കണ്ണൂരില്‍ മഴുവുമായി സൂപ്പർമാർക്കറ്റിലെത്തിയ യുവാവ് സാധനങ്ങളും കൗണ്ടറിലെ ചില്ലുകളും അടിച്ചുതകര്‍ത്തു;തിരികെ പോയത് രണ്ട് ചോക്ലേറ്റുമായി

keralanews young man came to supermarket with ax in kannur smashed goods and windows of the counter and went back with two chocolates

കണ്ണൂർ:മഴുവുമായി സൂപ്പർമാർക്കറ്റിലെത്തിയ യുവാവ് സാധനങ്ങളും കൗണ്ടറിലെ ചില്ലുകളും അടിച്ചുതകര്‍ത്തു.ഗുരുജിമുക്ക് സ്വദേശിയായ ജമാല്‍ എന്ന യുവാവാണ് പെരിങ്ങത്തൂര്‍ ടൗണിലെ സഫാരി സൂപ്പര്‍മാര്‍ക്കറ്റിലെത്തി അക്രമം അഴിച്ചുവിട്ടത്.ഞായറാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം. മഴുവുമായെത്തിയ ജമാല്‍ സഫാരി സൂപ്പര്‍മാര്‍ക്കറ്റിന്റെ പുറത്തുള്ള ചില്ലുകള് അടിച്ചു തകര്‍ക്കുകയായിരുന്നു. ശേഷം അകത്തു കയറിയ യുവാവ് ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. ഇതോടെ കടയിലുണ്ടായിരുന്നവരൊക്കെ ഓടി രക്ഷപ്പെട്ടു. ഒടുവില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന രണ്ട് ചോക്ലേറ്റുമെടുത്ത് യുവാവ് പുറത്തിറങ്ങി.യുവാവിനെ കീഴ്‌പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടെ ആയുധം വീശി ജമാല്‍ ഭീഷണിപ്പെടുത്തി. പിടിച്ചു മാറ്റാന്‍ ശ്രമിച്ച ചിലര്‍ക്ക് മഴു വീശുന്നതിനിടെ നിസാര പരിക്കേറ്റു. സൂപ്പര്‍ മാര്‍ക്കറ്റിലെ അക്രമം കഴിഞ്ഞ് കുറച്ചു സമയത്തിനുള്ളില്‍ ജമാലിന്റെ ഓട്ടോറിക്ഷ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവ സമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജനുവരി 19 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്സീന്‍;967 സ്‌കൂളുകൾ സജ്ജം; വാക്‌സിൻ നൽകുക രക്ഷിതാക്കളുടെ അനുമതിയോടെ;മന്ത്രി വി. ശിവൻകുട്ടി

keralanesws vaccine for children in schools in the state from january 19 967 schools ready vaccine given with the permission of parents says minister shivankutty

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.രക്ഷിതാക്കളുടെ അനുമതിയോടെയേ കുട്ടികൾക്ക് വാക്‌സിൻ നൽകൂ എന്ന് മന്ത്രി അറിയിച്ചു. ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 8.14 ലക്ഷം കുട്ടികൾ വാക്‌സിനേഷന് അർഹരാണെന്ന് മന്ത്രി അറിയിച്ചു.500 ന് മുകളില്‍ വാക്സിന്‍ അര്‍ഹത ഉള്ള കുട്ടികള്‍ ഉള്ള സ്കൂളുകളാണ് വാക്സീന്‍ കേന്ദ്രമായി കണക്കാക്കുന്നത്. 967 സ്‌കൂളുകളാണ് അത്തരത്തില്‍ വാക്സീന്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ആംബുലന്‍സ് സര്‍വീസും പ്രത്യേകം മുറികള്‍ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10,11,12 എന്നീ ക്ലാസുകളുടെ നടത്തിപ്പ് നിലവിലെ രീതി തുടരുമെന്നും 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്ക് തന്നെയായിരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭിന്ന ശേഷിക്കാര്‍ക്ക് വാക്സിന്‍ വേണ്ടെങ്കില്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. രക്ഷിതാക്കളുടെ സമ്മതം ഉള്ള കുട്ടികള്‍ക്കേ വാക്സിന്‍ നല്‍കൂ. വാക്സീന്‍ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന സ്കൂളുകളില്‍ 18ന് വകുപ്പുതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

കണ്ണൂരിൽ സിപിഎം -കോൺഗ്രസ് സംഘർഷ സാദ്ധ്യത;പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്താൻ നിർദ്ദേശം

keralanews possibility of cpm congress clash in kannur proposal to provide security to party offices

കണ്ണൂർ: കണ്ണൂരിൽ സിപിഎം -കോൺഗ്രസ് സംഘർഷ സാദ്ധ്യതയെന്ന് റിപ്പോർട്ട്.ഈ സാഹചര്യത്തിൽ  പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്താൻ പൊലീസിന് നിർദ്ദേശം നൽകി. ഓഫീസുകൾ ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയാണ് നിർദ്ദേശം നൽകിയത്.മുഴുവൻ സേനാംഗങ്ങളോടും അവധി റദ്ദാക്കി തിരിച്ചെത്താൻ ഉത്തരവിട്ടു. ജില്ലയിൽ പെട്രോളിങും പരിശോധനകളും വർധിപ്പിക്കണം. പോലീസ് സ്‌റ്റേഷനിൽ ഡ്യൂട്ടിയിൽ അല്ലാത്ത പോലീസുകാർ സ്‌റ്റേഷൻ പരിധി വിട്ട് പോകാൻ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.ഇടുക്കി ഗവ എൻജിനീയറിംഗ് കോളേജിൽ എസ്എഫ്ഐ  പ്രവർത്തകനായ ധീരജ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കേരളത്തിൽ സംഘർഷങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി സിപിഎമ്മും ഇടത് വിദ്യാർത്ഥി സംഘടനകളും ചേർന്ന് വ്യാപക പ്രതിഷേധങ്ങളാണ് അഴിച്ചുവിടുന്നത്. ഇതിനെതിരെ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കണ്ണൂരിൽ സുരക്ഷ കർശനമാക്കിയിരിക്കുന്നത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്;പ്രധാന സാ​ക്ഷി​ക​ളെ വീ​ണ്ടും വി​സ്ത​രി​ക്കാ​ന്‍ അ​നു​മ​തി നൽകി ഹൈക്കോടതി

keralanews actress attack case high court grant permission to cross examine key witnesses

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി. കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. എട്ട് സാക്ഷികളെയാകും വിചാരണ ചെയ്യുക.12 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.നാല് പേരെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.കേസിൽ നിർണായക മൊഴി നൽകിയേക്കാവുന്ന സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.പ്രധാനപ്പെട്ട രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യവും വിചാരണ കോടതി തള്ളിയിരുന്നു. എന്നാൽ രേഖകൾ വിളിച്ചുവരുത്താൻ ഹൈക്കോടതി അനുമതി നൽകി. നേരത്തെ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചത്. 10 ദിവസത്തിനുള്ളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും കോടതി നിർദ്ദേശിച്ചു.ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഹർജിയിൽ വിധി പറഞ്ഞത്. അതേസമയം കേസിലെ പ്രതിയായ നടന്‍ ദിലീപ് ഹര്‍ജിയെ ശക്തമായി എതിര്‍തിരുന്നു. വിചാരണ നടപടികള്‍ ബോധപൂര്‍വം നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്ന് ആരോപിച്ചായിരുന്നു ദിലീപിന്‍റെ വാദം.

കൊവിഡ് വ്യാപനം;സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന്

keralanews covid spread level meeting of education department today to discuss the functioning of schools in the state

തിരുവനന്തപുരം:കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് ചേരും.പതിനൊന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചേംമ്പറിലാണ് യോഗം. ഓഫ് ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടിയുള്ള വിശദമായ മാര്‍ഗ രേഖയും യോഗത്തില്‍ പുറത്തിറക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ഓണ്‍ലൈന്‍ ക്ലാസ്സിന്റെ വിശദാംശങ്ങളും മാര്‍ഗ രേഖയില്‍ ഉണ്ടാകും.പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ക്കായാണ് മാര്‍ഗ രേഖ തയ്യാറാക്കുന്നത്. ക്ലാസ് സമയവും എത്ര കുട്ടികളെ പ്രവേശിപ്പിക്കണം എന്നതടക്കമുള്ള വിവരങ്ങള്‍ മാര്‍ഗ്ഗ രേഖയിലുണ്ടാകും. എസ്എസ്എല്‍സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ്ടു സിലബസ് ഫെബ്രുവരി അവസാന വാരവും പൂര്‍ത്തിയാക്കും.കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ക്ലാസുകള്‍ എത്ര നാള്‍ തുടരണമെന്ന കാര്യം ഫെബ്രുവരി രണ്ടാം വാരം പരിശോധിക്കും. പ്രാക്ടിക്കല്‍ ക്ലാസുകളിലെ പഠനരീതി സംബന്ധിച്ചും നിര്‍ദേശം ഉണ്ടാകും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം;ടി പി ആർ 30 ശതമാനത്തിനു മുകളിൽ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ആരോഗ്യ വകുപ്പ്

keralanews covid spread is severe in the state t p r above 30 percentage health department tightens controls

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു.പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയരുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആര്‍ 36 ന് മുകളിലാണ്.ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കുന്നതിനായി കൂടുതല്‍ സെക്‌ട്രല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ പ്രതിദിന കൊവിഡ് കേസുകള്‍ പതിനെട്ടായിരം കടന്നപ്പോള്‍ ഇന്നലത്തെ ടിപിആര്‍ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയില്‍ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആശുപത്രിയില്‍ ചികിത്സ തേടേണ്ട രോഗികളുടെയെണ്ണവും ഉയരുകയാണ്.

നിലവില്‍ 1,03,864 രോഗികളാണ് കേരളത്തിലുള്ളത്.ഒറ്റ ആഴ്ചകൊണ്ട് 144 ശതമാനം വര്‍ധനവാണ്‌ രോഗികളുടെയെണ്ണത്തിലുണ്ടായത്. ഇതനുസരിച്ച്‌ വീട്ടിലെ വിശ്രമത്തിനപ്പുറം ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടവരുടെയെണ്ണവും ഈ ആഴ്ച ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 31 ശതമാനം വര്‍ധനയാണ് ഇക്കൂട്ടരിലുണ്ടായത്. ഇതോടെ ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കേണ്ട ഗുരുതര ലക്ഷണമുള്ളവരും വര്‍ധിക്കുകയാണ്. ഐ.സി.യുവിലെ രോഗികളുടെയെണ്ണം 14 ശതമാനവും വെന്റിലേറ്ററിലേത് 3 ശതമാനവുമാണ് കൂടിയത്. ഓക്സിജന്‍ കിടക്കകള്‍ ആവശ്യമുള്ളവരുടെയെണ്ണം 21 ശതമാനവും വര്‍ധിച്ചു. അതേസമയം വാക്സിനേഷന്‍ വേഗത്തിലാക്കി പ്രതിരോധം തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.ബുധനാഴ്ച മുതല്‍ സ്കൂളുകള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ക്ക് അന്തിമരൂപമായി.

കുതിച്ചുയർന്ന് കൊറോണ;സംസ്ഥാനത്ത് ഇന്ന് 17,755 പേർക്ക് രോഗബാധ;3819 പേർക്ക് രോഗമുക്തി

keralanews corona cases increasing 17755 infected in the state today 3819 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 17,755 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂർ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂർ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസർകോട്് 317, വയനാട് 250 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 89 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,674 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 150 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 964 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 153 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3819 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 486, കൊല്ലം 141, പത്തനംതിട്ട 321, ആലപ്പുഴ 208, കോട്ടയം 303, ഇടുക്കി 126, എറണാകുളം 757, തൃശൂർ 201, പാലക്കാട് 186, മലപ്പുറം 123, കോഴിക്കോട് 467, വയനാട് 82, കണ്ണൂർ 302, കാസർകോട് 116 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച നൽകിയത് കോട്ടയം സ്വദേശിയായ വി ഐ പി എന്ന് സൂചന

keralanews hint that a vip from kottayam give the visuals of actress attack case to dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച നൽകിയത് കോട്ടയം സ്വദേശിയായ വി ഐ പി എന്ന് സൂചന.ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലാണ് ഇയാളെ കുറിച്ച് പറയുന്നത്. ഗൂഢാലോചനയിൽ ആറാം പ്രതിയാണ് വിഐപി. ഇയാളുടെ ശബ്ദ സാംപിളുകൾ അടക്കം ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയിട്ടുണ്ട്.വിദേശത്ത് ഹോട്ടൽ വ്യവസായം നടത്തുന്ന ആളാണ് വിഐപി എന്നാണ് സൂചന. 2017 നവംബർ മാസം 15-ാം തീയതി ഒരു വിഐപിയാണ് ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച് നൽകിയതെന്നാണ് ബാലചന്ദ്രകുമാർ പോലീസിനോട് പറഞ്ഞത്. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലാണ് ദൃശ്യങ്ങൾ എത്തിച്ച് നൽകിയത്. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പോലീസ് സംശയിച്ചിരുന്നത് നാല് പേരെയാണ്. ഇവരുടെ ചിത്രങ്ങൾ ബാലചന്ദ്രകുമാറിനെ പോലീസ് കാണിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ഈ വ്യക്തികൾ അല്ലെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. പിന്നീടുണ്ടായ സംശയങ്ങളാണ് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയിൽ എത്തി നിൽക്കുന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള ആളെയാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. ശബ്ദ സാംപിളുകളുടെ അടക്കം ശാസ്ത്രീയ പരിശോധനയ്‌ക്ക് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.

സംസ്ഥാനത്ത് ഇന്ന് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

keralanes 48 omicron cases confirmed in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.കൂടാതെ യു.എ.ഇയില്‍ നിന്നും വന്ന മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കോഴിക്കാട് നിന്നുള്ള 8 പേര്‍ക്കും കോട്ടയത്ത് നിന്നുള്ള ഒരാള്‍ക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരില്‍ നിന്നുള്ള 3 പേരും കൊല്ലത്തു നിന്നുള്ള ഒരാളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.കോഴിക്കോട് -യുഎഇ 3, ഖത്തര്‍ 1, എറണാകുളം യുഎഇ 4, സൗദി അറേബ്യ, ബോട്‌സാന, ഖത്തര്‍, ഇറ്റലി, റൊമാനിയ ഒന്ന് വീതം, തൃശൂര്‍ -യുഎഇ 3, യുഎസ്‌എ 1, തിരുവനന്തപുരം -യുഎഇ 5, കുവൈറ്റ് 1, കോട്ടയം -യുഎഇ 2, കാനഡ 1, മലപ്പുറം -യുഎഇ 1, സൗദി അറേബ്യ 1, ആലപ്പുഴ -സൗദി അറേബ്യ 1, പാലക്കാട് -യുഎഇ 1, വയനാട് -ആസ്‌ട്രേലിയ 1 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കണക്ക്.ഇതോടെ സംസ്ഥാനത്ത് ആകെ 528 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 365 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 92 പേരും എത്തിയിട്ടുണ്ട്. 61 പേര്‍ക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 10 പേരാണുള്ളത്.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നടപ്പാക്കാന്‍ ആലോചന;മിനിമം ചാർജ്ജ് 10, വിദ്യാർത്ഥികൾക്ക് 5 രൂപ

keralanews proposed to increase bus fare in the state from february 1 minimum charge is rs 10 and rs 5 for students

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാർജ് വർധനവ് ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ ആലോചന. ഗതാഗത വകുപ്പിന്റെ ശുപാർശയ്‌ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. 2.5 കിലോമീറ്റർ ദൂരത്തിന് മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണ് ശുപാർശ. തുടർന്നുള്ള ദൂരത്തിൽ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും.ബിപിഎല്‍ കുടുംബങ്ങളില്‍നിന്നുള്ള (മഞ്ഞ റേഷന്‍ കാര്‍ഡ്) വിദ്യാര്‍ഥികള്‍ക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാര്‍ഥികളുടെയും മിനിമം ചാര്‍ജ് 5 രൂപയായി കൂട്ടും. നിലവില്‍ ഒന്നര കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് രണ്ടു രൂപയുമാണ് വിദ്യാര്‍ഥികളുടെ നിരക്ക്.രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയ്‌ക്ക് സർവീസ് ആരംഭിക്കുന്ന ഓർഡിനറി ബസുകളിൽ 50% അധികനിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.രാത്രികാല യാത്രകൾക്ക് ആൾ കുറവായതിനാൽ സർവ്വീസുകൾ നിർത്തുന്നത് കാരണമുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് രാത്രികാല സർവ്വീസുകൾക്ക് നിരക്ക് കൂട്ടുന്നത്.ബസ് നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ധന മകരവിളക്കിന് ശേഷമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് ബസുടമകള്‍ സമരം നീട്ടിവച്ചിരിക്കുന്നത്. ബസുടമുകളുമായി ഒരിക്കല്‍ കൂടി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.