തിരുവനന്തപുരം: ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നൽകി എല്‍ഡിഎഫ് നേതൃയോഗം.വര്‍ധനയുടെ വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും ചുമതലപ്പെടുത്തി.സ്വകാര്യ ബസുകള്‍ക്കൊപ്പം കെഎസ്‌ആര്‍ടിസിയിലും നിരക്ക് ഉയരും.ജനങ്ങളെ വല്ലാതെ ബാധിക്കാത്ത തീരുമാനം കൈക്കൊള്ളാനാണു നിര്‍ദേശം. മിനിമം നിരക്ക് 10 രൂപയായി വര്‍ധിപ്പിക്കാനാണു ഗതാഗത വകുപ്പ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ നിരക്കു കൂട്ടുന്നതിനെ എല്‍ഡിഎഫ് അനുകൂലിച്ചില്ലെങ്കിലും നേരിയ വര്‍ധനയുണ്ടാകും.അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത് 2020 ജൂലൈ 3നാണ്. അന്ന് മിനിമം നിരക്ക് 8 രൂപയായി നിലനിര്‍ത്തിയെങ്കിലും സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍ നിന്നു രണ്ടര കിലോമീറ്ററായി കുറച്ചു. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 70 പൈസ എന്ന നിരക്ക് 90 പൈസയാക്കി. കോവിഡ് കണക്കിലെടുത്തുള്ള ഈ താല്‍ക്കാലിക വര്‍ധന അതേപടി നിലനിര്‍ത്തിയാകും വീണ്ടും നിരക്ക് വര്‍ധിപ്പിക്കുക. 2020 ജൂണില്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 ആക്കുന്നത്. മിനിമം നിരക്കില്‍ 5 രൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്റെ 50 ശതമാനമോ കൂട്ടാം എന്നും ശുപാര്‍ശയുണ്ടെങ്കിലും വന്‍ പ്രതിഷേധത്തിനു സാധ്യതയുള്ളതിനാല്‍ ഇത് സ്വീകരിക്കില്ല.
299 രൂപയുടെ ചുരിദാർ ഓൺലൈനിൽ ഓർഡർ ചെയ്തു;കണ്ണൂരിൽ യുവതിക്ക് നഷ്ടമായത് 1,00,299 രൂപ
ശ്രീകണ്ഠാപുരം:ഓൺലൈനിലൂടെ ചുരിദാർ ബുക്ക് ചെയ്ത യുവതിക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂൽ പ്രിയേഷിന്റെ ഭാര്യ ചെല്ലേട്ടൻ വീട്ടിൽ രജനയാണ് തട്ടിപ്പിനിരയായത്. 100,299 രൂപയാണ് യുവതിക്ക് നഷ്ടമായത്.സിലൂറി ഫാഷൻ എന്ന സ്ഥാപനത്തിന്റെ ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് രജന 299 രൂപ വിലയുള്ള ചുരിദാർ ഓൺലൈൻ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗിൾ പേ വഴി മുൻകൂറായി അടയ്‌ക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാർ ലഭിക്കാത്തതിനെ തുടർന്ന് സ്ഥാപനത്തിന്റെ ഫോണിലേക്ക് വിളിച്ചു.തുടർന്ന് വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈൽ നമ്പറിൽ നിന്ന കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കണമെന്ന് ആവശ്യപ്പെട്ടു. സന്ദേശം അയച്ചതിന് പിന്നാലെ രജനയുടെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. ആറുതവണയായാണ് പണം നഷ്ടപ്പെട്ടത്. ആദ്യം ചുരിദാർ ബുക്ക് ചെയ്ത 299 രൂപയടക്കം 1,00,299 രൂപ രജനയ്‌ക്ക് നഷ്ടമായി. യുവതിയുടെ പരാതിയിൽ ശ്രീകണഠാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കൊച്ചി:കൊച്ചിയിൽ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജ്ജിന്റെ കാർ തല്ലിത്തകർത്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുൻ മേയർ ടോണി ചമ്മിണിയുൾപ്പെടെ ആറ് കോൺഗ്രസ് നേതാക്കൾ സമർപ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. നിലവിൽ കാക്കനാട് സബ്ജയിലിലാണ് പ്രതികൾ. കാറിന്റെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി ചൊവ്വാഴ്ച മരട് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയിരുന്നു. സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒന്ന് നടന്റെ കാർ തകർത്തതും മറ്റൊന്ന് ഗതാഗത തടസം സൃഷ്ടിച്ചതുമാണ്. സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. നവംബർ ഒന്നിന് വൈറ്റിലയിലായിരുന്നു കേസിനാസ്പദമായ സംഭവം.ഇന്ധന വിലവർധനക്കെതിരെ കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടന്റെ കാർ തകർക്കപ്പെട്ടത്. കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട;എയർഹോസ്റ്റസ് അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി.സംഭവത്തിൽ ഷാർജ്ജയിൽ നിന്നും കോഴിക്കോടെത്തിയ ഐഎക്‌സ് 354 വിമാനത്തിലെ എയർഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷഹാന (30) പിടിയിലായി. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വർണ്ണ മിശിത്രത്തിൽ നിന്നും 2.054 കിലോഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തുവെന്ന് കസ്റ്റംസ് അറിയിച്ചു.കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണ മിശ്രിതം പിടികൂടുന്നത്. ഷഹാനയെ ചോദ്യം ചെയ്ത് വരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണുമായി വഴിവിട്ട ബന്ധം; ഐജി ലക്ഷ്മണിന് സസ്പെന്‍ഷന്‍
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി മോന്‍സണുമായി വഴിവിട്ട ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഐജി ലക്ഷ്മണിന് സസ്പെന്‍ഷന്‍.മോൻസൺ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോൻസണിന്‍റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്‍റെ തെളിവുകളാണ് പുറത്തായത്. ഐ ജിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും മോൻസണുമായി ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോൻസന്‍റെ പുരാവസ്തുക്കൾ ലക്ഷ്മണ വില്പന നടത്താൻ ശ്രമിച്ചതിന്‍റെയും വിവരങ്ങളും പുറത്തായിട്ടുണ്ട്. ഐ.ജി ലക്ഷ്മണയുടെ സാന്നിദ്ധ്യത്തിൽ ഇടനിലക്കാരിയും മോൻസനും പോലീസ് ക്ലബ്ബിൽ കൂടിക്കാഴ്ച നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. ഐ.ജി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു മോൻസന്റെ വീട്ടിൽ നിന്ന് പോലീസ് ക്ലബ്ബിലേക്ക് പുരാവസ്തുക്കൾ എത്തിച്ചത്.നടപടിക്ക് ശിപാർശ ചെയ്ത് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. മോൻസൺ അറസ്റ്റിലായതറിഞ്ഞ് ഐ ജി ലക്ഷ്മണ നിരവധി തവണ മാനേജർ ജിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ലക്ഷ്മണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത് ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്.നിലവിൽ ട്രാഫിക് ചുമതലയുള്ളയാളാണ് ഐ.ജി ലക്ഷ്മണ. കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐ.ജി ലക്ഷ്മണക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കണ്ണൂരില്‍ 133 കിലോ ചന്ദനവുമായി മൂന്ന് പേര്‍ പിടിയില്‍
കണ്ണൂർ: കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ 20 ലക്ഷത്തോളം രൂപ വില വരുന്ന 133 കിലോ ചന്ദനവുമായി മൂന്നു പേര്‍ അറസ്റ്റില്‍.വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്ണന്‍ ( 48 ), പ്രദീപ് (48 ), ബിനേഷ് കുമാര്‍ (43) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്ന് 17 കിലോ ചന്ദനമാണ് പിടിച്ചെടുത്തത്. ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയായ മാതമംഗലം പെരുവമ്പ സ്വദേശി നസീറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 116 കിലോ ചന്ദനവും പിടിച്ചെടുത്തു.പ്രധാന പ്രതിയടക്കം രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. തലവില്‍ കേന്ദ്രീകരിച്ചു ചന്ദനമരം മുറിച്ചു കടത്തുന്ന സംഘം പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി രതീശന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നസീറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. വനം വകുപ്പ് എത്തുന്നതിനു മുന്‍പ് തന്നെ നസീര്‍ ഓടി രക്ഷപ്പെട്ടിരുന്നു. പ്രതികളുടെ രണ്ട് ബൈക്കുകളും പിടികൂടിയിട്ടുണ്ട്.ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള അന്വേഷണം വനം വകുപ്പ് ഊര്‍ജിതമാക്കി.
നടി കോഴിക്കോട് ശാരദ അന്തരിച്ചു
കോഴിക്കോട്:സിനിമ,സീരിയല്‍ നടി കോഴിക്കോട് ശാരദ(75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്‍റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് ശാരദ സിനിമയിലേക്ക് എത്തുന്നത്.1985 – 87 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ 90ഓളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. ഭർത്താവ് അഭിനേതാവായ എ.പി.ഉമ്മർ , മക്കൾ-ഉമദ, എ.പി.സജീവ്, രജിത, ശ്രീജീത്ത്.
കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു; ഗൃഹനാഥനും ഇളയമകളും അതീവ ഗുരുതരാവസ്ഥയില്‍
കോട്ടയം:കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.രണ്ടുപേര്‍ മരിച്ചു. കോട്ടയം ബ്രഹ്മമംഗലത്ത് സുകുമാരന്റെ ഭാര്യ സീന(54), മൂത്തമകള്‍ സൂര്യ (27) എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയമകള്‍ സുവര്‍ണയും അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ രാത്രി 10.55ഓടുകൂടിയാണ് ഇവര്‍ ആസിഡ് കുടിച്ച് ആത്മഹത്യാശ്രമം നടത്തിയത്.തുടർന്ന് അവശനിലയിലായ ഇവരെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാൽ നില അതീവ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിയിലാണ് സീന മരിച്ചത്. കോട്ടയത്തേക്ക് കൊണ്ടുപോകും വഴി സൂര്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു. അടുത്തിടെ സുകുമാരന്റെ മൂത്തമകള്‍ സൂര്യയുടെ വിവാഹം മുടങ്ങിയിരുന്നു. അതിന്റെ മാനസിക പ്രയാസത്തിലാകും ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.അയല്‍വാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. രണ്ട് പെണ്‍കുട്ടികളും അടുത്തിടെ മാനസിക ചികിത്സ നടത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
കോവാക്സിന് ബ്രിട്ടന്റെ അംഗീകാരം; 22 മുതല്‍ വാക്സിന്‍ എടുത്തവര്‍ക്ക് പ്രവേശനം; ക്വാറന്റീനും ആവശ്യമില്ല
ലണ്ടൻ:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ബ്രിട്ടന്റെ അംഗീകാരം. നവംബര്‍ 22 മുതല്‍ കോവാക്സിന്‍ എടുത്ത യാത്രക്കാര്‍ക്കും യുകെയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസ് ട്വിറ്ററില്‍ അറിയിച്ചു. നവംബര്‍ 22ന് പുലര്‍ച്ചെ നാല് മണി മുതലാണു മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. യാത്രയ്ക്കു മുന്‍പുള്ള കോവിഡ് പരിശോധനയില്‍ ഇളവ് ലഭിക്കും. എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റീന്‍ എന്നിവയിലും ഇളവുണ്ടാകും.ഇന്ത്യക്കു പുറമേ, ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ ഇളവുകള്‍.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരില്‍ കുത്തിവയ്ക്കുന്ന രണ്ടാമത്തെ വാക്സീനാണ് കോവാക്സിന്‍.ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സിന്‍ 70 ശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവാക്സിനു പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സീനുകള്‍ക്കും യുകെയുടെ അംഗീകാരം നല്‍കി.
പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ബസില്‍ യാത്ര ചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിക്ക് പരിക്ക്
കണ്ണൂർ: പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ബസില്‍ യാത്ര ചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിക്കു പരിക്കേറ്റു.പരിയാരം ഗവ. മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി വടകര സ്വദേശി റോഷി (21)ക്കാണ് പരിക്കേറ്റത്.ഇയാളെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ബസില്‍ പരിയാരത്തേക്കു പോകുമ്പോൾ ബസ് കേടായി നിര്‍ത്തിയിരിക്കുകയായിരുന്നു. അതിനിടയിലാണു റോഷിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്.കാലുകള്‍ക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടന്‍ തന്നെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.