അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് അവധി മാറ്റിയിരിക്കുന്നത്.തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴര മുതല്‍ മൂന്നര വരെയും, വെള്ളിയാഴ്ച രാവിലെ എഴര മുതല്‍ പന്ത്രണ്ട് മണിവരെയുമാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തി സമയം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായര്‍ വരെ അവധിയായിരിക്കും.ഇത്തരത്തിൽ നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്കാണ് മാറുന്നതെന്ന് യുഎഇ പ്രഖ്യാപിച്ചു. പുതിയ സമയക്രമം 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടില്ല.ഇതോടെ ദേശീയ പ്രവൃത്തി ദിനം അഞ്ച് ദിവസത്തിലും താഴെയാക്കുന്ന ആദ്യ രാജ്യമാകും യുഎഇ. പ്രവൃത്തി ദിനങ്ങളിൽ എട്ട് മണിക്കൂർ വീതമാണ് പ്രവർത്തന സമയം. വെള്ളിയാഴ്ച ഇത് നാലര മണിക്കൂറാകും. ദൈർഘ്യമേറിയ വാരാന്ത്യം ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും തൊഴിലും ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.
നവജാത ശിശുവിനെ കൊന്ന് ടോയ്ലറ്റ് ഫ്ലഷ് ടാങ്കില്‍ തള്ളി;അമ്മ അറസ്റ്റിൽ
ചെന്നൈ: തഞ്ചാവൂരില്‍ നവജാത ശിശുവിനെ കൊന്ന് ടോയ്ലറ്റ് ഫ്ലഷ് ടാങ്കില്‍ തള്ളിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ.തഞ്ചാവൂര്‍ അളകുടി സ്വദേശിയായ 23 കാരി പ്രിയദര്‍ശിനി ആണ് അറസ്റ്റിലായത്.തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലെ ടോയ്‌ലറ്റിലെ ഫ്ലഷ് ടാങ്കിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ഉപേക്ഷിച്ചത്.ഡിസംബര്‍ നാലിനാണ് സംഭവം.ശുചിമുറി വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ ടോയ്‌ലറ്റുകള്‍ ഫ്ലഷ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫ്ലഷ് ശരിയായി പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തുകയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും ഡിസംബര്‍ 3 ന് തമിഴ്‌നാട് ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി കെയര്‍ ഇനീഷ്യേറ്റീവ് വാര്‍ഡിന്റെ ടോയ്‌ലറ്റിന് സമീപം ഒരു സ്ത്രീ നടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിക്കായി അന്വേഷണം ആരംഭിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.വിവാഹേതര ബന്ധത്തെത്തുടര്‍ന്നാണ് യുവതി ഗര്‍ഭിണിയായതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഗര്‍ഭം വീട്ടുകാരെ അറിയിക്കാതെ കുഞ്ഞിന് ജന്മം നല്‍കാന്‍ ശ്രമിച്ച യുവതി ചെറിയ വയറുവേദനയെ തുടര്‍ന്ന് ഒറ്റയ്ക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു.
സിവിൽ സർവീസുകാരുടെ പ്രതിഷേധം ഫലം കണ്ടില്ല; കെഎഎസ് അടിസ്ഥാന ശമ്പളം 81,800 ആയി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം:കെഎഎസ് അടിസ്ഥാന ശമ്പളം 81,800 ആയി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.10 ശതമാനം ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയത്. ഗ്രേഡ് പേക്ക് പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകുകയാണ് ചെയ്യുക. കെഎഎസ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളം നൽകുന്നതിനെതിരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. തങ്ങൾ ആനുപാതിക ശമ്പളവർധനവ് വേണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകൾ സർക്കാരിനെ സമീപിച്ചിരുന്നു.സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കാള്‍ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പെഷല്‍ പേ നല്‍കണമെന്നുമുള്ള ആവശ്യത്തില്‍ സിവില്‍ സര്‍വീസ് സംഘടനകള്‍ ഉറച്ചു നില്‍ക്കുകയാണ്.
സഹോദരിയുടെ വിവാഹം നടത്താന്‍ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് തൃശൂരില്‍ യുവാവ് തൂങ്ങി മരിച്ചു
തൃശൂര്‍: സഹോദരിയുടെ വിവാഹം നടത്താന്‍ വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിന് വിപിന്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയായിരുന്നു ആത്മഹത്യ. ഈ ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. രണ്ട് സെന്റ് സ്ഥലത്താണ് ഇവരുടെ വീട് സ്ഥിതിചെയ്യുന്നത്. എന്നാല്‍, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിക്കണമെങ്കില്‍ മൂന്ന് സെന്റിലധികം ഉണ്ടാവണമെന്നാണ് നിബന്ധന. അതുകൊണ്ട് തന്നെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിച്ചില്ല. എന്നാല്‍, ഒരു സ്ഥാപനം പണം നല്‍കാമെന്ന് അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങളെ സ്വര്‍ണവും മറ്റ് വസ്ത്രങ്ങളും വാങ്ങാന്‍ പറഞ്ഞയച്ച വിപിന്‍ വായ്പ നല്‍കാമെന്നറിയിച്ച സ്ഥാപനത്തിലെത്തി. എന്നാല്‍, ഇവിടെ നിന്ന് പണം നല്‍കാനാവില്ലെന്ന് അറിയിച്ചു. ഇതിനു പിന്നാലെ വീട്ടിലെത്തിയ വിപിന്‍ ജീവനൊടുക്കുകയായിരുന്നു.ജ്വല്ലറിയിൽ ഏറെ നേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും തിരികെ വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂപ്പർമാർക്കറ്റിൽ ജോലിയുണ്ടായിരുന്ന വിപിന് കൊറോണ കാലത്ത് അത് നഷ്ടപ്പെട്ടിരുന്നു.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വർധിക്കുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 23 പേര്‍ക്ക്
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വർധിക്കുന്നു.ഇതുവരെ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധനാഫലം ഇന്ന് വരും.വിദേശത്ത് നിന്നും കേരളത്തിലെത്തി കൊവിഡ് പോസിറ്റീവായ രണ്ടുപേരുടെ ജനിതക ശ്രേണീകരണ പരിശോധനാഫലങ്ങളാണ് ഇന്ന് ലഭിക്കുക.കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യു കെയില്‍ നിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകന്റെയും, മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ള ജര്‍മ്മനിയില്‍ നിന്ന് വന്ന തമിഴ്നാട് സ്വദേശിനിയുടേയും ഫലങ്ങളാണ് ഇന്ന് പുറത്തുവരിക. ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവിന്റെയും, റഷ്യയില്‍ നിന്നെത്തിയ രണ്ട് പേരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ ആളുകള്‍ കൂടിനില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടിയന്തിര ഉന്നതതല യോഗം വിളിച്ചു.മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ വാക്‌സിന്‍ ഉടന്‍ നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം രാത്രി വീണ്ടും തുറന്നു; വീടുകളിൽ വെളളം കയറി; രോഷാകുലരായി പ്രദേശവാസികൾ
ഇടുക്കി:മുല്ലപ്പെരിയാറില്‍ നിന്ന് രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും വെള്ളം ഒഴുക്കി തമിഴ്‌നാട്.നേരത്തെ തുറന്നിരിക്കുന്ന ഒമ്പത് ഷട്ടറുകൾ 120 സെന്റീമീറ്റർ വീതമാണ് അധികമായി ഉയർത്തിയത്. ഷട്ടർ കൂടുതൽ ഉയർത്തിയതിന് പിന്നാലെ പെരിയാർ തീരത്തെ പല വീടുകളിലും വെള്ളം കയറി തുടങ്ങി. മഴ മാറി നിന്ന പകൽസമയത്ത് വെളളം തുറന്നുവിടാതെ രാത്രിയിൽ പതിവായി ഷട്ടർ തുറക്കുന്നതിൽ നാട്ടുകാർ രോഷാകുലരാണ്. പലരുടെയും വീടുകളിൽ വെളളം കയറി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. അണക്കെട്ടില്‍നിന്ന് 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഒഴുക്കിയതോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തില്‍ വെള്ളം കയറി. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ചപ്പാത്ത് പാലത്തിന്റെ കൈവരികള്‍ക്കിടയിലൂടെ വെള്ളം ഒഴുകിയത്. പെരിയാര്‍ തീരത്തെ വള്ളക്കടവ്, വികാസ്നഗര്‍, മഞ്ചുമല മേഖലകളിലെ പത്തിലധികം വീടുകളില്‍ വെള്ളം കയറി.എന്നാല്‍, രാത്രി പത്തോടെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് അടച്ചു. തുടര്‍ന്നും ആറ് ഷട്ടറുകളിലൂടെ 8380 ഘനയടി വെള്ളം ഒഴുകി.രാത്രി ഒന്‍പതേമുക്കാലോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്തെത്തി സ്ഥതിഗതികള്‍ വിലയിരുത്തി.രാവിലെയോടെ ഒന്ന് ഒഴികെ മറ്റെല്ലാ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. പിന്നാലെ വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.അതേസമയം രാത്രി വൻതോതിൽ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പകല്‍ തുറന്നുവിടാന്‍ സൗകര്യമുണ്ടായിട്ടും രാത്രിയില്‍ വന്‍തോതില്‍ വെള്ളം തുറന്നുവിടുകയാണ്. ഇത് ജനാധിപത്യ നടപടികള്‍ക്ക് വിരുദ്ധമാണ്.എല്ലായിടത്തും അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. രാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാട് തുറക്കുന്നത് സംബന്ധിച്ച് കേരളത്തിന്റെ പ്രതിഷേധം മേല്‍നോട്ടസമിതിയെ അറിയിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയെ വിവരം അറിയിക്കുമെന്നും ജലവിഭവവകുപ്പ് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 3277 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;30 മരണം;5833 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3277 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂർ 267, തൃശൂർ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസർഗോഡ് 53 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 138 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,768 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3056 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5833 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 938, കൊല്ലം 524, പത്തനംതിട്ട 323, ആലപ്പുഴ 174, കോട്ടയം 461, ഇടുക്കി 146, എറണാകുളം 724, തൃശൂർ 598, പാലക്കാട് 187, മലപ്പുറം 397, കോഴിക്കോട് 741, വയനാട് 266, കണ്ണൂർ 287, കാസർഗോഡ് 67 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
ഓമിക്രോണ്‍ ആശങ്ക;ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐഎംഎ
ന്യൂഡല്‍ഹി: ഓമിക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍ എന്നിവര്‍ക്ക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐഎംഎ ദേശീയ അധ്യക്ഷന്‍ ജയലാല്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനും പുതിയ വകഭേദത്തെ പ്രതിരോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.പുതിയ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച് വ്യക്തതയില്ല. അതുകൊണ്ടുതന്നെ കൃത്യമായ മുന്നൊരുക്കം ആവശ്യമാണെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്ത് പച്ചക്കറിവില വീണ്ടും ഉയര്‍ന്നു; തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും സെഞ്ച്വറിയടിച്ച് തക്കാളി വില
തിരുവനന്തപുരം:വില കുറയ്‌ക്കാനുള്ള ചർച്ചകൾ ഉദ്യോഗസ്ഥർക്കിടയിൽ പുരോഗമിക്കുമ്പോഴും സംസ്ഥാനത്ത് വീണ്ടും കുതിച്ച് ഉയർന്ന് പച്ചക്കറി വില. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറുരൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്.മറ്റ് പച്ചക്കറികൾക്കും ആഴ്ചകളായി ഉയർന്ന വില തുടരുകയാണ്. മുരിങ്ങക്കായ ആണ് നിലവിൽ തീ വിലയുള്ള പച്ചക്കറി ഇനം. 300 രൂപയാണ് ഇന്നത്തെ വില. വെണ്ടയ്‌ക്ക് കിലോയ്‌ക്ക് എഴുപത് രൂപയും, ചേന, ബീൻസ്, ക്യാരറ്റ് എന്നിവയ്‌ക്ക് അറുപത് രൂപയുമാണ് വില. ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതി കാരണം ഉൽപ്പാദനം കുറഞ്ഞതാണ് പച്ചക്കറിയ്‌ക്ക് വിലകൂടാൻ കാരണം. അതേസമയം, ഹോർട്ടികോർപ്പ് കുറഞ്ഞ വിലയ്‌ക്ക് വിൽപ്പന തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ 80 ടൺ പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തെങ്കാശിയിൽ നിന്നും നേരിട്ട് പച്ചക്കറി എത്തിക്കുന്നതിനായി ബുധനാഴ്ച കരാറൊപ്പിടുമെന്നാണ് ഹോർട്ടികോർപ്പ് അറിയിച്ചത്.
പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്ത് സമരം ചെയ്യുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന കേരളത്തിലെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നു. ബുധനാഴ്ച മുതല്‍ അത്യാഹിത വിഭാഗങ്ങള്‍ കൂടി ബഹിഷ്കരിക്കാനാണ് തീരുമാനം.ആറു മാസം വൈകിയ മെഡിക്കല്‍ പിജി അലോട്ട്മെന്‍റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.മറ്റ് സംസ്ഥാനങ്ങളില്‍ ആരോഗ്യവകുപ്പ് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും കേരളത്തില്‍ ഒരു നടപടിയുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപണം ഉയര്‍ത്തുന്നു.മെഡിക്കല്‍ പി ജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം തുടരുകയാണ്. ഡിസംബര്‍ 2 ന് സൂചന ഒപി ബഹിഷ്കരണം നടത്തിയതിന് ശേഷമാണ് 3 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.