ഇടുക്കി: പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്ത് അംഗവുമായ സോയ്മോന്‍ സണ്ണി ആണ് പിടിയിലായത്. ചെലച്ചുവട്ടിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ധീരജിനെ കൊലപ്പെടുത്തിയ കേസിലെ കത്തിയടക്കമുള്ള പ്രധാന തെളിവുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിന് മുന്നിലുള്ള വനമേഖലയില്‍ കത്തി ഉപേക്ഷിച്ചെന്നാണ് ഒന്നാം പ്രതി നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞത്. നിഖിലിനെ പ്രദേശത്ത് എത്തിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായിട്ടില്ല.നിഖില്‍ പൈലി, രണ്ടാം പ്രതി ജെറിന്‍ ജോജോ എന്നിവരെ ഈ മാസം 22 വരെയും മറ്റു പ്രതികളായ ജിതിന്‍, ടോണി, നിതിന്‍ എന്നിവരെ ഈ മാസം 21 വരെയും ഇടുക്കി ജില്ല കോടതി കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
കൊറോണ;സംസ്ഥാനത്ത് മൂന്നാഴ്ച അതീവ നിർണായകം;പ്രതിദിന രോഗികൾ അരലക്ഷം കടന്നേക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് പ്രതിദിനരോഗബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. വരുന്ന മൂന്നാഴ്ചകൾ അതീവ നിർണായകമാണെന്നും ഇതിനിടെ രോഗികൾ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും ആരോഗ്യവകുപ്പ് പറയുന്നു. നേരത്തെ കൊറോണ വന്നവരിൽ വീണ്ടും രോഗം വരുന്നതാണ് സാഹചര്യം. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 900ലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്തെ പല സ്വകാര്യ ആശുപത്രികളിലും കിടക്കകൾക്ക് ക്ഷാമം തുടങ്ങി. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 29 ശതമാനം കൂടി. ഓക്സിജൻ കിടക്കകൾ ആവശ്യമുള്ളവരുടെ കാര്യത്തിൽ 41 ശതമാനമാണ് വർധന. ആർടിപിസിആർ പരിശോധന കുറച്ച് ആന്റിജൻ ടെസ്റ്റുകൾ കൂട്ടാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.തിരുവനന്തപുരത്തും എറണാകുളത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു.വരുന്ന 27-ാം തിയ്യതിയോടെ പ്രതിദിന രോഗികൾ 37,000 കടന്നേക്കുമെന്ന മുന്നറിയിപ്പാണ് ദുരന്തനിവാരണ വകുപ്പും നൽകുന്നത്. ഫെബ്രുവരി രണ്ടാംവാരത്തോടെ കണക്കുകൾ ഏറ്റവും ഉയർന്ന നിലയിലെത്തും. 100 പേരെ പരിശോധിച്ചാൽ 75 പേർ വരെ രോഗബാധിതരാകുന്ന സാഹചര്യമുണ്ടായേക്കാം. ആശുപത്രികളിലെത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് നിർദേശം. ലാബുകളിൽ ജീവനക്കാരുടെ കുറവുമൂലം ആർടിപിസിആർ കുറയ്‌ക്കാനും നിർദേശമുണ്ട്. അതേസമയം മാർച്ച് മാസത്തോടെ രോഗവ്യാപനം കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.
കൊറോണ ഭീതിയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 28,481 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടി.പി.ആര്‍ 35.27 ശതമാനം
തിരുവനന്തപുരം:സംസ്ഥാനം വീണ്ടും കോറോണയുടെ പിടിയിലേക്ക്.ഇന്ന് 28,481 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂർ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂർ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസർഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 83 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 165 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,522 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 579 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 215 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7303 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 785, കൊല്ലം 989, പത്തനംതിട്ട 558, ആലപ്പുഴ 119, കോട്ടയം 159, ഇടുക്കി 283, എറണാകുളം 2468, തൃശൂർ 209, പാലക്കാട് 222, മലപ്പുറം 174, കോഴിക്കോട് 574, വയനാട് 137, കണ്ണൂർ 391, കാസർഗോഡ് 235 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു
വര്‍ക്കല: തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്‌സും വര്‍ക്കല സ്വദേശിനിയുമായ സരിത(46)യാണ് മരിച്ചത്.കല്ലറ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു എന്നാണ് സൂചന. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാണോ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.സരിതയെ കൂടാതെ വർക്കലയിലെ നിരവധി ആരോഗ്യപ്രവർത്തകർക്ക് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ കോവിഡ് സമൂഹവ്യാപനമാണ് സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മറ്റന്നാൾ അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്ത് 63 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു;തിരുവനന്തപുരത്തെ സ്വകാര്യ കോളേജ് ക്ലസ്റ്ററായി
തിരുവനന്തപുരം: സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 4 പേർ വിവിധ രാജ്യങ്ങളിൽ നിന്നും വന്ന തമിഴ്നാട് സ്വദേശികളാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ ലോ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും 9 പേർ ഹൈ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തിരുവനന്തപുരത്തുള്ള 7 പേർക്കും തൃശൂരിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ സ്ഥിരീകരിച്ചത്.തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 6 പേർ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ്. ടൂർ പോയി വന്നശേഷം കൊറോണ ക്ലസ്റ്റർ ആയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജ് ഒമിക്രോൺ ക്ലസ്റ്ററായിട്ടുണ്ട്.സംസ്ഥാനത്ത് ആകെ 591 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും 401 പേരും ഹൈ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 19 പേരാണുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്: ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. അറസ്റ്റിനുള്ള വിലക്കും വെള്ളിയാഴ്ച വരെ തുടരും. എന്നാല്‍, ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളവരുടെ വീടുകളില്‍ പരിശോധന നടത്തുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണു പരിഗണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് ഇന്നത്തേക്കു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.പ്രതികള്‍ക്കെതിരായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് പൊലീസ് ആവശ്യപ്പെട്ട പ്രകാരം പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷം; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ സെക്രട്ടറിയേറ്റിൽ കൊറോണ വ്യാപനം രൂക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിൽ പകുതിയോളം ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടറിയേറ്റിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഉള്‍പ്പെടെ ഓഫീസുകളിലെ 72 ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.വനം, ദേവസ്വം, ആരോഗ്യം ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ഓഫീസ് ജീവനക്കാര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേര്‍ക്കും രണ്ടാം തവണയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
തൃശ്ശൂരിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടർ പോലീസ് പിടിയിൽ
തൃശൂർ:നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടർ പോലീസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളേജിലെ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്.മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് ഹൗസ് സർജൻ കൂടിയായ അക്വിലിനെ പോലീസ് പിടികൂടിയത്. ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പോലീസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. കോഴിക്കോട് സ്വദേശിയാണ് ഇയാൾ. മെഡിക്കൽ കോളേജിലെ പല ഡോക്ടർമാരും മയക്കുമരുന്നിന് അടിമകളാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണ് ഈ വിവരങ്ങൾ ലഭിച്ചതും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് 2.4 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ പിടികൂടി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ ഒരു കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്. അക്വിലിന്റെ മുറിയിൽ വച്ചാണ് മറ്റ് ഡോക്ടർമാരും ലഹരി ഉപയോഗിച്ചിരുന്നത്. 15 ഡോക്ടർമാർ സ്ഥിരമായി ലഹരി ഉപയോഗിക്കാൻ തന്റെ മുറിയിൽ എത്താറുണ്ടായിരുന്നുവെന്ന് അക്വിൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ബംഗളുരുവിൽ നിന്നാണ് ഇവർക്ക് എംഡിഎംഎ ലഭിച്ചിരുന്നത്. വിശാഖപട്ടണത്ത് നിന്നാണ് ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിട്ടുണ്ട്.മാദ്ധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും.മാദ്ധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നത്. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകും വരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് ലംഘിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപ് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിട്ടില്ല. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബൈജു പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഇന്ന് 22,946 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;18 മരണം; 5280 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,946 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂർ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂർ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 54 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,904 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 181 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5280 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 579, കൊല്ലം 29, പത്തനംതിട്ട 487, ആലപ്പുഴ 336, കോട്ടയം 308, ഇടുക്കി 227, എറണാകുളം 1607, തൃശൂർ 402, പാലക്കാട് 215, മലപ്പുറം 133, കോഴിക്കോട് 513, വയനാട് 66, കണ്ണൂർ 280, കാസർഗോഡ് 98 എന്നിങ്ങനേയാണ് രോഗമുക്തിയായത്.