കോട്ടയം: ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയില്‍. കോട്ടയം കുറിച്ചി നീലംപേരൂര്‍ വെച്ചായിരുന്നു പാമ്പിന്റെ കടിയേറ്റത്.ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.നില ഗുരുതരമായതിനാൽ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലേക്കാണ് മാറ്റുക. എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്പിനെ പിടിക്കാന്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. ഒരു കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പ് ഒളിച്ചിരിപ്പുണ്ടായിരുന്നു. ഇതിനെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ വാവ സുരേഷിനെ വിളിച്ച് വരുത്തിയത്. പാമ്പിനെ പിടികൂടി ചാക്കില്‍ ഇടന്നതിനിടെയാണ് മൂര്‍ഖന്‍ കറങ്ങിവന്ന് തുടയില്‍ കടിക്കുകയായിരുന്നു.
കൊറോണ വ്യാപനം;സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റമില്ല;ഞായറാഴ്ച ലോക്ക്ഡൗൺ തുടരും
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം.ഇന്ന് ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഞായറാഴ്ച നടപ്പിലാക്കുന്ന ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങൾ തുടരാനും യോഗത്തിൽ തീരുമാനമായി. ജില്ലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കും മാറ്റമുണ്ടാകില്ല.നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനമാണ് ഉണ്ടായതെന്നും കൂടുതൽ കർശനമാക്കാൻ അധിക നിയന്ത്രണങ്ങൾ സർക്കാർ മുന്നോട്ട് വെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആരോഗ്യവകുപ്പ് മുന്നോട്ട് വെച്ച നിർദേശങ്ങൾ അവലോകന യോഗം പ്രധാനമായി പരിഗണിച്ചുവെന്നാണ് വിവരം.ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം അനുവദിക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ തുടരും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈൻ പഠന രീതിയിൽ മുന്നോട്ടുപോകും. വരും ദിവസങ്ങളിലെ കൊറോണ കേസുകളുടെ സാഹചര്യം പരിഗണിച്ച് അടുത്ത അവലോകന യോഗം നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് ഇന്ന് 42,154 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടിപിആർ 42.40 ശതമാനം; 38,458 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,154 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂർ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂർ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസർഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 42.40 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 638 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 54,395 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 174 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,406 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3234 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 340 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,458 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 6827, കൊല്ലം 2353, പത്തനംതിട്ട 2244, ആലപ്പുഴ 1541, കോട്ടയം 1099, ഇടുക്കി 1317, എറണാകുളം 7632, തൃശൂർ 4538, പാലക്കാട് 2121, മലപ്പുറം 2165, കോഴിക്കോട് 2805, വയനാട് 927, കണ്ണൂർ 1260, കാസർഗോഡ് 1629 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,57,552 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കണ്ണൂർ പയ്യന്നൂരിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ
കണ്ണൂർ:പയ്യന്നൂരിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ. ചിറ്റാരിക്കൊവ്വലിലെ പി അബ്ഷാദ്, പെരുമ്പയിലെ അബ്ദുൾ മുഹൈമിൻ എന്നിവരാണ് പിടിയിലായത്. പയ്യന്നൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ വൈശാഖിനു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 4.540 ഗ്രാം മെത്താഫിറ്റമിൻ പ്രതികളിൽ നിന്നും പിടിച്ചെടുത്തു.പ്രതികളെ അറസ്റ്റ് ചെയ്ത് പയ്യന്നൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് റിമാൻഡ് ചെയ്തു.
ആറളം ഫാമിൽ ചെത്തുതൊഴിലാളിയായ യുവാവിനെ ആന ചവിട്ടിക്കൊന്നു
കണ്ണൂർ:ആറളം ഫാമിൽ ചെത്തുതൊഴിലാളിയായ യുവാവിനെ ആന ചവിട്ടിക്കൊന്നു.മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷ് ആണ് ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ കള്ള് ചെത്താൻ എത്തിയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഒന്നാം ബ്ലോക്കിലാണ് സംഭവം. ഫാമിലെ കള്ള് ചെത്ത് തൊഴിലാളി ആണ് റിജേഷ്.അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.ഡിഎഫ്ഒ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരെ തടഞ്ഞുവെച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ഇവരെ അനുനയിപ്പിക്കാനായി മുൻ മന്ത്രി കെ.കെ.ശൈലജ സ്ഥലത്തെത്തി ചർച്ച നടത്തുകയാണ്.അഞ്ച് കൊല്ലത്തിനിടെ പ്രദേശത്ത് കാട്ടാന ചവിട്ടിക്കൊന്നത് 11 പേരെയാണ്. ഇവിടെ ആനമതിൽ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ പല തവണ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അധികൃതർ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടുകയാണ്. മാത്രമല്ല, മരിച്ച കള്ള് ചെത്ത് തൊഴിലാളിയുടെ മൃതദേഹം വിട്ട് താരാനാകില്ലെന്ന് വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞു. തുടർന്ന് ബന്ധുക്കളും, നാട്ടുകാരും ഇടപെട്ടാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നാട്ടുകാർ രോഷാകുലരായത്.
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം; സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്ന് ചാനൽ അധികൃതർ
കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം.ഫേസ്‌ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെയാണ് ചാനല്‍ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തല്‍ക്കാലം സംപ്രേഷണം നിര്‍ത്തുന്നുവെന്നും മീഡിയാവണ്‍ എഡിറ്റർ പ്രമോദ് രാമൻ വ്യക്തമാക്കി. നേരത്തെ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മീഡിയ വണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് 2020 മാര്‍ച്ച് 6 ന് അര്‍ധരാത്രിയാണ് സംപ്രേഷണം തടഞ്ഞത്.വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഈ ചാനലുകള്‍ വീഴ്ച വരുത്തിയെന്നും കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്.
ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വങ്ങളെയും അനുസ്മരിച്ചാണ് രാഷ്ട്രപതിയുടെ പ്രസംഗം.ലക്ഷക്കണക്കിന് സ്വാതന്ത്രസമര സേനാനികളുടെ ബലിദാനമാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം. 75വർഷത്തെ രാജ്യത്തിന്റെ വികസന മുന്നേറ്റത്തിൽ സംഭാവന നൽകിയ ചെറുതും വലുതുമായ എല്ലാവരേയും നമിക്കുന്നതായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.ഈ വർഷം തുടക്കം മുതൽ സ്വാതന്ത്ര്യസമരസേനാനികളെ എല്ലാ അർത്ഥത്തിലും ആദരിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ പരിപാടികൾ നടന്നുവരുന്നത്. സുഭാഷ് ചന്ദ്രബോസ് ജയന്തിയും ദേശീയ യുദ്ധസ്മാരക പരിപാടികളും രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു.രാജ്യത്തെ ജനങ്ങളും കേന്ദ്രസർക്കാറും തമ്മിലുള്ള ശക്തമായ വിശ്വാസവും സംരക്ഷണത്തിന്റേയും മികച്ച ഉദാഹരണമാണ് കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിൽ കാണുന്നത്. കൊറോണ മുന്നണിപോരാളികളെ നമിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.ഒരു വര്‍ഷത്തില്‍ കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തുവെന്നും അത്തരത്തില്‍ ഏറ്റവുമധികം ഡോസ് വാക്സിനുകള്‍ നല്‍കിയ രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ ഇന്‍ഡ്യയ്ക്ക് സാധിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.കോവിഡ് മഹാമാരി രാജ്യത്തെ നിരവധി പേരുടെ ജീവനെടുത്തു. ഇത്തരമൊരു സാഹചര്യത്തില്‍പോലും കേന്ദ്ര, സംസ്ഥാന സര്‍കാരുകളും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചു. അവര്‍ക്കെല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിനായി സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്തുന്നതിന് നിയമനിര്‍മാണം നടത്താന്‍ സര്‍കാരിന് സാധിച്ചെന്ന് രാഷ്ട്പതി പറഞ്ഞു. കേന്ദ്ര സര്‍കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചും രാഷ്ട്രപതി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്ബത്തികസര്‍വേ ലോക്‌സഭയില്‍ വെക്കും. ചൊവ്വാഴ്ച രാവിലെ ലോക്‌സഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്‌സഭയില്‍ ബുധനാഴ്ച ആരംഭിക്കും.നാലുദിവസമാണ് ചര്‍ച്ചയ്ക്കു നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു മറുപടി പറയും.കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കാരണം ബുധനാഴ്ചമുതല്‍ രാജ്യസഭ രാവിലെ 10 മുതല്‍ മൂന്നരവരെയും ലോക്‌സഭ വൈകിട്ട് നാലുമുതല്‍ രാത്രി ഒൻപതുവരെയുമാണ് ചേരുക.
ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് നിയമസഹായം വാഗ്‌ദാനം ചെയ്‌ത് നടൻ മമ്മൂട്ടി
കൊച്ചി: ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് നിയമസഹായം വാഗ്‌ദാനം ചെയ്‌ത് നടൻ മമ്മൂട്ടി.മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് വിചാരണ കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഹാജരാവാതെയിരുന്നത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മധുവിന്‍റെ കുടുംബത്തിന് സഹായവുമായി മമ്മൂട്ടി എത്തിയത്.നിയമമന്ത്രി പി രാജീവുമായി മമ്മൂട്ടിയും കേസിന്‍റെ മുന്നോട്ടുപോക്കിനെക്കുറിച്ച് സംസാരിച്ചു. കൂടാതെ മധുവിന്‍റെ കുടുംബത്തിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ നന്ദകുമാറിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.അഭിഭാഷക സഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് നടന്‍ മമ്മൂട്ടിയുടെ ഓഫീസില്‍നിന്ന് ഫോണില്‍ അറിയിച്ചതായി മധുവിന്റെ സഹോദരി സരസുവാണ് അറിയിച്ചത്. കേസിൽ ശക്തമായിത്തന്നെ മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ്;ഫോണുകൾ കോടതിയിൽ ഹാജരാക്കി;ജാമ്യഹർജിയിൽ ഇന്നും വാദം കേൾക്കും
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെയടക്കം ആറു ഫോണുകള്‍ ഹൈകോടതിയിലെത്തിച്ചു. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍,സഹോദരൻ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകള്‍, മറ്റൊരു ബന്ധുവിന്‍റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് ഹൈക്കോടതിയിലെത്തിച്ചത്. ദിലീപ് സ്വന്തം നിലക്ക് സ്വകാര്യ ഫോറന്‍സിക് പരിശോധനക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ തിരിച്ചെത്തിച്ചിരുന്നു.ഇന്ന് രാവിലെ പത്തേകാലിന് മുൻപായി ആറു മൊബൈല്‍ ഫോണുകളും രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കാനായിരുന്നു കഴിഞ്ഞ ദിവസം കോടതി നിര്‍ദേശം നൽകിയിരുന്നത്.മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. അംഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനയ്‌ക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഫോണുകൾ ലഭിച്ചാലുടൻ അവ കൈമാറിയ ഫൊറൻസിക് ലാബിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. മുംബൈയിൽ ഫോണിൽ നിന്ന് എന്തൊക്കെയാണ് പരിശോധിച്ചതെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ആദ്യശ്രമം.ഇനി കോടതി തീരുമാനിക്കുന്ന ഏജൻസിയാകും ഫോണുകളുടെ ഫൊറൻസിക് പരിശോധന നടത്തുന്നത്. അതേ സമയം ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഇന്നും വാദം നടക്കും. ഉച്ചയ്‌ക്ക് 1.45നാണ് കേസ് പരിഗണിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ അടക്കം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും.
സംസ്ഥാനത്ത് പ്രത്യേക കോവിഡ് അവലോകന യോഗം ഇന്ന്;നിയന്ത്രണങ്ങൾ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രത്യേക അവലോകന യോഗം ഇന്ന് ചേരും.ഞായറാഴ്ചകളിൽ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സി കാറ്റഗറി നിയന്ത്രണം ഉള്ള സ്ഥലങ്ങളില്‍ തിയേറ്ററുകള്‍, ജിമ്മുകള്‍ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. നിയന്ത്രണങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ ഫലം ചെയ്‌തെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനും സാധ്യതയുണ്ട്. എന്നാല്‍ രോഗികളുടെ എണ്ണം കുറയാത്തതിനാല്‍ വലിയ ഇളവുകള്‍ ഉണ്ടാകാനും സാധ്യതയില്ല.അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 51,570 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 49.89 ആണ് ടിപിആര്‍.