തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം ഇന്ന്.വൈകിട്ട് നാലുമണിക്കാണ് യോഗം ചേരുക.296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്.ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍, റവന്യു മന്ത്രി കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. തദ്ദേശസ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷനിലെ പുരോഗതിയും യോഗം വിലയിരുത്തും. വാക്‌സിന്‍ നല്‍കിയതിന്റെ കണക്ക് തദ്ദേശസ്ഥാപനങ്ങളുടെ കൈയില്‍ വേണമെന്നും അത് വിലയിരുത്തി കുറവ് പരിഹരിക്കണമെന്നും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അറുപതിന് മുകളില്‍ പ്രായമുള്ളവരില്‍ ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് എത്രയും വേഗം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലെ പുരോഗതിയും യോഗം ചര്‍ച്ചചെയ്യും.സെപ്തംബര്‍ അഞ്ചിന് മുന്‍പ് എല്ലാ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ ശക്തമായ ഇടപെടല്‍ ഉറപ്പാക്കുക കൂടിയാണ് യോഗത്തിന്റെ ലക്ഷ്യം.
കണ്ണൂരിൽ ഭര്‍തൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കണ്ണൂർ: ഭര്‍തൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പയ്യന്നൂര്‍ കോറോം സ്വദേശിനി സുനീഷ ആണ് ആത്മഹത്യ ചെയ്തത്.ഭര്‍ത്താവ് വിജീഷിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മര്‍ദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തു വന്നതോടെയാണ് പൊലീസ് നടപടി.ഒന്നരവര്‍ഷം മുൻപാണ് സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറേക്കാകാലം അകല്‍ച്ചയിലായിരുന്നു.ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി സുനീഷ് ബന്ധുക്കളോട് പറഞ്ഞിരുന്നു .ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്ച്ച് വൈകീട്ട് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭര്‍ത്തൃവീട്ടുകാരുടെ മര്‍ദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.സുനീഷ മരിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മർദ്ദനം വ്യക്തമാകുന്ന ശബ്ദസന്ദേശം പുറത്ത് വന്നിട്ടും വിജീഷിന്റെ അറസ്റ്റ് വൈകിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കളിക്കുന്നതിനിടെ ഫ്രിഡ്ജിനു പിന്നിൽ ഒളിച്ചിരുന്നു;ഷോക്കേറ്റ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
കോട്ടയം : വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫ്രിഡ്ജിനു പുറകിൽ ഒളിച്ചിരുന്ന ഒന്നരവയസ്സുകാരിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം.കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടിൽ അലൻ ശ്രുതി ദമ്പതികളുടെ മകളായ റൂത്ത് മറിയമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.സമീപത്തെ വീട്ടിലെ കുട്ടികളുമായി ഒളിച്ചു കളിക്കുന്നതിനിടെയാണ് കുട്ടിയ്‌ക്ക് ഷോക്കേറ്റത്. കുഞ്ഞിന്റെ അമ്മൂമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനായി കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ശതമാനം; 188 മരണം;21,634 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,456 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1441 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 4324, എറണാകുളം 3718, കോഴിക്കോട് 3471, പാലക്കാട് 1982, കൊല്ലം 2892, മലപ്പുറം 2589, തിരുവനന്തപുരം 2330, കോട്ടയം 2012, ആലപ്പുഴ 1672, കണ്ണൂര്‍ 1543, പത്തനംതിട്ട 1238, ഇടുക്കി 1144, വയനാട് 994, കാസര്‍ഗോഡ് 547 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട്, കണ്ണൂര്‍ 15 വീതം, കൊല്ലം, വയനാട് 14 വീതം, പത്തനംതിട്ട 13, കാസര്‍ഗോഡ് 7, കോട്ടയം, എറണാകുളം 6 വീതം, തൃശൂര്‍ 3, ആലപ്പുഴ, കോഴിക്കോട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,634 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1501, കൊല്ലം 2994, പത്തനംതിട്ട 497, ആലപ്പുഴ 914, കോട്ടയം 1822, ഇടുക്കി 559, എറണാകുളം 2190, തൃശൂര്‍ 2700, പാലക്കാട് 2652, മലപ്പുറം 1850, കോഴിക്കോട് 1369, വയനാട് 400, കണ്ണൂര്‍ 1855, കാസര്‍ഗോഡ് 331 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 4 മരണം; 12 പേര്‍ ആശുപത്രിയില്‍
കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറില്‍ നിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴ വലിയഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്നതിനിടെ തിരയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്തെ സ്‌കൂളുകള്‍ വൈകാതെ തുറന്നേക്കും;പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ അധികം വൈകാതെ തുറന്നേക്കും. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം വന്ന ശേഷം, മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തതായിരിക്കും സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യസ വകുപ്പ് പ്രത്യേക പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ടും പ്രൊജക്‌ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. രണ്ട് റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുക.സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ദ്ധര്‍ മുന്നോട്ടുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ വിമര്‍ശിക്കുന്ന ചിലരുണ്ടെന്നും, സോഷ്യല്‍ മീഡിയയിലൂടെ അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷയില്‍ ഇടവേള വേണമെന്നായിരുന്നു ആദ്യം ആവശ്യം, അത് നല്‍കിയപ്പോള്‍ ഇപ്പോള്‍ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമര്‍ശിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനുള്‍പ്പെടെ അഞ്ചുമലയാളികളെ യൂത്ത് കോണ്‍ഗ്രസ് ദേശീയവക്താക്കളായി നിയമിച്ചു; പിന്നാലെ തീരുമാനം മരവിപ്പിച്ചു
ന്യൂഡൽഹി: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജ്ജുൻ രാധാകൃഷ്ണൻ ഉൾപ്പെടെ അഞ്ച് മലയാളികളെ യൂത്ത് കോൺഗ്രസ് ദേശീയ വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുൾപ്പെടെ 72 പേരെയാണ് ദേശീയ വക്താക്കളായി ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. എന്നാൽ നിയമന പ്രഖ്യാപനം വന്നതിന് പിന്നാലെ ചില പേരുകളില്‍ ആശയക്കുഴപ്പം വന്നതിനാല്‍ നടപടി മരവിപ്പിച്ചു.അർജ്ജുന്റെ നിയമനത്തെ ചൊല്ലി എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന. അർജ്ജുന് പാർട്ടിയുമായി ബന്ധമില്ലെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു. അതേസമയം കോൺഗ്രസ് വക്താവാക്കിയ നടപടി മരവിപ്പിച്ച വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അർജ്ജുൻ രാധാകൃഷ്ണൻ പ്രതികരിച്ചു. ‘ദേശീയ നേതൃത്വം നടത്തിയ ക്യാമ്പെയ്‌നിൽ പങ്കെടുത്തിരുന്നു. അതിൽ നിന്നാണ് എന്നെ തിരഞ്ഞെടുത്തത്. എന്റെ മെറിറ്റ് കണ്ടാണ് അവസരം നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായും നല്ല ബന്ധമാണുള്ളത്. മാറ്റിനിർത്തിയത് ആരുടെ എതിർപ്പു കൊണ്ടെന്ന് അറിയില്ല. വിഷയം ഇനി സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത് തീരുമാനിക്കട്ടെ’യെന്നും അർജ്ജുൻ രാധാകൃഷ്ണൻ പറഞ്ഞു.നിയമനം മരവിപ്പിച്ചത് യൂത്ത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. മകന്റെ നിയമനത്തിനായി താന്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.’അര്‍ജുനെ ഒഴിവാക്കിയത് യൂത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണ്. അവന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്തേണ്ടയാള്‍ താനല്ല. തങ്ങള്‍ തമ്മിലുള്ളത് അച്ഛന്‍ മകന്‍ ബന്ധമാണ്. അതിലപ്പുറം ഒന്നും പറയാന്‍ കഴിയില്ല’ അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നു അറിയാമെന്നും താന്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരിൽ വാഹന ഉടമകളില്‍ നിന്ന് പണം വാങ്ങി വ്യാജ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്ന യുവാവ് പൊലീസ് പിടിയില്‍
കണ്ണൂര്‍: വാഹന ഉടമകളില്‍ നിന്ന് പണം വാങ്ങി വ്യാജ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്ന യുവാവ് പൊലീസ് പിടിയില്‍. പയ്യന്നൂര്‍ സ്വദേശി അഷാദ് അലിയെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്‌പി കെ.ഇ. പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോൾ ഇയാളുടെ കൈയില്‍ നിന്ന് നിരോധിത ലഹരി മരുന്നും കണ്ടെത്തിയിട്ടുണ്ട്.ലഹരി മരുന്ന് കൈവശം വച്ചതിനുള്ള കുറ്റവും ഇയാളില്‍ ചുമത്തിയിട്ടുണ്ട്. നാല്‍പതോളം ആളുകള്‍ക്ക് ഇയാള്‍ വ്യാജ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. കൂടാതെ വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്ര് നല്‍കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മംഗപുരത്ത് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരനായിരുന്നു അറസ്റ്റിലായ അഷാദ് അലി.
കൊറോണ പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം;മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും നിർദേശം
ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിൽ കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല.ഇതിന്റെ ആഘാതം തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് അയല്‍സംസ്ഥാനങ്ങളെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ കൂടുതല്‍ മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചു.അടുത്തിടെ, കേരളത്തില്‍ പ്രതിദിനം 30,000ലധികം രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 85 ശതമാനം രോഗികളും വീടുകളിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്. പ്രതിദിന കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പ്രാധാന്യം വ്യക്തമാക്കിയ ഉദ്യോഗസ്ഥര്‍, നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നു നിര്‍ദേശിച്ചു. ജില്ലാ തലത്തില്‍ നടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമില്ല. രോഗബാധയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.വീടുകളില്‍ കോവിഡ് മുക്തമാകുന്നവര്‍ സുരക്ഷാനിര്‍ദേശങ്ങള്‍ കൃതമായി പാലിക്കുന്നില്ല. അതുകൊണ്ടാണ് വൈറസ് വ്യാപനത്തെ തടയാന്‍ സാധിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റുകള്‍ അനുവദിക്കാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റുകള്‍ അനുവദിക്കാൻ സർക്കാർ തീരുമാനം.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി സ്കൂളുകളിലാണ് അധിക സീറ്റുകൾ അനുവദിച്ചിരിക്കുന്നത്.ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാര്‍ഥികളെ വീതം അധികമായി പ്രവേശിപ്പിക്കാന്‍ കഴിയും. അണ്‍ എയ്ഡഡ് സ്കൂളുകളിൽ സീറ്റ് വര്‍ധനയില്ല.നിലവില്‍ ഹയര്‍സെക്കന്‍ഡറികളില്‍ ആകെ 3,60,000 സീറ്റുകളുണ്ട്. 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ 62000 കുട്ടികളെ അധികമായി പ്രവേശിപ്പിക്കാനാകും.ഇത്തവണ റിക്കാര്‍ഡ് വിജയമാണ് പത്താം ക്ലാസിലുണ്ടായിരിക്കുന്നത്. പത്താം ക്ലാസ് വിജയിച്ച എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം സാധ്യമാകില്ലെന്നും സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് സീറ്റ് വര്‍ധിപ്പിച്ചത്.