കണ്ണൂര്‍:കാഞ്ഞിരോട് നെഹര്‍ കോളേജിൽ റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാന്‍ എന്നിവരെയാണ് ഇന്ന് പുലർച്ചെ വീടുകളിൽ നിന്നും ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്.കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അൻഷാദിനാണ് മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ അന്‍ഷാദിനെ ഒരു സംഘം മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മര്‍ദനം.ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് അന്‍ഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റര്‍ ചെയ്ത ചക്കരക്കല്‍ പൊലീസ് തുടരന്വേഷണത്തില്‍ സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുകയും പ്രതികള്‍ക്കെതിരെ റാഗിങ് കുറ്റത്തിനും കേസെടുക്കുകയായിരുന്നു.ആന്റി റാഗിങ് നിയമം കൂടി ചേര്‍ത്തതോടെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ഇനി ഈ ക്യാംപസില്‍ പഠിക്കാനാകില്ല.
സംസ്ഥാനത്ത് മത്സ്യവിൽപന നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ;മണ്ണ് വിതറിയ മത്സ്യം വിൽപന നടത്തുന്നതായി കണ്ടെത്തിയാൽ കർശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യവിൽപന നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ.മണ്ണ് വിതറിയ മത്സ്യം വിൽപന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും മത്സ്യം കേടാകുന്നതിലേക്ക് നയിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ വിനോദ് അറിയിച്ചു.തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള സമീപനം ഇനി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിനായി ശുദ്ധമായ ഐസ് ഉപയോഗിക്കാം. ഇത് 1:1 എന്ന അനുപാതത്തിലാണ് ഉപയോഗിക്കേണ്ടത്. അതേസമയം മറ്റ് രാസപദാർത്ഥങ്ങൾ ചേർക്കരുത്. മത്സ്യ വിൽപന നടത്തുന്നവർ നിർബന്ധമായും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുത്തിരിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.മത്സ്യവിൽപനയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.
സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു
കോട്ടയം: സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ബസ് സംഘടനകൾ സമരം പിൻവലിച്ചത്. മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. യാത്രി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ പ്രതിഷേധത്തിനൊരുങ്ങിയത്. എന്നാൽ ഈ മാസം 18 ന് മുൻപ് ബസ് ഉടമകളുടെ പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇതോടെയാണ് സമരത്തിൽ നിന്നും പിന്മാറാൻ സംഘടനകൾ തീരുമാനിച്ചത്. നടപടിക്രമങ്ങൾ അവശ്യമാണ്. ബസ് ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും. തുടർ ചർച്ചകൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളിൽ വിശ്വസമുണ്ട്. അനുഭാവപൂർവം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ബസ് ഉടമകൾ പറഞ്ഞു.സംസ്ഥാനം ഇന്ധന നികുതി കുറയ്‌ക്കാത്ത സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നും, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപയാക്കി വർദ്ധിപ്പിക്കുക എന്നതും ഇവരുടെ ആവശ്യമാണ്. കൊറോണ കാലം കഴിയുന്നതുവരെ ബസുകളുടെ വാഹന നികുതി കുയ്‌ക്കണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്ന് 5404 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 80 മരണം;6136 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5404 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂർ 569, കണ്ണൂർ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസർഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 182 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,978 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 19 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5062 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 300 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6136 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 905, കൊല്ലം 526, പത്തനംതിട്ട 389, ആലപ്പുഴ 124, കോട്ടയം 454, ഇടുക്കി 323, എറണാകുളം 971, തൃശൂർ 25, പാലക്കാട് 389, മലപ്പുറം 357, കോഴിക്കോട് 973, വയനാട് 283, കണ്ണൂർ 347, കാസർഗോഡ് 70 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ 100 കോടിയുടെ തട്ടിപ്പ്;കണ്ണൂരിൽ നാല് പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്ത് നൂറ് കോടിയുടെ തട്ടിപ്പ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോങ് റിച്ച് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ.കോഴിക്കോട് സ്വദേശികളായ മുഹമ്മദ് റിയാസ്, വസീം മുനവറലി, മലപ്പുറം സ്വദേശിയായ ഷെഫീഖ് സി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഇതുവരെ ആയിരത്തിലധികം പേരെ കബളിപ്പിച്ചതായി പോലീസ് അറിയിച്ചു. മലപ്പുറത്തും കാസർകോടുമാണ് ഏറ്റവും കൂടുതൽ പേർ തട്ടിപ്പിന് ഇരയായത്.മണി ചെയിൻ മോഡലിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലയിലുള്ള ആളുകളുടെ പണം യുവാക്കൾ ഇത്തരത്തിൽ തട്ടിയെടുത്തു.സംഭവത്തിൽ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികളിലൂടെ മാത്രം ആളുകൾ നിക്ഷേപിച്ചത് നൂറ് കോടിയിലധികം രൂപയാണ്. ഒരാൾക്ക് ഒരുലക്ഷത്തിലേറെ രൂപ വെച്ച് ആയിരത്തിലേറെ പേരുടെ പണം നഷ്ടമായിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും ഇക്കാര്യം വ്യക്തമായതായി പോലീസ് പറഞ്ഞു.പ്രതിദിനം എട്ട് ശതമാനം വരെ ലാഭം ക്രിപ്‌റ്റോ കറന്‍സി വഴി ഉണ്ടാക്കാമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പിന് ഇരയാക്കിയത്. നാല് മാസം മുൻപ് കണ്ണൂർ സിറ്റി പോലീസ് സ്‌റ്റേഷനിലെത്തിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ അറസ്റ്റിലായത്.കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സംഭവത്തില്‍ കൂടുതല്‍ പരാതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.അറസ്റ്റിലായ മുഹമ്മദ് റിയാസ് ന്റെ അക്കൗണ്ടില്‍ 40 കോടിയും ശഫീഖിന്റെ അക്കൗണ്ടില്‍ 32 കോടിയും വന്നതായി പോലീസ് കണ്ടെത്തിയെന്ന് കണ്ണൂര്‍ എസിപി പി പി സദാനന്ദന്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു;നാല് മരണം; നാല് ജില്ലകളിൽ പൊതു അവധി
ചെന്നൈ:തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു.മഴക്കെടുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നഗരത്തിന്‍റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനെ തുടർന്ന് മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് ദിവസവും ചെന്നൈയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളായ വെളാച്ചേരി, വ്യാസര്‍പ്പാടി, പെരമ്പലൂര്‍ തുടങ്ങിയ മേഖലകളില്‍നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറ് കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ നാല് ജില്ലകളിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി സംഭരണ ശേഷി എത്തിയതിനെ തുടർന്ന് പുഴൽ, ചെമ്പരമ്പാക്കം അണക്കെട്ടുകളുടെ ഷട്ടർ തുറന്നു.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൽ കലക്ടർമാർക്ക് നിർദ്ദേശം നൽകി. 2015 ന് ശേഷം ചെന്നെയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോർട്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിക്കുകയും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും അദ്ദേഹത്തിന് ഉറപ്പുനൽകുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പുനൽകി.
ഗുജറാത്ത് തീരത്ത് ഇന്ത്യൻ മൽസ്യത്തൊഴിലാളിയെ വെടിവെച്ചുകൊന്ന സംഭവം; 10 പാക് നാവിക ഉദ്യോഗസ്ഥർക്കെതിരെ കേസ്
ന്യൂഡൽഹി: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മൽസ്യത്തൊഴിലാളിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ 10 പാക് നാവിക ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.പോര്‍ബന്തറിലെ നേവി ബന്തര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വെടിവയ്പ്പില്‍ പരിക്കേറ്റ ദിലീപ് നാതു സോളങ്കിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് തീരത്തിനപ്പുറം അന്താരാഷ്‌ട്ര സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേരെ പാക് സേനയുടെ വെടിവയ്പ്പ് ഉണ്ടായത്.മഹാരാഷ്‌ട്രയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളിയായ ശ്രീധര്‍ രമേശ് ചംരെ (32) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജല്‍പ്പരി എന്ന ബോട്ടിന് നേരെയായിരുന്നു വെടിവയ്പ്പ് നടന്നത്. ഏഴ് പേരടങ്ങുന്ന സംഘമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. സംഭവം നടന്ന ഉടനെ തന്നെ ഇരുവരേയും ഗുജറാത്തിലെ ഓഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീധറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ ഭാഗങ്ങളും പരിശോധിച്ച ശേഷം മാത്രമേ കാര്യങ്ങള്‍ പറയാനാകൂ എന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
സ്വകാര്യ ബസ് സമരം;ഉടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും
കോട്ടയം:ഇന്ധന വില വർദ്ധനവിനെ തുടർന്ന് യാത്രാനിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗതാഗതമന്ത്രി ആന്‍റണി രാജു സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തും.ഇന്ന് രാത്രി പത്തിന് കോട്ടയം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടക്കുക. വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പടെയുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്. ഡീസല്‍ സബ്സിഡി നല്‍കണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടു. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം.
കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് എൻഐഎയുടെ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് എൻഐഎയുടെ പിടിയിൽ.മുരുകൻ എന്ന് വിളിപ്പേരുള്ള ഗൗതമാണ് പിടിയിലായത്. എൻഐഎയാണ് ഇയാളെ പിടികൂടിയത്. 2017ലെ ആയുധ പരിശീലനത്തിൽ പങ്കാളിയായിരുന്നു മുരുകനെന്നാണ് ലഭിക്കുന്ന വിവരം.കണ്ണൂരിലെ പാപ്പിനിശ്ശേരിയിൽ വെച്ചാണ് മുരുകനെ എൻഐഎ സംഘം പിടികൂടുന്നത്. മുരുകൻ ആയുധ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഏറെ കാലമായി പാപ്പിനിശ്ശേരി പരിസരങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മാവോവാദി സായുധസേനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയംഗമാണ് ഗൗതം. ഇയാള്‍ കഴിഞ്ഞ ഒന്‍പതുവര്‍ഷക്കാലമായി കേരളത്തിലുണ്ടെന്നാണ് പൊലിസ് പറയുന്നത്. 2017-ല്‍ അറസ്റ്റിലായ കാളിദാസിലൂടെയാണ് ഗൗതം കേരളത്തിലുണ്ടെന്ന വിവരം പൊലിസിന് ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ മാവോവാദി പ്രവര്‍ത്തന പശ്ചാളത്തലമില്ലാത്ത ഗൗതം കേരളത്തില്‍ സംഘടനയുമായി ബന്ധപ്പെട്ട നിര്‍ണായക കാര്യങ്ങളില്‍ ഇടപെട്ടുവെന്നാണ് വിവരം.ഉള്‍വനങ്ങളിലെ മാവോവാദി ഒളിത്താവളങ്ങളെ കുറിച്ചു കൃത്യമായി അറിവുള്ള ഗൗതത്തെ ചോദ്യം ചെയ്യുന്നതിലൂടെ കേരളത്തിലെ മാവോയിസ്റ്റ് താവളങ്ങളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലിസ് പറയുന്നത്. സംഘടനയിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവരുന്നതിനും അവരെ മാവോവാദി ആശയങ്ങള്‍ പഠിപ്പിക്കുന്നതിനുമാണ് ഗൗതം കേരളത്തിലെത്തുന്നതെന്നാണ് പൊലിസ് പറയുന്നത്. കേരളത്തില്‍ നിലമ്പൂർ കാട്ടില്‍ മാവോവാദി ദിനമാചരിക്കുകയും ആയുധപരിശീലനം നടത്തുകയും ചെയ്ത കേസാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. 2017-ലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, വേല്‍മുരുകന്‍, അജിത എന്നിവര്‍ ഉള്‍പ്പെടെ 19 പേരാണ് ഈ കേസിലെ പ്രതികള്‍.
പാലാരിവട്ടം കാറപകടം;അന്‍സി കബീറിനും അഞ്ജന ഷാജനും പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു
കൊച്ചി:മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ച പാലാരിവട്ടത്തെ കാറപകടത്തില്‍ മരണം മൂന്നായി. മുന്‍ മിസ് കേരള അന്‍സി കബീർ(25), റണര്‍ അപ് അഞ്ജന ഷാജന്‍(24) എന്നിവര്‍ക്ക് പിന്നാലെ കാറിലുണ്ടായിരുന്ന കെ എ മുഹമ്മദ് ആശിഖ്(25) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശിഖ് ഞായറാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. അന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കാറോടിച്ച അബ്ദുര്‍ റഹ്മാന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ഐ സി യുവില്‍ ചികിത്സയിലാണ്.ഈ മാസം ഒന്നാം തീയതി പുലർച്ചെ എറണാകുളം ബൈപാസില്‍ വൈറ്റിലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ടവര്‍ സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈകില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു.2019-ല്‍ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അന്‍സി കബീര്‍. ഇതേ മത്സരത്തിലെ റണര്‍ അപ് ആയിരുന്നു ആയുര്‍വേദ ഡോക്ടര്‍ ആയ തൃശ്ശൂര്‍ ആളൂര്‍ സ്വദേശി അഞ്ജന ഷാജന്‍.