ന്യൂദല്‍ഹി: ലോക റെയില്‍ ഭൂപടത്തില്‍ പുതുചരിത്രം കൂട്ടിച്ചേർത്ത് ഇന്ത്യ. ലോകത്തെ ഡ്രൈവറില്ലാത്ത ഏറ്റവും വലിയ നാലാമത്തെ ട്രെയിന്‍ സര്‍വീസുമായി ഡൽഹി മെട്രോ.ഡൽഹി മെട്രോയിലെ മജ്‌ലിസ് പാര്‍ക്ക് മുതല്‍ ശിവ വിഹാര്‍ വരെയുള്ള, 59 കിലോമീറ്റര്‍ പിങ്ക് ലൈനിലും ഇന്നലെ രാവിലെ മുതല്‍ ലോക്കോ പൈലറ്റില്ലാത്ത ട്രെയിനുകള്‍ ഓടിത്തുടങ്ങി. ഇതോടെ ഡൽഹി മെട്രോയുടെ 96.7 കിലോമീറ്ററും ഓട്ടോമേറ്റഡായി. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയുടെ 37.7 കിലോമീറ്ററില്‍ ഡ്രൈവറില്ലാ ട്രെയിന്‍ ഉദ്ഘാടനം ചെയ്തിരുന്നു.രാജ്യം ചരിത്ര നേട്ടം സ്വന്തമാക്കിയതായി ഉദ്ഘാടന പ്രസംഗത്തില്‍ നഗര വികസന മന്ത്രി ഡോ. ഹര്‍ദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. ഡിഎംആര്‍സിക്കു മാത്രമല്ല രാജ്യത്തിനു തന്നെ അഭിമാനകരമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഡിടിഒ അഥവാ ഡ്രൈവര്‍ലസ് ട്രെയിന്‍ ഓപ്പറേഷന്‍സ് ദല്‍ഹി മെട്രോയിലെ തൊണ്ണൂറ്റിയേഴ് കിലോമീറ്ററും ഡ്രൈവറില്ലാത്ത ട്രെയിനുകള്‍ ഓടുന്ന പാതയായി. ഇതോടെ ട്രെയിനുകളുടെ ഓട്ടം കൂടുതല്‍ സുഗമമായി.ട്രെയിന്‍ രാവിലെ ഓടിത്തുടങ്ങും. മുന്‍പ് എന്‍ജിനുകളും കോച്ചുകളും പരിശോധിക്കുന്നതും സെല്‍ഫ് ടെസ്റ്റുകളായി. അതിനാല്‍ കൃത്യത വളരെക്കൂടുതലാണ്.
മൊഫിയയുടെ ആത്മഹത്യ; ആരോപണ വിധേയനായ സിഐ സുധീറിന് സസ്‌പെൻഷൻ
എറണാകുളം:ആലുവയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീർ കുമാറിന് സസ്‌പെൻഷൻ. സുധീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. പിന്നാലെയാണ് സർക്കാർ നടപടി. സുധീറിനെതിരെ വകുപ്പ്തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.കേസിൽ ആരോപണ വിധേയനായ സിഐ സ്റ്റേഷൻ ചുമതലയിൽ തുടർന്നിരുന്നത് കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി റൂറൽ എസ്.പി കെ. കാർത്തിക് രംഗത്തെത്തി. സ്റ്റേഷൻ ചുമതലകളിൽ നിന്ന് സുധീറിനെ നീക്കിയതായി ചൊവ്വാഴ്ച റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനു ശേഷവും സി.ഐ ഡ്യൂട്ടിക്ക് എത്തിയത് വിവാദമായിരുന്നു.തുടർന്ന് സ്റ്റേഷൻ പരിസരത്ത് വിവിധ രാഷ്‌ട്രീയ സംഘടനകൾ പ്രതിഷേധവുമായെത്തി. ഇതിന് പിന്നാലെയാണ് സുധീറിനെ സ്ഥലം മാറ്റിയത്.തുടർന്നും സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.
കണ്ണൂര്‍ നഗരത്തിലേക്ക് തിരക്കേറിയ സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് പ്രവേശന നിയന്ത്രണം
കണ്ണൂർ: നഗരത്തിൽ താഴെ ചൊവ്വ മുതല്‍ വളപട്ടണം പാലം വരെയുള്ള റോഡില്‍ തിരക്കേറിയ സമയങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.കണ്ണൂര്‍ ജില്ലാ കളക്ടര്‍, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍, കണ്ണൂര്‍ എം പി, കണ്ണൂര്‍ എം എല്‍ എ, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, കണ്ണൂര്‍ ആര്‍ ടി ഓ, എന്‍ഫോഴ്സ്മെന്‍റ് ആര്‍ ടി ഓ കണ്ണൂര്‍, നാര്‍കോടിക് എ സി പി കണ്ണൂര്‍ സിറ്റി, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ റോഡ്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നാഷണല്‍ ഹൈവേ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കേരളാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഉന്നതതല യോഗത്തിലെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.ഇതു പ്രകാരം ഈ മാസം 27 മുതന്‍ വലിയ വാഹനങ്ങള്‍ക്ക് കണ്ണൂര്‍ ടൌണിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. റോഡില്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ അനുഭവപ്പെടുന്ന സമയമായ രാവിലെ 8 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മള്‍ട്ടി ആക്സില്‍ ലോറികള്‍, ടിപ്പറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ചരക്ക് ലോറികള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി കണ്ണപുരം, വളപട്ടണം, പിണറായി, എടക്കാട് പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാര്‍ക്ക് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS നിര്‍ദ്ദേശങ്ങള്‍ നല്കി. പഴയങ്ങാടി ഭാഗത്ത് നിന്നും വരുന്ന മേല്‍പറഞ്ഞ വാഹനങ്ങള്‍ കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ താവത്തില്‍ നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കും.വളപട്ടണത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള വീതിയുള്ള റോഡായതിനാല്‍ അത്തരം വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യുകയും കൂത്തുപറമ്പ്, മമ്പറം വഴി വരുന്ന വലിയ വാഹനങ്ങള്‍ക്ക് മമ്പറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പിണറായി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഓ വിനും, തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ക്ക് മുഴപ്പിലങ്ങാട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എടക്കാട് എസ് എച്ച് ഓ വിനും സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശങ്ങൾ നൽകി.
റെയിൽവെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്നും 10 രൂപയാക്കി കുറച്ചു
തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ റെയിൽവെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു.50 രൂപയിൽ നിന്ന് 10 രൂപയാക്കിയാണ് ടിക്കറ്റ് നിരക്ക് കുറച്ചത്. ദക്ഷിണ റെയിൽവേയിലെ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലുമാണ് ടിക്കറ്റ് നിരക്ക് കുറച്ചത്. പുതിയ നിരക്ക് പ്രബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. കൊറോണ കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ റെയിൽവെ സ്റ്റേഷനുകളിലെ തിരക്ക് കുറയ്‌ക്കുന്നതിന്റെ ഭാഗമായി പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഉയർത്തിയിരുന്നു. 50 രൂപയാക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഉയർത്തിയത്.
മൊഫിയയുടെ മരണം;കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാർത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മോഫിയയുടെ മാതാപിതാക്കളുമായും മുഖ്യമന്ത്രി ഫോണിലൂടെ സംസാരിച്ചു.കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. മോഫിയയ്ക്ക് നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടി ഉണ്ടാകും. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നും മന്ത്രി പി. രാജീവും അറിയിച്ചു.മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്ന് മോഫിയയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.ഇതിനിടെ ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ പര്‍വീണ്‍ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമല(80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സിനിമയുടെ കഥാസന്ദര്‍ഭത്തിന് അനുസരിച്ച് ഗാനം രചിക്കുന്നതില്‍ പ്രഗല്‍ഭനായിരുന്നു ബിച്ചു തിരുമല. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ ഗാനസാഹിത്യ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.എഴുപതുകളിലും എണ്‍പതുകളിലും ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു.ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായിക സുശീലാ ദേവി, വിജയകുമാർ, ഡോ.ചന്ദ്ര, ശ്യാമ, ദർശൻരാമൻ എന്നിവരാണ് സഹോദരങ്ങൾ.
സംസ്ഥാനത്ത് സിക്ക വൈറസ് ബാധ;ബെംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിയ യുവതിയിൽ വൈറസ്ബാധ സ്ഥിരീകരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ.ബെംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിയ യുവതിയിയിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.ചേവായൂർ സ്വദേശിനിയായ യുവതി നിലവിൽ ആശുപത്രിയിൽ നിന്നും വീട്ടിലെത്തി ചികിത്സയിലാണ്. ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ മാസം 17ാം തീയതിയാണ് യുവതി കോഴിക്കോട് എത്തിയത്. വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലും, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലും സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. യുവതിയുമായി ഇടപഴകിയ ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകുകളിലൂടെ പകരുന്ന ഫ്‌ളാവിവൈറസാണ് സിക്ക.പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കണ്ണിന് ചുവന്ന നിറം, സന്ധി-പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
സംസ്ഥാനത്ത് ഇന്ന് 5987 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;5094 പേർക്ക് രോഗമുക്തി;56 മരണം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5987 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂർ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂർ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, പാലക്കാട് 188, കാസർഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 37 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5594 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 331 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 328 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,737 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5094 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 751, കൊല്ലം 286, പത്തനംതിട്ട 354, ആലപ്പുഴ 277, കോട്ടയം 219, ഇടുക്കി 458, എറണാകുളം 484, തൃശൂർ 445, പാലക്കാട് 308, മലപ്പുറം 247, കോഴിക്കോട് 484, വയനാട് 329, കണ്ണൂർ 368, കാസർഗോഡ് 84 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 51,804 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,28,752 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നവംബർ 29 ഓടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യയുണ്ടെന്നും മുന്നറിയിപ്പുണ്ട്.തെക്കൻ ആന്തമാൻ കടലിലായിരിക്കും ന്യൂനമർദ്ദം. ഇത് ശക്തി പ്രാപിച്ചു പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം മഴ കനക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നമ്പറിലോ വിവരം അറിയിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
രാജ്യത്ത് മൊബൈല്‍ കമ്പനികൾ നിരക്ക് വര്‍ധിപ്പിക്കുന്നു;പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ കമ്പനികൾ നിരക്ക് വര്‍ധിപ്പിക്കുന്നു.പുതുക്കിയ നിരക്കുകള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയുമാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.ഉപയോക്താവില്‍ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.പ്രീപെയ്ഡ് താരിഫ് നിരക്കുകളില്‍ 20 മുതല്‍ 25 ശതമാനവും ടോപ്പ് അപ് പ്ലാന്‍ താരിഫുകളില്‍ 19 മുതല്‍ 21 ശതമാനവും വര്‍ധനയുമാണ് വരുത്തിയത്.ഇതോടെ, പ്രതിദിനം ഒരു ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍ തുടങ്ങിയവ നല്കുന്ന 219 രൂപയുടെ പ്ലാനിന് 269 രൂപയും, 249 രൂപയുടെ പ്ലാനിന് 299 രൂപയുമാകും. കൂടാതെ 299 രൂപയുടെ പ്ലാനിന് 359 രൂപയാണ് പുതിയ നിരക്ക്.അതെസമയം പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയര്‍ടെല്‍ കൂട്ടിയത്. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് തല്‍കാലം വര്‍ധനയില്ല. എയര്‍ടെല്‍ നിലവിലെ 79 രൂപയുടെ റീചാര്‍ജ് പ്ലാന്‍ 99 രൂപയാക്കി മാറ്റിയിട്ടുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപയാക്കി വര്‍ധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി.