ന്യൂഡല്‍ഹി: ഡിസംബര്‍ 16,17 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്.രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശിപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.പണിമുടക്കിന് മുന്നോടിയായി എം.പിമാര്‍ക്ക് നിവേദനം നല്‍കാനും സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും യു.എഫ്.ബി.യു തീരുമാനിച്ചിട്ടുണ്ട്. ഐ.ഡി.ബി.ഐ ബാങ്കിനെ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു. ബാങ്കിങ് നിയമ ഭേദഗതികള്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതും ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബില്ലുകള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന ദിവസം പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനും യു.എഫ്.ബി.യു തീരുമാനമെടുത്തിട്ടുണ്ട്.
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് തമിഴ്നാട്; വീടുകളില്‍ വെള്ളം കയറി
ഇടുക്കി:മുല്ലപ്പെരിയാറിന്‍റെ ഷട്ടറുകള്‍ രാത്രി മുന്നറിയിപ്പില്ലാതെ തുറന്ന് തമിഴ്നാട്.ജലനിരപ്പ് 142 അടിയില്‍ എത്തിയതോടെയാണ് മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ രാത്രിയിൽ മുന്നറിയിപ്പില്ലാതെ വീണ്ടും തുറന്നത്. പുലർച്ചെ രണ്ടരയ്ക്കും മൂന്നരക്കുമായാണ് 8 ഷട്ടറുകൾ തുറന്നത്. അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്‍റീമീറ്ററും ബാക്കിയുള്ളവ 30 സെന്‍റീമീറ്ററുമാണ് ഉയര്‍ത്തിയത്. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളിൽ വീടുകളിൽ വെള്ളം കയറി. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ഒരു മുന്നറിയിപ്പ് പോലും ലഭിച്ചില്ലെന്നും ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് ഇതാദ്യമല്ലെന്നും പ്രദേശവാസികൾ പ്രതികരിച്ചു. മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടർ തുറക്കരുതെന്ന് ചൊവ്വാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും രാത്രി ഷട്ടറുകള്‍ തുറക്കുകയായിരുന്നു.
കണ്‍സഷന്‍ നിരക്ക് വര്‍ധന;വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം:കണ്‍സഷന്‍ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. ഗതാഗത മന്ത്രി ആന്‍റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കി ഉയര്‍ത്തണം എന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ഥി സംഘടനകകള്‍ പറയുന്നത്. കണ്‍സഷന്‍ നിരക്ക് ഒന്നര രൂപയാക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകള്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 5405 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;96 മരണം;4538 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5405 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂർ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂർ 236, വയനാട് 220, ഇടുക്കി 193, പാലക്കാട് 180, ആലപ്പുഴ 162, കാസർഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 307 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,535 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5093 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 260 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 38 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4538 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 336, പത്തനംതിട്ട 203, ആലപ്പുഴ 155, കോട്ടയം 262, ഇടുക്കി 279, എറണാകുളം 676, തൃശൂർ 390, പാലക്കാട് 193, മലപ്പുറം 212, കോഴിക്കോട് 843, വയനാട് 199, കണ്ണൂർ 200, കാസർഗോഡ് 49 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
പെരിയ ഇരട്ടക്കൊലപാതക കേസിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു
കാസർക്കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ അഞ്ചു സിപിഎം നേതാക്കൾ അറസ്റ്റിൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള അഞ്ചു പേരാണ് അറസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും. ബ്രാഞ്ച് സെക്രട്ടറി രാജു സുരേന്ദ്രൻ, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് അറസ്റ്റിലായവര്‍.സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠൻ കേസിൽ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.2019 ഫെബ്രുവരി 17 നായിരുന്നു പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത് ലാൽ(24) എന്നിവർ കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ. ഇന്ന് ഉച്ചയോടെയാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെ സിബിഐ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. കാസർകോഡ് ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ അവസാനിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കരിപ്പൂരിൽ വൻ സ്വർണവേട്ട; ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി; മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.സംഭവത്തിൽ രണ്ടുപേർ പിടിയിലായി.മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷരീഫ്, തവനൂർ സ്വദേശി ഷിഹാബ് എന്നിവരാണ് പിടിയിലായത്. നാല് കിലോ സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്. ട്രോളി ബാഗിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാക്കിയാണ് വിമാനത്താവളത്തേക്ക് ഇവർ സ്വർണം എത്തിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കിടെ പിടികൂടിയ സ്വർണത്തിന് വിപണിയിൽ ഒന്നേ മുക്കാൽ കോടി രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. ജിദ്ദയിൽ നിന്നുമാണ് ഇവർ സ്വർണം കൊണ്ടുവന്നത്.
കണ്ണൂരില്‍ പോളി ടെക്നിക് വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂരില്‍ പോളി ടെക്നിക് വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അശ്വന്ത് (19) ആണ് മരിച്ചത്.കോളജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൈനല്‍ ഇയര്‍ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിയാണ് അശ്വന്ത്.
ഒമിക്രോണ്‍ വകഭേദം; ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരിഗണനയില്‍
ന്യൂഡല്‍ഹി:കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ വ്യാപനത്തിന്റെ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും വാക്സിന്റെ മൂന്നാം ഡോസ് നല്‍കുന്നകാര്യം പരിഗണനയില്‍.പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തില്‍ ഉടനെ ശുപാര്‍ശ നല്‍കിയേക്കും.അന്തിമതീരുമാനം എടുക്കേണ്ടത് ആരോഗ്യമന്ത്രാലയമാണ്. കോവിഡ് മൂലം മരിച്ചവരില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരാണ്. വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റര്‍ ഡോസ് പ്രയോജനപ്പെടും.രണ്ടുഡോസുകളിലൂടെ ലഭിച്ച പ്രതിരോധശേഷി കുറച്ചു മാസങ്ങള്‍ കഴിയുമ്പോൾ കുറഞ്ഞുവരും. മറ്റുരോഗങ്ങള്‍ ഉള്ളവരിലും പ്രായമേറിയവരിലുമാണ് പ്രതിരോധശേഷി വേഗം കുറയുന്നത്. ഈ സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് അനിവാര്യമാകുന്നത്. അതേസമയം, ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി. ഇസ്രയേലാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള അന്തിമതീരുമാനവും കേന്ദ്രസര്‍ക്കാര്‍ ഉടനെ എടുത്തേക്കും. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എന്നു തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. രോഗമുള്ള കുട്ടികള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് മുന്‍ഗണന.
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പുനരാരംഭിച്ചു
തിരുവനന്തപുരം:കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പുനരാരംഭിച്ചു.കോവിഡ് സമയത്ത് നിര്‍ത്തിയ ബസ് സര്‍വീസുകളാണ് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് ബുധനാഴ്ചമുതല്‍ പുനരാരംഭിച്ചത്. ആദ്യ സര്‍വീസ് പാലക്കാട് ഡിപോയില്‍ നിന്നാണ് ആരംഭിച്ചത്.കോവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവച്ച ശേഷം കര്‍ണ്ണാടകത്തിലേക്ക് സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും മന്ത്രി ആന്റണി രാജു ഡിസംബര്‍ ആറിന് തമിഴ്നാട് ഗതാഗത മന്ത്രിയോട് ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നല്‍കിയത്. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ബസ് സർവീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.ഇതോടെ, തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെ എസ് ആര്‍ ടി സി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സെര്‍വീസ് നടത്താം.ചൊവ്വാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാനുള്ള നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
കാഞ്ഞങ്ങാട് ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു
കണ്ണൂർ:കാഞ്ഞങ്ങാട് പരപ്പ കോളിയാറിൽ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്.രണ്ടുപേർക്ക് പരിക്കേറ്റു. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ പ്രഭാകരൻ, സുമ എന്നിവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോളിയാർ നാഷണൽ മെറ്റൽസ് ക്വാറിയിലാണ് അപകടം നടന്നത്.