എറണാകുളം:കൊച്ചിയിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്.ഇയാൾ കോംഗോയിൽ നിന്നെത്തി സ്വയം നിരീക്ഷണം പാലിച്ചില്ലായെന്നും മാളിലും റെസ്റ്റോറന്റിലും പോയതായും മന്ത്രി അറിയിച്ചു. വിപുലമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും എല്ലാ ജില്ലകളിലും ജാഗ്രതയുണ്ടായിരിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് കഠിനമായ ക്വാറന്റൈന്‍ വ്യവസ്ഥകളാണ് നിലവിലുള്ളത്. എന്നാല്‍ കോംഗോ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍പെടാത്തതിനാല്‍ ഈ സ്ഥലത്ത് നിന്നും വന്ന ഇയാൾക്ക് ക്വാറന്റൈനല്ല മറിച്ച് സ്വയം നിരീക്ഷണമാണ് നിർദേശിച്ചിരുന്നത്. എന്നാൽ ഇയാൾ നിർദേശം പാലിച്ചിരുന്നില്ല. റൂട്ട് മാപ്പ് പുറത്തുവിടുന്ന പക്ഷം ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ടോയെന്ന വിവരം ശ്രദ്ധിച്ച് ജനങ്ങൾ ജാഗ്രത സ്വീകരിക്കണം. സമ്പർക്കപ്പട്ടികയിൽ വരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സെക്രട്ടേറിയറ്റില്‍ ചര്‍ച്ചക്കെത്തിയ പിജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റിനെ ഓഫിസ് സ്റ്റാഫ് അപമാനിച്ചതായി പരാതി
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫിസില്‍ ചര്‍ച്ചക്കെത്തിയ പിജി ഡോക്ടേര്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ ഓഫിസ് സ്റ്റാഫ് അപമാനിച്ചതായി പരാതി.അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അജിത്രയെയാണ് അപമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് ആരോഗ്യവകുപ്പ് അഡിഷണന്‍ ചീഫ് സെക്രട്ടറിയുമായാണ് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചക്കെത്തിയത്.ചര്‍ച്ച വൈകുന്ന ഘട്ടത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അജിത്ര ഓഫിസിന് മുന്നിലെ പടിയില്‍ ഇരുന്നു. പടിയില്‍ ഇരിക്കരുതെന്ന് മന്ത്രിയുടെ സ്റ്റാഫ് പറഞ്ഞു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇരിക്കണമെന്നും പറഞ്ഞു. അതുപ്രകാരം അജിത്രക്ക് ഇരിക്കാന്‍ കസേര നല്‍കി. കസേരയില്‍ കാലിന് മേല്‍ കാല്‍വെച്ചിരുന്നപ്പോള്‍ സ്ത്രീകള്‍ ഇങ്ങനെ ഇരിക്കാന്‍ പാടില്ലെന്നും ഐ.എ.എസുകാര്‍ ഉൾപ്പെടെ വരുന്ന സ്ഥലമാണിതെന്നും സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ താക്കീത് ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ‘സ്ത്രീകള്‍ക്ക് ഇങ്ങനെ ഇരിക്കാന്‍ പാടില്ലേയെന്ന്’ ചോദിച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ തുണിയുടുക്കാതെ നടക്ക്’ എന്നായിരുന്നു ജീവനക്കാരന്‍റെ മറുപടിയെന്നും അജിത്ര പറഞ്ഞു.ഡോ. അജിത്ര തനിക്ക് നേരിട്ട അപമാനം സെക്രട്ടേറിയറ്റിന് മുന്‍പില്‍ ചര്‍ച്ചവിവരങ്ങളറിയാനെത്തിയ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നേരിട്ട അപമാനത്തിനെതിരേ പരാതിയുമായി മുന്നോട്ട് പോകുമെന്ന് ഡോ. അജിത്ര മാധ്യമങ്ങളോട് വ്യക്തമാക്കി.ഇന്നലെ പിജി ഡോക്ടര്‍മാരുമായി മന്ത്രി വീണാ ജോര്‍ജ്ജ് ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായി കണക്കുകള്‍ സംബന്ധിച്ച് വ്യക്തതവരുത്താന്‍ ഇന്ന് ഉച്ചയ്ക്ക് എത്താന്‍ പറഞ്ഞിരുന്നു. അതനുസരിച്ചാണ് ഡോ. അജിത്രയും സംഘവും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തിയത്.
മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; കുട്ടികൾ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം:വെഞ്ഞാറമ്മൂടിൽ മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു.കുന്നല്ലൽ സ്വദേശി ശ്രീജയാണ് ആത്മഹത്യ ചെയ്തത്. വിഷം ഉള്ളിൽച്ചെന്ന കുട്ടികൾ ഗുരുതരാവസ്ഥയിലാണ്.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒൻപത്, ഏഴ്, മൂന്നര വയസ്സുള്ള കുട്ടികൾക്ക് ഇവർ വിഷം നൽകുകയായിരുന്നു. തുടർന്ന് യുവതിയും ജീവനൊടുക്കി. മുതിർന്ന രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്ക് ഉള്ളത്.ശ്രീജയുടെ ഭർത്താവ് ബിജു പൂനെയിലാണ് ഉള്ളത്. കുറച്ച് കാലമായി ഇയാൾ കുടുംബവുമായി പിണങ്ങി കഴിയുകയാണ്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്‌ക്ക് കാരണം എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കണ്ണൂരിൽ 70 കാരൻ മരിച്ചത് പട്ടിണി മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കണ്ണൂർ: കണ്ണൂരിൽ ചൊവ്വാഴ്ച വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 70 കാരൻ അബ്ദുൾ റാസിഖ് മരിച്ചത് പട്ടിണിമൂലം.ഇയാൾ ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ രണ്ട് ദിവസമായി റാസിഖിന് ഭക്ഷണം ലഭിച്ചിരുന്നില്ലെന്ന് വ്യക്തമായി. വയർ ഒഴിഞ്ഞുകിടക്കുകയായിരുന്നെന്നും പിത്തഗ്രന്ഥി മുഴുവനായി വികസിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.കണ്ണൂർ തെക്കി ബസാറിൽ ഭാര്യയ്‌ക്കും മകൾക്കും ഒപ്പമായിരുന്നു അബ്ദുൾ റാസിഖ് താമസിച്ചിരുന്നത്. ഇയാൾ അസുഖബാധിതനായിരുന്നു എന്നും മുറിയിൽ മലമൂത്രവിസർജ്ജനം നടത്തുന്നതുകൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നുമാണ് ഭാര്യയുടെയും മകളുടെയും മൊഴി. വീണ്ടും ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളെയും ചോദ്യം ചെയ്ത് സാഹചര്യം മനസിലാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൈക്കൂലി കേസ്;പിടിയിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ ഹാരിസിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ 16 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
ആലുവ:കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്.കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എം.എം ഹാരിസിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡിൽ പതിനാറ് ലക്ഷം രൂപ പിടിച്ചെടുത്തു. സ്വത്തുക്കൾ സംബന്ധിച്ച നിരവധി രേഖകളും കണ്ടെടുത്തു.പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചണ്‍ ക്യാബിനറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. ബാസ്‌ക്കറ്റിനുള്ളിൽ കവറുകളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. ഒരോ കവറിലും അൻപതിനായിരത്തോളം രൂപയാണ് ഉണ്ടായിരുന്നതെന്ന് വിജിലൻസ് ഓഫീസർ വ്യക്തമാക്കി.ഇയാൾക്ക് 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തി. നോട്ടെണ്ണൽ യന്ത്രവുമായാണ് വിജിലൻസ് സംഘം ഹാരിസിന്റെ വീട്ടിലേക്ക് റെയിഡിനായി തിരിച്ചത്. ബാങ്ക് മാനേജരുടെയടക്കം സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ് നടത്തിയത്.ഇന്നലെ ഉച്ചയോടെ ടയർ വ്യവസായിയിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എംഎം ഹാരിസിനെ പിടികൂടിയത്.ഇതിന് ശേഷം പ്രതിയുടെ ആലുവയിലെ ഫ്‌ളാറ്റിൽ എത്തിച്ചാണ് റെയ്ഡ് നടത്തുന്നത്. 80 ലക്ഷം രൂപ വിലമതിക്കുന്നതാണ് പ്രതിയുടെ ആലുവയിലെ ഫ്‌ളാറ്റ്.തിരുവനന്തപുരത്ത് 2000 സ്‌ക്വയർ ഫീറ്റ് വീട് ഹാരിസിന് സ്വന്തമായുണ്ട്.പന്തളത്ത് 33 സെന്റ് സ്ഥലം സ്വന്തമായുണ്ട്.ഇതിന് മുൻപും കൈക്കൂലി കേസിൽ പിടിയിലായ ആളാണ് ഹാരിസ്.പാലാ സ്വദേശി ജോസ് സെബാസ്റ്റ്യന്‍ നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി. പ്രവിത്താനത്തുള്ള റബർ ട്രേഡിങ് കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാനാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്.
2016 ലാണ് ജോസ് സെബാസ്റ്റ്യന്‍ സ്ഥാപനം ആരംഭിച്ചത്. ഈ സ്ഥാപനത്തിനെതിരെ അയല്‍വാസി ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതോടെയാണ് സ്ഥാപനമുടമ ജോസ് സെബാസ്റ്റ്യന്‍ മലിനീകരണ തോത് അളക്കുന്നതിനുവേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സമീപിച്ചത്. എന്നാല്‍ അന്നു മുതല്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ജോസ് ബാസ്റ്റ്യന്‍ പറയുന്നു. ഒരു ലക്ഷം രൂപയാണ് മുന്‍ ജില്ലാ ഓഫീസര്‍ ആയ ജോസ് മോന്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ കൈക്കൂലി നല്‍കാതെ വന്നതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു.സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് അനുമതി തേടി ജോസ് സെബാസ്റ്റ്യന്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി ഉണ്ടായതോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. ശബ്ദ മലിനീകരണ തോത് പരിശോധിച്ച് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയില്ല. വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരനായ ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. കോടതിയില്‍ അഭിഭാഷകര്‍ക്ക് നല്‍കുന്ന പണം തങ്ങള്‍ തന്നാല്‍ പോരെ എന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചതായി ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ ചെയ്യാന്‍ ഹാരിസ് പറഞ്ഞതായും ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. ഇതോടെയാണ് വിജിലന്‍സിനെ സമീപിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം; ഇന്നും നാളെയും ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.10 ലക്ഷം ജീവനക്കാരാണു പണിമുടക്കുന്നത്. എസ്ബിഐ സേവനങ്ങളെയും പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനത്തെയും രണ്ട് ദിവസത്തെ പണിമുടക്ക് ബാധിക്കും.പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കേണ്ട ആവശ്യമില്ലെന്നും ഈ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.കൃഷ്ണ പറഞ്ഞു.2021-22 ബജറ്റില്‍ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2021 അവതരിപ്പിക്കുമെന്ന് കേന്ദ്രം നേരത്തെ സൂചിപ്പിച്ചിരുന്നു. 1970ലെ ബാങ്കിംഗ് കമ്പനികളുടെ നിയമത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് ബില്‍ ലക്ഷ്യമിടുന്നത്. പൊതുമേഖല ബാങ്കുകളില്‍ എല്ലായ്‌പ്പോഴും സര്‍ക്കാരിന് 51 ശതമാനം ഓഹരി നിര്‍ബന്ധിതമാക്കുന്ന വ്യവസ്ഥയായിരുന്നു ഇത്. പുതിയ ബില്‍ സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കും. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തും;നിയമഭേദഗതി തീരുമാനം കേന്ദ്രമന്ത്രി സഭ അംഗീകരിച്ചു
ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നത് സംബന്ധിച്ച നിയമഭേദഗതി ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ നടത്തുമെന്ന് സൂചന.ഇന്നലെ ചേർന്ന കേന്ദ്രമന്ത്രി സഭ നിയമഭേദഗതി തീരുമാനം അംഗീകരിച്ചിരുന്നു.സ്ത്രീകളുടെ വിവാഹം പ്രായം ഉയര്‍ത്തുമെന്ന് കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഒരു സമിതിയെ വിഷയം പഠിക്കാന്‍ നിയോഗിക്കുകയും ചെയ്തു.ജയ ജയ്റ്റിലി അദ്ധ്യക്ഷയായ കർമ സമിതി വിവാഹ പ്രായം 21 ആക്കി ഉയർത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു. സമിതിയുടെ നിര്‍ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.ശൈശവ വിവാഹ നിരോധന നിയമത്തിലും സ്‌പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികൾ കൊണ്ടുവരുന്നത്. പതിനാല് വയസായിരുന്നു മുൻപ് പെൺകുട്ടികളുടെ വിവാഹ പ്രായം പിന്നീട് അത് പതിനെട്ടാക്കി.ഇതാണ് ഇരുപത്തിയൊന്നായി ഉയർത്തുന്നത്.മാതൃമരണ നിരക്ക് കുറയ്‌ക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുക,വിളർച്ചയും പോക്ഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉയർത്തുന്നതിന്റെ ലക്ഷ്യങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നത്.
18 വയസ് തികയുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാൻ കൂടുതല്‍ അവസരങ്ങള്‍; ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കും; സുപ്രധാന ഭേദഗതികളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുന്നതിന് സുപ്രധാന ഭേദഗതികള്‍ ആവിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.വോട്ടര്‍ പട്ടിക ശക്തിപ്പെടുത്തുക, തിരഞ്ഞെടുപ്പ് കമ്മിഷന് കൂടുതല്‍ അധികാരം നല്‍കുക, ഡ്യൂപ്ലിക്കേറ്റുകള്‍ നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കായി നാല് പ്രധാന പരിഷ്കാരങ്ങള്‍ അവതരിപ്പിക്കും.പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നത് പോലെ, ഒരാളുടെ വോട്ടര്‍ ഐഡിയോ ഇലക്ടറല്‍ കാര്‍ഡോ ഉപയോഗിച്ച് ആധാര്‍ കാര്‍ഡ് സീഡിംഗ് ഇപ്പോള്‍ അനുവദിക്കും.വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ ശ്രമങ്ങള്‍ അനുവദിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍, 18 വയസ്സ് തികയുന്ന ആദ്യ തവണ വോട്ടര്‍മാര്‍ക്ക് നാല് വ്യത്യസ്ത ‘കട്ട്-ഓഫ്’ തീയതികളോടെ വര്‍ഷത്തില്‍ നാല് തവണ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ലഭിക്കും. നിലവിലെ ചട്ടമനുസരിച്ച്, ജനുവരി ഒന്നിനുശേഷം 18 വയസ്സു പൂര്‍ത്തിയാകുന്ന ഒരാള്‍ അടുത്തകൊല്ലംവരെ കാത്തിരിക്കണം. ഇനി മുതല്‍ അതുവേണ്ട. ഏപ്രില്‍ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികള്‍കൂടി അടിസ്ഥാനമാക്കി പട്ടിക പരിഷ്‌കരിക്കും.സര്‍വീസ് ഓഫീസര്‍മാരുടെ ഭര്‍ത്താവിനും വോട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍വീസ് ഓഫീസര്‍മാര്‍ക്ക് ലിംഗഭേദമില്ലാതെ നിയമം കൊണ്ടുവരാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം പുരുഷ സര്‍വീസ് വോട്ടറുടെ ഭാര്യക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ, വനിതാ സര്‍വീസ് വോട്ടറുടെ ഭര്‍ത്താവിന് ഈ സൗകര്യം ലഭ്യമല്ല.
സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു;ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.ഇതോടെ ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം അഞ്ചായി.നാല് പേരിൽ രണ്ട് പേർ സമ്പർക്ക രോഗികളാണ്. ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയ്‌ക്കും, ഭാര്യാ മാതാവിനുമാണ് രോഗം കണ്ടെത്തിയത്. ഇതിന് പുറമേ യുകെ, കോംഗോ എന്നിവിടങ്ങളിൽ നിന്നു വന്നവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ യുകെയിൽ നിന്നെത്തിയ ആൾ തിരുവനന്തപുരം സ്വദേശിയും, കോംഗോയിൽ നിന്നെത്തിയ ആൾ എറണാകുളം സ്വദേശിയുമാണ്.എറണാകുളം സ്വദേശിയ്‌ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ ഭാര്യയ്‌ക്കും ഭാര്യമാതാവിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജനിതക പരിശോധനയ്‌ക്കായി അയച്ച ഫലത്തിലാണ് ഒമിക്രോൺ കണ്ടെത്തിയത്. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച വിവരം ആരോഗ്യമന്ത്രി വീണാ ജോർജാണ് അറിയിച്ചത്. രോഗം കണ്ടെത്തിയവരിൽ എല്ലാവരും വാക്‌സിൻ സ്വീകരിച്ചവരാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ കോണ്‍ടാക്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവരെ അടക്കം തിരിച്ചറിഞ്ഞ് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് വീണാ ജോര്‍ജ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 4006 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;125 മരണം; 3898 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4006 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂർ 342, കൊല്ലം 260, കണ്ണൂർ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസർഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 157 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,626 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3750 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 207 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3898 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 738, കൊല്ലം 633, പത്തനംതിട്ട 139, ആലപ്പുഴ 136, കോട്ടയം 180, ഇടുക്കി 184, എറണാകുളം 508, തൃശൂർ 222, പാലക്കാട് 50, മലപ്പുറം 218, കോഴിക്കോട് 419, വയനാട് 125, കണ്ണൂർ 267, കാസർഗോഡ് 79 എന്നിങ്ങനേയാണ് രോഗമുക്തിയായത്.