കാഞ്ഞങ്ങാട്:പുറത്താക്കാതിരിക്കാൻ വിദ്യാർത്ഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചതായി പരാതി.കാസർകോട് ഗവ.കോളേജിലെ പ്രിൻസിപ്പൽ ഡോ എം രമയ്‌ക്കെതിരെയാണ് പരാതി.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം 18 നാണ് സംഭവം.സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിദ്യാര്‍ത്ഥി പരാതി നല്‍കി.കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാനാണ് കാലു പിടിപ്പിച്ചതെന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു. വിദ്യാർഥിക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്നും വിദ്യാർത്ഥിയെ വഴക്കു പറയുകയും അപമാനിക്കുകയും ചെയ്തതിന് ശേഷം കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാൽ പിടിക്കെണമെന്ന ഉപാധി വെച്ചെന്നാണ് പരാതി. എന്നാല്‍ ആരോപണം തെറ്റാണെന്ന് രമ വ്യക്തമാക്കി. മാസ്ക്ക് ഇടാതെ വന്നത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥി തന്നെ അടിക്കാന്‍ ശ്രമിച്ചെന്നും ഇത് സംബന്ധിച്ച് കേസ് നല്‍കരുതെന്ന് പറഞ്ഞ് സ്വമേധയാ കാലില് വീഴുകയായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.
കാസര്‍കോട് ജില്ലയില്‍ എയിംസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; മാനുഷിക പരിഗണന വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താന്‍
കാസർകോഡ്: കാസര്‍കോട് ജില്ലയില്‍ എയിംസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി.പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.എയിംസ് അനുവദിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാറിന് കൈമാറണമെന്ന് യോഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരുകാരണവശാലും കാസര്‍കോട്ട് എയിംസ് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ഇതിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ എം.പി, കാസര്‍കോട്ടുകാരോട് മാനുഷിക പരിഗണന കാണിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെങ്കിലും മുഖ്യമന്ത്രി നിലപാട് മാറ്റിയില്ല. കിനാലൂരില്‍ നിര്‍ദ്ദിഷ്ട എയിംസ് സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണെന്നറിയിച്ച അദ്ദേഹം, അവിടെ എയിംസിന് അനുമതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് എം.പിമാരോട് ആവശ്യപ്പെടുകയും ചെയ്തു.നിയമസഭയില്‍ എന്‍.എ. നെല്ലിക്കുന്നിന് രേഖാമൂലം നല്‍കിയ മറുപടിയിലും കാസര്‍കോട്ട് എയിംസ് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് ബുധനാഴ്ച ബഹുജന റാലി പ്രഖ്യാപിച്ചിരിെക്കയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു
തൃശൂർ: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു.കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ മകന്‍ ആകാശ് (14) ആണ് മരിച്ചത്.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടമായതോടെ മനോവിഷമത്തില്‍ കുട്ടി കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഇറങ്ങി പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. തുടർന്ന് ആകാശിനായി ബന്ധുക്കൾ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരുന്നു.ഇന്ന് രാവിലെ കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തി. തുടർന്ന് ഇരിങ്ങാലക്കുട ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേയ്‌ക്ക് മാറ്റി. അമ്മ സുൽഫത്ത്. സഹോദരൻ അമൽ.
വായു മലിനീകരണം;ഡൽഹിയിലെ സ്കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുത്;സ്വകാര്യ സ്ഥാപനങ്ങള്‍ 50% വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്നും നിർദേശം
ന്യൂഡൽഹി:വായു മലിനീകരണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ദില്ലിയിലെ സ്കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുതെന്ന് എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മീഷന്‍ നിർദേശം.സ്വകാര്യ സ്ഥാപനങ്ങള്‍ 50% വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം. ട്രക്കുകള്‍ക്കും, പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ദില്ലി നഗരത്തില്‍ ഓടാന്‍ അനുമതിയില്ല. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഈ മാസം 21 വരെ വിലക്ക് ഏര്‍പ്പെടുത്തി.സര്‍ക്കാര്‍ നടത്തുന്ന അടിയന്തര പ്രാധാന്യമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മാത്രം അനുമതി നല്‍കിയിട്ടുണ്ട്. ഹരിയാന, രാജസ്ഥാന്‍ ,ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും നിര്‍ദ്ദേശം പാലിക്കണമെന്നും എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മീഷന്‍ അറിയിച്ചു.വായുമലിനീകരണ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യക്തികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു.നിലവിലെ സാഹചര്യത്തിൽ ആൾക്കൂട്ടമുള്ള ഇടങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ എൻ95 മാസ്‌ക് ധരിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.പുറത്ത് പോകണമെന്നുള്ളവർ അതിരാവിലെയോ, അല്ലെങ്കിൽ രാത്രിയിലോ പുറത്തിറങ്ങുന്നതായിരിക്കും ഉചിതമെന്നും ഇവർ പറയുന്നു.
പാലക്കാട്ടെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം;അന്വേഷണം തമിഴ്നാട്ടിലേക്കും
പാലക്കാട്: പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്.പ്രതികള്‍ സഞ്ചരിച്ച വഴികളികളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.പേരുവെമ്ബ് വരെയുള്ള പത്തിലേറെ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ പതിഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാറിന്റെ നമ്പർ മാത്രം ലഭിച്ചില്ല. സംഭവ സ്ഥലത്തുനിന്നും ഒരു കിലോമീറ്ററില്‍ താഴെയുള്ള ഉപ്പുംപാടത്ത് അതിരാവിലെ തന്നെ അക്രമി സംഘം എത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സഞ്ജിത്ത് വരുന്നത് കാത്ത് ഒന്നരമണിക്കൂറിലധികം പ്രതികള്‍ ഇവിടെ കാത്തിരുന്നതായാണ് സൂചന.അഞ്ച് കിലോമീറ്റര്‍ ദൂരത്തുള്ള പെരുവെമ്ബില്‍ 6.35ഓടെ പ്രതികളെത്തിയിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. കൂടാതെ കൃത്യത്തിനു ശേഷം തിരികെ പോയ പ്രതികളുടെ വാഹനത്തിന്റെ ദൃശ്യങ്ങൾ കണ്ണനൂര്‍ വരെ സി.സി.ടി.വികളിലുണ്ട്. അവിടെ നിന്നും പ്രതികള്‍ കാര്‍ മാറി കയറിയതാവാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രതികളുടെ ഉറവിടം തേടി ഫോണ്‍ രേഖകളും ശേഖരിക്കുന്നുണ്ട്.മുന്‍പ് സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളെ അന്വേഷണസംഘം സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.തമിഴ് നാട്ടിലെ എസ്ഡിപിഐ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നാണ് സൂചനകള്‍. കോയമ്പത്തൂരിലെ എസ്ഡിപിഐ ശക്തികേന്ദ്രങ്ങളായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊലനടത്തിയത് അക്രമികൾ കോയമ്പത്തൂരിൽ നിന്നുള്ള സംഘമാണോ എന്നും സംശയമുയരുന്നുണ്ട്.
മുന്‍ മിസ് കേരള അടക്കമുള്ള മോഡലുകളുടെ അപകടമരണം;ഹോട്ടലുടമയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും
കൊച്ചി: മുന്‍ മിസ് കേരള അടക്കം മൂന്നുപേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത തേടാന്‍ പൊലീസ്.മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമ റോയി ജെ വയലാറ്റിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തിരുന്നത്.ഹോട്ടല്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന രണ്ടാമത്തെ ഡിവിആര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് ഇയാളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഡിവിആറില്‍ നിര്‍ണായക വിവരം ഉണ്ടന്നാണ് സൂചന. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും റോയ് ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് നടപടിയിലേക്ക് കടക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇയാള്‍ ഇന്നലെ ഹാജരായത്.ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചത്. സംഭവദിവസം രാത്രി ഹോട്ടലിൽനിന്നു കാറിൽ അമിതവേഗത്തിൽ യുവതികൾ പോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടൽ ഉടമയ്‌ക്കു വ്യക്തമായ അറിവുണ്ടെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് ഇന്ന് 5516 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;39 മരണം;6705 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5516 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂർ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂർ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി 236, മലപ്പുറം 208, ആലപ്പുഴ 180, കാസർഗോഡ് 118, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന്KE സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 171 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,087 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 25 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5105 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 336 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6705 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 930, കൊല്ലം 374, പത്തനംതിട്ട 714, ആലപ്പുഴ 200, കോട്ടയം 494, ഇടുക്കി 413, എറണാകുളം 942, തൃശൂർ 658, പാലക്കാട് 287, മലപ്പുറം 248, കോഴിക്കോട് 669, വയനാട് 273, കണ്ണൂർ 388, കാസർഗോഡ് 115 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
പാലക്കാട് കണ്ണന്നൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വടിവാളുകൾ കണ്ടെത്തി
പാലക്കാട്: പാലക്കാട് കണ്ണന്നൂരിൽ ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേശീയപാതക്ക് അരികിലാണ് വടിവാളുകൾ കണ്ടെത്തിയത്.നാല് വടിവാളുകൾ ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കിടന്നത്. ദേശീയപാതയ്‌ക്ക് സമീപമുള്ള സർവ്വീസ് റോഡിനോട് ചേർന്നാണ് ആയുധങ്ങൾ കണ്ടത്. ഇത് കണ്ടവർ സ്‌റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സിഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് ആയുധങ്ങൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചു. ആയുധങ്ങൾ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം ഉപേക്ഷിച്ചതാണോയെന്ന് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂവെന്ന് പാലക്കാട് ടൗൺ സൗത്ത് സിഐ ഷിജു കെ എബ്രഹാം പറഞ്ഞു.അതേസമയം സഞ്ജിത് കൊല്ലപ്പെട്ട് 24 മണിക്കൂറിന് ശേഷവും കൊലപാതകികളെ പിടിക്കാനോ തെളിവുകൾ കണ്ടെത്താനോ പൊലീസിന് സാധിച്ചിട്ടില്ല.സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ ഉപയോഗിച്ചിരുന്ന വെള്ള മാരുതി 800 കാർ തൃശൂർ ഭാഗത്തേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാർ കണ്ടെത്താൻ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. വാടാനപ്പള്ളി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ ചെറായി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തും. അതേസമയം സഞ്ജിത്തിനെ ആക്രമിച്ച പ്രതികളെ കണ്ടാൽ അറിയാമെന്ന് സഞ്ജിത്തിന്റെ ഭാര്യ അർഷിക മാധ്യമങ്ങളോട് പ്രതികരിച്ചു. മമ്പ്രത്തെ വീട്ടിൽ നിന്നിറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ആക്രമിക്കപ്പെട്ടെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയായ അർഷിക പറഞ്ഞു. നേരത്തെ സഞ്ജിത്തിന് ഭീഷണി ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നിലിട്ടാണ് ആക്രമിച്ചതെന്നും അവർ പറഞ്ഞു.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു
കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ്(75) അന്തരിച്ചു.വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂർ മുഴപ്പിലങ്ങാട്ടെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.’ഒട്ടകങ്ങൾ വരിവരിവരിയായ് കാരയ്‌ക്ക മരങ്ങൾ നിരനിരനിരയായ്..’, ‘കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ..’ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ ആലപിച്ചത് പീർ മുഹമ്മദാണ്. 1976ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ ചെന്നൈ നിലയത്തിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭയാണ് പീർ മുഹമ്മദ്.1945 ജനുവരി 8 ന് തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിൽ അസീസ് അഹമ്മദിന്റെയും ബൽക്കീസിന്റെയും മകനായാണ് ജനനം. തേൻതുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളിലും പാടി. 1957-90 കളിൽ എച്ച്എംവിയിലെ ആർട്ടിസ്റ്റായിരുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം ലഭിച്ച ഏക വ്യക്തി കൂടിയാണ് പീർ മുഹമ്മദ്. കേരളത്തിനകത്തും പുറത്തുമായി ആയിരത്തോളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം കാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.കേരള ഫോക്‌ലോർ അക്കാദമി അവാർഡ്,എ വി മുഹമ്മദ് അവാർഡ്,ഒ അബു ഫൗണ്ടേഷൻ അവാർഡ്, മുസ്ലീം കള്‍ച്ചറൽ സെന്റർ അവാർഡ്,ആൾ കേരള മാപ്പിള സംഗീത അക്കാദമി അവാർഡ് കേരള മാപ്പിള കല അക്കാദമി അവാർഡ്,മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ്, ദുബായ് മലബാർ കലാ സാംസ്കാരിക വേദി അവാർഡ് തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അരക്കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട.ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം. ഫാസിലിൽ നിന്നാണ് 51 ലക്ഷം രൂപ വരുന്ന 1040 ഗ്രാം സ്വർണം പിടികൂടിയത്. കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.