ഇടുക്കി: ഇടുക്കിയിൽ ഏലത്തോട്ടത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലിക്കായി കൊണ്ടുവന്ന വാഹനം പിടികൂടി. വാഹനത്തിൽ നിന്നും 18 വയസ്സിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. കുമളി ടൗണിൽ നടന്ന പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. ഇടുക്കിയിലെ ഏലത്തോട്ടത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലിക്കായി കൊണ്ടുവരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലാ ഭരണകൂടവും ശിശു ക്ഷേമ സമിതിയും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.ഏലത്തോട്ടത്തിൽ കീടനാശിനി തളിക്കുന്നതടക്കമുള്ള ജോലികൾ കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് കുമളി, കമ്പമട്ടം ചെക്‌പോസ്റ്റുകളിൽ പരിശോധന നടത്തിയത്. വാഹനത്തിൽ കുട്ടികൾക്കൊപ്പമുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.അതേസമയം കുട്ടികളെ വീട്ടില്‍ ഒറ്റക്ക് ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പണിക്ക് കൊണ്ടു പോകുന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 12 വാഹന ഉടമകള്‍ക്ക് എതിരെ കേസ് എടുത്തിട്ടുമുണ്ട്.
നിരപരാധിയായ യുവാവിന് പോക്‌സോ കേസില്‍ കുടുങ്ങി ജയിലില്‍ കിടക്കേണ്ടിവന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് ജിയിലില്‍ കിടക്കേണ്ടിവന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 35 ദിവസമാണ് യുവാവ് തിരൂര്‍ സബ്ജയിലില്‍ കഴിഞ്ഞത്. ഡിഎന്‍എ ഫലം നെഗറ്റീവായതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.സ്‌കൂളില്‍ നിന്നും മടങ്ങിയ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്.പെൺകുട്ടിയുടെ പരാതിയിൽ കല്‍പ്പകഞ്ചേരി പൊലീസായിരുന്നു യുവാവിനെതിരെ കേസെടുത്തത്. എന്നാല്‍ യുവാവിന്റെ ആവശ്യപ്രകാരം ഡിഎന്‍എ ടെസ്റ്റ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ നെഗറ്റീവായി. ഇതിനെതുടര്‍ന്ന് കോടതി യുവാവിനെ ജയില്‍മോചിതനാക്കുകയായരുന്നു.കൊടിയ മാനസിക പീഡനം ആണ് ഈ ദിവസങ്ങളില്‍ ഉണ്ടായത് എന്ന് യുവാവ് പറയുന്നു. സ്‌ക്കൂളില്‍ നിന്ന് കണ്ട് പരിചയം മാത്രം ഉള്ള തനിക്കെതിരെ എന്തുകൊണ്ടാണ് പീഡന കുറ്റം ആരോപിച്ചതെന്ന് അറിയില്ല എന്നും യുവാവ് പറഞ്ഞു.എനിക്ക് 18 വയസെ ആയിട്ടുള്ളൂ. ഇതിനിടയ്ക്ക് മൂന്ന് ജയിലുകളില്‍ കയറിയിറങ്ങി. ഒരു ദിവസം പോലും കണ്ണടക്കാന്‍ ആയിട്ടില്ല.ഒരു തെറ്റും ചെയ്യാത്ത ഒരാളെ ആണ് ഇങ്ങനെ ചെയ്തത്.ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുക ആണ്. ഞാന്‍ ആ പെണ്‍കുട്ടിയെ സ്‌കൂളില്‍ വച്ച് കണ്ടിട്ടുണ്ട്. പ്രണയമോ അടുപ്പമോ ഇല്ല. ഇനി ഇപ്പൊ എന്തും ഉണ്ടാക്കി പറയാം. പോലീസുകാരില്‍ ഒരു കോണ്‍സ്റ്റബിള്‍ എപ്പോഴും തെറി പറയുമായിരുന്നു. വണ്ടിയില്‍ കയറിയാല്‍ റേഡിയോ ഓണ്‍ ചെയ്ത പോലെ ആണ് തെറി പറഞ്ഞിരുന്നത്. എന്റെ പ്രായം പോലും അവര്‍ നോക്കിയിരുന്നില്ല. എന്നെ എപ്പോഴും വിലങ്ങ് ഇട്ടാണ് എല്ലായിടത്തും കൊണ്ടുപോയിരുന്നത്. തെളിവെടുപ്പിന് കൊണ്ടു പോയപ്പോള്‍ എന്നെ അടിച്ചിരുന്നു. എനിക്ക് കേള്‍ക്കാന്‍ വരെ ബുദ്ധിമുട്ട് ഉണ്ടായെന്നും യുവാവ് പറഞ്ഞു.
രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ കൂടി ഇന്ന് സ്കൂളുകള്‍ തുറക്കും
ന്യൂഡല്‍ഹി: രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ കൂടി ഇന്ന് സ്കൂളുകള്‍ തുറക്കും. കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ ഡല്‍ഹി,രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, തമിഴ്നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാര്‍ഥികളുമായി ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കുക.കര്‍ശന നിയന്ത്രണങ്ങളോടെയാണ് സ്കൂള്‍ അധ്യയനം ആരംഭിക്കുന്നത്. അധ്യാപകരും സ്കൂള്‍ ജീവനക്കാരും 2 ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ഡല്‍ഹിയില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് . 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ ഈ മാസം 8 നും ആരംഭിക്കും. തമിഴ് നാട്ടില്‍ ഒരു ക്ലാസില്‍ ഒരേ സമയം പരമാവധി 20 വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കൂ. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.രാജസ്ഥാനില്‍ 50% വിദ്യാര്‍ഥികളുമായി ആഴ്ചയില്‍ 6 ദിവസം ക്ലാസുകള്‍ നടത്താനാണ് തീരുമാനം. യുപി,പഞ്ചാബ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഹിമാചല്‍, മിസോറാം എന്നിവിടങ്ങളില്‍ നേരത്തെ തന്നെ വിദ്യാലയങ്ങള്‍ തുറന്നിരുന്നു.കുട്ടികളെ ലക്ഷ്യമിടുന്ന മൂന്നാം തരംഗത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും, കുട്ടികളില്‍ സ്വയം രൂപപ്പെടുന്ന പ്രതിരോധശേഷി അവരെ വൈറസില്‍ നിന്ന് സംരക്ഷിക്കുമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു.മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം മുതല്‍ അടച്ചിട്ടിരുന്ന സ്‌കൂളുകള്‍, കോവിഡ് രണ്ടാം തരംഗം കുറഞ്ഞതോടെയാണ് തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. ഈ സമയത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കാതിരുന്നാല്‍ അത് അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ ബാധിക്കുമെന്ന് ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കാക്കനാട് മയക്കുമരുന്ന് കേസ്; ഇടനിലക്കാരായി നിന്നത് മലയാളികൾ; അന്വേഷണം ഗോവയിലേക്ക്
കൊച്ചി: കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഏജന്റുമാരിലേക്കും വിതരണക്കാരിലേക്കും നീളുന്നു. ചെന്നൈയിൽ നടന്ന ലഹരി ഇടപാടിൽ ഇടനിലക്കാരായി നിന്നത് മലയാളികളാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഗോവയിലേക്ക് മുങ്ങിയതായാണ് സൂചന.കഴിഞ്ഞ രണ്ട് ദിവസം പ്രതികളുമായി ചെന്നൈയിലും പോണ്ടിച്ചേരിയിലും നടത്തിയ തെളിവെടുപ്പിൽ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ എക്‌സൈസിന് ലഭിച്ചു. ഗോവയിലേക്ക് കടന്നവരും മയക്കുമരുന്ന് വിൽപ്പനക്കാരേയും ഉടൻ പിടികൂടാനാകുമെന്നാണ് വിവരം. അതേസമയം കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്ന് കഴിഞ്ഞ ദിവസമാണ് 1.86 കിലോ ഗ്രാം തൂക്കം വരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിലായത്. പ്രതികളിൽ നിന്നും കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ്, ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കാക്കനാട്ടെ ഫോറെൻസിക് ലാബിൽ പരിശോധനയ്‌ക്ക് അയക്കും.
സംസ്ഥാനത്തെ കൊറോണ പ്രതിരോധം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദഗ്ധരുമായി ചര്‍ച്ച ഇന്ന്;മന്ത്രിസഭാ യോഗവും ഇന്ന് ചേരും
തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യവും പ്രതിരോധ നടപടിയും വിശകലനം ചെയ്യാൻ സർക്കാർ വിളിച്ച വിദഗ്ദ്ധരുടെ യോഗം ഇന്ന്. സംസ്ഥാന മെഡിക്കൽ ബോർഡിന് പുറമെ രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകളും യോഗത്തിൽ പങ്കെടുക്കും. സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ, ദുരന്തനിവാരണ വിദഗ്ധർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുക.യോഗത്തില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാകും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണ വിധേയമായിട്ടും സംസ്ഥാനത്ത് കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ വരുംദിവസങ്ങളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാം എന്നതായിരിക്കും പ്രധാന ചര്‍ച്ച.നിലവിലെ നിയന്ത്രണ രീതികള്‍ അപര്യാപ്തമാണെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നാല്‍ സര്‍ക്കാര്‍ പുതിയ മാറ്റങ്ങളിലേക്ക് കടന്നേക്കും. നിലവില്‍ വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ടിപിസി ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭായോഗവും ഇന്ന് നടക്കും. ഓണക്കാലമായതിനാൽ കഴിഞ്ഞ ആഴ്‌ച്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല.