സംസ്ഥാനത്ത് പച്ചക്കറി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ;അയൽസംസ്ഥാനങ്ങളിൽ നിന്ന് നേരിട്ട് പച്ചക്കറികള്‍ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി

keralanews government intervention to reduce vegetable prices in the state steps taken to bring vegetables directly to the market from neighboring states

തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ ആരംഭിച്ചു. തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനാണ് സർക്കാർ ശ്രമം. ഇന്ന് മുതൽ സംസ്ഥാനത്തേക്ക് കൂടുതൽ പച്ചക്കറികൾ എത്തിത്തുടങ്ങുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ വില സാധാരണ നിലയിലാക്കാനാണ് ശ്രമം.കാര്‍ഷിക വിപണന മേഖലയില്‍ ഇടപെടല്‍ നടത്തുന്ന ഹോര്‍ട്ടികോര്‍പ്പ് വി.എഫ്.പി.സി.കെ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവിലുള്ള വിപണന സംവിധാനം അഴിച്ചുപണിയുമെന്നും കാലോചിതമായ ഇടപെടല്‍ വിപണയില്‍ വരുത്തുന്ന തരത്തിലുള്ള സംവിധാനം രൂപകല്പന ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സമഗ്രമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഡബ്യൂ.ടി.ഒ. സെല്‍ സ്പെഷല്‍ ഓഫീസര്‍ ആരതി ഐ ഇ എസ് ന്റെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കണം; നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍

keralanews school hours in the state should be extended to evening proposal will consider by government

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കണമെന്നുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍.നിലവിൽ ഉച്ചവരെയാണ് ക്ലാസുകള്‍ നടക്കുന്നത്. ഉച്ചവരെമാത്രം ക്ലാസുകള്‍ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തത്. വെള്ളിയാഴ്ചത്തെ യോഗത്തിലെ തുടര്‍ചര്‍ച്ചകള്‍ക്കു ശേഷം അന്തിമതീരുമാനം കൈക്കൊള്ളും.

തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ് ലോറിക്ക് പിന്നിലിടിച്ചു;ഡ്രൈവർക്ക് ഗുരുതര പരിക്ക്; യാത്രക്കാർ സുരക്ഷിതർ

keralanews ksrtc scania bus from thiruvananthapuram to bengaluru collided with lorry driver injured

ചെന്നൈ: തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയ്‌ക്കടുത്താണ് ബസ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.മുന്നില്‍ പോകുകയായിരുന്ന ലോറിക്ക് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.അപകടത്തിൽ പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിലേക്കു മാറ്റി. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളില്ല. ബസിന്റെ ഡ്രൈവര്‍ ഇരുന്ന ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്ന് കരുതുന്നു.

നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യ;ആലുവ സി.ഐ യെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

keralanews suicide if law student demand for suspension of aluva c i

കൊച്ചി: ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയനായ സി.ഐ.സുധീറിനെതിരെ പ്രതിഷേധം ശക്തമാകുന്നു.ഇയാളെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി ആലുവ സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന കുത്തിയിരുപ്പ് സമരം ഇപ്പോഴും തുടരുകയാണ്. സി.ഐ.സുധീറിനെതിരെ നടപടി വരും വരെ സമരം തുടരുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.സി ഐ. സി എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ വ്യക്തമാക്കി. ബെന്നി ബഹനാന്‍ എം പിയും അന്‍വര്‍ സാദത്ത് എം എല്‍ എയും പോലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. മോഫിയയുടെ അമ്മയും സമരസ്ഥലത്തെത്തിയിട്ടുണ്ട്. സി.ഐക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇന്ന് പതിനൊന്നു മണിക്ക് ആലുവ എസ്.പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. നിലവിൽ കേസിൽ ഇയാൾക്ക് താത്കാലിക സ്ഥലംമാറ്റം മാത്രമാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം ഹെഡ് ക്വാട്ടേർസിലേക്കാണു സ്ഥലംമാറ്റിയത്. കേസിൽ എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും അന്വേഷണം പൂർത്തിയാകുന്ന മുറയ്‌ക്ക് കൂടുതൽ നടപടി സ്വീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഉന്നത രാഷ്‌ട്രീയ ഇടപെടൽ കാരണമാണ് നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതെന്ന് മോഫിയയുടെ പിതാവ് ആരോപിച്ചു. അതേസമയം സി.ഐ.സുധീറിനെതിരെ കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഗുരുതരമായ ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിട്ടും സുധീറിനെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊണ്ടതെന്നാണ് പ്രധാന ആരോപണം.

ദത്ത് വിവാദം; കുഞ്ഞിനെ അനുപമയ്‌ക്ക് കൈമാറി

keralanews adoption controversy bady handed over to anupama

തിരുവനന്തപുരം: വിവാദ ദത്തുകേസില്‍ കുഞ്ഞിനെ അനുപമയ്ക്കും അജിത്തിനും കൈമാറി. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൈമാറിയത്.ഡിഡബ്ല്യുസി കോടതിയില്‍ ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി കുഞ്ഞിനെ അതിന്‍റെ യഥാര്‍ത്ഥ മാതാപിതാക്കൾക്ക് കൈമാറിയത്.ഇന്നലെ ഡിഎൻഎ ഫലം പുറത്തുവന്നതോടെയാണ് യഥാർത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ തിരികെ കിട്ടുന്നത്. ഈ ഫലം തിരുവനന്തപുരം കുടുംബ കോടതിയിൽ സമർപ്പിച്ചിരുന്നു. നിർമ്മല ശിശുഭവനിൽ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ എത്തി കുഞ്ഞിനെ കോടതിയിൽ എത്തിച്ചു. ശിശുക്ഷേമ സമിതിയുടെ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. ആന്ധ്രാ ദമ്പതികൾക്ക് ദത്ത് നൽകാനായി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ഷൻ ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് പിൻവലിച്ചുകൊണ്ടുള്ള സത്യവാങ്മൂലവും സി.ഡബ്ല്യു.സി കോടതിയിൽ സമർപ്പിച്ചു. സി.ഡബ്ല്യു.സിയാണ് കുഞ്ഞിനെ ദത്ത് നൽകാൻ അനുമതി നൽകിയത്.കേസ് ഈ മാസം 30ന് പരിഗണിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഡിഎൻഎ പരിശോധനാഫലം ഉൾപ്പെടെ ലഭിച്ചതോടെയാണ് കോടതിയെ ഇന്ന് തന്നെ സമീപിക്കാൻ സി.ഡബ്ല്യു.സി തീരുമാനിച്ചത്.

കണ്ണൂർ ചെറുവാഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

keralanews bomb attack against the house of cpm branch secretary in kannur cheruvancheri

കണ്ണൂർ: ചെറുവാഞ്ചേരിയിൽ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്.ബ്രാഞ്ച് സെക്രട്ടറി അമലിന്റെ വീടിന് നേരെയാണ് ബോംബ് ഏറ് ഉണ്ടായത്. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സംശയം.പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലകൾ തകർന്നിട്ടുണ്ട്. അമലിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കോൺഗ്രസ് – സിപിഎം സംഘർഷം നിലനിൽക്കുകയാണ്.

നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയനായ സിഐ ഡ്യൂട്ടിക്കെത്തി;സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ അന്‍വര്‍ സാദത്ത് MLA

keralanews suicide of law student accused c i came for duty anwar sadath m l a protest infront of police station

ആലുവ:ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ ഇന്നും ഡ്യൂട്ടിക്കെത്തി.ഇതേ തുടർന്ന് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്ത് പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്‍സ്‌പെക്ടറിനെ സസ്‌പെന്‍ഡ് ചെയ്ത് സ്റ്റേഷന്‍ ചുമതലകളില്‍നിന്നു മാറ്റി നിര്‍ത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം. ആത്മഹത്യാക്കുറിപ്പില്‍ ആലുവ സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.അതേസമയം സിഐ സിഎല്‍ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നും ഉദ്യോഗസ്ഥനെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും റൂറല്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.എന്നാൽ സ്റ്റേഷന്‍ ചുമതലകളില്‍ മാറ്റിയെന്ന് പറഞ്ഞത് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.

ദത്ത് വിവാദം;ഡിഎൻഎ ഫലം കോടതിയിൽ ഹാജരാക്കും;കുഞ്ഞിനെ ഇന്ന് തന്നെ അനുപമയ്‌ക്ക് കൈമാറിയേക്കുമെന്ന് സൂചന

keralanews adoption controversy d n a results to be presented in court baby to be handed over to anupama today

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ ഇന്ന് തന്നെ അനുപമയ്‌ക്ക് കൈമാറിയേക്കും.കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് വനിതാ ശിശു വികസന വകുപ്പും സി.ഡബ്ല്യു.സിയും രാവിലെ കുടുംബകോടതിയെ അറിയിക്കും. ഇന്നലെ ഡിഎൻഎ ഫലം പുറത്തുവന്നതോടെയാണ് യഥാർത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ തിരികെ കിട്ടുന്നത്. ആന്ധ്രാ ദമ്പതികൾക്ക് ദത്ത് നൽകാനായി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ഷൻ ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് പിൻവലിച്ചുകൊണ്ടുള്ള സത്യവാങ്മൂലവും സി.ഡബ്ല്യു.സി കോടതിയിൽ സമർപ്പിക്കും. സി.ഡബ്ല്യു.സിയാണ് കുഞ്ഞിനെ ദത്ത് നൽകാൻ അനുമതി നൽകിയത്.തിരുവനന്തപുരം കുടുംബ കോടതിയിലാണ് സി.ഡബ്ല്യു.സി ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്. ഫ്രീ ഫോർ അഡോപ്ഷൻ ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് കൂടി പിൻവലിക്കുന്നതോടെ ദത്ത് നടപടികൾ പൂർണമായും റദ്ദാകും. ഡിഎൻഎ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചാൽ കുഞ്ഞിനെ കൈമാറുന്ന നടപടികൾ കോടതിയും എതിർക്കാൻ സാധ്യതയില്ല. കോടതി അനുമതിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ കുഞ്ഞിനെ കൈമാറണമെന്നാണ് സി.ഡബ്ല്യു.സിയും തീരുമാനിച്ചിരിക്കുന്നത്. കേസ് ഈ മാസം 30ന് പരിഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഡിഎൻഎ പരിശോധനാഫലം ഉൾപ്പെടെ ലഭിച്ചതോടെയാണ് കോടതിയെ ഇന്ന് തന്നെ സമീപിക്കാൻ സി.ഡബ്ല്യു.സി തീരുമാനിച്ചത്.

നൂറ് കടന്ന് തക്കാളി വില; സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു

keralanews tomato price croses 100 rupees vegetable price increasing in the state

തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു.മൂന്നാഴ്ചയ്ക്കിടെ മാത്രം 50 ശതമാനത്തോളമാണ് വിവിധ പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നത്.തക്കാളി വില നൂറ് രൂപ പിന്നിട്ടപ്പോള്‍ ഇരുന്നൂറ് രൂപ പിന്നിട്ടിരിക്കുകയാണ് മുരിങ്ങക്കായ വില. ഇവക്ക് പുറമെ വെണ്ട, പയര്‍ തുടങ്ങിയവയാണ് വിലക്കയറ്റത്തില്‍ മുന്നിലുള്ളത്.രണ്ടാഴ്ചമുമ്പ് വരെ കിലോയ്ക്ക് 60 രുപയായിരുന്ന മുരിങ്ങക്കായുടെ വിലയാണ് 200 രൂപയിലേക്ക് എത്തിയത്.മുളക്, വഴുതന, പടവലം, ഉരുളക്കിഴങ്ങ്, കാബേജ്, കോളിഫ്‌ളവർ, വെള്ളരി, ബീന്‍സ് എന്നിവയ്ക്ക് രണ്ടാഴ്ച മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ 20 രൂപയിലധികമാണ് വര്‍ധിച്ചത്. തക്കാളിക്കു കിലോഗ്രാമിന് മൊത്ത വിപണിയില്‍ 80 മുതല്‍ 86 രൂപ വരെ വിലയുണ്ട്. ചില്ലറ വിപണിയിലെത്തുമ്പോൾ ഇത് 100 മുതല്‍ 120 രൂപ വരെയാണ്. കനത്ത മഴയെ തുടര്‍ന്ന് കൃഷിയില്‍ ഉണ്ടായ നാശമാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങി കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തുന്ന അയല്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതാണ് സാഹചര്യം രൂക്ഷമാക്കിയത്.

സ്ത്രീധന പീഡനത്തെ തുടർന്ന് എൽ എൽ ബി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

keralanews llb student commits suicide following dowry harassment husband and family in custody

കൊച്ചി : സ്ത്രീധന പീഡനത്തെ തുടർന്ന് എൽ എൽ ബി വിദ്യാർത്ഥിനി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ. ഭർത്താവ് സുഹൈൽ,മാതാവ് റുഖിയ’ പിതാവ് റഹീം എന്നിവരെമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഇവർ ആലുവ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കോതമംഗലത്തെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മൊഫിയയുടെ ആത്മഹത്യയ്‌ക്ക് പിന്നാലെ ഒളിവിൽ പോയ സുഹൈലും കുടുംബവും ഇവിടെയുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ ഈസ്റ്റ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നിലവിൽ ആത്മഹത്യാപ്രേരണകുറ്റമാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആയതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.സംഭവത്തിൽ ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.സ്ത്രീധനം ആവശ്യപ്പെട്ട് സുഹൈലും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മൊഫിയ പർവീണിന്റെ ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നു. ഇക്കാര്യം മൊഫിയയുടെ പിതാവും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് എടുത്തത്.

ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ മൊഫിയ പര്‍വീണിനെ ചൊവ്വാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് യുവതി ആലുവ പോലിസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച പോലിസ് സ്‌റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് മൊഫിയ ജീവനൊടുക്കിയത്.ഭര്‍ത്താവിനെതിരേയും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരേയും ആലുവ സിഐ സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ എഴുതിയ കുറിപ്പും കണ്ടെടുത്തു. ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.