തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ നിന്നും ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി.ഇന്ന് മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മുതൽ രാവിലെ 5 മണി വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തീർത്ഥാടകർക്ക് ബാധകമാകില്ല.പത്തനംതിട്ട, തിരുവനന്തപുരം കളക്ടർമാരുടെ ശുപാർശ പ്രകാരമാണ് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്.സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പുതുവത്സരാഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് നിയന്ത്രണം. ഇന്ന് മുതൽ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം.ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി 10 മുതൽ രാവിലെ 5 വരെ അനുവദിക്കില്ല. അനാവശ്യ യാത്രകൾ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.
അമ്പലവയൽ ആയിരം കൊല്ലിയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം;കൊലപാതകം നടത്തിയത് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക്;ദുരൂഹതകൾ തള്ളി പൊലീസ്
വയനാട്: അമ്പലവയൽ ആയിരം കൊല്ലിയില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ സംഭവത്തില്‍ ദുരൂഹതകൾ തള്ളി പൊലീസ്.നിലവില്‍ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികള്‍ക്കും അമ്മയ്ക്കും അല്ലാതെ മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.പെണ്‍കുട്ടികള്‍ക്ക് മാത്രമായി കൊലപാതകം ചെയ്യാനാകില്ലെന്നും തന്റെ സഹോദരനും പെണ്‍കുട്ടികളുടെ പിതാവുമായ സുബൈറാണ് കൊലപാതകം നടത്തിയതെന്നും കഴിഞ്ഞ ദിവസം മുഹമ്മദിന്റെ ഭാര്യ സക്കീന ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കൊലപാതകത്തിന് ശേഷം ഭയന്ന പെണ്‍കുട്ടികള്‍ പിതാവിനെ വിളിച്ചതിന്റെ ഫോണ്‍ കോള്‍ രേഖകളും ശേഖരിച്ചതായും പൊലീസ് പറയുന്നു.ഉമ്മയെ കടന്നു പിടിക്കാന്‍ ശ്രമിച്ച മുഹമ്മദിനെ കോടാലികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിക്കുന്നതിനായി കത്തി ഉപയോഗിച്ച് കാല്‍ വെട്ടിമാറ്റുകയും സ്കൂള്‍ ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നും പെണ്‍കുട്ടികള്‍ മൊഴിയില്‍ പറയുന്നു. ബാക്കി ശരീരം പൊട്ടകിണറ്റില്‍ തള്ളിയ ശേഷം പിതാവിനെ വിവരം വിളിച്ചറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്.സംഭവ ദിവസം ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ മുഹമ്മദ് പെണ്‍കുട്ടികളുടെ മാതാവിനെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഈ മൊഴിയെ പരിഗണിച്ച് അന്വേഷണ സംഘം പറയുന്നു. സഹോദരനെ വീട്ടില്‍ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും പെണ്‍കുട്ടികള്‍ക്ക് മുഹമ്മദിനോടുണ്ടായിരുന്നു. മൃതദേഹം ഒളിപ്പിക്കാന്‍ പെണ്‍കുട്ടികളുടെ മാതാവ് സഹായിച്ചിരുന്നു.
‘ലോകം കൊവിഡ് സുനാമി’യിലേക്ക്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ:ലോകം ‘കൊവിഡ് സുനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി.ഡെല്‍റ്റയും പുതിയ ഒമൈക്രോണ്‍ വകഭേദവും ചേരുമ്ബോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഒമൈക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതർ ആയത്.
ഒമിക്രോൺ: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല നിയന്ത്രണം;അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. പുതുവത്സരാഘോഷം കൂടി കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.കടകൾക്ക് രാത്രി 10 മണിക്ക് ശേഷം പ്രവർത്തനാനുമതിയില്ല. അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. നിയന്ത്രണമുള്ളതിനാൽ തീയേറ്ററുകളിൽ സെക്കന്റ് ഷോ നടത്തരുതെന്നും സർക്കാർ നിർദ്ദേശമുണ്ട്. 31ന് രാത്രി 10 മണിക്ക് ശേഷം പുതുവത്സരാഘോഷവും ഉണ്ടായിരിക്കുന്നതല്ല.പ്രവര്‍ത്തനസമയത്ത് ബാര്‍, ക്ലബ്, ഹോട്ടല്‍, റസ്റ്റോറന്റ്, ഭക്ഷണശാല എന്നിവിടങ്ങളില്‍ പകുതിപേര്‍ക്കാണ് പ്രവേശനം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടം ഒഴിവാക്കാനായി ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ച് ആൾക്കൂട്ടം ഒഴിവാക്കാൻ അതാത് ജില്ലയിലെ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.രോഗവ്യാപന സാധ്യത നിലനില്‍ക്കെ കോവിഡ് മാനദണ്ഡപാലനം ഉറപ്പുവരുത്താന്‍ കര്‍ശന നടപടി സ്വീകരിക്കും. മാസ്ക് ധരിക്കുന്നത് ഉറപ്പാക്കും. ദേവാലയങ്ങളിലടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സർക്കാർ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസ്;സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു.വിചാരണ കോടതി നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി.അഡ്വ വി എന്‍ അനില്‍കുമാറാണ് രാജിവച്ചത്.രാജിക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം ബന്ധപ്പെട്ടവർക്ക് കൈമാറി. കത്തിലെ വിവരങ്ങൾ പൂർണമായി പുറത്തുവന്നിട്ടില്ല. വിചാരണ കോടതിയുടെ ഇടപെടലുകൾക്കെതിരെ നേരത്തെയും അദ്ദേഹം രംഗത്ത് വന്നിരുന്നു. ഇതോടെ കേസില്‍ അസാധാരണ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.സുപ്രധാന മൊഴികൾ രേഖപ്പെടുത്തുന്നില്ലെന്നായിരുന്നു വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ ഉയർത്തിയ പ്രധാന വിമർശനം. ഇതിന് പുറമേ കേസിൽ നിർണായകമായേക്കാവുന്ന സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യവും, ശബ്ദരേഖകളുടെ ഒറിജിനൽ പതിപ്പ് ശേഖരിക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. ഒപ്പം പ്രധാനപ്പെട്ട കാര്യങ്ങളിൽ പ്രോസിക്യൂഷന് വിരുദ്ധമായ നിലപാട് ആയിരുന്നു വിചാരണ കോടതി സ്വീകരിച്ചിരുന്നത്. ഇതെല്ലാമാണ് രാജിയ്‌ക്ക് കാരണം. ബുധനാഴ്ച നടന്ന വിചാരണയ്‌ക്കിടെ പ്രോസിക്യൂട്ടർ കോടതി മുറിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.നടിയെ ആക്രമിച്ച കേസില്‍ ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടര്‍ രാജിവെക്കുന്നത്. വിചാരണ കോടതി നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു നേരത്തെയും പ്രോസിക്യൂട്ടറുടെ രാജി. അന്ന് വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.നേരത്തെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ നടൻ ദിലീപിനെതിരെ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ രാജി.
ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍
കണ്ണൂർ: ക്രിപ്റ്റോ കറന്‍സി തട്ടിപ്പിൽ കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍.ചാലാട് പഞ്ഞിക്കല്‍ റഷീദ മന്‍സിലില്‍ മുഹമ്മദ് റനീഷിനെ (33) യാണ് കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി.സദാനന്ദന്‍ അറസ്റ്റ് ചെയ്തത് .ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ കോടികളുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തി.എല്‍.ആര്‍ ട്രേഡിംഗ് എന്ന സ്ഥാപനം മോറിസ് കോയിന്‍ വാഗ്ദാനം നല്‍കി 1265 കോടി പിരിച്ചെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി.ഈ തുകയില്‍ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകര്‍ക്ക് വിതരണം ചെയ്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ അവശേഷിച്ച 36 കോടി രൂപ പൊലീസ് ഇടപെട്ട് മരവിപ്പിച്ചു. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധനനിയമ പ്രകാരം പ്രതികളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടും. അതിനായി ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.
സംസ്ഥാനത്ത് ഇന്ന് 2846 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;12 മരണം;2576 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2846 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂർ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂർ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസർകോട് 53, പാലക്കാട് 51 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 199 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,277 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 20 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2678 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 121 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2576 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 634, കൊല്ലം 115, പത്തനംതിട്ട 144, ആലപ്പുഴ 103, കോട്ടയം 121, ഇടുക്കി 157, എറണാകുളം 402, തൃശൂർ 169, പാലക്കാട് 135, മലപ്പുറം 106, കോഴിക്കോട് 260, വയനാട് 19, കണ്ണൂർ 161, കാസർകോട് 50 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 20,456 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
നടിയെ ആക്രമിച്ച കേസ്;സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്; കോടതിയില്‍ അപേക്ഷ നല്‍കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വിചാരണ കോടതിയില്‍ കേസന്വേഷണ സംഘം അപേക്ഷ നല്‍കി.ഇന്ന് രാവിലെ കേസിന്റെ സാക്ഷി വിസ്താരത്തിനിടെയാണ് പുതിയൊരു അപേക്ഷ പ്രൊസിക്യൂട്ടര്‍ കോടതിയ്ക്ക് കൈമാറിയത്.നിലവിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ അന്തിമ ഘട്ടത്തിലാണ്. ഇതിനിടെയാണ് ദിലീപിനെതിരെ തുടരന്വേഷണം നടത്തുന്നത്.വിചാരണ കോടതിയിൽ പോലീസാണ് ഇക്കാര്യം അറിയിച്ചത്. വിചാരണ നടപടികൾ നിർത്തിവെയ്‌ക്കണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു.കേസിലെ പ്രതിയായ പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ട്, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറി, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ നടൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബലചന്ദ്രകുമാർ ഉയർത്തിയിരിക്കുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ബാലചന്ദ്രകുമാർ. ഈ സാഹചര്യത്തിൽ വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. സംവിധായകന്‍ പരാതിയോടൊപ്പം സമര്‍പ്പിച്ച ശബ്ദരേഖ കേസില്‍ നിര്‍ണായകമാണ്. നിലവില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖകളോട് ഒത്തുപോകുന്ന തെളിവുകളാണ് അദ്ദേഹം ഹാജരാക്കിയതെന്നും സൂചനയുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ബാലചന്ദ്രകുമാര്‍. 2014ല്‍ തുടങ്ങിയ സൗഹൃദം 2021 ഏപ്രില്‍ വരെ തുടര്‍ന്നിരുന്നു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ലഭിച്ചിരുന്നെന്നും, താന്‍ ഇതിന് സാക്ഷിയാണെന്നും അഭിമുഖത്തില്‍ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഒരു വി ഐ പിയായിരുന്നു നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത്. ദിലീപിന്റെ സഹോദരന്‍ അനൂപും, സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ ദൃശ്യങ്ങള്‍ കണ്ടതിന് താന്‍ സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.പ്രൊസിക്യൂഷന്റെ അപേക്ഷയില്‍ വിചാരണ കോടതിയുടെ തീരുമാനം കേസില്‍ നിര്‍ണായകമാകും. വിചാരണ അന്തിമ ഘട്ടത്തിലാണിപ്പോള്‍. ഫെബ്രുവരിയോടെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.
ജനുവരി മൂന്ന് മുതൽ സംസ്ഥാനത്ത് അങ്കണവാടികൾ തുറക്കാം; ശനിയാഴ്ചയും പ്രവൃത്തി ദിവസം; വനിത-ശിശു ക്ഷേമ വകുപ്പ് മാർനിർദ്ദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: ജനുവരി മൂന്ന് മുതൽ സംസ്ഥാനത്ത് അങ്കണവാടികൾ തുറക്കുമെന്ന് സംസ്ഥാന വനിത-ശിശു ക്ഷേമ വകുപ്പ് അറിയിച്ചു. ഇതിനായി ‘കുരുന്നുകൾ അങ്കണവാടികളിലേയ്‌ക്ക്’ എന്ന പേരിൽ പ്രത്യേക മാർഗനിർദ്ദേശങ്ങൾ വകുപ്പ് പുറത്തിറക്കി. ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 12.30 വരെയായിരിക്കും പ്രവർത്തന സമയം.1.5 മീറ്റർ അകലം പാലിച്ച് കുട്ടികളെ ഇരുത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാകർത്തക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.ഘട്ടം ഘട്ടമായാണ് അങ്കണവാടികൾ തുറക്കുന്നത്. ആദ്യ ഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15 കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷകർത്താക്കളുടെ അഭിപ്രായം പരിഗണിച്ച് ബാച്ചുകളായി തിരിച്ചായിരിക്കും പ്രവർത്തനം. ജീവനക്കാരും, കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം എന്നും വനിത-ശിശുക്ഷേമ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിൻവലിച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. എന്നാൽ, ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് മാറ്റമില്ലെന്ന് നേതാക്കൾ അറിയിച്ചു. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാൻ തയ്യാറാകുന്നത് വരെ സമരം തുടരാനാണ് ബിഎംഎസ് നേതാക്കളുടെ തീരുമാനം.നിരക്കു വര്‍ധന വേണമെന്ന ആവശ്യം ന്യായമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഓട്ടോ തൊഴിലാളികളുടെ ചാർജ്ജ് വർദ്ധന സർക്കാരിന്റെ പരിഗണനയിലാണ്.ചാർജ്ജ് വർദ്ധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാർജ്ജ് വർദ്ധനവിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കുക. തൊഴിലാളികളുടെ എല്ലാ തർക്കങ്ങളും പരിഗണിക്കും എന്നും മന്ത്രി ഉറപ്പ് നൽകി.തൊഴിലാളികളുടെ ആവശ്യം സർക്കാർ പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് സംയുക്ത ഓട്ടോ-ടാക്‌സി യൂണിയൻ അറിയിച്ചു.വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചെലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.ടാക്സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു.