തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂർ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂർ 967, ഇടുക്കി 927, വയനാട് 738, കാസർഗോഡ് 312 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,924 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 595 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 1572, പത്തനംതിട്ട 1043, ആലപ്പുഴ 1270, കോട്ടയം 1236, ഇടുക്കി 815, എറണാകുളം 2000, തൃശൂർ 2386, പാലക്കാട് 1387, മലപ്പുറം 1572, കോഴിക്കോട് 2050, വയനാട് 932, കണ്ണൂർ 1253, കാസർഗോഡ് 275 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
ഐഎസ്ആർഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീം കോടതിയിൽ
കൊച്ചി : ഐഎസ്ആർഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖേന സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ഈ തുക അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച മുൻ സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്.ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നമ്പി നാരായണന് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെ ഗൂഢാലോചന കേസിൽ പ്രതിചേർത്തുകൊണ്ടാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഈ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണം എന്നാണ് ഇവരുടെ ആവശ്യം.രണ്ട് പേരുടെയും ആവശ്യം സിബിഐ സുപ്രീം കോടതിയെ അറിയിക്കും. മൂന്നരവർഷത്തോളം വിചാരണപോലും ഇല്ലാതെ ജയിൽക്കിടന്നെന്നും തുടർന്നുളള സ്വൈര്യ ജീവിതം വഴിമുട്ടിയെന്നുമാണ് ഇരുവരുടെയും ഹർജിയിലുളളത്.
സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം;മരിച്ചത് മലപ്പുറം വളാഞ്ചേരി സ്വദേശി
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു മരണം.ഈ മാസം 16ന് അദ്ദേഹം കൊവിഡ് നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുകയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.ഇതുവരെ 52 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് ചികിത്സ തേടിയത്.ഇന്നലെ എറണാകുളത്തും വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതിശ്രുത വരനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു
കോട്ടയം: പ്രതിശ്രുത വരനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാണ് മരിച്ചത്. കോട്ടയം വാഴൂർ റോഡിൽ വച്ചായിരുന്നു അപകടം.ഒരേ ദിശയിലാണ് കെഎസ്ആർടിസി ബസും സ്കൂട്ടറും സഞ്ചരിച്ചിരുന്നത്.കുമളിയിൽനിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്. സ്കൂട്ടറിനെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ റോഡിൽനിന്നു തെന്നിമാറുകയും സുബി ബസിനടിയിൽപെടുകയുമായിരുന്നു. യുവാവ് അത്ഭുതകരമായി രക്ഷപെട്ടു.മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി – ബിജി ദമ്പതികളുടെ ഏകമകളാണ് സുബി ജോസഫ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
സ്കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വ്വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു
തിരുവനന്തപുരം:സ്കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വ്വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സ്കൂള്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലേക്കും ബസ് സര്‍വ്വീസ് നടത്തുമന്ന് ഗതാഗതമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ആവശ്യത്തിന് ബസില്ലാത്ത സ്കൂളുകളിലേക്ക് കുട്ടികളെ എങ്ങിനെ എത്തിക്കുമെന്നത് രക്ഷിതാക്കളുടെ പ്രധാന ആശങ്കയാണ്. കൊവിഡ് പേടി കാരണം പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ പലര്‍ക്കും മടിയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസിയുടെ കൈത്താങ്ങ്. നിലവില്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമായി കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വ്വീസ് നടത്തുന്നുണ്ട്.അതേസമയം ഒക്ടോബര്‍ 20-നു മുൻപ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുമെന്ന് ആന്‍റണി രാജു പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യാത്ര പ്രോട്ടോകോള്‍ ഇറക്കും. ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുളളൂ. എല്ലാ സ്കൂള്‍ ബസിലും തെര്‍മ്മല്‍ സ്കാനറും സാനിറ്റൈസറും നിര്‍ബന്ധമാക്കും. പ്രോട്ടോകോള്‍ പാലിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ഒന്നര വര്‍ഷമായി ബസുകള്‍ നിരത്തിലിറക്കാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പല സ്കൂള്‍ ബസുകള്‍ക്കും ഇന്‍ഷുറന്‍സ് കുടിശ്ശികയുമുണ്ട്.
തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം; ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ വിജിലൻലസ് അന്വേഷണത്തിന് അനുമതി
കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. എൽഡിഎഫ് കൗൺസിലർമാർ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന വിജിലൻസ് ത്വരിത പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നൽകിയിരിക്കുന്നത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഉടൻ അന്വേഷണമാരംഭിക്കും.നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് ഓണക്കോടിയോടൊപ്പം പതിനായിരം രൂപ വീതം നൽകിയെന്നാണ് പരാതി. കോഴപ്പണമായി ലഭിച്ച പണമാണ് ഇവർ വിതരണം ചെയ്തതെന്നാണ് ആരോപണം.ചെയർപേഴ്‌സൺ രാജിവെക്കണമെന്നും പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. പിന്നീട് എൽഡിഎഫ് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. തുടർന്ന് ഡയറക്ടറുടെ നിർദേശപ്രകാരം വിജിലൻസിന്റെ എറണാകുളം യൂണിറ്റ് ത്വരിതാന്വേഷണം നടത്തുകയായിരുന്നു.
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും;പ്രവേശന നടപടികള്‍ നാളെമുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രവേശന നടപടികള്‍.ഒരു വിദ്യാര്‍ഥിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി 15 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം.ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്.
അതേസമയം ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കുമ്പോൾ ഇഷ്ടവിഷയവും ഇഷ്ടസ്കൂളും അധികം പേര്‍ക്കും കിട്ടാനിടയില്ല. ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി സയന്‍സ് വിഷയം മോഹിച്ചവര്‍ക്ക് ട്രയല്‍ അലോട്ട്മെന്റില്‍ വെയിറ്റിംഗ് ലിസ്റ്റില്‍ 880 താമത്തെ റാങ്ക് വരെയായിരുന്നു.എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 4,19,651 പേരാണ് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. 3,61,307 പ്ളസ് വണ്‍ സീറ്റുകളാണ് എല്ലാ വിഷയങ്ങള്‍ക്കുമായുള്ളത്. ഇതിനൊപ്പം ഏഴ് ജില്ലകളില്‍ 20 ശതമാനം സീറ്റ് കൂട്ടുകയും ചെയ്തതോടെ കൂടുതല്‍ പേര്‍ക്ക് പ്രവേശനം കിട്ടുമെങ്കിലും ആഗ്രഹിക്കുന്ന വിഷയം കിട്ടാനിടയില്ലെന്നാണ് വിലയിരുത്തല്‍.ഈ അദ്ധ്യയനവര്‍ഷം പുതിയ ബാച്ചുകള്‍ അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അധിക സാമ്പത്തിക ബാദ്ധ്യത വരുമെന്ന് വിലയിരുത്തിയാണിത്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അധിക ബാച്ചുകള്‍ വേണമെന്ന് കാണിച്ച് ഹയര്‍സെക്കന്‍ഡറി വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്.
സംസ്ഥാനത്ത് ഇന്ന് 15,768 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 214 മരണം; 21,367 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15,768 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂർ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസർഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,897 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 124 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,746 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 798 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,367 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1657, കൊല്ലം 1431, പത്തനംതിട്ട 1206, ആലപ്പുഴ 1104, കോട്ടയം 1460, ഇടുക്കി 803, എറണാകുളം 2712, തൃശൂർ 2448, പാലക്കാട് 1429, മലപ്പുറം 2591, കോഴിക്കോട് 2508, വയനാട് 801, കണ്ണൂർ 752, കാസർഗോഡ് 465 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പരിശീലന പറക്കലിനിടെ സൈനിക ഹെലികോപട്ര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു.മേജര്‍ രോഹിത് കുമാര്‍, മേജര്‍ അനുജ് രാജ്പുത് എന്നിവരാണ് മരണമടഞ്ഞതെന്ന് നോര്‍ത്ത് കമാന്‍ഡ് ലഫ് ജനറല്‍ വൈ.കെ ജോഷി പറഞ്ഞു.ഉദ്ധംപുരിലെ പട്‌നിടോപ് മേഖലയില്‍ കൊടുംവനത്തിലാണ് കോപ്ടര്‍ തകര്‍ന്നുവീണത്.പ്രദേശവാസികളാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത് ആദ്യം കണ്ടത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ 10.30-10.45നുമിടയിലാണ് അപകടമെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ആര്‍മി ഏവിയേഷന്‍ വിഭാഗം പരിശീലനത്തിന് ഉപയോഗിക്കുന്ന ചീറ്റ ഹെലികോപ്ടര്‍ ആണ് തകര്‍ന്നത്. അപകടം സംബന്ധിച്ച വിശദീകരണം സൈന്യം പിന്നീട് നല്‍കും. കനത്ത മഞ്ഞ് കാഴ്ച തടസപ്പെട്ടതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് മൂന്നിന് ഇന്ത്യന്‍ ആര്‍മിയുടെ മറ്റൊരു ഹെലികോപ്റ്ററും അപകടത്തില്‍പ്പെട്ടിരുന്നു.
ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി; ഓണം ബമ്പർ കൊച്ചി മരട് സ്വദേശി ജയപാലന്
മരട്:നിരവധി അവകാശവാദങ്ങള്‍ക്കും നാടകീയതയ്ക്കും ഒടുവില്‍ യഥാര്‍ഥ ഭാഗ്യവാനെ കണ്ടെത്തി. ഓണം ബംപര്‍ 12 കോടി സമ്മാനം ലഭിച്ചത് കൊച്ചി മരട് സ്വദേശി ഓട്ടോറിക്ഷാ ഡ്രൈവര്‍ ജയപാലന്. സമ്മാനര്‍ഹമായ ടിക്കറ്റ് ജയപാലന്‍ കൊച്ചിയിലെ കാനറാ ബാങ്കില്‍ സമര്‍പ്പിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് താന്‍. ഭാഗ്യം തേടിവന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും ജയപാലൻ പറഞ്ഞു. കഴിഞ്ഞ 10നാണ് തൃപ്പൂണിത്തുറയിലെ ഏജന്‍സിയില്‍നിന്നു ലോട്ടറി ടിക്കറ്റ് എടുത്തത്. നമ്പറിന്റെ പ്രത്യേകത കണ്ടാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തതെന്നും ജയപാലന്‍ പറഞ്ഞു. ആദ്യം കടം വീട്ടണം, കുടുംബ ഭദ്രത ഉറപ്പുവരുത്തണം. സ്ഥിരമായി എല്ലാതരം ലോട്ടറി ടിക്കറ്റും എടുക്കുന്നയാളാണ് താനെന്നും ജയപാലന്‍ കൂട്ടിച്ചേര്‍ത്തു. മീനാക്ഷി ലോട്ടറീസിന്‍റെ തൃപ്പൂണിത്തുറ ശാഖയില്‍നിന്നു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഞായറാഴ്ചതന്നെ ഉറപ്പിച്ചിരുന്നു. നേരത്തെ പ്രവാസിയായ സെയ്ദലവി ഉൾപ്പെടെ ലോട്ടറി അടിച്ചത് തനിക്കാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനൊടുവിലാണ് യഥാർത്ഥ ഭാഗ്യവാനെ കണ്ടെത്തിയത്.