കണ്ണൂർ: കണ്ണൂരിലെ നാലുവയലിൽ പനി ബാധിച്ച പെൺകുട്ടി മരിച്ചു. ഹിദായത്ത് വീട്ടിൽ ഫാത്തിമയാണ് മരിച്ചത്. 11 വയസായിരുന്നു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ഫാത്തിമയെ ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്‌ക്ക് ശക്തമായ പനിയുണ്ടായിരുന്നുവെന്നും എന്നാൽ കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെന്നും പരിസരവാസികളും നാട്ടുകാരും ആരോപിക്കുന്നു. ശാസ്ത്രീയമായ ചികിത്സയും വൈദ്യപരിശോധനയും നൽകാൻ താൽപര്യമില്ലാത്തവരാണ് ഫാത്തിമയുടെ കുടുംബത്തിലുള്ളവരെന്നും ആരോപണമുയരുന്നുണ്ട്.കടുത്ത പനിയുള്ള കുട്ടിയ്ക്ക് വൈദ്യ ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സ നല്‍കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പിതൃ സഹോദരന്റെ പരാതിയില്‍ പറയുന്നു. നേരത്തെ ഫാത്തിമയുടെ കുടുംബത്തിലെ ഒരു ബന്ധുവും ഇത്തരത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മരിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.
സുപ്രീംകോടതി വിധിയെ തുടർന്ന് മുല്ലപ്പെരിയാറില്‍ പുതിയ റൂള്‍കര്‍വ് നിലവില്‍ വന്നു
ഇടുക്കി: സുപ്രീം കോടതി വിധിയെ തുടർന്ന് മുല്ലപ്പെരിയാറില്‍ പുതിയ റൂള്‍കര്‍വ് നിലവില്‍ വന്നു.ഇന്ന് മുതല്‍ പതിനൊന്ന് ദിവസത്തേക്കാണ് പുതിയ റൂള്‍കര്‍വ് നിലനില്‍ക്കുക.139.5 അടി വരെ മുല്ലപ്പെരിയാറില്‍ വെള്ളം സംഭരിക്കാമെന്നാണ് ഒക്ടോബര്‍ 28ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നവംബര്‍ 11 വരെ മാത്രമേ ഈ അടിയില്‍ വെള്ളം സംഭരിക്കാനാകൂ.അങ്ങനെയെങ്കില്‍ നിലവില്‍ തുറന്ന സ്പില്‍വേ ഷട്ടറുകള്‍ അടയ്ക്കാനോ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനോ സാധ്യതയുണ്ട്. റൂള്‍കര്‍വിന്റെ അടിസ്ഥാനത്തില്‍ ഷട്ടറുകള്‍ അടയ്ക്കുകയാണെന്ന് തമിഴ്നാടിന് കേരളത്തെ അറിയിക്കേണ്ട ആവശ്യവുമില്ല. ഈ മാസം 11ന് ഹരജി സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞുവരികയാണ്. തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറയ്ക്കുന്നില്ലെങ്കില്‍ ജലനിരപ്പ് ഇനിയും താഴും. ഡാമില്‍ നീരൊഴുക്കും കാര്യമായി കുറഞ്ഞു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതിനാല്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പില്‍ നേരിയ വര്‍ധനയുണ്ടായി. 2398.30 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്
ജലനിരപ്പ് താഴുന്നു;മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ ഇന്ന് അടച്ചേക്കും
ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതോോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നു തുടങ്ങി. നിലവിൽ 138.45 അടിയാണ് ഡാമിലെ ജലനിരപ്പ്. അണക്കെട്ടിലേയ്‌ക്കുള്ള നീരൊഴുക്കും കുറഞ്ഞതായി അധികൃതർ അറിയിച്ചു.ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് സ്പിൽവേ ഷട്ടറുകൾ ഇന്ന് താഴ്തിയേക്കും. ആറ് ഷട്ട്‌റുകളാണ് ഉയർത്തിയിട്ടുള്ളത്. ഇടുക്കിയിലേയ്‌ക്ക് സെക്കന്റിൽ 2599 ഘനയടിയും തമിഴ്‌നാട്ടിലേയ്‌ക്ക് 2350 ഘനയടി ജലവുമാണ് ഒഴുക്കിവിടുന്നത്.ഇന്നലെ മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നിരുന്നു. നാല് മണിയോടെയാണ് ഷട്ടറുകൾ 50 സെന്റീമീറ്ററുകൾ വീതം തുറന്നത്. 1299 ഘനയടി ജലം അധികമായി സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് തമിഴ്‌നാട് സർക്കാർ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും അണക്കെട്ട് സന്ദർശിച്ചിരുന്നു.കൂടുതൽ ഷട്ടറുകൾ തുറന്നതോടെ, പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു. 2019 ലെ മിസ് കേരള അന്‍സി കബീര്‍(25), 2019 മിസ് കേരള റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍(26) എന്നിവരാണ് മരിച്ചത്.എറണാകുളം വൈറ്റിലയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ചാണ് അപകടത്തില്‍പെടുകയായിരുന്നു.ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍.ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകൾ തുറക്കും; നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാത്ഥികൾ തിരികെ സ്കൂളിലേക്ക്
തിരുവനന്തപുരം: നീണ്ട ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാത്ഥികൾ തിരികെ സ്കൂളിലേക്ക്.സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.സംസ്ഥാന തല പ്രവേശനോത്സവം രാവിലെ 8.30 ന് തിരുവനന്തപുരം കോട്ടൻ ഹിൽ സ്‌കൂളിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യമന്ത്രി വീണാ ജോർജ്, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവേശനോത്സവം നടക്കുക.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെയും 10,പ്ലസ് ടു ക്ലാസുകളിലെയും വിദ്യാർത്ഥികളാണ് ഇന്ന് സ്‌കൂളിൽ എത്തുന്നത്. 10 ലക്ഷത്തോളം കുട്ടികൾ ഇന്ന് ക്ലാസുകളിൽ എത്തുമെന്നാണ് വിലയിരുത്തൽ. വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ വിദ്യാലയങ്ങളിൽ പൂർത്തിയായി കഴിഞ്ഞു.സ്കൂളുകള്‍ തുറക്കുന്നതോടെ വിദ്യാലയങ്ങളില്‍ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളിക്ക് പരിഹാരമാവുകയാണെന്നും സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവേണ്ടത് അതീവപ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും ക്ലാസുകൾ. വിദ്യാർത്ഥികൾക്ക് ഇടയ്‌ക്കിടയ്‌ക്ക് കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്ലാസുകളിൽ ലഭ്യമാക്കും. സാമൂഹിക അകലം പാലിച്ചാകും ക്ലാസുകൾ സംഘടിപ്പിക്കുക. ഇത് സാദ്ധ്യമാക്കാൻ ബാച്ചുകൾ തിരിച്ചാണ് ക്ലാസുകൾ നടക്കുക.
സ്‌കൂള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോൾ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലം പാലിക്കണം.ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.ആദ്യ രണ്ട് ആഴ്ച ക്ലാസുകളിൽ ഹാജർ ഉണ്ടാകില്ല. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കുകയോ, നിരീക്ഷണത്തിൽ കഴിയുകയോ ചെയ്യുന്ന കുട്ടികൾ ക്ലാസിൽ എത്തരുത്. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരോട് ഓൺലൈൻ ക്ലാസ് തുടരാനാണ് സർക്കാർ നിർദ്ദേശം.