കോഴിക്കോട് : കുരുവട്ടൂര്‍ പോലൂരില്‍ കോളൂര്‍ ക്ഷേത്രത്തിന്റെ സമീപത്ത് വീടിനുള്ളിൽ നിന്നും അജ്ഞാത ശംബ്ദം ഉയരുന്നത് മൂലം ഭീതിയിലായി ഒരു കുടുംബം.കോണോട്ട് തെക്കെമാരത്ത് ബിജുവും കുടുംബവുമാണ് വീടിനുള്ളില്‍ നിന്നു ഭയപ്പെടുത്തുന്ന ശബ്ദങ്ങൾക്കും അനുഭവങ്ങൾക്കുമിടയിൽ ഭയപ്പാടോടെ ജീവിക്കുന്നത്.രണ്ടാം നില നിര്‍മ്മിച്ചതിന് പിന്നാലെ അടുത്തിടെയാണ് വീടിനുള്ളില്‍ ചില അജ്ഞാത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം തോന്നലാവുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേള്‍ക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി. പരിസരത്തുള്ള മറ്റ് വീടുകളില്‍ ഇത്തരം പ്രതിഭാസമൊന്നും അനുഭവപ്പെടാതിരുന്നതോടെ കുടുംബം ആശങ്കയിലായി.പല തരം ശബ്ദങ്ങളാണ് വീടിനുള്ളിൽ നിന്ന് കേൾക്കുന്നതെന്ന് ബിജു പറയുന്നു. ചിലപ്പോൾ ആരോ നടക്കുന്നത് പോലെ. മുകൾ നിലയിൽ നിന്നും തറയ്‌ക്കടിയിൽ നിന്നുമൊക്കെ ശബ്ദം കേൾക്കാം. വെള്ളം കുത്തിയൊലിക്കുന്ന പോലത്തെ ശബ്ദവും കേൾക്കാം. വെള്ളം നിറച്ചുവെച്ച പാത്രം തുളുമ്പി പോകുന്നതും, വലിയ ശബ്ദത്തോടെ പൈലിങ് നടത്തുന്ന അനുഭവവും ഈ വീടിനുള്ളിൽ നിന്ന് ഉണ്ടാകും. ചിലപ്പോൾ, വലിയ ഇടിമുഴക്കവും കേൾക്കാം. അരമണിക്കൂർ കൂടുമ്പോൾ ഇത്തരം ശബ്ദങ്ങൾ കേൾക്കാമെന്നും ബിജു പറയുന്നു.അജ്ഞാത ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചതായി റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ അറിയിച്ചു.
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
കരിപ്പൂർ: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. രാവിലെ എട്ടരയ്‌ക്ക് കരിപ്പൂരിൽ എത്തുന്ന രാഹുൽ ഗാന്ധി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.കെപിസിസി നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കൾ തുടർച്ചയായി പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുന്നതിടെയാണ് രാഹുലിന്റെ വരവ്.കഴിഞ്ഞ ദിവസം രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ വിഎം സുധീരൻ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ എഐസിസി അംഗത്വവും സുധീരൻ രാജിവെച്ചിരുന്നു. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട കൂടിയാലോചനകളിൽ പുതിയ നേതൃത്വം അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് സുധീരന്റെ രാജി. കെ. സുധാകരനും വിഡി സതീശനും അടങ്ങുന്ന പുതിയ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ മറ്റ് മുതിർന്ന നേതാക്കളും ശക്തമായ പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് രാഹുലിന്റെ സന്ദർശനം.എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പം വരുന്നുണ്ട്. അദേഹവും ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ രാവിലെ കരിപ്പൂരില്‍ നിന്നും രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹിയിലേക്ക് മടങ്ങും.
പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന് കുരുക്കായി ഭൂമി തട്ടിപ്പും;പാലാ മീനച്ചില്‍ സ്വദേശിയെ വഞ്ചിച്ച് ഒരു കോടി 72 ലക്ഷം രൂപ തട്ടിയെടുത്തു
വയനാട്: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന് കുരുക്കായി ഭൂമി തട്ടിപ്പും. വയനാട്ടില്‍ 500 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാമെന്ന് ധരിപ്പിച്ച് പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരനിൽ നിന്നും ഒരു കോടി 72 ലക്ഷം രൂപ മോന്‍സന്‍ തട്ടിയെടുത്തതായാണ് പരാതി.കേസിൽ മോൻസന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമിയുടെ പേരിലായിരുന്നു തട്ടിപ്പ്. പാട്ടത്തിന് ഭൂമി നൽകാമെന്ന പേരിൽ ഒരു കോടി 72 ലക്ഷം രൂപ മീനച്ചിൽ സ്വദേശിയിൽ നിന്നും മോൻസൻ കൈപ്പറ്റിയതായാണ് വിവരം. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായി മുഴുവൻ പണവും മോൻസന് നൽകിയെന്നും പരാതിക്കാരൻ വെളിപ്പെടുത്തി. തെളിവുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോൻസനെ രണ്ടാമതൊരു കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി മോൻസനെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിക്കും. തട്ടിപ്പിനിരയായ കൂടുതൽ പേർ മൊഴി നൽകുമെന്നാണ് വിവരം. കേസിൽ മോൻസൻ കൂടാതെ മറ്റ് പ്രതികൾക്ക് പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
പാലക്കാട് നിന്നും കാണാതായ നാല് ആൺകുട്ടികളെയും കണ്ടെത്തി
പാലക്കാട്:കപ്പൂർ പറക്കുളത്ത് നിന്നും കാണാതായ നാല് ആൺകുട്ടികളെയും കണ്ടെത്തി. ആനക്കര ഹൈസ്‌കൂളിന് സമീപത്ത് അർദ്ധരാത്രി ഒരുമണിയോടെയാണ് നാല് കുട്ടികളെയും കണ്ടെത്തിയത്. ആനക്കര സെന്ററിൽ നിന്ന് ചേകനൂർ റോഡിലേക്ക് കുട്ടികൾ നടന്നു നീങ്ങുന്ന സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് കണ്ടെത്തിയത്.കുട്ടികളെ കാണാതായതിന് പിന്നാലെ തൃത്താല പോലീസും ഷൊർണൂർ ഡിവൈഎസ്പിയും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. വൈകിട്ട് കളിക്കാൻ പോയ കുട്ടികൾ രാത്രിയായിട്ടും തിരിച്ചെത്താതിനെ തുടർന്നായിരുന്നു കുടുംബം പോലീസിൽ വിവരം അറിയിച്ചത്. 9, 12, 14 വയസുള്ള കുട്ടികളാണ് ഇവർ.പറക്കുളം വിനോദിന്റെ മകൻ നവനീത് എന്ന അച്ചു (12), കോട്ടടിയിൽ മുസ്തഫയുടെ മക്കളായ ഷംനാദ് ( 14 ), ഷഹനാദ്(14), കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകൻ അൻവർ സാദീഖ് (9 ) എന്നിവരെയാണ് കാണാതായത്.
സംസ്ഥാനത്ത് ഇന്ന് 11,196 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 149 മരണം;18,849 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11,196 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂർ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂർ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസർഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,810 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,506 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 540 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,849 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1124, കൊല്ലം 163, പത്തനംതിട്ട 1156, ആലപ്പുഴ 1031, കോട്ടയം 1234, ഇടുക്കി 740, എറണാകുളം 3090, തൃശൂർ 3706, പാലക്കാട് 1052, മലപ്പുറം 1820, കോഴിക്കോട് 2097, വയനാട് 615, കണ്ണൂർ 754, കാസർഗോഡ് 267 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കൊടി സുനി നിരാഹാരത്തില്‍
കണ്ണൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ മാറ്റണമെന്ന ആവശ്യവുമായി ടി പി വധക്കേസ് പ്രതി കൊടി സുനി നിരാഹാരത്തില്‍.വിയ്യൂർ ജയിലിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് കാട്ടി കൊടി സുനി നേരത്തേ പരാതി നൽകിയിരുന്നു . ഇതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊടി സുനി പരാതിയിൽ പേരെടുത്ത് പറഞ്ഞ തടവുകാരൻ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ ജയിലിലാണ് കൊടി സുനിയുള്ളത്. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ആഴ്ചകൾക്കു മുമ്പാണ് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്തമായി സുനിയുടെ സെൽ 24 മണിക്കൂറും പൂട്ടിയിടും . ഗാർഡ് ഓഫീസിന് തൊട്ടടുത്ത സെല്ലാണിത് . ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കണ്ണെത്തുന്നയിടമാണിത്.ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതിയാണ് എന്‍.കെ സുനില്‍ കുമാര്‍ എന്നറിയപ്പെടുന്ന കൊടി സുനി.
വാളയാർ അണക്കെട്ടിൽ അപകടത്തിൽ പെട്ട് കാണാതായ മൂന്ന് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി
പാലക്കാട്:വാളയാർ അണക്കെട്ടിൽ അപകടത്തിൽ പെട്ട് കാണാതായ മൂന്ന് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി.തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളായ പൂർണ്ണേഷ്(16), ആന്റോ( 16), സഞ്ജയ്(16) എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്ക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇവർ.ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു അപകടം നടന്നത്.വാളയാർ അണക്കെട്ടിലെത്തിയ അഞ്ചംഗ സംഘം പിച്ചനൂർ ഭാഗത്താണ് കുളിക്കാൻ ഇറങ്ങിയത്. ആദ്യം വെളളത്തിൽ പെട്ട സഞ്ജയ് കൃഷ്ണയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പുർണ്ണേഷും, ആന്റോയും അപകടത്തിൽപെടുകയായിരുന്നു. ആഴത്തിലേക്ക് ഇറങ്ങിയ മൂന്ന് പേരും മണലെടുത്ത കുഴികളിൽ മുങ്ങുകയായിരുന്നു.കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റും സ്‌കൂബ സംഘവും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ഇന്ന് രാവിലെയോടെ പൂർണേ്ണഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ് ആന്റോയുടെയും സഞ്ജയ് കൃഷ്ണയുടേയും മൃതദേഹങ്ങളും കണ്ടെത്തിയത്.
സ്‌കൂള്‍ തുറക്കല്‍; ഒക്ടോബര്‍ അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം :സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ അഞ്ചോടെ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത, വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതില്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കും.സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്.സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപക- വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗവും കളക്ടര്‍മാരുടെ യോഗവും ചേരും.കെഎസ്‌ആര്‍ടിസിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ ഒരു സീറ്റില്‍ ഒരു കുട്ടി എന്ന കണക്കിനാകും യാത്രാ സൗകര്യം ഒരുക്കേണ്ടത്. അതിനാല്‍ സ്‌കൂള്‍ ബസുകള്‍ മാത്രം പോരാത്ത സാഹചര്യവും ഉണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് സ്‌കൂളുകള്‍ കെ എസ് ആര്‍ ടി സിയുടെ സഹായവും തേടിയിട്ടുള്ളത്. നിലവില്‍ ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ രണ്ട് വിഭാഗമായി തിരിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ ക്ലാസ് നടത്താനാണ് തീരുമാനം. സമാന്തരമായി ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസും തുടരും. അതുകൊണ്ടുതന്നെ സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും. അക്കാദമിക് കാര്യങ്ങളില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചന നടത്തി മാര്‍ഗ്ഗരേഖ തയ്യാറാക്കും.
ഗുലാബ് ചുഴലിക്കാറ്റ് തീവ്രന്യൂനമർദ്ദമായി മാറി;സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ നിന്നും കരയിലേക്ക് പ്രവേശിച്ച ഗുലാബ് ചുഴലിക്കാറ്റ് തീവ്രന്യൂനമർദ്ദമായി മാറി.ഇതോടെ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി അനുഭവപ്പെടുന്ന മഴയുടെ ശക്തി ഇന്ന് കുറയും.ഉച്ചയോടെ തീവ്രന്യൂനമർദ്ദം ന്യൂനമർദ്ദമായി മാറും.കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട മേഖലകളിൽ മാത്രമേ ശക്തമായ മഴ ലഭിക്കൂവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ മീറ്റർവരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി, ഇടമലയാർ തുടങ്ങി പ്രധാന അണക്കെട്ടുകളിൽ ജലം തുറന്നു വിടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.
കണ്ണൂർ മട്ടന്നൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു
കണ്ണൂർ: മട്ടന്നൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു.ഉരുവച്ചാലിലെ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്.അയല്‍വാസിയുടെ വീട്ടിലെ ഗേറ്റ് പൊട്ടി കുട്ടിയുടെ ദേഹത്ത് വീണാണ് അപകടമുണ്ടായത്.വീടിന് മുന്നില്‍ വെച്ച് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ ഗേറ്റ് തലയിലേക്ക് വീഴുകയായിരുന്നു ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.