ഏച്ചൂര്‍ പെട്രോള്‍ പമ്പിൽ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ

keralanews three arrested for beating employee at eachoor petrol pump

കണ്ണൂർ:ഏച്ചൂരിൽ പെട്രോള്‍ പമ്പിൽ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റിൽ.കണ്ണൂര്‍ ഭദ്രനെന്നു അറിയപ്പെടുന്ന മഹേഷ്, ഇയാളുടെ കൂടെയുണ്ടായിരുന്ന ഗിരീശന്‍, സിബിന്‍, എന്നിവരെയാണ് ചക്കരക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ സത്യനാഥന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം അറസ്റ്റു ചെയ്തത്. പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പ്രദീപനാണ് മര്‍ദ്ദനമേറ്റത്. സ്വത്തുവില്‍പനയുമായി ബന്ധപ്പെട്ട് പ്രദീപന്‍ കമ്മിഷന്‍ തുകയില്‍ കൊടുക്കാനുണ്ടായിരുന്ന 25000 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ശനിയാഴ്‌ച്ച രാത്രി പത്തു മണിയോടെ ചക്കരക്കല്‍ സി.ആര്‍ പമ്പിലാണ് സംഭവം.സ്വത്തു വില്‍പനയുമായിബന്ധപ്പെട്ടു 25,000 രൂപ നല്‍കാനുള്ള വിഷയത്തില്‍ ഏച്ചൂര്‍ സ്വദേശിയുടെ ക്വട്ടേഷനേറ്റെടുത്ത കണ്ണൂര്‍ ഭദ്രനെന്ന മഹേഷാണ് അക്രമമഴിച്ചുവിട്ടത്.ഇയാള്‍ ഓഫിസില്‍ കയറി പണം കൊടുക്കാനുള്ള ജീവനക്കാരനായ പ്രദീപനെ മര്‍ദ്ദിക്കുകയും ഇതു തടയാന്‍ ചെന്ന മറ്റു തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.അതിക്രമത്തിനിടെ ഇയാള്‍ പൊലിസിനെ വെല്ലുവിളിക്കുകയും ചെയ്തു.സംഭവത്തില്‍ പെട്രോള്‍ പമ്പ് മാനേജര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലിസ് കേസെടുത്തത്.പമ്പിലെത്തിയ യാത്രക്കാരിലൊരാളാണ് മൊബൈലില്‍ അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊലിസ് വന്നാല്‍ തനിക്കു ഒരു പ്രശ്‌നവുമില്ലെന്നും ആരെ വേണമെങ്കിലും വിളിച്ചോളൂവെന്നും കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ പേര് പറഞ്ഞു ഇയാള്‍ പലതവണ വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പണം കിട്ടാനുള്ള ഏച്ചൂര്‍ സ്വദേശിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഭദ്രന്‍ ഓഫിസില്‍ കയറി ജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്തെ കരുതൽ ഡോസ് വാക്സിനേഷൻ ഇന്ന് ആരംഭിക്കും

keralanews booster dose vaccination in the state will begin today

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് വാക്സിനേഷൻ ഇന്ന് ആരംഭിക്കും.ആരോഗ്യ പ്രവർത്തകർ, കൊറോണ മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് വാക്‌സിൻ നൽകുന്നത്. 5.55 ലക്ഷം ആരോഗ്യ പ്രവർത്തകർ, 5.71 ലക്ഷം കൊറോണ മുന്നണി പോരാളികൾ എന്നിവരാണുള്ളത്. 18 വയസിന് മുകളിൽ പ്രായമായവരുടെ വാക്സിനേഷൻ കേന്ദ്രത്തിലാണ് കരുതൽ ഡോസ് വാക്സിനെടുക്കുന്നത്. രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാൻ സാധിക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതൽ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മുതിർന്നവർക്കുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നീല നിറത്തിലുള്ള ബോർഡാണ് ഉണ്ടാകുക. ഈ ബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്സിൻ തന്നെ സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നേരിട്ടും ഓൺലൈൻ ബുക്കിംഗ് വഴിയും കരുതൽ ഡോസ് വാക്സിൻ എടുക്കാം. ഓൺലൈൻ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും നല്ലത് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കാറിന് പുറത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാചകങ്ങൾ;വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ

keralanews texts against prime minister narendra modi outside car man who leave the vehicle arrested

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാചകങ്ങളെഴുതിയ കാർ പിടികൂടിയ സംഭവത്തിൽ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ ആൾ പിടിയിൽ.ഉത്തര്‍പ്രദേശ് സ്വദേശിയായ രാം ചരൺ സിംഗാണ് പിടിയിലായത്.കഴക്കൂട്ടത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉപേക്ഷിച്ചുപോയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം പട്ടത്തെ ഒരു ബാര്‍ ഹോട്ടലിനു മുന്നില്‍ നിന്നാണ് മ്യൂസിയം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം.ഹോട്ടലില്‍ ബഹളമുണ്ടാക്കിയ ശേഷം കടന്നുകളയുകയായിരുന്നു ഇയാള്‍. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങളാണ് വാഹനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എഴുതിയിട്ടുള്ളത്. വാഹനത്തില്‍ വസ്ത്രങ്ങളും കാറിന്‍റെ സ്‌പെയര്‍ പാര്‍ട്‌സും അടങ്ങിയ പത്തോളം ബാഗുകളുണ്ടായിരുന്നു. പിടിയിലായത് മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഏതെല്ലാം വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് പോലീസ് തീരുമാനിച്ചിട്ടില്ല.പഞ്ചാബ് സ്വദേശി ഓംങ്കാർ സിംഗിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിയിലായ പ്രതി വാഹനം മോഷ്ടിച്ച് കടന്ന് കളഞ്ഞതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. ഹോട്ടലിലെ ബാറിൽ നിന്നും ഇയാൾ വലിയ തുകയ്ക്ക് മദ്യം ആവശ്യപ്പെട്ടു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ ദുരൂഹത തോന്നിയ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകിയില്ല. ഇതിൽ കുപിതനായ പ്രതി പിന്നീട് ഹോട്ടലിൽ ബഹളം വെച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി.ഹോട്ടൽ അധികൃതർ പോലീസിനെ വിവരമറിയിച്ചതോടെ ഇയാൾ കാർ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

കൊറോണ വ്യാപനം; സംസ്ഥാനത്ത് ഇന്ന് നിർണായക അവലോകന യോഗം

keralanews corona spreading critical review meeting in the state today

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിർണായക അവലോകന യോഗം ഇന്ന്.11 മണിക്കാണ് യോഗം ചേരുക.മുഴുവൻ ജില്ലകളിലെയും കൊറോണ സാഹചര്യം യോഗത്തിൽ വിലയിരുത്തും.സംസ്ഥാനത്ത് കൊറോണയും ഒമിക്രോണും പടരുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേരുന്നത്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംബന്ധിച്ചും, പ്രതിരോധ മാർഗങ്ങളിലും വിദഗ്ദസമിതിയുടെ നിർദ്ദേശങ്ങൾ തേടും എന്ന് മന്ത്രാലയം വ്യക്തമാക്കി.കൊവിഡ്, ഒമിക്രോണ്‍ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവാഹം മരണം മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നേരത്തെ നിയന്ത്രണം ഏൽപ്പെടുത്തിയിരുന്നു. ഇന്ന് ചേരുന്ന യോഗത്തിൽ കൂടുതൽ നിയന്ത്രണം ഉണ്ടാകുമെങ്കിലും നിയന്ത്രണം കടുപ്പിക്കില്ലെന്നാണ് വിവരമെന്ന് ഉദ്ദ്യോഗസ്ഥർ അറിയിച്ചു. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യത്തെ എല്ലാ ആരോഗ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അടിയന്തര യോഗത്തിൽ ഇത് സംബന്ധിച്ച് അറിയിപ്പുകൾ നൽകിയിരുന്നു. കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഓൺലൈൻ വഴി കൂടിക്കാഴ്ച നടത്തും.

ജനങ്ങൾ ജാഗ്രത പാലിക്കണം;സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചിടൽ ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ്

keralanews people need to be vigilant there will be no complete shutdown in the state says health minister veena george

തിരുവനന്തപുരം:ജനജീവിതത്തെ ബാധിക്കുമെന്നതിനാൽ സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചിടൽ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഒമിക്രോണ്‍ വകഭേദത്തിന്‍റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നു വരുന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ മാനദണ്ഡം കേന്ദ്ര നിര്‍ദേശമനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏഴ് ദിവസമാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് കൂടുതലായി ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിബന്ധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. എട്ടാം ദിവസം വീണ്ടും നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം.

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു

keralanews four including three malayalees died in an accident in bengaluru

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.കൊച്ചി തമ്മനം ചന്ദ്രമതി ലെയിന്‍ ചോലയില്‍ വീട്ടില്‍ സ്വദേശിനി കെ.ശില്‍പ, കോഴിക്കോട് സ്വദേശികളായ ആദര്‍ശ്, ഫാസില്‍ എന്നിവരാണ് മരിച്ചത്. ഒരു യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.ഇവർ സഞ്ചരിച്ച കാറിനു പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഒറ്റപ്പാലം അനങ്ങനടി സ്വദേശിനി അപര്‍ണ അരവിന്ദിന്റെ പേരിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം.ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന ഇവര്‍ കെംഗേരിയിലേക്കു പോകുന്ന വഴി തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറി കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച കാര്‍ മറ്റു വാഹനങ്ങളിലും ചെന്നിടിച്ചു. മൂന്ന് ലോറികളും അഞ്ച് കാറുകളും അപകടത്തില്‍ പെട്ടു. ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം;നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിൽ

keralanews incident of abducting newborn baby from medical college hospital neetus boyfriend ibrahim badusha arrested

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതിയായ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വഞ്ചന, ബാലനീതി എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. പണം നൽകാത്തത് ചൂണ്ടിക്കാട്ടി നീതുവിനെ മർദ്ദിച്ചതിനും ഇബ്രാഹിമിനെതിരെ കേസെടുത്തിട്ടുണ്ട്. പലതവണ നീതുവിൽ നിന്ന് പണവും ആഭരണങ്ങളും ഇബ്രാഹിം കൈവശപ്പെടുത്തിയെന്നാണ് വിവരം. നീതുവിന്റെ മൂത്ത കുട്ടിയെ ഇയാൾ ഉപദ്രവിച്ചതായും വിവരമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം നഴ്‌സിന്റെ വേഷത്തിൽ വാർഡിലെത്തി തെറ്റദ്ധരിപ്പിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവർക്ക് ഭർത്താവും ആറ് വയസായ ആൺകുട്ടിയുമുണ്ട്. ഇബ്രാഹിം ബാദുഷയുമായി ബന്ധം പുലർത്തിയ നീതു ഇയാളെ നഷ്ടപ്പെടുമെന്ന് ഭയന്നതിനെ തുടർന്നാണ് പ്രസവിച്ചെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത്.മാസങ്ങൾക്ക് മുമ്പ് നീതു ഗർഭിണിയായിരുന്നു. ഈ വിവരം ഇബ്രാഹിമിനെ അറിയിക്കുകയും ചെയ്തു. എന്നാൽ ഗർഭം അലസിപ്പോയ വിവരം നീതു മറച്ചുവെച്ചു. അതിനാൽ ഒരു നവജാത ശിശുവിനെ കൈക്കലാക്കി ഇബ്രാഹിമിന്റെ കുഞ്ഞാണ് കൈവശമുള്ളതെന്ന് വിശ്വസിപ്പിക്കാൻ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിക്കുകയായിരുന്നു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ ഇബ്രാഹിം ബാദുഷയ്‌ക്ക് പങ്കില്ലെങ്കിലും നീതുവിന്റെ കുട്ടിയെ ഉപദ്രവിച്ചതിനും പണം തട്ടിയതിനുമാണ് പ്രതി ചേർത്തിരിക്കുന്നത്.

പാലക്കാട് റോഡരികിൽ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

keralanews oman found beheaded on palakkad road side

പാലക്കാട് : പുതുനഗരത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന തമിഴ്‌നാട് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.മരിച്ച ആളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തിട്ടുണ്ട്. ആറ് മാസം മുൻപാണ് പ്രദേശത്ത് സ്ത്രീ താമസം തുടങ്ങിയത്. ഇന്നലെ രാത്രി സ്ത്രീയെ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പറയുന്നു.കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്.

പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു;മരണം അന്‍പതിനായിരത്തിലേക്ക്;കേരളം കനത്ത ജാഗ്രതയിൽ

keralanews daily covid cases increasing death rises to 50000 high alert in kerala

തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലേക്ക്.ഇന്നലെ 8.2 ആയിരുന്നു ടി.പി.ആര്‍. രണ്ടു ജില്ലകളിൽ രോഗികളുടെ എണ്ണം ആയിരം കടന്നു.ഒമിക്രോണ്‍ ഭീതിക്കിടെ വീണ്ടും കൊവിഡ് കേസുകളും കുതിക്കുമ്പോൾ കേരളം പഴയ അവസ്ഥയിലേക്കുതന്നെ എത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. ടിപിആര്‍ വീണ്ടും പത്തിലെത്തിയാല്‍ ഇത് ഒമിക്രോണ്‍ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒമിക്രോണ്‍ വഴി മൂന്നാം തരംഗമുണ്ടായാല്‍ പ്രാഥമിക രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കേണ്ടി വരുമെന്ന് കണക്കാക്കിജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകിക്കഴിഞ്ഞു.വിദേശത്തു നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കി കഴിഞ്ഞു. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഇന്നലെ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. എന്നിട്ടും 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു.അതേ സമയം കൊവിഡ് മരണം അൻപതിനായിരത്തിലേക്ക് കടക്കുകയാണ്.

സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു;കൂടുതലും ലോ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക്

keralanews 25 omicron cases confirmed in the state today more cases from low risk countries

തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ മൂന്ന് വീതം പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 305 ആയി.ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.മലപ്പുറം ജില്ലയിലുള്ള 42 വയസുകാരിക്കും തൃശൂര്‍ ജില്ലയിലുള്ള 10 വയസുകാരിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറത്ത് 14 പേര്‍ യുഎഇയില്‍ നിന്നും 4 പേര്‍ ഖത്തറിൽ നിന്നും, ആലപ്പുഴയില്‍ 2 പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ സൗദി അറേബ്യയില്‍ നിന്നും, തൃശൂരില്‍ ഒരാള്‍ ഖത്തറിൽ നിന്നും ഒരാള്‍ യുഎസ്‌എയില്‍ നിന്നും വന്നതാണ്.ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരിൽ 209 പേർ  ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 64 ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 32 പേർക്ക് സമർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മന്ത്രി പറഞ്ഞു.