കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടൻ ദിലീപിനെ പോലീസ് ഉടൻ ചോദ്യം ചെയ്‌തേക്കും.പൾസർ സുനിയെയും ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി വിചാരണ കോടതിയുടെ അനുമതി തേടും. സുനിയെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും നടനെ ചോദ്യം ചെയ്യുക. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പൾസർ സുനി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേഗത്തിലാക്കാനാണ് പോലീസിന് ലഭിച്ച നിർദേശം.ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പ്രധാനമായും പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധമാണ് പരാമർശിക്കുന്നത്. സംവിധായകന്റെ മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസന്വേഷണത്തിനായി പ്രത്യേക സംഘം നിയോഗിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാന പോലീസ് മേധാവി അറിയിക്കും. ഈ മാസം 20നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.അതേസമയം കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സി.ജെ.എം കോടതിയിലാണ് അപേക്ഷ നൽകിയത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ഏതെങ്കിലും മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്ന ആവശ്യമാണ് അന്വേഷണ സംഘം ഉയര്‍ത്തിയിട്ടുള്ളത്. ബാലചന്ദ്രകുമാറിന്‍റെ മൊബൈല്‍ ഫോണ്‍, പെന്‍ ഡ്രൈവിലാക്കി നല്‍കിയ വിവരങ്ങള്‍ എന്നിവ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 164 സ്റ്റേറ്റ്മെന്‍റ് രേഖപ്പെടുത്തണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്.
തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചു;മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.വഴയില പത്തായം സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണു നാടിനെ നടുക്കിയ അപകടം നടന്നത്.വഴയില പുരവൂര്‍ക്കോണം ഹില്‍ടോപ് ഗാര്‍ഡനില്‍ വിനോദ് ബാബു- ഷൈനി ദമ്പതികളുടെ മകന്‍ സ്റ്റെഫിന്‍ വിനോദ് (17), അരുവിക്കര കളത്തുകാല്‍ അജീഷ് ഭവനില്‍ ഷിബു- സിമി ദമ്പതികളുടെ മകന്‍ ബിനീഷ്(17), പേരൂര്‍ക്കട കരുക്കോണം കുളത്തുംകര വീട്ടില്‍ ഷിബു – ബിന്ദു ദമ്പതികളുടെ മകന്‍ സിദ്ധാര്‍ഥ് (മുല്ലപ്പന്‍- 17) എന്നിവരാണ് മരിച്ചത്.സ്റ്റെഫിനും ബിനീഷും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സിദ്ധാര്‍ഥ് പേരൂര്‍ക്കട കണ്‍കോഡിയ സ്കൂളിലുമാണു പഠിക്കുന്നത്.രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്. ബിനീഷിന്റെ കൂട്ടുകാരൻ ആദർശിന്റെതാണ് ബൈക്ക്.ബിനീഷ് ബൈക്കിൽ സിദ്ധാർത്ഥിന്റെ കയറ്റി ആറാംകല്ലിൽ എത്തി സ്റ്റെഫിനെയും കൂട്ടി തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മൂന്നുപേരും സഞ്ചരിച്ച ബൈക്ക് അമിതവേഗത്തിൽ റോഡരികിലെ മണലിലേക്ക് ഇറങ്ങുന്നതും തുടർന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട് മരത്തിന്റെ ചുവട്ടിലേക്ക് ഇടിച്ചുകയറി കുറ്റിക്കാട്ടിൽ അപ്രത്യക്ഷമാകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
എം.ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കി.ഒരു വര്‍ഷവും അഞ്ച് മാസവും നീണ്ട സസ്‌പെന്‍ഷന്‍ കാലത്തിന് ശേഷമാണ് ശിവശങ്കര്‍ തിരിച്ച് സര്‍വീസിലേക്ക് പ്രവേശിക്കുക. സ്വർണക്കടത്തുകേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്.തസ്തിക സംബന്ധിച്ച തീരുമാനം പിന്നീടായിരിക്കും കൈക്കൊള്ളുക. ശിവശങ്കറിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിരുന്നു. പുതിയ കേസുകൾ ഒന്നും നിലവിലില്ലെന്നും ഒന്നര വർഷമായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുക്കുന്നതിന് നിലവിലെ അന്വേഷണങ്ങൾ തടസ്സമാകില്ലെന്നുമാണ് സമിതിയുടെ ശുപാർശ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും അനുകൂല തീരുമാനമെടുത്തതോടെയാണ് ശിവശങ്കർ വീണ്ടും സർവ്വീസിലേക്ക് തിരികെ എത്തുന്നത്.ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും അനുകൂല തീരുമാനമെടുത്തതോടെയാണ് ശിവശങ്കർ വീണ്ടും സർവ്വീസിലേക്ക് തിരികെ എത്തുന്നത്.2019ലാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്നത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടൊണ് എം. ശിവശങ്കറിന്റെ സസ്പെൻഷൻ. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ലൈഫ് മിഷൻ അഴിമതിക്കേസിലും ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. 98 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്.
കണ്ണൂര്‍ മാടായിപ്പാറയില്‍ സിൽവർ ലൈൻ സർവ്വേ കല്ല് പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തി
കണ്ണൂർ:കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈനിനായി സ്ഥാപിച്ച സർവ്വേക്കല്ല് പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തി. അഞ്ച് സര്‍വേ കല്ലുകളാണ് പിഴുത് മാറ്റിയത്.ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള സ്ഥലത്താണ് സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയത്. ആരാണ് പിഴുത് മാറ്റിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇത് കണ്ട വഴിയാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.15 ദിവസം മുമ്പാണ് ഇവിടെ സര്‍വേകല്ലുകള്‍ സ്ഥാപിച്ചത്. ഈ സമയത്ത് ശക്തമായ പ്രതിഷേധം ഉണ്ടാവുകയും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്നാണ് മാടായിപ്പാറ സംരക്ഷണ സമിതിയും സിൽവർ ലൈൻ വിരുദ്ധ സമിതിയും പറയുന്നത്. മാടായിപ്പാറയിൽ തുരങ്കം നിർമ്മിച്ച് പാത പണിയുമെന്നായിരുന്നു പ്രഖ്യാപനം.
ഒമിക്രോണ്‍ ഭീതി;കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏർപ്പെടുത്തും;കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം
ബംഗലൂരു: ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിൽ കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.കേരളം, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. കൊവിഡ് വ്യാപനം കൂടിയതും 149 ഒമിക്രോണ്‍ ബാധിതരെ തിരിച്ചരിഞ്ഞുമായ പശ്ചാതലം മുന്‍ നിര്‍ത്തിയാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആരംഭിക്കുന്ന വാരാന്ത്യ കര്‍ഫ്യൂ തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ യാണ് അവസാനിക്കുക.ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രധാന നഗരങ്ങള്‍ അടഞ്ഞ് കിടക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങാന്‍ പാടില്ല. എന്നാല്‍, ഹോട്ടല്‍,പൊതു ഗതാഗതം എന്നിവ മുടക്കമില്ലാതെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍,പാരാമെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയ്‌ക്കെല്ലാം രണ്ടാഴ്ചത്തേക്ക് അവധിപ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരേ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രകടനം, പൊതുയോഗം, പ്രതിഷേധ പരിപാടികള്‍ എന്നിവയ്‌ക്കെല്ലാം നിരോധനമുണ്ട്.
സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ തുടരില്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കും; മരണം, വിവാഹം, അടച്ചിട്ട ചടങ്ങുകളില്‍ 75 പേര്‍ക്കുമാത്രം പ്രവേശനം
തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കാൻ തീരുമാനം. മരണാനന്തരചടങ്ങുകള്‍, വിവാഹം, സാമൂഹിക, സാംസ്‌കാരിക പരിപാടികളില്‍ എന്നിവയിൽ അടച്ചിട്ട സ്ഥലങ്ങളില്‍ പരമാവധി 75 പേര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 150 പേര്‍ക്കും മാത്രമേ ഇനി പങ്കെടുക്കാനാവൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോഗത്തില്‍ തീരുമാനമായി.ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവുണ്ടായെങ്കിലും സംസ്ഥാനത്ത് തത്കാലം ഗുരുതരമായ വ്യാപന സ്ഥിതിവിശേഷം ഇല്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൗമാരക്കാരുടെ കൊവിഡ് വാക്‌സീനേഷന്‍ അതിവേഗത്തിലാക്കും. ഹൈറിസ്‌ക് ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കര്‍ശനമായി നീരിക്ഷിക്കാനും ക്വാറന്റൈന്‍ ഉറപ്പാക്കാനും തീരുമാനമായി.
സംസ്ഥാനത്ത് ഇന്ന് 3640 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;30 മരണം;2363 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3640 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂർ 330, കണ്ണൂർ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസർഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യൂഐപിആർ) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 423 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,637 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3333 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 222 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2363 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 571, കൊല്ലം 112, പത്തനംതിട്ട 169, ആലപ്പുഴ 83, കോട്ടയം 15, ഇടുക്കി 21, എറണാകുളം 538, തൃശൂർ 189, പാലക്കാട് 66, മലപ്പുറം 91, കോഴിക്കോട് 269, വയനാട് 61, കണ്ണൂർ 150, കാസർഗോഡ് 28 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
എം.ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ശുപാർശ;അന്തിമതീരുമാനം മുഖ്യമന്ത്രിയുടേത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സസ്‌പെൻഷനിലായ ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി തീർന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ശുപാർശ നൽകി. ശുപാർശയിൽ മുഖ്യമന്ത്രി ഉടൻ തീരുമാനമെടുക്കും. 2019ലാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്നത്.നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടൊണ് എം. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ലൈഫ് മിഷൻ അഴിമതിക്കേസിലും ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. 98 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്.പുതിയ കേസുകൾ ഒന്നും നിലവിലില്ലെന്നും ഒന്നര വർഷമായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുക്കുന്നതിന് നിലവിലെ അന്വേഷണങ്ങൾ തടസ്സമാകില്ലെന്നുമാണ് സമിതിയുടെ ശുപാർശ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും അനുകൂല തീരുമാനമെടുക്കുമെന്നാണ് വിവരം. 2023 ജനുവരി വരൊണ് ശിവശങ്കറിന്റെ സർവ്വീസ് കാലാവധി.
‘ഇഹു’: ഒമിക്രോണിന് പിന്നാലെ കോറോണയുടെ പുതിയ വകഭേദം
പാരീസ്: കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റിന് പിന്നാലെ ഇപ്പോഴിതാ കൊറോണയുടെ പുതിയൊരു വകഭേദം വന്നിരിക്കുകയാണ്.IHU എന്നാണ് ഈ പുതിയ വേരിയന്റിന്റെ പേര്.ഒമിക്രോണ്‍ വ്യാപനം തീവ്രമായി നില്‍ക്കുന്നതിനിടെയാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1.640.2 (ഇഹു-ഐഎച്ച്‌യു) ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.ഈ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍.ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്നും ഫ്രാന്‍സിലെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആള്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇഹു മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.11.640.2 എന്ന വകഭേദത്തിന് ഇഹു എന്ന് പേരിട്ടത്. ഡബ്ല്യൂഎച്ച്‌ഒ അംഗീകരിക്കുന്നത് വരെ പുതിയ വകഭേദം ഈ പേരിലാകും അറിയപ്പെടുക.ഈ വകഭേദത്തിന് വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതിനാല്‍ മനുഷ്യരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്താന്‍ പുതിയ വകഭേദത്തിന് കഴിയുമെന്നും സൂചനയുണ്ട്.
15 മുതൽ 18 വയസുവരെയുള്ളവരുടെ വാക്‌സിനേഷൻ; ആദ്യ ദിനം കുത്തിവെയ്‌പ്പെടുത്തത് 38,417 കുട്ടികൾ
തിരുവനന്തപുരം: 15 മുതൽ 18 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്റെ ആദ്യ ദിനമായ ഇന്നലെ കുത്തിവെയ്‌പ്പെടുത്തത് 38,417 കുട്ടികളെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോവാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. 9338 ഡോസ് വാക്‌സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകിയത്. 6868 പേർക്ക് വാക്‌സിൻ നൽകി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 5018 പേർക്ക് വാക്‌സിൻ നൽകി തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമാണെന്ന് മന്ത്രി പറഞ്ഞു. 551 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് കുട്ടികൾക്കായി സജ്ജീകരിച്ചത്.മിക്ക കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു. ആർക്കും പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരം 9338, കൊല്ലം 6868, പത്തനംതിട്ട 1386, ആലപ്പുഴ 3009, കോട്ടയം 1324, ഇടുക്കി 2101, എറണാകുളം 2258, തൃശൂർ 5018, പാലക്കാട് 824, മലപ്പുറം 519, കോഴിക്കോട് 1777, വയനാട് 1644, കണ്ണൂർ 1613, കാസർഗോഡ് 738 എന്നിങ്ങനെയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകിയത്.ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഒമിക്രോൺ സാഹചര്യത്തിൽ എല്ലാവരും കുട്ടികളെ വാക്‌സിൻ എടുപ്പിക്കേണ്ടതാണ്. 18 വയസിന് മുകളിലുള്ളവരിൽ വാക്‌സിനെടുക്കാൻ ബാക്കിയുള്ളവരും രണ്ടാം ഡോസെടുക്കാൻ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിൻ എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.