ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.ഡബ്ല്യൂഎച്ച്ഒയുടെ ഉപദേശക സമിതി അടിയന്തിര ഉപയോഗത്തിനായുള്ള അനുമതി കൊവാക്‌സിന് നൽകി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. പിന്നീട് ചേര്‍ന്ന വിദഗ്ധസമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്ബനിയിൽ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ലഭിച്ചത്.കോവിഡ് പ്രതിരോധിക്കാന്‍ കൊവാക്‌സീന്‍ ഫലപ്രദമെന്ന് സമിതി വിലയിരുത്തി. കൊവാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് അമേരിക്ക യാത്രാനുമതി നല്‍കി. തിങ്കളാഴ്ച മുതല്‍ യാത്രാനുമതി നിലവില്‍ വരും. കൊവാക്‌സീന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ഏട്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സീനാണ് കൊവാക്‌സിന്‍. ഓസ്‌ട്രേലിയ, ഇറാൻ, മെക്‌സിക്കോ, ഒമാൻ, ഗ്രീസ്, മൗറീഷ്യസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ കൊവാക്‌സിൻ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യൂഎച്ച്ഒയുടെ നടപടി. കൊറോണയ്‌ക്കെതിരെ 77.8 ശതമാനം ഫലപ്രാപ്തിയാണ് കൊവാക്‌സിൻ തെളിയിച്ചിട്ടുള്ളത്. കൊറോണയുടെ ഡെൽറ്റ വകഭേദത്തിൽ നിന്നും 65.2 ശതമാനം സംരക്ഷണവും കൊവാക്‌സിന് നൽകാൻ കഴിയുമെന്ന് പഠനങ്ങളിൽ പറയുന്നു.
പെട്രോൾ,ഡീസൽ വില; കേരളം നികുതി കുറയ്‌ക്കില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം:കേന്ദ്രം പെട്രോൾ, ഡീസൽ നികുതി കുറച്ചതിന് ആനുപാതികമായി കേരളം കുറയ്‌ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രാവിലെ മാദ്ധ്യമങ്ങളോടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. നികുതി കുറക്കാന്‍ കേരളത്തിന് പരിമിധിയുണ്ട്.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വര്‍ഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്.കേന്ദ്രം കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. സാമൂഹിക ക്ഷേമ വകുപ്പുകള്‍ നടപ്പിലാവണമെങ്കില്‍ ഖജനാവില്‍ പണം വേണം. ഇത് പോലുള്ള നികുതികള്‍ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ഖജനാവില്‍ പണമുണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു.കേരളത്തിന്റെ എല്ലാ കാര്യങ്ങളും പെട്രോൾ, ഡീസൽ വിലയെ അടിസ്ഥാനമാക്കിയാണ്. കെഎസ്ആർടിസിക്ക് പോലും പ്രതിദിനം ഒന്നരകോടി രൂപയുടെ നഷ്ടമാണെന്നും സംസ്ഥാന സർക്കാരിന്റെ മുഴുവൻ ചെലവുകളും ഇതുപോലെയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ ഒരു ആർട്ടിക്കിളിൽ സംസ്ഥാനങ്ങൾക്ക് നികുതി കൊടുക്കണ്ടാത്ത പ്രത്യേക നികുതി ഈടാക്കാനുളള വ്യവസ്ഥയുണ്ട്. അതിൽ നിന്നാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കേന്ദ്രം കുറച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനവും വില കുറയ്‌ക്കണമെന്ന് പറഞ്ഞാൽ സാധിക്കില്ല.ജനങ്ങളുടെ ആവശ്യമാണ് നികുതി കുറയ്‌ക്കുകയെന്നത്. അതിൽ തർക്കമില്ലെന്ന് സമ്മതിച്ച മന്ത്രി ആറ് വർഷമായി കേരളത്തിൽ പെട്രോളിന്റെ നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ യഥാക്രമം അഞ്ചു രൂപയും 10 രൂപയും വീതം കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം കേന്ദ്രസർക്കാർ നികുതി കുറച്ചതിന് പിന്നാലെ ഉത്തർപ്രദേശ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, കർണാടക, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചിരുന്നു.
കെഎസ്‌ആര്‍ടിസി ശമ്ബള പരിഷ്കരണം;മന്ത്രി നടത്തിയ ചര്‍ച്ച പരാജയം;വെള്ളിയും ശനിയും പണിമുടക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയം.ശമ്പള പരിഷ്‌കരണത്തിൽ തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരമായില്ല. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ബിഎംഎസ് വ്യക്തമാക്കി. വെള്ളിയും ശനിയുമാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.150 കോടിയാണ് ഇപ്പോൾ കെഎസ്ആർടിസിക്ക് സർക്കാർ നൽകുന്ന സഹായം.തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാൽ ഇത് 180 കോടിയാകും. സ്‌കൂളുകൾ തുറന്ന സാഹചര്യവും ശബരിമല തീർത്ഥാടനവും കൂടി കണക്കിലെടുത്ത് പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ചർച്ചയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി കൂടുതൽ ചർച്ച ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കി.ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ ധനമന്ത്രിയുമായി വീണ്ടും കൂടിയാലോചന വേണമെന്ന് ഗതാഗതമന്ത്രി സംഘടനകളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം യൂണിയനുകളുമായി നേരത്തെ രണ്ട് തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. അതേസമയം വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചു;കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞു
തിരുവനന്തപുരം: കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു.ഇതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു.കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. വില കുറഞ്ഞതിനുശേഷം സംസ്ഥാന നികുതി പെട്രോളിന് 21 രൂപ 5 പൈസയും ഡീസലിന് 17 രൂപയുമായിരിക്കും.കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ ആനുപാതികമായി സംസ്ഥാന നികുതിയും കുറഞ്ഞതാണ് വില കുറയാന്‍ കാരണം. ഇതുകൊണ്ട് തന്നെ സംസ്ഥാന നികുതി കുറയ്‌ക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് പെട്രോള്‍ 105 രൂപ 86 പൈസയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസാണ് പുതിയ വില.കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഇത് യഥാക്രമം പെട്രോളിന് 103.97 ഉം ഡീസലിന് 92.57 രൂപയുമാണ്.
സംസ്ഥാനത്ത് ഇന്ന് 7312 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;8484 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7312 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂർ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂർ 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട് 284, കാസർഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,680 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 51 മരണങ്ങൾ കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,598 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6813 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 415 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8484 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 898, കൊല്ലം 632, പത്തനംതിട്ട 508, ആലപ്പുഴ 314, കോട്ടയം 1021, ഇടുക്കി 469, എറണാകുളം 1157, തൃശൂർ 1472, പാലക്കാട് 331, മലപ്പുറം 410, കോഴിക്കോട് 452, വയനാട് 316, കണ്ണൂർ 369, കാസർഗോഡ് 135 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
ദീപാവലി ആഘോഷം; രാത്രി പത്തുമണിക്ക് ശേഷം പടക്കം പൊട്ടിച്ചാൽ നിയമനടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം.രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. രാത്രി 10മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമയക്രമീകരണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ല. മലിനീകരണവും പൊടിപടലങ്ങളും കുറക്കുന്ന പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചിട്ടുണ്ട്.
ആര്യനാട്ട് വെയിറ്റിംഗ് ഷെഡിലേക്ക് കെഎസ്‌ആര്‍ടിസി ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റയാൾ മരിച്ചു
തിരുവനന്തപുരം: ആര്യനാട്ട് കെഎസ്‌ആര്‍ടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റയാൾ മരിച്ചു.ആര്യനാട് സ്വദേശി സോമന്‍ നായര്‍(68)ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ ആര്യനാട് ഈഞ്ചപുരിക്ക് സമീപത്തെ വെയിറ്റിംഗ് ഷെഡിലേക്കാണ് ബസ് ഇടിച്ച് കയറിയത്.സംഭവത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളായ വൃന്ദ (15), വിദ്യ (14), മിഥുന്‍ (15), വിശാഖ് (14), കോളജ് വിദ്യാര്‍ഥിനിയായ നന്ദന (18), ഇവാരിറ്റസ് ബിജു (7) ദമയന്തി (53) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
വിവാഹച്ചടങ്ങുകളിൽ 200 പേർക്ക് പങ്കെടുക്കാം; തിയേറ്ററുകളിൽ പ്രവേശിക്കാൻ ഒരു ഡോസ് വാക്‌സിൻ മതി; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ഇനി മുതൽ സിനിമ തിയേറ്ററുകളില്‍ പ്രവേശിക്കാം. തിയേറ്ററുകളില്‍ ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഒക്ടോബര്‍ അവസാനം തീയേറ്ററുകള്‍ തുറന്നെങ്കിലും രണ്ട് വാക്‌സിനും എടുത്തിരിക്കണമെന്നത് ഉള്‍പ്പടെ കര്‍ശ്ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് ചലച്ചിത്ര വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ ഇന്നത്തെ അവലോകനയോഗത്തില്‍ തീരുമാനമായത്. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളിലെ വിവാഹത്തിന് 100 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. തുറന്ന സ്ഥലമാണെങ്കില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം.സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ചര്‍ച്ചയായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേക കരുതല്‍ നല്‍കാനും അവലോകന യോഗത്തില്‍ തീരുമാനിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികളെ ഡോക്ടര്‍മാര്‍ സ്‌കൂളില്‍ സന്ദര്‍ശിച്ച് അതതു ഘട്ടങ്ങളില്‍ പരിശോധിക്കണം. അത് കോവിഡ് ഭീതി അകറ്റും. ഏറെക്കാലത്തിനു ശേഷം സ്‌കൂളില്‍ വരുന്ന കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
കെഎസ്ആർടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞ് കയറി; അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരയിൽ കെഎസ്ആർടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി.അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്.ബസ് നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ച് കയറുകയായിരിന്നു. ഷെഡ് തകർന്നാണ് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റത്. കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.സോമന്‍നായര്‍ (65), വൃന്ദ (15), മിഥുന്‍(14), നിത്യ (13), ഗൗരിനന്ദന (18), വൈശാഖ് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9.15നായിരുന്നു അപകടം. അപകടത്തിൽ വെയിറ്റിംഗ് ഷെഡ് പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടയിലാണ് അപകടമുണ്ടായത്.
കണ്ണൂരിൽ പനിബാധിച്ച് 11 കാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പിതാവിനേയും ഉസ്താദിനേയും അറസ്റ്റ് ചെയ്തു
കണ്ണൂർ: സിറ്റി നാലുവയിൽ പനിബാധിച്ച് 11 കാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പിതാവിനേയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനേയും അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ മനപ്പൂർമ്മല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുൾ സത്താർ, മന്ത്രവാദം നടത്തിയ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. ചികിത്സ നടത്താതെ കുട്ടിയ്‌ക്ക് മന്ത്രിച്ച് ഊതിയെ വെള്ളം നൽകുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.കുട്ടിയ്‌ക്ക് ചികിത്സ നൽകിയില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. കുടുംബത്തിലെ മൂന്ന് അംഗങ്ങൾ കൂടി നേരത്തെ സമാനസാഹചര്യത്തിൽ മരിച്ചതായ വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യവും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.പനിപിടിച്ച് അവശനിലയിലായ കുട്ടിയെ നിർബന്ധിച്ച് മന്ത്രവാദ ചികിത്സയിൽ പങ്കെടുപ്പിച്ചെന്നാണ് ബന്ധുക്കളും അയൽവാസികളും പറഞ്ഞത്. ചികിത്സയുടെ ഭാഗമായി കുട്ടിയെ മർദ്ദിച്ചെന്നും അവർ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.