കൊച്ചി: ദേശീയ പാതയില്‍ മുന്‍ മിസ്‌കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഫോര്‍ട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരായി. നമ്പർ 18 ഹോട്ടലില്‍ നടന്ന ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമുള്ള മടക്കയാത്രയ്‌ക്കിടെയാണ് മോഡലുകള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്.എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍.കഴിഞ്ഞ ദിവസം റോയ് ഡിസിപി ഓഫീസിലെത്തി നോട്ടീസ് കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാവുകയായിരുന്നു. ഡിജിപിയുടെ താക്കീതിനെ തുടര്‍ന്നാണ് റോയിക്ക് നിയമപരമായി നോട്ടീസ് നല്‍കാന്‍ പോലീസ് തയ്യാറായത്. റോയിക്കെതിരെ നടപടി വൈകുന്നത് ചൂണ്ടിക്കാട്ടി ഡിജിപി കമ്മീഷണറോട് വിശദീകരണം തേടിയിരുന്നു. കേസ് ഒതുക്കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു കേസില്‍ ഡിജിപിയുടെ ഇടപെടല്‍.സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ ഒരു ഡിവിആര്‍ റോയി ഇന്ന് പോലീസിന് കൈമാറിയതായാണ് വിവരം. ബാക്കി ദൃശ്യങ്ങള്‍ ഉടന്‍ എത്തിക്കാമെന്നാണ് റോയി പോലീസിനെ അറിയിച്ചിരിക്കുന്നത്. ലഭിച്ച ദൃശ്യങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കും.പല ഉന്നതരുമായും ബന്ധമുള്ള റോയിയെ പോലീസ് ചോദ്യം ചെയ്യുന്നതിനായി നേരത്തേ രണ്ടു തവണ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല.മോഡലുകള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്ക് എടുത്ത ഹോട്ടലിലെ സിസിടിവി ദൃശ്യം റോയിയുടെ നിര്‍ദ്ദേശപ്രകാരം മാറ്റി എന്നായിരുന്നു ജീവനക്കാരുടെ മൊഴി. റോയിയുടെ വീട്ടിലും നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141 അടിയിലേക്ക്;പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
കുമളി: വൃഷ്ടിപ്രദേശത്ത് നിന്നുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ഇടുക്കി ജലസംഭരണിയിലും ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.140.45 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 2300 ഘനയടിയാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.141 അടിവരെയാണ് ഡാമിൽ സംഭരിക്കാൻ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് ഇപ്പോഴും വെള്ളം കൊണ്ടു പോകുന്നുണ്ട്. സെക്കന്റിൽ 2300 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്.ജലനിരപ്പ് 140 അടി പിന്നിട്ട സാഹചര്യത്തിൽ പെരിയാർ തീരത്തുള്ളവർക്ക് നൽകിയ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഏത് നിമിഷവും മുല്ലപ്പെരിയാറിലെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ ദിവസം അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നിരുന്നു. ഷട്ടർ തുറന്ന് നാൽപ്പത് മണിക്കൂർ പിന്നിട്ടിട്ടും ജലനിരപ്പിൽ കുറവ് വന്നിട്ടില്ല. 2399.16 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇനിയും വൃഷ്ടിപ്രദേശത്ത് ഇതേ രീതിയിൽ നീരൊഴുക്ക് തുടരുകയാണെങ്കിൽ രണ്ടു ഷട്ടറുകളും ഉയർത്തേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ രണ്ടാനച്ഛന്‍ മുഖത്ത് ആസിഡ് ഒഴിച്ച പേരാവൂര്‍ സ്വദേശി മരിച്ചു
കണ്ണൂർ: സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ രണ്ടാനച്ഛന്‍ മുഖത്ത് ആസിഡ് ഒഴിച്ച പേരാവൂര്‍ സ്വദേശി മരിച്ചു.മണത്തണയിലെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ (50) ആണ് മരിച്ചത്. മണത്തണ ടൗണിലെ കുളത്തിലേക്ക് ജീപ്പില്‍ പോകുമ്പോൾ റോഡില്‍ കല്ലുകള്‍ നിരത്തി തടഞ്ഞ് മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.തുടര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒക്ടോബര്‍ 29നാണ് ബിജുവിനു നേരെ ആക്രമണമുണ്ടായത്.
കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു;വീട്ടിനുള്ളിൽ കുടുങ്ങിയ എട്ട് പേരെ രക്ഷപെടുത്തി
കോഴിക്കോട്:കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു.പെരുവയൽ പരിയങ്ങാട് അരുണിന്റെ വീടാണ് തകർന്നത്.വീട്ടിനുള്ളിൽ കുടുങ്ങിയ എട്ട് പേരെ രക്ഷപെടുത്തി. ഒരാൾ വീട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രണ്ട് മണിയോടെയാണ് വീട് ഇടിഞ്ഞ് വീണത്. വീടിന്റെ രണ്ടാം നിലയുടെ പണി പുരോഗമിക്കുന്നതിനിടെ വീട് തകർന്ന് വീഴുകയായിരുന്നു.വിവരം അറിഞ്ഞ് കുന്ദമംഗലം, മുക്കം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. കോൺക്രീറ്റ് സ്ലാബുകൾ മുറിച്ചു മാറ്റിയാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.
കണ്ണൂരില്‍ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരില്‍ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.അസി.എസ്.ഐ.വി വിനോദ് കുമാറിനെയാണ് ഇന്ന് പുലര്‍ച്ചയോടെ കല്യാശേരി ക്വാട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ദീര്‍ഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം. അവിവാഹിതനാണ് .സഹപ്രവര്‍ത്തകരാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടത് .
വളര്‍ത്തുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം;നായയുടെ ഉടമ അറസ്റ്റില്‍
കോഴിക്കോട്: താമരശേരി അമ്പായത്തോടിൽ വളര്‍ത്തുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് ഗുരുതമായി പരുക്കേറ്റ സംഭവത്തിൽ നായയുടെ ഉടമ വെഴുപ്പൂര്‍ എസ്റ്റേറ്റിലെ റോഷനെ പൊലീസ് അറസ്റ്റ് ചെയ്തു.റോഷനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയയ്ക്കാണു പരുക്കേറ്റത്. മദ്രസയില്‍ പോയ കുട്ടിയെ തിരികെ വിളിക്കാനായി പോയപ്പോഴായിരുന്നു ഫൗസിയയ്ക്ക് കടിയേറ്റത്.റോഡിലേക്കിറങ്ങിയതും നായ്ക്കള്‍ വളയുകയായിരുന്നു. രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ നിലത്തുവീണ ഫൗസിയയുടെ തലയ്ക്കും മുഖത്തും കൈയ്ക്കും കടിയേറ്റു. സമീപത്തുണ്ടായിരുന്നുവര്‍ എത്തിയാണ് നായ്ക്കളെ ഓടിച്ച് ഫൗസിയയെ രക്ഷിച്ചത്.
പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി
പാലക്കാട്: പാലക്കാട് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി.എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ മമ്പറത്ത് ആയിരുന്നു സംഭവം.രാവിലെ ഭാര്യയോടൊപ്പം ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചന.എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിൽ എന്ന് ബിജെപി ആരോപിച്ചു. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രദേശത്ത് നേരത്തെയും രാഷ്‌ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നുണ്ടായത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
കണ്ണൂർ: ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു.പെടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം പാറമ്മൽ സാജിദിന്റെ മകൻ നസൽ ആണ് മരിച്ചത്. വീടിന് സമീപത്ത് കിണറിനായി കുഴിച്ച കുഴിയിൽ കുട്ടി വീഴുകയായിരുന്നു. മഴയെത്തുടർന്ന് കിണറിന്‍റെ പണി നിർത്തി വച്ചിരിക്കുകയായിരുന്നു. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അബദ്ധത്തിൽ കുഞ്ഞ് വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ വീണത്. കുട്ടിയെ കുഴിയിൽ നിന്ന് പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകും വഴി മരണം സംഭവിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടുകൊടുക്കും.
സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; ചെറുതോണിയും മൂഴിയാറും ഉള്‍പ്പെടെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു.ചെറുതോണിയും മൂഴിയാറും പെരിങ്ങല്‍ക്കുത്തുമടക്കം ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചിട്ടുണ്ട്.തൃശൂര്‍, പാലക്കാട് ജില്ലകളിലെ ജലസേചന അണക്കെട്ടുകളിലും റെഡ് അലര്‍ട്ട് ആണ്.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇടവിട്ട് മഴ ഇപ്പോഴും പെയ്യുന്നുണ്ട്.ജലനിരപ്പ് ഉയരുന്നത് സാവധാനം ആയതിനാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് കെ എസ് ഇ ബിയുടെ കണക്കു കൂട്ടല്‍. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.35 അടിയായി. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ ഇന്നലെ 40 സെന്റിമീറ്റർ ഉയർത്തിയിരുന്നു. 30 മുതൽ 40 വരെ ക്യുമെക്‌സ് ജലം ഒഴുക്കി വിട്ടു. കൂടാതെ ഇടുക്കി ഡാമും ഇന്നലെ തുറന്നിരുന്നു.പമ്പ, അച്ചൻകോവിലാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
കനത്ത മഴ;സംസ്ഥാനത്ത് ആറ് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.ആലപ്പുഴ, കൊല്ലം, പത്തനംതിട്ട , കാസർകോട്, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകൾക്ക് പുറമേ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്.ഇതിനെ തുടർന്ന് സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള, എംജി സർവ്വകലാശാലകളും സാങ്കേതിക സർവ്വകലാശാലയുമാണ് ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചത്. ഇതിന് പുറമേ ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.