തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോ-ടാക്‌സി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും.രാവിലെ പത്തിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസില്‍ വച്ചാണ് യോഗം. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.ഇന്ധനവില വര്‍ധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും സാഹചര്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്സി നിരക്ക് പുതുക്കുക,പഴയ വാഹനങ്ങളില്‍ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോ റിക്ഷയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
അമ്പലവയൽ കൊലപാതകം;മുഹമ്മദിനെ കൊന്നത് പെണ്‍കുട്ടികളല്ലെന്ന് ഭാര്യ സക്കീന
വയനാട്:അമ്പലവയൽ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ സക്കീന. 68കാരനായ മുഹമ്മദിനെ കൊന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളല്ലെന്നും തന്‍റെ സഹോദരനാണെന്നും അവര്‍ പറഞ്ഞു.യഥാര്‍ഥ കൊലയാളികളെ രക്ഷപ്പെടുത്താന്‍ പെണ്‍കുട്ടികളെയും അവരുടെ മാതാവിനെയും കരുവാക്കുകയാണെന്നും സക്കീന പറഞ്ഞു. ഇപ്പോള്‍ പ്രതികളാക്കിയ പെണ്‍കുട്ടികള്‍ക്ക് മുഹമ്മദിനെ കൊല്ലാനാകില്ലെന്നും ആ പെണ്‍കുട്ടിളെ സംരക്ഷിച്ചത് അദ്ദേഹമായിരുന്നെന്നും അവര്‍ പറഞ്ഞു.മുഹമ്മദ് ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഈ കൊല നടത്താനാകില്ല. തന്‍റെ സഹോദരനും മകനുമാണ് കൊന്നത്. പെണ്‍കുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും മുഹമ്മദിന്റെ ഭാര്യ പറഞ്ഞു.
അമ്പലവയൽ ആയിരംകൊല്ലിയില്‍ മാതാവിനെ അക്രമിക്കാന്‍ ശ്രമിച്ചയാളെ പെണ്‍മക്കള്‍ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. മുഹമ്മദ് (68) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പൊലിസില്‍ കീഴടങ്ങിയിരുന്നു. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും അവരുടെ മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടികള്‍. കൊല്ലപ്പെട്ട മുഹമ്മദിന്റെ വാടക വീട്ടില്‍ അമ്മയ്ക്ക് ഒപ്പം വര്‍ഷങ്ങളായി താമസിച്ച് വരികയായിരുന്നു ഇരുവരും.വലതുകാലിന്‍റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലിന്‍റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെത്തിയത്.മൃതദേഹവും സംഭവം സ്ഥലത്തു നിന്ന് അകലെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു. കാല്‍ മുറിച്ചു മാറ്റാനും മൃതദേഹം ദൂരെ ഉപേക്ഷിക്കാനുമൊന്നും പെണ്‍കുട്ടികള്‍ക്കാകില്ലെന്നാണ് സക്കീന ചൂണ്ടികാണിക്കുന്നത്. തന്‍റെ സഹോദരനില്‍ നിന്നും ഭര്‍ത്താവ് മുഹമ്മദിന് ഭീഷണി ഉണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. സഹോദരന്‍റെ ആദ്യ ഭാര്യയും പെണ്‍മക്കളുമാണ് കൊലപാതകത്തില്‍ പ്രതികളായി പൊലീസില്‍ കീഴടങ്ങിയത്. ഇവരെ സഹോദരന്‍ ഉപേക്ഷിച്ചപ്പോള്‍ സംരക്ഷിച്ചത് മുഹമ്മദായിരുന്നെന്നും സക്കീന പറഞ്ഞു.
കള്ളനെന്ന് തെറ്റിദ്ധരിച്ചു;തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
തിരുവനന്തപുരം:തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.പേട്ടയിലെ ചാലക്കുടി ലൈനിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പിതാവ് ലാലൻ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) ആണ് കൊല്ലപ്പെട്ടത്.പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മകളുടെ മുറിക്ക് സമീപത്ത് നിന്ന് ശബ്ദം കേട്ട ലാലന്‍ ആയുധവുമായി വീട് പരിശോധിച്ചു. തുടര്‍ന്ന് മകളുടെ മുറി തുറക്കാനായി തട്ടിയെങ്കിലും തുറക്കാഞ്ഞതോടെ വാതില്‍ തല്ലിപൊളിച്ച് അകത്ത് കയറുകയായിരുന്നു. മുറിക്കകത്ത് അപരിചിതനെ കണ്ടതോടെ പിടിവലി ഉണ്ടാവുകയും ഇതിനിടെ അനീഷിന് കുത്തേല്‍ക്കുകയുമായിരുന്നു.തുടര്‍ന്നാണ് ലാലന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. യുവാവിനെ കുത്തിയതായും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലന്‍ പറഞ്ഞു.കള്ളനെന്ന് കരുതിയാണ് താൻ കുത്തിയതെന്ന് ലാലൻ പോലീസിനോട് പറഞ്ഞു. സ്ഥലത്തെത്തിയ പോലീസ് യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 2474 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;38 മരണം; 3052 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2474 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂർ 237, കോട്ടയം 203, കണ്ണൂർ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസർകോട് 35 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 206 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,066 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2302 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 121 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3052 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 567, കൊല്ലം 209, പത്തനംതിട്ട 209, ആലപ്പുഴ 93, കോട്ടയം 79, ഇടുക്കി 136, എറണാകുളം 512, തൃശൂർ 278, പാലക്കാട് 128, മലപ്പുറം 119, കോഴിക്കോട് 376, വയനാട് 75, കണ്ണൂർ 185, കാസർകോട് 86 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
നടി ആക്രമിക്കപ്പെട്ട കേസ്;വിചാരണ കോടതിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണാ കോടതിക്ക് എതിരായ പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം. ഹരജിയില്‍ നടൻ ദിലീപ് ഉൾപ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു.ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. ജനുവരി ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും.നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍ വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അംഗീകാരം തേടിയത്. 16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. മറ്റ് ഒൻപത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളുകയായിരുന്നു. മൂന്ന് സാക്ഷികളുടെ വിസ്താരം മാത്രമാണ് വിചാരണാ കോടതി അനുവദിച്ചിരിക്കുന്നത്.കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടർ സമര്‍പ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യവും കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആർ അടിസ്ഥാനമാക്കിയുള്ള നിർണ്ണായക തെളിവുകൾ അപ്രസ്ക്തമായെന്നും ഹരജിയില്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളിൽ അതൃപ്തിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്.
വെഞ്ഞാറമൂട്ടില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളെ പാലോട് വനമേഖലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളെ പാലോട് വനമേഖലയില്‍ കണ്ടെത്തി.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.11, 13, 14 വയസുള്ള ആൺകുട്ടികളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്.കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. അതിനിടെ ഇവരുടെ ബാഗുകള്‍ പാലോട് വനമേഖലക്ക് സമീപമുള്ള ഒരു ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന കുട്ടികള്‍ വനത്തിലുണ്ടാകുമെന്ന നിഗമനത്തില്‍ നടത്തിയ തെരച്ചിലിൽ ഇവരെ കണ്ടെത്തുകയായിരുന്നു.അടുത്ത വീടുകളില്‍ താമസിക്കുന്ന കുട്ടികളില്‍ രണ്ടുപേര്‍ ബന്ധുക്കളാണ്. കാണാതായ ഒരു കുട്ടിയുടെ വീട്ടിലെ കുടുക്ക പൊട്ടിച്ച് അതിലുണ്ടായിരുന്ന പണം എടുത്തിരുന്നു. വസ്ത്രങ്ങളും കൊണ്ടുപോയിരുന്നു. കുട്ടികളിലൊരാള്‍ നേരത്തെയും ഇത്തരത്തില്‍ വീടുവിട്ട സംഭവമുണ്ടായിരുന്നു.
ഒമൈക്രോണ്‍;ദില്ലിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; സ്‌കൂളുകളും കോളേജുകളും അടച്ചിടും
ന്യൂഡൽഹി:ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജോലിക്കാര്‍ മാത്രം ഹാജരായാൽ മതി.സ്വിമ്മിങ്ങ് പൂള്‍, ജിം, തീയേറ്റര്‍ തുടങ്ങിയവ അടച്ചിടും. മെട്രൊയില്‍ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഹോട്ടലുകളില്‍ 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനാനുമതി. കടകള്‍ ഇടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കാവൂ.വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേര്‍ക്ക് പങ്കെടുക്കാം.മാളുകളിലും മാര്‍ക്കറ്റുകളിലും തിരക്ക് കൂടുന്ന പശ്ചാത്തലത്തില്‍ ഇത് നിയന്ത്രിക്കും. നിയന്ത്രണങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു.നിയന്ത്രണങ്ങൾ അറിയിച്ചുകൊണ്ടുള്ള വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കും.സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമായി മാസ്ക് ധരിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.
കിഴക്കമ്പലം അക്രമസംഭവം;164 പേര്‍ റിമാൻഡിൽ
കൊച്ചി:കിഴക്കമ്പലത്ത് പൊലീസിന് നേരെയുണ്ടായ അക്രമസംഭവത്തിൽ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസ് സംഘത്തെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും പ്രതികള്‍ക്കുമേൽ ചുമത്തിയിരിക്കുന്നത്.സംഭവത്തില്‍ പിടിയിലായ പ്രതികളെ കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍. ഉഷയ്ക്കു മുൻപാകെ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് എത്തിച്ചത്. പ്രതികളുടെ എണ്ണം കൂടുതലായതിനാല്‍ കേസ് പ്രത്യേകമായാണ് പരിഗണിച്ചത്. രണ്ട് കേസുകളാണ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘര്‍ഷം അറിഞ്ഞത്തിയ കുന്നത്തുനാട് സ്റ്റേഷന്‍ എസ്.എച്ച്.ഒ. വി.ടി. ഷാജന്‍ ഉള്‍പ്പെടെയുള്ള പോലീസുകാരെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച് വധിക്കാന്‍ ശ്രമിച്ചതിനാണ് ആദ്യത്തെ കേസ്. രണ്ടാമതായി പോലീസ് വാഹനം കത്തിച്ച് പൊതുമുതല്‍ നശിപ്പിച്ചതിനും.ആദ്യത്തെ കേസില്‍ 51പേരാണ് പ്രതികള്‍. ഇവരെയാണ് ആദ്യം കോടതിയില്‍ ഹാജരാക്കിയത്. കല്ല്, മരവടി എന്നിവ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാവിലെ കോടതിക്കു മുന്നില്‍ പ്രതികളെ കൊണ്ടുവന്ന പോലീസ് വാഹനമെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി സംഘര്‍ഷാവസ്ഥയുണ്ടാക്കി. പിന്നീട് പോലീസ് നയപരമായി നാട്ടുകാരെ കൂടുതല്‍ ബഹളമുണ്ടാക്കാതെ നിയന്ത്രിച്ചു മാറ്റിയ ശേഷമാണ് ശക്തമായ കാവലില്‍ പ്രതികളെ കോടതിക്ക് അകത്തക്ക് പ്രവേശിപ്പിച്ചത്.ആകെ 164 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ പോലീസുകാരെ ആക്രമിച്ചതുള്‍പ്പെടെയുള്ള അതിക്രമങ്ങളില്‍ തിരിച്ചറിഞ്ഞ പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്.തിങ്കളാഴ്ച 25 പ്രതികളെ രാവിലെയും, 25 പേരെ ഉച്ചയ്ക്കും, വൈകിട്ട് അഞ്ചരയോടെ 26 പേരെയും, രാത്രിയില്‍ മജിസ്ട്രേട്ടിന്റെ വസതിയില്‍ 88 പേരെയും, ഇന്ന് പുലര്‍ച്ചെ അഞ്ചു പേരെയും ഹാജരാക്കി. സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള നിയമസഹായ വേദിയുടെ (കൈല്‍സ) വക്കീലായ അഡ്വ: ഇ.എന്‍. ജയകുമാറാണ് പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. പ്രതികളുടെ എണ്ണം കൂടുതലുള്ളതിനാല്‍ വിയ്യൂര്‍ സ്പെഷ്യല്‍ ജയിലിലാണ് പ്രതികളെ പാര്‍പ്പിക്കുന്നത്.
കോഴിക്കോട് ചെരുപ്പ് കമ്പനിയിൽ വന്‍ തീപിടിത്തം
കോഴിക്കോട്:കൊളത്തറ മോഡേണ്‍ ബസാറിലെ ചെരുപ്പ് കമ്പനിയിൽ വന്‍ തീപിടിത്തം. പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം.കോഴിക്കോട്, തിരൂർ ഫയർ സ്റ്റേഷനുകളില്‍ നിന്നായി 8 ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കുന്നത് തുടരുകയാണ്. കെട്ടിടത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മാര്‍ക് എന്ന ചെരിപ്പ് കമ്പനിക്കാണ് തീപിടിച്ചത്.ആദ്യം ഒരു പൊട്ടിത്തെറി ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പിന്നാല തീപിടിത്തമുണ്ടായി. അന്‍പതോളം അതിഥി തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ക്ക് തീപിടിത്തമുണ്ടായപ്പോള്‍ തന്നെ പുറത്തിറങ്ങാന്‍ കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി.കെട്ടിടം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സ്ഥാപനത്തിന്റെ മേല്‍ക്കൂര തകര്‍ന്നടിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കൊല്ലത്ത് വാഹനാപകടം; നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.ഇടപ്പള്ളി കോട്ടയ്‌ക്ക് സമീപം പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളായ 35 മത്സ്യത്തൊഴിലാളികളാണ് ബസിൽ ഉണ്ടായിരുന്നത്. അപകടകാരണം വ്യക്തമല്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം(56),ബർക്കുമൻസ്(45), ജസ്റ്റിൻ(56), തമിഴ്നാട് സ്വദേശി ബിജു(35), എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി (26) മാർത്താണ്ടം സ്വദേശി വർഗ്ഗീസ് (40) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.