തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4972 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂർ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂർ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം 135, കാസർകോട് 60 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 313 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,045 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4576 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 344 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5978 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 921, കൊല്ലം 353, പത്തനംതിട്ട 508, ആലപ്പുഴ 229, കോട്ടയം 264, ഇടുക്കി 89, എറണാകുളം 1064, തൃശൂർ 514, പാലക്കാട് 330, മലപ്പുറം 191, കോഴിക്കോട് 729, വയനാട് 262, കണ്ണൂർ 376, കാസർകോട് 148 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
കണ്ണൂർ കണ്ണോത്തുംചാലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
കണ്ണൂർ: കണ്ണോത്തുംചാലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു.കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി സാധനങ്ങൾ കയറ്റിവരികയായിരുന്ന കർണാടക രജിസ്‌ട്രേഷൻ ലോറിക്കാണ് തീപിടിച്ചത്.പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം.ആളപായമുണ്ടായിട്ടില്ല. കണ്ണൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസുമെത്തിയാണ് തീയണച്ചത്.ഓടികൊണ്ടിരുന്ന ലോറിയുടെ മുൻഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. ഉടന് വാഹനം നിർത്തി ഡ്രൈവർ പുറത്തേക്ക് ചാടി. ലോറി ഭാഗികമായും സാധനങ്ങൾ പൂർണ്ണമായും നശിച്ചു.
ഭർതൃപീഡനത്തിന് പരാതി നൽകിയ ശേഷം എൽ എൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; ഭർതൃവീട്ടുകാർക്കും ആലുവ സിഐ ക്കുമെതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ
കൊച്ചി : ആലുവയിൽ ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകിയതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു.ഇടയപ്പുറം സ്വദേശി മൊഫിയ പർവീൻ(21) ആണ് മരിച്ചത്. ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ ആലുവ പോലീസ് സ്‌റ്റേഷനിൽ ഇന്നലെയാണ് പരാതി നൽകിയത്. ഭർതൃവീട്ടുകാർക്കും ആലുവ സിഐ സി എൽ സുധീറിനുമെതിരെ ആത്മഹത്യാ കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തൊടുപുഴയിലെ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി.കഴിഞ്ഞ ഏപ്രിൽ മൂന്നിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. നിശ്ചയം മാത്രമാണ് നടന്നതെന്നും പിന്നീട് യുവാവിന്റെ വീട്ടുകാരുടെ നിർബന്ധത്താൽ രജിസ്റ്റർ ചെയ്യുകയായിരുന്നെന്നും കുടുംബം പറഞ്ഞു. സ്ത്രീധനമായി ഒന്നും ആവശ്യമില്ല, മകളെ മാത്രം നൽകിയാൽ മതി എന്നാണ് യുവാവിന്റെ കുടുംബം പറഞ്ഞത്. എന്നാൽ മാസങ്ങൾക്ക് ശേഷം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് മൊഫിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. വളരെയധികം ബുദ്ധിമുട്ടുകളാണ് പെൺകുട്ടി സഹിച്ചത് എന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഒരു മാസം മുൻപ് ഭർത്താവ് യുവതിയോട് മുത്ത്വലാഖ് ചൊല്ലിക്കൊണ്ട് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ഭർതൃവീട്ടുകാർ വിവാഹ മോചനത്തിലേക്ക് നീങ്ങിയപ്പോഴാണ് യുവതി ആലുവ പോലീസിൽ പരാതി നൽകിയത്. എന്നാൽ ഒരു ഫലമുണ്ടായില്ല. ഇന്നലെ സിഐയുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ച നടത്തിയെങ്കിലും ഭർത്താവിന്റെ കുടുംബത്തിന്റെ പക്ഷം ചേർന്നാണ് പോലീസ് സംസാരിച്ചത് എന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചു. പരാതി നൽകിയപ്പോൾ ആലുവ സിഐ വളരെ മോശമായിട്ടാണ് തന്നോട് പെരുമാറിയത് എന്ന് യുവതിയുടെ ആത്മഹത്യക്കുറിപ്പിലും പറയുന്നു. ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിലാണ് സിഐ സംസാരിച്ചത്. ഭർത്താവും വീട്ടുകാരും ക്രിമിനലുകളാണെന്നും ഇവർക്കെതിരെ അന്വേഷണം നടത്തണമെന്നും ഇതാണ് തന്റെ അവസാനത്തെ ആഗ്രഹമെന്നും യുവതി ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
ദത്തു വിവാദം; കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎന്‍എ പരിശോധനാഫലം പുറത്ത്
തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഡി എൻ എ പരിശോധനാഫലം പുറത്ത്.ഏറെ നിർണായകമായ ഫലം പോസിറ്റീവായതോടെ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് വ്യക്തമായി. ഡിഎന്‍എ പരിശോധനാഫലം സി.ഡബ്ല്യു.സിക്ക് കൈമാറി.രാജീവ് ഗാന്ധി സെന്റര് ഫോര്‍ ബയോടെക്നോളജിയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഫലം കൈമാറിയത്.സി.ഡബ്ല്യു.സി ഫലം കോടതിയില്‍ സമര്‍പ്പിക്കും.ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിൾ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. അനുപമയും അജിത്തും, രാജീവ് ഗാന്ധി സെന്റര് ഫോര്‍ ബയോ ടെക്‌നോളജിയില്‍ നേരിട്ടെത്തി രക്തസാമ്പിൾ നല്‍കിയിരുന്നു. 30ന് പരിശോധന ഫലം ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ കുഞ്ഞിനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിയായ സന്തോഷമുണ്ടെന്നും കുഞ്ഞിന്റെ അമ്മ അനുപമ പ്രതികരിച്ചു.
പോഷകാഹാര കുറവ്;സംസ്ഥാനത്തെ സ്കൂളുകളിലും അംഗന്‍വാടികളിലും ഇനി മുതല്‍ കൂടുതൽ പോഷക ഗുണങ്ങളുള്ള അരി
തിരുവനന്തപുരം: കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാനായി സംസ്ഥാനത്തെ സ്കൂളുകളിലും അംഗന്‍വാടികളിലും ഇനി മുതല്‍ ഉച്ചഭക്ഷണത്തിനായി പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി (ഫോര്‍ട്ടിഫൈഡ്) വിതരണം ചെയ്യും.കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഫോര്‍ട്ടിഫൈഡ് അരി വിതരണം സംസ്ഥാനത്ത് എഫ്സിഐ ആരംഭിച്ചു.ജനുവരി മുതല്‍ വയനാട് ജില്ലയിലെ കാര്‍ഡ് ഉടമകള്‍ക്കും ഫോര്‍ട്ടിഫൈഡ് അരിയാകും റേഷന്‍ കടകള്‍ വഴി ലഭിക്കുകയെന്നും എഫ്സിഐ അറിയിച്ചു. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും പൊതുവിതരണ സമ്പ്രദായത്തിലൂടെ വിവിധ പദ്ധതികള്‍ വഴി പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി നല്‍കാനാണ് കേന്ദ്ര തീരുമാനം.ദേശീയ ആരോഗ്യ സര്‍വേയില്‍ ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ കുറവ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവ ചേര്‍ത്ത് പോഷകസമൃദ്ധമാക്കിയ അരി വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്.
ഒപി ടിക്കറ്റിനായി ഓൺലൈൻ ബുക്കിങ് സംവിധാനം; ടിക്കറ്റ് ഇനി വീട്ടിലിരുന്നും എടുക്കാം
തിരുവനന്തപുരം: ഒപി ടിക്കറ്റിനായി ഓൺലൈൻ ബുക്കിങ് സംവിധാനം പ്രാബല്യത്തിൽ. ഇ-ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in/)വഴിയാണ് ഇത് സാദ്ധ്യമാകുക. ഇത് പ്രകാരം ഇ-ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിൽ ഓൺലൈൽ ബുക്കിങ് നടപ്പിലാകും.ഇ-ഹെൽത്ത് സൗകര്യമുള്ള 300ൽ പരം ആശുപത്രികളാണ് സംസ്ഥാനത്തുള്ളത്. ഇവിടെ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒപി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവയെല്ലാം ഇതുവഴി എടുക്കാം. കേന്ദ്രസർക്കാർ നടപ്പിലാക്കിയ യുണീക്ക് ഹെൽത്ത് ഐഡിയും ഇതേ വെബ്‌പോർട്ടൽ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായ സേവനങ്ങൾ, ചികിത്സാസമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും പോർട്ടലിൽ പ്രസിദ്ധീകരിക്കും.
കോഴിവളമെന്ന വ്യാജേന കര്‍ണ്ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരം വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഈട്ടിത്തടികള്‍ പിടികൂടി
ഇരിട്ടി: കോഴിവളമെന്ന വ്യാജേന കര്‍ണ്ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരം വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഈട്ടിത്തടികള്‍ പിടികൂടി.കര്‍ണാടകത്തിന്റെ മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിൽ റേഞ്ചര്‍ സുഹാനയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനക്കിടെയാണ് മരത്തടികള്‍ പിടികൂടിയത്.മരം കടത്താനുപയോഗിച്ച പിക്കപ്പ് വാന്‍ ഡ്രൈവര്‍ മാനന്തവാടി സ്വദേശി ഷിബിന്‍ ( 21 ) നെ അറസ്റ്റ് ചെയ്തു.ഇയാളെ മടിക്കേരി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മരം കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പിടിച്ചെടുത്ത മരത്തിന് വിപണിയില്‍ രണ്ടു ലക്ഷം രൂപയോളം വിലവരും. കോഴിവളം എന്ന വ്യാജേന കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ എത്തിയ പിക്കപ്പ് വാന്‍ സംശയത്തിന്റെ പേരില്‍ വനം വകുപ്പധികൃതര്‍ പരിശോധിക്കുകയായിരുന്നു. വനപാലകര്‍ കമ്പി കൊണ്ട് കുത്തി നോക്കിയപ്പോള്‍ മരത്തടിയാണെന്നു മനസ്സിലായി.മുന്‍പും മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ കുടകില്‍ നിന്നും കള്ളക്കടത്തായി കൊണ്ടിവരുന്ന മരത്തടികള്‍ പിടികൂടിയിരുന്നു. ഡെപ്യൂട്ടി റേഞ്ചര്‍ മുഹമ്മദ് ഹനീഫ്, ഉദ്യോഗസ്ഥരായ സജി ജേക്കബ്, രമേശന്‍, ഹമീദ് എന്നിവരും മരം കടത്ത് പിടികൂടിയ വനം വകുപ്പ് സംഘത്തിലുണ്ടായിരുന്നു.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം;ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിക്കുമെന്നാണ് വിവരം. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തുന്നത്. ഇന്നലെയാണ് കുഞ്ഞിന്റേയും അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിക്കുന്ന പരിശോധനാഫലം അന്വേഷണ റിപ്പോർട്ടിനൊപ്പമായിരിക്കും കോടതിയിൽ സമർപ്പിക്കുന്നത്. ഡിഎൻഎ പരിശോധനയ്‌ക്കുള്ള സാംപിൾ ശേഖരിച്ചാൽ 24 മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കും. സർക്കാർ ഏജൻസികൾക്കോ കോടതികൾക്കോ മാത്രമേ ഡിഎൻഎ പരിശോധനാഫലം കൈമാറാനാകൂ. ഇത് പ്രകാരമാണ് ഡിഎൻഎ റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറുന്നത്. പരിശോധനക്കായി മൂന്ന് പേരുടേയും സാമ്പിൾ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 29 ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. ഈ മാസം 30 നാണ് കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്. ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത് പരിഗണിച്ച് കോടതി സമയം നീട്ടി നല്‍കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 3698 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 7515 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3698 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂർ 247, കോട്ടയം 228, കണ്ണൂർ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസർകോട്് 28 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 105 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,675 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3432 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 238 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7515 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1305, കൊല്ലം 469, പത്തനംതിട്ട 401, ആലപ്പുഴ 176, കോട്ടയം 816, ഇടുക്കി 524, എറണാകുളം 963, തൃശൂർ 858, പാലക്കാട് 285, മലപ്പുറം 335, കോഴിക്കോട് 667, വയനാട് 253, കണ്ണൂർ 431, കാസർകോട് 32 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി;കണ്ണൂരിൽ പന്ത്രണ്ടുകാരന് പരിക്കേറ്റു
കണ്ണൂർ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കണ്ണൂരിൽ പന്ത്രണ്ടുകാരന് പരിക്കേറ്റു. നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്.നെഞ്ചിനും കാലിനും പരിക്കേറ്റ കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിക്കുന്നതിനിടെ പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് പോയപ്പോള്‍ കുട്ടികള്‍ അതെടുക്കാന്‍ പോകുകയായിരുന്നു. ഇതോടെ പറമ്പിന്റെ മതിലിന് അരികിലുണ്ടായിരുന്ന ബോള്‍ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകള്‍ കുട്ടികളുടെ ശ്രദ്ധയില്‍പെട്ടു. ശ്രീവര്‍ധന്‍ ഇത് എടുക്കുകയും സംശയം തോന്നിയതോടെ വലിച്ചെറിയുകയും ചെയ്തു. ആ സമയത്താണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.