ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 മലയാളി യുവാക്കള്‍ മരിച്ചു.വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടില്‍ കെ.യു ജോസിന്റെ മകന്‍ ജിതിന്‍ ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെ മകന്‍ സോനു സോണി (27) എന്നിവരാണ് മരിച്ചത്. ഇലക്‌ട്രോണിക് സിറ്റി ടോള്‍ ബൂത്തിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.ഹുസ്കൂര്‍ ഗേറ്റിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു തല്‍ക്ഷണം മരിച്ചു. ജിതിനെ ഹെബ്ബഗോഡിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിസിടിവി സര്‍വീസ് സെന്റര്‍ ഉടമയാണ് ജിതിന്‍.
കണ്ണൂരിൽ സ്വത്തിന് വേണ്ടി മക്കള്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചു;കൈക്കും കാലിനും നെഞ്ചിനും പരിക്ക്
കണ്ണൂർ: കണ്ണൂരിൽ സ്വത്തിന് വേണ്ടി തൊണ്ണൂറ് വയസായ അമ്മയെ മക്കൾ ക്രൂരമായി മർദ്ദിച്ചു.മാതമംഗലത്ത് മീനാക്ഷയമ്മയെയാണ് മക്കൾ ക്രൂരമായി മർദ്ദിച്ചത്. നേരത്തെ മരിച്ച മകളുടെ സ്വത്ത് വീതിച്ച് നൽകണമെന്ന് പറഞ്ഞ് നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മര്‍ദിച്ചത്.മര്‍ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു.കഴിഞ്ഞ പതിനഞ്ചാം തീയ്യതിയായിരുന്നു സംഭവം. മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും കാലിൽ ചവിട്ടി നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റുകയും ചെയ്തു. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിപ്പിക്കുകയായിരുന്നു. മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾ ഈ സംഭാഷണം റെക്കോർഡ് ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.പത്ത് മക്കളാണ് മീനാക്ഷിയമ്മയ് ഉള്ളത്. ഇതിൽ മൂന്ന് മക്കൾ നേരത്തെ മരിച്ചു.ഇതിൽ മരിച്ച ഓമന എന്ന മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദനം. സംഭവത്തിൽ മക്കളായ രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പോലീസ് കേസെടുത്തു.
ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം; 4 പേര്‍ കസ്റ്റഡിയിലായതായി സൂചന
ആലപ്പുഴ:ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേര്‍ കസ്റ്റഡിയിലായതായി സൂചന.ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന രക്തക്കറ പുരണ്ട ഒരു ബൈകും പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച രാത്രിയാണ് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നുള്ള സൂചനകളും നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.അതേസമയം ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി. ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇന്ന് വൈകിട്ട് നാലിന് കളക്‌ട്രേറ്റില്‍ സര്‍വ്വകക്ഷിയോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 2230 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;14 മരണം;3722 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2230 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂർ 161, തൃശൂർ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസർഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 405 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,922 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3722 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 681, കൊല്ലം 346, പത്തനംതിട്ട 145, ആലപ്പുഴ 57, കോട്ടയം 422, ഇടുക്കി 147, എറണാകുളം 527, തൃശൂർ 349, പാലക്കാട് 29, മലപ്പുറം 108, കോഴിക്കോട് 531, വയനാട് 87, കണ്ണൂർ 202, കാസർഗോഡ് 91 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡൽഹി:വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും ബഹളവും മറികടന്നാണ് ബില്‍ പാസാക്കിയത്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വര്‍ഷത്തില്‍ നാലു തവണ അവസരം നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.വോട്ട് ചെയ്യുകയെന്നത് നിയമപരമായ അവകാശമാണ്. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതു തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.എന്നാൽ കള്ളവോട്ട് തടയാനാണു സര്‍ക്കാരിന്റെ ശ്രമം. ഈ നീക്കത്തിനൊപ്പം ചേരുകയാണു പ്രതിപക്ഷം ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. യു ഐഡിഎ ഐയും കേന്ദ്രസര്‍ക്കാരും സമ്മതിച്ചാല്‍ ആധാറും വോട്ടര്‍കാര്‍ഡും യോജിപ്പിക്കാന്‍ ഇപ്പോഴത്തെ ജനപ്രാതിനിധ്യനിയമം (1950), ആധാര്‍ നിയമം (2016) എന്നിവയില്‍ ഭേദഗതി വരുത്തേണ്ട ആവശ്യമില്ല.2015ല്‍ ആധാറുമായി വോട്ടര്‍കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള നടപടി തൂടങ്ങിയെങ്കിലും അന്ന് സുപ്രീംകോടതി അതിന് അനുവാദം നല്‍കിയില്ല. പകരം എല്‍പിജി, മണ്ണെണ്ണ വിതരണം എന്നിവയ്ക്ക് മാത്രമായി ആധാര്‍ ഉപയോഗിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. എന്തായാലും യു ഐഎ ഡി ഐ അനുവാദം നല്‍കിയാല്‍ കള്ളവോട്ടും ഇരട്ടവോട്ടും തടയുന്നതിന് അത് ഫലപ്രദമായ മാര്‍ഗ്ഗമായി മാറും. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമാണ് ആധാര്‍.ആധാര്‍ ഉപയോഗിക്കുന്നത് വോട്ടറുടെ ഐഡിയുടെ ആധികാരികത കൃത്യമായി വിലയിരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് കള്ളവോട്ടിലൂടെയും ഇരട്ടവോട്ടിലൂടെയും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് ഫലപ്രദമായി തടയിടും.
കെ റെയില്‍ സ്ഥലമേറ്റെടുപ്പ്;ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധിച്ച് മൂന്നംഗ കുടുബം
കൊല്ലം:കെ റെയില്‍ പദ്ധതിക്കായി സ്ഥലമേറ്റെടുത്ത് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം. കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം.റിട്ടയേര്‍ഡ് കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയില്‍ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്.സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പിന്നാലെ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കെ റെയിലിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിടല്‍ നടക്കുന്നുണ്ടായിരുന്നു. ജയകുമാറിന്റെ വീട് പൂര്‍ണമായും പോകുന്ന തരത്തിലാണ് കല്ലിട്ടിരിക്കുന്നത്. വായ്പയെടുത്ത് നിര്‍മ്മിച്ച വീടാണെന്നും പെന്‍ഷന്‍ പോലും മുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിട്ടും കല്ലിടാന്‍ ഒരുങ്ങിയപ്പോഴായിരുന്നു ദേഹത്ത് പെട്രോളൊഴിച്ചത്.സര്‍വേ നടപടികള്‍ നിറുത്തി വയ്‌ക്കാമെന്ന ഉറപ്പ് പൊലീസും റവന്യു അധികൃതരും നല്‍കിയ ശേഷമാണ് അദ്ദേഹവും കുടുംബവും പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലം ഏറ്റെടുക്കൽ നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തടഞ്ഞ് പ്രതിഷേധം നടത്തിയിരുന്നു. തൃശൂർ, ആലപ്പുഴ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് പിൻമാറേണ്ടി വന്നിരുന്നു.
ഇരട്ട കൊലപാതകം;ആലപ്പുഴയിൽ സർവ്വകക്ഷിയോഗം നാളത്തേക്ക് മാറ്റി
ആലപ്പുഴ:ആലപ്പുഴയിൽ മണിക്കൂറുകളുടെ ഇടവേളയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന സർവ്വകക്ഷിയോഗം നാളത്തേക്ക് മാറ്റി. യോഗത്തിന്റെ സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകനായ രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ച സമയത്തായിരുന്നു സർവ്വകക്ഷിയോഗം നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് യോഗത്തിന്റെ സമയം മാറ്റിയത്.ആലപ്പുഴ കളക്ട്രേറ്റിൽ സജി ചെറിയാന്റെയും പി.പ്രസാദിന്റെയും നേതൃത്വത്തിലാണ് സർവ്വകക്ഷി സമാധാന യോഗം തീരുമാനിച്ചിരിക്കുന്നത്. അതേസമയം ആലപ്പുഴ ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെയും, രഞ്ജിത്തിന്റേയും കൊലപാതകം നാല് സംഘങ്ങളാണ് അന്വേഷിക്കുന്നത്.
തിരുവനന്തപുരത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നു.തിരുവനന്തപുരം ജില്ലയിൽ പുതുതായി നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 15 ആയി.രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച 17 കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. 17 കാരന്റെ അമ്മയ്‌ക്കും, അമ്മൂമ്മയ്‌ക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 കാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരും കൊറോണ പോസിറ്റീവ് ആയിരുന്നു. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരുടെ ജനിതക പരിശോധനാ ഫലത്തിലാണ് ഒമിക്രോൺ ബാധ കണ്ടെത്തിയത്.ഇതിന് പുറമേ യുകെയിൽ നിന്നെത്തിയ യുവതി, നൈജീരിയയിൽ നിന്നും വന്ന യുവാവ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.യുകെയിൽ നിന്നെത്തിയ 27 കാരിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. ഇവർ തിരുവനന്തപുരം സ്വദേശിനിയാണ്. ഈ മാസം 16 ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ യുവതി ഉൾപ്പെട്ടിരുന്നു. നൈജീരിയയിൽ നിന്നും എത്തിയ യുവാവിന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ തന്നെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹവും നിരീക്ഷണത്തിലായിരുന്നു.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 ഓളം പേർക്ക് പരിക്കേറ്റു
ശബരിമല: എരുമേലി- പമ്പ പാതയിലെ കണമലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചോളം തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു.കണമല അട്ടിവളവിന് സമീപത്തെ കൊടും വളവില്‍ തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റവരെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആന്ധ്രയില്‍ നിന്നുമെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. എരുമേലിയിൽ നിന്നും പമ്പയിലേക്ക് പോവുകയായിരുന്നു തീർത്ഥാടകർ.പമ്പാ വാലിയിലെ ഇറക്കത്തിൽ ബസ് തലകീഴായി മറിയുകയായിരുന്നു.അഗ്നിശമന സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
സുധീഷ് വധക്കേസ്;മുഖ്യപ്രതി ഒട്ടകം രാജേഷ് അറസ്റ്റിൽ
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് എന്ന യുവാവിനെ വെട്ടിവീഴ്‌ത്തി കാൽ അറുത്ത് റോഡിലേക്ക് എറിഞ്ഞ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ രാജേഷ് എന്ന ഒട്ടകം രാജേഷ് ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ഇയാൾ തമിഴ്‌നാട്ടിൽ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി അവിടെയെത്തിയ സംഘം രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാജേഷിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ് സംഭവ ശേഷം പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ പോകുന്നതിനിടെയാണ് വള്ളം മറിഞ്ഞ് പോലീസുകാരൻ മുങ്ങിമരിച്ചത്. രാജേഷ് കടയ്‌ക്കാവൂരിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ എത്തിയതായിരുന്നു പോലീസ് സംഘം. രാജേഷ് കൂടി അറസ്റ്റിലായതോടെ സംഭവത്തിൽ ആകെ പിടിയിലായവരുടെ എണ്ണം 11 ആയി.കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന സുധീഷിനെ അവിടെയെത്തി വെട്ടുകയായിരുന്നു. തുടർന്ന് കാൽവെട്ടിമാറ്റി റോഡിലേക്ക് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.