാസര്‍ഗോഡ് സന്ദര്‍ശിച്ച് സ്ഥിതിഗികള്‍ വിലയിരുത്തിയാണ് ഒപി വിഭാഗത്തിനായുള്ള ക്രമീകരണം നടത്തിയത്. മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒപി പ്രവര്‍ത്തിക്കുക. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡിന്റെ ദീര്‍ഘനാളായുള്ള ആവശ്യമായ ന്യൂറോളജിസ്റ്റിനെ നിയമിക്കുകയും ചെയ്തു. സര്‍ജറി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഒപിയ്ക്കാവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിച്ചു. 108 ആംബുലന്‍സ് ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് കാസര്‍ഗോഡ് പ്രിന്‍സിപ്പാളിന്റെ അധിക ചുമതല നല്‍കി. ആവശ്യമായ മരുന്നുകള്‍ കെ.എം.എസ്.സി.എല്‍. ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പോലീസിന്റെ സേവനവും മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്തിന്റെ സഹകരണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു;രോഗബാധിതരുടെ എണ്ണം 181 ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 181 ആയി. തിരുവനന്തപുരം-10, ആലപ്പുഴ-7,തൃശ്ശൂർ-6,മലപ്പുറം-6 എന്നിങ്ങനെയാണ് രോഗബാധ.ഇതിൽ 25 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 2 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്.ആലപ്പുഴയിൽ രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 9 പേർ യുഎഇയിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നും വന്നതാണ്. ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച 3 പേർ യുഎഇയിൽ നിന്നും 2 പേർ യുകെയിൽ നിന്നും, തൃശൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ കാനഡയിൽ നിന്നും, 2 പേർ യഎഇയിൽ നിന്നും, ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും, മലപ്പുറത്തെ രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ യുഎഇയിൽ നിന്നും വന്നതാണ്.ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാർജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂർ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ ഒരാൾ വീതം എന്നിങ്ങനെയാണ് ഡിസ്ചാർജ് ചെയ്തത്.
ട്രെയിനില്‍ പൊലീസ് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം;യാത്രക്കാരന്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതായി ടി ടി ഇ
കണ്ണൂര്‍:കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ കേരളാ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പാലക്കാട് റെയില്‍വേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ട്രെയിനില്‍ മദ്യപിച്ച് ഒരാള്‍ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നുവെന്നും, യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ മാറി നിന്നില്ലെന്നും ടി ടി ഇ പി എം കുഞ്ഞഹമ്മദ് വിശദീകരിച്ചു. യാത്രക്കാരന്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് തന്നെയാണ് പാലക്കാട് സബ് ഡിവിഷണല്‍ ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ യാത്രക്കാരന്റെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. ഇയാള്‍ രണ്ട് പെണ്‍കുട്ടികളുടെ അടുത്തിരുന്നു. ഇയാളെ അവിടെ നിന്ന് മാറ്റുന്നതിനിടയില്‍ നിലത്തുവീണു. അതിനിടയിലാണ് എ എസ് ഐ ചവിട്ടിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു.മാവേലി എക്‌സ്പ്രസില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. തുടര്‍ന്ന് യാത്രക്കാരനെ വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടിരുന്നു. യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
എടിഎമ്മിൽ നിന്ന് അഞ്ചിൽ കൂടുതൽ തവണ പണമെടുത്താൽ ഇനിമുതൽ അധിക ചാർജ് ഈടാക്കും
ന്യൂഡൽഹി:ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക് പുറമേ പണം പിൻവലിച്ചാൽ ഇനിമുതൽ അധിക ചാർജ് ഈടാക്കും. എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഈടാക്കുന്ന നിരക്കിൽ വർദ്ധനവ് വരുത്താൻ ബാങ്കുകൾക്ക് ആർബിഐ അനുമതി നൽകിയതിന് പിന്നാലെയാണിത്. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.പ്രതിമാസം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി കഴിഞ്ഞാൽ പിന്നീട് നടത്തുന്ന ഇടപാടുകൾക്ക് 20 രൂപ വീതമാണ് ഈടാക്കിയിരുന്നത്. എന്നാൽ 2022 മുതൽ 21 രൂപയും ജിഎസ്ടിയുമാണ് ഇനി നൽകേണ്ടി വരിക. നിലവിൽ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്.എടിഎമ്മിന്റെ ചിലവുകളിൽ ഉണ്ടായ വർദ്ധനയും ഉയർന്ന ഇന്റർചേഞ്ച് ഫീസിനുള്ള നഷ്ടപരിഹാരവും കണക്കിലെടുത്താണ് എടിഎം ഇടപാടുകൾക്ക് ചാർജ് വർദ്ധിപ്പിക്കാൻ ആർബിഐ അനുമതി നൽകിയത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് ബാങ്കുകൾക്ക് ആർബിഐ കൈമാറിയത്.
തിരുവനന്തപുരത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം.കിളളിപ്പാലം പിആർഎസ് ആശുപത്രിക്ക് സമീപമുള്ള ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. ആദ്യം ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ രീതിയിലുള്ള തീപിടിത്തമായി മാറുകയായിരുന്നു എന്നാണ് വിവരം.ആക്രിക്കടയുടെ ഗോഡൗണിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെ നിന്നും അടുത്ത മരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും തീപടരുന്നതായാണ് വിവരം. ഗോഡൗണിലും മറ്റും ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. തീ അണയ്‌ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് ആളിക്കത്തുകയാണ്. ആക്രിക്കടയിലുള്ള സാധനങ്ങൾ പൊട്ടിത്തെറിക്കുന്നുമുണ്ട്. കടയ്‌ക്ക് സമീപമുള്ള വീടുകൾ പുകകൊണ്ട് മറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ നിന്നും അകലെയല്ലാതെ നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് അപകടമുണ്ടായിരിക്കുന്നത്. ഇതിന് അടുത്ത് തന്നെ ആശുപത്രിയും മറ്റ് കടകളുമുണ്ട്. കടയുടമകളോട് അവിടെ നിന്നും മാറുവാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നീട്ടില്ല; തീരുമാനം അടുത്തയാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ
തിരുവനന്തപുരം: ഒമിക്രോൺ ഭീഷണിയെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം നീട്ടില്ല. അടിയന്തരമായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. രാത്രികാല നിയന്ത്രണങ്ങളിലെ തുടർ തീരുമാനം അടുത്ത യോഗത്തിലുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയായിരുന്നു കര്‍ഫ്യു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലായിരുന്നു ഇക്കാര്യം തീരുമാനിച്ചിരുന്നത്.വരുന്ന ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കൊറോണ അവലോകന യോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങാതിരിക്കാനാണ് കർഫ്യൂ ഏർപ്പെടുത്തിയത്.കേസുകൾ വീണ്ടും വർദ്ധിച്ചാൽ നിയന്ത്രണങ്ങൾ കുടപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.