എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല;ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടൈംടേബിള്‍;മന്ത്രി വി ശിവന്‍കുട്ടി

keralanews no change in sslc plus two exams special timetable for online classes says minister v sivankutty

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപതാം ക്ലാസുവരെയുള്ള സ്‌കൂളുകള്‍ അടച്ചെങ്കിലും എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. എസ്‌എസ്‌എല്‍സി പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചു.എസ്‌എസ്‌എല്‍സി പാഠഭാഗം ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കും. പ്ലസ് ടു പാഠഭാഗം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.10, 11, 12 ക്ലാസുകളിലെ അദ്ധ്യയനം സ്‌കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊറോണ മാർഗ്ഗരേഖാ നിർദ്ദേശങ്ങൾ പരിഷ്‌കരിക്കും. ഇക്കാര്യം സംബന്ധിച്ച് തിങ്കളാഴ്‌ച്ച ഉന്നതതല യോഗം ചേരുമെന്നും ശിവൻകുട്ടി അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ പുനഃക്രമീകരിക്കും. സ്‌കൂളുകളില്‍ കോവിഡ് വ്യാപനം രൂക്ഷമല്ല. എങ്കിലും കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ സര്‍ക്കാരിന് പരീക്ഷണം നടത്താനാകില്ല. അതുകൊണ്ടാണ് സ്‌കൂള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ അടയ്ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. ഇത് സിബിഎസ്‌ഇ, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു.കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്‌കൂള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.എന്നാല്‍ പത്താം ക്ലാസ് മുതല്‍ പ്ലസ് ടു വരേയുള്ള ക്ലാസ്സുകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.രാത്രികാല കര്‍ഫ്യൂവും വരാന്ത്യ നിയന്ത്രണങ്ങളും വേണ്ടെന്നാണ് തീരുമാനം.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസ്;ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

keralanews case of attempt to endanger an investigating office dileeps anticipatory bail hearing postponed till tuesday

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം 5 പ്രതികൾ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബാലചന്ദ്രകുമാറിന്റെ മൊഴി വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഈ സാഹചര്യത്തിൽ ചൊവ്വാഴ്‌ച്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. കോടതിയുടെ നിർദ്ദേശം പോലീസ് അംഗീകരിക്കുകയും ചെയ്തു.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം. ഭീഷണിക്കേസ് പൊലീസിന്‍റെ കള്ളകഥ ആണെന്നും ഹരജിയിൽ പറയുന്നു.ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹരജി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹരജിയിലെ പ്രധാന ആരോപണം. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹരജി പരിഗണിക്കുന്നത്.നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തതിലുള്ള വിരോധത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരായ കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 116, 118സ 120 ബി, 506, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ വധഭീഷണി കള്ളക്കഥയാണെന്നും വിചാരണയിൽ നിന്നും രക്ഷപ്പെടാനുള്ള സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥനുമായ ബൈജു പൗലോസിന്റെ നീക്കമാണിതെന്നും ദിലീപ് കോടതിയിൽ അറിയിച്ചു.

കോവിഡ് വ്യാപനം;സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കും;ഇനി ഓൺലൈൻ ക്ലാസ്;ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും ഇല്ല

keralanews covid spread schools in the state will close no night curfew and lockdown

തിരുവനന്തപുരം:ഒമിക്രോൺ ഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ.സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടക്കും.ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കാണ് നിയന്ത്രണമുള്ളത്. ഇവർക്ക് ജനുവരി 21 മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുമെന്നാണ് വിവരം.ഉയര്‍ന്ന ക്ലാസുകളും കോളേജുകളും പ്രവര്‍ത്തിക്കും. അതേസമയം, വാരാന്ത്യ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും ഉണ്ടാകില്ല. ഏതെങ്കിലും സ്ഥാപനങ്ങളില്‍ കോവിഡ് രൂക്ഷമായാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സ്ഥാപനം തത്കാലം അടച്ചിടാമെന്നും ഇന്നു ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. സ്ഥിതിഗതികള്‍ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.മാര്‍ച്ച്‌ അവസാനം നിശ്ചയിച്ച വാര്‍ഷിക പരീക്ഷകള്‍ മാറ്റാനിടയില്ല. അത്തരത്തില്‍ നിര്‍ണായകമായ പരീക്ഷകള്‍ മാറ്റേണ്ട സാഹചര്യം ഒഴിവാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്.വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് വിക്ടേഴ്സ് വഴിയാകുമോ ക്ലാസ്സുകള്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമാക്കി ഒരു മാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു

keralanews case of rape of nun court acquitted franco mulaikkal

കോട്ടയം:കന്യാസ്ത്രീയെപീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടു.കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് വിധി പ്രഖ്യാപിച്ചത്. കേസിലെ വിധി കേൾക്കാനായി ഫ്രാങ്കോ പിൻവാതിലിലൂടെ കോടതിയിലെത്തിയിരുന്നു.കോട്ടയം അഡീഷണൽ സെഷൻസ് കോടതിയ്‌ക്ക് സമീപം വൻ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ ഉയർത്തി. ബോംബ്, ഡോഗ് സ്‌ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തി. കുറുവിലങ്ങാട് മഠത്തിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 105 ദിവസത്തെ രഹസ്യ വിചാരണയ്‌ക്കൊടുവിലാണ് വിധി വരുന്നത്.105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരെയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂർത്തിയാക്കി. 2018 ജൂൺ 27നാണ് ബിഷപ്പിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.കുറുവിലങ്ങാട് മഠത്തില്‍ വച്ച്‌ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്‍റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് കൊറോണ, ഒമിക്രോൺ കേസുകൾ വർധിക്കുന്നു;ഇന്ന് അവലോകന യോഗം; പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും

keralanews corona omicron cases increased in the state review meeting today new restrictions may be announced

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ, ഒമിക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് വീണ്ടും അവലോകന യോഗം ചേരും.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള യോഗത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സ്‌കൂൾ, ഓഫീസ് പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. വാരാന്ത്യ നിയന്ത്രണം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ സർക്കാർ ഏർപ്പെടുത്തിയിരുന്നില്ല. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ലെന്നാണ് അവലോകന യോഗത്തിൽ തീരുമാനിച്ചത്.സ്‌കൂളുകൾ അടക്കേണ്ട സാഹചര്യം നിലവിലില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം അടുത്ത അവലോകന യോഗത്തിൽ സ്വീകരിക്കുമെന്നും മറ്റ് തീരുമാനങ്ങളെ കുറിച്ച് വൈകാതെ അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രതിരോധ മാർഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.പ്രതിദിന കോവിഡ് കേസുകൾ ഒരാഴ്ചക്കിടെ കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. സ്‌കൂളുകളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണമായിരിക്കും പ്രധാനമായും പരിഗണനക്ക് വരിക. പൂർണമായും സ്‌കൂളുകൾ അടച്ചിടേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻറേയും അധ്യാപക സംഘടനകളുടേയും നിലപാട്. കോവിഡ് വ്യാപനം വീണ്ടുമുയർന്നാൽ ചില ക്ലാസുകൾ മാത്രം ഓൺലൈനിലാക്കും. ആരോഗ്യവിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള കർശന നിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ പ്രതിയായ ബലാൽസംഗ കേസിൽ വിധി ഇന്ന്

keralanews verdict in the rape case of bishop franco mulaikkal today

കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ പ്രതിയായ ബലാൽസംഗ കേസിൽ നിർണായക വിധി ഇന്ന് പ്രഖ്യാപിക്കും.കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറയുന്നത്. കുറവിലങ്ങാട് നാടാകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ 2018 ജൂണിലാണ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്. കുറവിലങ്ങാട്ടെ മഠത്തിലും മറ്റിടങ്ങളിലും വച്ച് 2014 മുതൽ 2016 വരെ 13 തവണ ഫ്രാങ്കോ മുളയ്‌ക്കൽ ബലാൽസംഗം ചെയ്‌തെന്നാണ് കേസ്. അന്യായമായി തടഞ്ഞുവെയ്‌ക്കൽ, അധികാര ദുർവിനിയോഗം നടത്തിയുള്ള ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാൽസംഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയത്.അടച്ചിട്ട കോടതി മുറിയിൽ 105 ദിവസം നീണ്ട വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. 2019 ഏപ്രിൽ ഒൻപതിന് കുറ്റപത്രം സമർപ്പിച്ച കേസിൽ നവംബർ 30ന് വിചാരണ ആരംഭിച്ചു. വാദങ്ങളും പ്രതിവാദങ്ങളും 2021 ഡിസംബർ 29നാണ് പൂർത്തിയായത്. 83 പേരാണ് സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രതിഭാഗം ഒൻപത് സാക്ഷികളെയാണ് വിസ്തരിച്ചത്.2018 ജൂണ്‍ 27ന് ആണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിഷപ്പ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 2018 സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.2019 ഏപ്രില്‍ മാസത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ കൂടാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രീം കോടതി തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്.

സിൽവർ ലൈനിന് എതിരെ വീണ്ടും പ്രതിഷേധം; മാടായിപ്പാറയിൽ സർവേക്കല്ലുകൾ വീണ്ടും പിഴുതുമാറ്റി റീത്ത് വച്ചു

keralanews protest against silver line survey stones were removed again in madayippara

കണ്ണൂർ:സിൽവർ ലൈനിന് എതിരെ വീണ്ടും പ്രതിഷേധം ശക്തം.മാടായിപ്പാറയില്‍ പ്രതിഷേധക്കാർ എട്ട് കെ റെയില്‍ അതിരടയാളക്കല്ലുകള്‍ പിഴുതു മാറ്റി റീത്ത് വച്ചു.ഇന്ന് രാവിലെയോടെയാണ് സംഭവം. കല്ല് പിഴുത് കളഞ്ഞത് ആരാണെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പാറക്കുളത്തിന് സമീപവും സർവേക്കല്ല് പിഴുതുമാറ്റിയിരുന്നു. സർവേയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞ സംഭവവും ഉണ്ടായിരുന്നു.സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം നിലനിൽക്കുന്ന സ്ഥലമാണ് മാടായിപ്പാറ. നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി, സിൽവർ ലൈന്‍ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്മകള്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്തിരുന്നു.സംഭവത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്നാണ് മാടായിപ്പാറ സംരക്ഷണ സമിതിയും സിൽവർ ലൈൻ വിരുദ്ധ സമിതിയും പറയുന്നത്. മാടായിപ്പാറയിൽ തുരങ്കം നിർമ്മിച്ച് പാത പണിയുമെന്നായിരുന്നു പ്രഖ്യാപനം.

സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

keralanews 59 omicron cases confirmed in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 480 ആയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതിയതായി ഒമിക്രോൺ ബാധിച്ചവരിൽ 42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. അതേസമയം കൊവിഡ് ക്ലസ്റ്റർ മറച്ചുവെച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളേജിനെതിരെ ഇതിനോടകം മന്ത്രി നടപടിക്ക് നിർദേശം നൽകി. ഒമിക്രോൺ ക്ലസ്റ്ററായ വിവരം നഴ്‌സിങ് കോളേജ് മറച്ചുവെച്ചുവെന്ന് വീണാ ജോർജ്ജ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് നടപടി.

ദിലീപിന്റെ വീട്ടിൽ റെയ്ഡ്; അന്വേഷണ സംഘം വീടിനുള്ളിൽ കടന്നത് മതിൽ ചാടിക്കടന്ന്;റെയ്ഡിന് എത്തിയത് 20 അംഗ സംഘം

keralanews raid in dileeps house investigation team entered the house jumped over the wall 20 member team reached for raid

ആലുവ:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്. പൊലീസ് സംഘം റെയ്ഡിനെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു.തുടര്‍ന്ന് പൊലീസ് ഗേറ്റ് ചാടിക്കടന്നു. ദിലീപിന്‍റെ സഹോദരിയെ വിളിച്ചുവരുത്തി വീട് തുറക്കുകയായിരുന്നു. 20 അംഗ സംഘമാണ് റെയ്ഡിനെത്തിയത്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ ആലുവ പറവൂർ കവലയിലെ വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയത്.നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റെയ്ഡ്. നാലു പൊലീസ് വാഹനങ്ങളിലായി റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.പരിശോധന കോടതിയുടെ അനുമതിയോടെയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനിയിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ‘പത്മസരോവരം’ വീട്ടിലെ ഹാളില്‍ വച്ചാണ് ഗൂഢാലോചന നടത്തിയത് എന്ന് വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് മൊഴി നല്‍കിയത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ തേടിയാണ് പോലീസ് ആലുവയിലെ വീട്ടില്‍ എത്തിയിരിക്കുന്നത്. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വതിലുള്ള സംഘമാണ് പ്രൊഡക്ഷന്‍ ഹൌസിലെത്തിയത്. ഓഫീസ് പൂട്ടി കിടക്കുന്നതിനാല്‍ ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പരിശോധന.

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

keralanews gold worth 68 lakh seized from kannur airport

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കുമ്പള സ്വദേശിയായ മൊഹിദീൻകുഞ്ഞിയിൽ നിന്നാണ് സ്വർണം പിടിച്ചത്. വിപണിയിൽ 68 ലക്ഷം രൂപ വിലവരുന്ന 1,400 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത് എന്ന് കസ്റ്റംസ് പറയുന്നു. മിക്‌സർ ഗ്രൈൻഡറിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഇയാളുടെ പദ്ധതി. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.