കൊച്ചിയിൽ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ചൂതാട്ടം; പങ്കെടുത്തത് കൊച്ചിയിലെ പ്രമുഖർ

keralanews flat focused gambling in kochi prominent personalities from kochi participated

കൊച്ചി: ചെലവന്നൂരിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നടന്ന ചൂതാട്ടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളുടെ ഇടാപാടാണെന്ന് ഓരോ കളിയിലും നടന്നതെന്ന് പോലീസ് കണ്ടെത്തി. ആഴ്ചയിൽ രണ്ട് ദിവസമാണ് ഇവിടെ ചൂതാട്ടം നടന്നിരുന്നത്. കൊച്ചി വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരിപാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയിലാണ് പോലീസ് ഫ്‌ലാറ്റിൽ റെയ്ഡ് നടത്തിയത്. കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട നിരവധി വ്യക്തികൾ ചൂതാട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നത്. പോക്കർ കോയിനുകൾ ഉപയോഗിച്ചുളള ചൂതാട്ടമാണ് നടന്നിരുന്നത്.ചെലവന്നൂരിലെ ഹീര ഫ്‌ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലുള്ള ഡ്യൂപ്ലെ ഫ്‌ലാറ്റിലാണ് ചൂതാട്ടകേന്ദ്രം. അറുപതിനായിരം രൂപ കൊടുത്ത് വാടകയ്‌ക്ക് എടുത്ത ഫ്‌ലാറ്റിന്റെ മുകൾ ഭാഗത്തുള്ള മുറിയാണ് ചൂതാട്ട കേന്ദ്രമായി സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഇത് സജീവമായി പ്രവർത്തിക്കുകയായിരുന്നു. മാഞ്ഞാലി സ്വദേശി ടിപ്‌സന്റെ ഫോണിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സൈജു തങ്കച്ചൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ വിവിധ ഫ്‌ലാറ്റുകളിൽ പോലീസ് സംഘവും നർകോട്ടിക്ക്‌സ് സംയുക്തമായി പരിശോധന നടത്തിയത്. ഇവിടെ നിന്നും ലഹരി ഉപയോഗിക്കുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

എറണാകുളം നായരമ്പലത്ത് വീട്ടിനുള്ളില്‍ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ട മകനും മരിച്ചു

keralanews son found burned inside house with mother died

കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടിനുള്ളില്‍ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ട മകനും മരിച്ചു.സിന്ധുവിന്‍റെ മകന്‍ അതുലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്നലെ രാത്രി മരിച്ചത്.70 ശതമാനത്തോളം അതുലിന് പൊള്ളലേറ്റിരുന്നു. അതുലിന്റെ അമ്മയായ സിന്ധു ഇന്നലെ മരിച്ചിരുന്നു.ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വീട്ടിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ടെത്തിയ സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് വാതില്‍ തല്ലിപ്പൊളിച്ച്‌ അകത്തു കടന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നല്‍കിയിട്ടുണ്ട്.മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തെളിയിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇതിന് പിന്നില്‍ ആരാണെന്ന ചോദ്യത്തിന് സിന്ധു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.നേരത്തെ ഇയാള്‍ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച്‌ സിന്ധു പോലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. സിന്ധുവിന്റെ പരാതിയിന്മേല്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

കാസർകോട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

keralanews husband killed wife in kasarkode

കാസർകോട്: കാസർകോട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പെർളടകത്ത് ഉഷ(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.ഉഷയുടെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റ പാടുകളുണ്ട്. കൊലപാതകത്തിന് ശേഷം ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതി മാനസിക പ്രശ്‌നങ്ങൾ ഉള്ളയാളാണെന്ന് നാട്ടുകാർ പറയുന്നു.നേരത്തെ ഇരുവരും തമ്മിൽ സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. തുടർന്ന് രണ്ട് പേരും മാറി താമസിച്ചു. അടുത്തിടെയാണ് ഇവർ ഒന്നിച്ച് താമസിക്കാൻ ആരംഭിച്ചത് എന്നും ഇടയ്‌ക്കിടെ തർക്കങ്ങൾ ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പ്രതിയെ ചോദ്യം ചെയ്തതാൽ മാത്രമേ വിശദമായി വിവരങ്ങൾ ലഭിക്കൂ.

കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്

keralanews kodiyeri balakrishnan again cpm state secretary position

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്.സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.കഴിഞ്ഞ നവംബറിലാണ് സ്ഥാനം ഒഴിഞ്ഞത്.ആരോഗ്യകാരണങ്ങളും മകന്‍ ബിനീഷ് കോടിയേരിയേരിയുടെ അറസ്റ്റുമായിരുന്നു കാരണങ്ങള്‍. മാറിനിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി, അവധി അപേക്ഷ നൽകുകയായിരുന്നു.തുടർന്ന് താൽക്കാലിക ചുമതല എ.വിജയരാഘവന് നൽകുകയായിരുന്നു.പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന വേളയിൽ സംസ്ഥാന സമ്മേളനത്തിന് മുൻപ് തന്നെ കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണം എന്ന നിലപാടാണ് മടക്കം വേഗത്തിലാക്കിയത്. മുതിർന്ന നേതാവ് എംഎം മണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നത്. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ചുമതല ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

ആന്ധ്ര മുന്‍മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു

keralanews former andra chief minister k rosaiah passes away

ഹൈദരാബാദ്: ആന്ധ്ര മുന്‍മുഖ്യമന്ത്രിയും കര്‍ണാടക, തമിഴ്നാട് ഗവര്‍ണറുമായിരുന്ന കെ റോസയ്യ (88) അന്തരിച്ചു.ഹൈദരാബാദില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 16 തവണ ബജറ്റ് അവതരിപ്പിച്ച്‌ റെക്കോര്‍ഡ് സൃഷ്ടിച്ച ധനമന്ത്രിയാണ് അദ്ദേഹം.വൈഎസ്‌ആര്‍ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബര്‍ മുതല്‍ 2010 നവംബര്‍ വരെ അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു റോസയ്യ. 1998ല്‍ ലോക്സഭയിലേക്കും തെര‍ഞ്ഞെടുക്കപ്പെട്ടു.ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ വാക്‌സിൻ എടുക്കാത്തവരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി; 1707 അധ്യാപകരും അനധ്യാപകരും വാക്‌സിനെടുത്തിട്ടില്ല

keralanews education minister releases figures of teachers not yet vaccinated 1707 teachers and non teachers have not been vaccinated

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും കണക്ക് പുറത്തുവിട്ട് സർക്കാർ.അധ്യാപകരും അനധ്യാപകരും അടക്കം 1707 പേരാണ് ഇതുവരെ വാക്‌സിനേഷന്‍ എടുക്കാത്തതെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ ജില്ല തിരിച്ചുള്ള കണക്കും മന്ത്രി പുറത്തുവിട്ടു.മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍(201) വാക്‌സിന്‍ എടുക്കാനുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ്. ജില്ലയില്‍ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 29 പേര്‍ മാത്രമാണ് ഇനി വാക്‌സിന്‍ എടുക്കാനുള്ളത്.ആരോഗ്യ പ്രശ്‌നങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ ആഴ്ച തോറും ആര്‍ടിപിസിആര്‍ പരിശോധന ഫലം ഹാജരാക്കണം. ഇതിന് തയ്യാറാകാത്തവര്‍ വേതനമില്ലാത്ത അവധിയില്‍ പ്രവേശിക്കണം. വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകര്‍ സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ സ്‌കൂളില്‍ വരരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും വാക്‌സിനെടുക്കണമെന്നും, കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് ഇന്ന് പുറത്തുവിടും

keralanews number of teachers in the state who have not been vaccinated will released today

തിരുവനന്തപുരം:കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും. ആരോഗ്യപ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി വാക്സിന്‍ എടുക്കാത്തവരുടെ കണക്കുകളാണ് പുറത്തുവിടുക. വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരം വെളിപ്പെടുത്തും എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും എണ്ണം മാത്രമാകും പുറത്തുവിടുകയെന്നാണ് ഏറ്റവും പുതിയ വിവരം. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാനത്തെ നിരവധി അദ്ധ്യാപകർ വാക്‌സിൻ സ്വീകരിക്കാത്ത സാഹചര്യത്തിൽ ഇന്നലെ തന്നെ കണക്കുകൾ പുറത്തുവിടുമെന്നാണ് ശിവൻകുട്ടി ആദ്യം പറഞ്ഞത്. എന്നാൽ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല എന്ന് മനസിലായതോടെ കണക്കുകൾ ഇന്ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.ഒമിക്രോൺ രാജ്യത്ത് ഭീതി പടർത്തിയ സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നീക്കം. വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും വിവരം വെളിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാക്സിന്‍ എടുക്കാത്തവർ ആരാണെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ എടുക്കാത്ത അധ്യാപകരോട് സ്കൂളില്‍ വരേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അല്ലെങ്കില്‍ ഓരോ ആഴ്ചയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അടുത്ത നടപടി എന്ന നിലയിലാണ് ആരെല്ലാമാണ് വാക്സിന്‍ എടുക്കാത്തത് എന്ന വിവരം വെളിപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്.

സംസ്ഥാനത്ത് ഇന്ന് 4995 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;44 മരണം;4463 പേർ രോഗമുക്തി നേടി

keralanews 4995 corona cases confirmed in the state today 44 deaths 4463 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4995 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂർ 511, കൊല്ലം 372, കണ്ണൂർ 284, പത്തനംതിട്ട 243, മലപ്പുറം 205, ആലപ്പുഴ 195, വയനാട് 158, ഇടുക്കി 148, പാലക്കാട് 130, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 62,343 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 44 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 225 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,124 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4706 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 219 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4463 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 871, കൊല്ലം 325, പത്തനംതിട്ട 8, ആലപ്പുഴ 151, കോട്ടയം 277, ഇടുക്കി 208, എറണാകുളം 848, തൃശൂർ 502, പാലക്കാട് 169, മലപ്പുറം 187, കോഴിക്കോട് 538, വയനാട് 123, കണ്ണൂർ 194, കാസർഗോഡ് 62 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ആൾമാറാട്ടം നടത്തി ഭൂമി തട്ടിയെടുത്ത കേസിൽ തളിപ്പറമ്പ് മുൻ സബ് രജിസ്ട്രാർ പിടിയിൽ

keralanews former taliparamba sub registrar arrested in land grab case

കണ്ണൂർ:ആൾമാറാട്ടം നടത്തി ഭൂമി തട്ടിയെടുത്ത കേസിൽ തളിപ്പറമ്പ് മുൻ സബ്  രജിസ്ട്രാർ പിടിയിൽ.പുഴാതി ചിറക്കലിലെ പിവി വിനോദ് കുമാറാണ് പിടിയിലായത്.കുറുമാത്തൂർ വില്ലേജിലെ ഭൂമി തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.രണ്ട് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2016 ൽ റോസ് മേരിയുടെ പേരിലുള്ള 7.5ഏക്കർ സ്ഥലം ഭൂമിയുടെ രേഖയുടെ പകർപ്പ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി തട്ടിയെടുത്തെന്നാണ് ഒരു കേസ്. ഈ കേസിൽ പങ്കുള്ള ആറു പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.2017 ടിഎം തോമസ് പവർ ഓഫ് അറ്റോർണിയായ ഫിലിപ്പോസിന്റെ സ്ഥലം ആൾമാറാട്ടം നടത്തി വിനോദ് കുമാർ തന്റെ ബന്ധു അടക്കമുള്ള 12 പേരുടെ പേരിൽ എഴുതി വെച്ചെന്നാണ് കേസ്.രണ്ടാമത്തെ കേസിൽ എട്ടേമുക്കാൽ ഏക്കർ സ്ഥലമാണ് തട്ടിയെടുത്തത്. സംഭവം നടക്കുമ്പോൾ തളിപ്പറമ്പ് സബ് രജിസ്ട്രാറായിരുന്നു വിനോദ്.നിലവിൽ തൃശൂർ കോടാലി സബ് രജിസ്ട്രാറാണ്.

ഒമിക്രോൺ ജാഗ്രത; യു.കെയിൽ നിന്നും കോഴിക്കോട്ടെത്തിയ ഡോക്ടറുടെ സാമ്പിൾ പരിശോധനക്ക് അയച്ചു

keralanews omicron alert sample of a doctor from uk to kozhikode for testing

കോഴിക്കോട്:ഒമിക്രോൺ സംശയത്തെ തുടർന്ന് ബ്രിട്ടനിൽ നിന്ന് കോഴിക്കോട്ടെത്തിയ ഡോക്ടറുടെ കൊറോണ സാമ്പിൾ ജനിതക പരിശോധനയ്‌ക്ക് അയച്ചു. 21നാണ് ഇയാൾ യു.കെയിൽ നിന്ന് എത്തിയത്. 26ന് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു.കൊറോണ സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അസുഖം ഭേദമാകാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്താന്‍ തീരുമാനിച്ചത്.ഇയാള്‍ക്ക് സംസ്ഥാനത്തെ നാല് ജില്ലകളിലുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ഈ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. കായംകുളത്തും എറണാകുളത്തും ഇയാള്‍ പോയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പരിശോധനാ സാമ്പിള്‍ ശേഖരിച്ച് അയച്ചത്. ഇതിന്റെ ഫലം ഉടന്‍ ലഭ്യമാകുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. ഇദ്ദേഹം ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്.നിലവില്‍ ഈ ഡോക്ടര്‍ക്കോ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല.