ന്യൂഡല്‍ഹി: സെപ്തംബര്‍ 12 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പ്രവേശന പരീക്ഷ നീട്ടണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ, കമ്പാർട്ട്മെന്റ് പരീക്ഷ, മറ്റ് പ്രവേശന പരീക്ഷകള്‍ എന്നിവ സെപ്തംബര്‍ ആദ്യ വാരത്തിലും രണ്ടാം വാരത്തിലും നടക്കുന്നതിനാല്‍ പ്രവേശന പരീക്ഷ നീട്ടിവെക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഹൃഷികേശ് റോയ്, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.ഇതോടൊപ്പം മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ 27 ശതമാനം ഒബിസി സംവരണവും, പത്ത് ശതമാനം സാമ്പത്തിക സംവരണവും ഉറപ്പാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
നിപ്പ;അഞ്ച് പേരിൽ കൂടി രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി;251 പേരുടെ പുതിയ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസ്സുകാരന്റെ സമ്പർക്കത്തിലുള്ള അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി.ഇതോടെ ലക്ഷണമുള്ളവരുടെ എണ്ണം എട്ടായി.എല്ലാവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് നിലവില്‍ ഉള്ളത്. മുപ്പത്തിരണ്ട് പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. 251 പേരുടെ പുതിയ സമ്പർക്കപട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.188 പേരുടെ പ്രാഥമിക സമ്പർക്ക പട്ടികയാണ് 251 ആയി ഉയര്‍ന്നത്. ഇതില്‍ 32 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ആണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ പരിശോധനയ്ക്കായി ഇന്ന് ട്രൂ നാറ്റ് ലാബ് സജ്ജീകരിക്കും.പുണെയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് നിപ്പ വൈറസ് പരിശോധനയ്ക്കുള്ള ട്രൂ നാറ്റ് ലാബ് സജ്ജീകരിക്കുക. വൈറോളജി ലാബില്‍ അയച്ച സാമ്പിൾ പരിശോധന ഫലം വൈകിട്ട് ലഭിക്കും.സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. നിപ്പ പ്രതിരോധം കോവിഡ് ചികിത്സയെ ബാധിക്കരുതെന്ന നിര്‍ദേശവും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. മദ്ധ്യ- വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും എന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. 24 മണിക്കൂറിൽ 115.5 മില്ലീ മീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യമുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കോഴിക്കോട് നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച പന്ത്രണ്ടുവയസ്സുകാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു
കോഴിക്കോട്:പാഴൂരിൽ നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച പന്ത്രണ്ടുവയസ്സുകാരന്റെ റൂട്ട് മാപ് ആരോഗ്യവിഭാഗം പുറത്തുവിട്ടു. ആഗസ്റ്റ് 27ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനും 5.30നുമിടയില്‍ പാഴൂരില്‍ അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം കളിച്ച കുട്ടി 28ന് മുഴുവന്‍ വീട്ടിലായിരുന്നു. 29ന് ഞായറാഴ്ച രാവിലെ 8.30നും 8.45നുമിടയില്‍ ഓട്ടോയില്‍ എരഞ്ഞിമാവില്‍ ഡോ. മുഹമ്മദിന്റെ സെന്‍ട്രല്‍ ക്ലിനിക്കിലെത്തി. രാവിലെ ഒൻപത് മണിക്ക് ഓട്ടോയില്‍ തിരിച്ച് വീട്ടിലെത്തി. 30ന് വീട്ടിലായിരുന്നു. 31ന് ചൊവ്വാഴ്ച രാവിലെ 9.58നും 10.30നുമിടയില്‍ അമ്മാവന്റെ ഓട്ടോയില്‍ മുക്കം ഇ.എം.എസ് ആശുപത്രിയില്‍ എത്തി. അന്ന് 10.30നും 12നുമിടയില്‍ അതേ ഓട്ടോയില്‍ ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തി. ഒരുമണിക്ക് ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളജില്‍. സെപ്തംബർ ഒന്നിന് ബുധനാഴ്ച രാവിലെ 11ന് ആംബുലന്‍സില്‍ കോഴിക്കോട് മിംസ് ആശുപത്രി ഐ.സി.യുവില്‍ എത്തി.
അതേസമയം മുഹമ്മദ് ഹാഷിമിെന്‍റ മാതാപിതാക്കളെയും പിതൃസഹോദരനെയും ശരീരവേദനയും അസ്വാസ്ഥ്യവും തോന്നിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടോടെയാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.നിരീക്ഷണത്തിലുള്ളവരെ തിങ്കളാഴ്ച കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ട്രൂനാറ്റ് പരിശോധന നടത്തും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. ഇതില്‍ പോസിറ്റിവാണെന്ന് കണ്ടെത്തിയാല്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫര്‍മേറ്റിവ് പരിശോധന നടത്തും. 12 മണിക്കൂറിനുള്ളില്‍ ഈ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
നിപ്പ ബാധ;സംസ്ഥാനത്ത് കേന്ദ്രസംഘം പരിശോധനക്കെത്തി; ഉറവിടം റംബൂട്ടാൻ പഴത്തില്‍നിന്നെന്ന് സംശയം
കോഴിക്കോട്:നിപ വൈറസ് ബാധയെ തുടർന്ന് വിദ്യാര്‍ഥി മരിച്ച പാഴൂര്‍ മുന്നൂർ പ്രദേശത്തു കേന്ദ്രസംഘം പരിശോധന നടത്തി.12കാരന് രോഗം പകര്‍ന്നത് റംബൂട്ടാൻ പഴത്തില്‍നിന്നാണെന്ന് കേന്ദ്ര സംഘം നടത്തിയ പരിശോധനയില്‍ സംശയിക്കുന്നു. മുഹമ്മദ് ഹാഷിമിന്റെ പിതാവ് അബൂബക്കറിെന്‍റ ഉടമസ്ഥതയിലുള്ള പുൽപ്പറമ്ബ് ചക്കാലന്‍കുന്നിനു സമീപത്തെ പറമ്പിലുള്ള റംബൂട്ടാൻ മരത്തിൽ നിന്നും കഴിഞ്ഞ ദിവസം അബൂബക്കര്‍ പഴങ്ങള്‍ പറിച്ച് വീട്ടില്‍കൊണ്ടുവന്നിരുന്നു. മുഹമ്മദ് ഹാഷിം ഇത് കഴിച്ചിരുന്നുവെന്നാണ് വിവരം. വീട്ടിലുള്ളവര്‍ക്കുപുറമെ പരിസര വീട്ടിലുള്ള കുട്ടികളും ഇത് കഴിച്ചിരുന്നുവത്രെ. ഇവരെല്ലാവരും നിലവില്‍ ഐസൊലേഷനിലാണ്. കേന്ദ്രസംഘവും ആരോഗ്യവകുപ്പ് അധികൃതരും റംബൂട്ടാൻ മരത്തില്‍ നടത്തിയ പരിശോധനയില്‍ പല പഴങ്ങളും പക്ഷികള്‍ കൊത്തിയ നിലയിലാണ്. മരത്തില്‍ വവ്വാലുകളും വരാറുണ്ടെന്ന് പരിസര വാസികള്‍ പറയുന്നു. രോഗബാധ ഉണ്ടായത് റംബൂട്ടാനിൽ നിന്നാണോയെന്ന് വിശദ പരിശോധനയില്‍ മാത്രമേ കണ്ടെത്താനാവൂ എന്ന് കേന്ദ്ര വിദഗ്ധ സംഘത്തിെന്‍റ തലവന്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.
പയ്യന്നൂർ സ്വദേശിനി സുനീഷയുടെ ആത്മഹത്യ; ഭര്‍ത്താവിന്റെ മാതാപിതാക്കളെ പ്രതി ചേര്‍ത്തു
കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശിനി സുനീഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു.ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളിലാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.ഭര്‍ത്താവ് വിജീഷിനെ കൂടാതെ അച്ഛന്‍ പി രവീന്ദ്രന്‍, അമ്മ പൊന്നു എന്നിവരെയാണ് പ്രതി ചേര്‍ത്തത്. കേസിൽ വിജീഷ് നേരത്തെ അറസ്റ്റിലായിരുന്നു.ഒന്നരവര്‍ഷം മുൻപാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരായത് . പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.
കേരളം വീണ്ടും നിപ്പ ഭീതിയില്‍; ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം തുടരുന്നു;ഒരാഴ്ച നിര്‍ണ്ണായകമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും നിപ്പ ഭീതി.വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വരുന്ന ഒരാഴ്ച നിര്‍ണ്ണായകമെന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വ്യാപന ശേഷി കുറവും മരണനിരക്ക് കൂടുതലുമുള്ള ഈ വൈറസിനെ പിടിച്ചുകെട്ടാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിപ്പ ബാധിച്ച മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടൈന്‍മെന്‍റ് സോണാക്കിയിട്ടുണ്ട്.നിപ്പ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് 188 പേരാണ് കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടത്.ഇതിൽ 136 പേർ ആരോഗ്യപ്രവർത്തകരാണ്. 100 പേർ മെഡിക്കൽ കോളേജിലും 36 പേർ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്.ഇതില്‍ 20 പേര്‍ ഹൈറിസ്‌ക് പട്ടികയിലുണ്ട്.സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ കണ്ടെത്തി ഐസൊലേഷൻ കൃത്യമായി നടപ്പാക്കിയാൽ വ്യാപനമുണ്ടാകില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ.അതേസമയം കുട്ടിയുടെ അമ്മയ്‌ക്ക് നേരിയ പനി അനുഭവപ്പെട്ടത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചു. ഇവരെ സുരക്ഷിതമായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായാണ് വിവരം. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും സ്വകാര്യ ആശുപത്രിയിലേയും രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അസാധാരണമായി ആര്‍ക്കെങ്കിലും പനിയോ മറ്റ് അസുഖങ്ങളോ വന്നാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിപ്പ പരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ലാബ് സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്.എന്‍ഐവി സംഘമാണ് ലാബ് സജ്ജീകരിക്കുക.നിപ്പ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഇവിടെ ട്രൂനാറ്റ് പരിശോധന നടത്തും.
സംസ്ഥാനത്ത് വീണ്ടും നിപ്പ ആശങ്ക;കോഴിക്കോട് മരിച്ച പന്ത്രണ്ടുകാരന് നിപ്പ വൈറസ്ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി;കനത്ത ജാഗ്രത
കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും നിപ്പ ആശങ്ക.നിപ്പ ലക്ഷണങ്ങളോടെ മരിച്ച കുട്ടിയുടെ സാമ്പിൾ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.ഇന്നലെ രാത്രിയോടെയാണ് പൂനെയിൽ നിന്നും സാമ്പിളുകളുടെ ഫലം ലഭിച്ചത്. അപ്പോഴേക്കും കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിലായിരുന്ന കുട്ടിക്ക് ഛർദ്ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിയോടെ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. കൊറോണ ബാധിതനായിരുന്ന കുട്ടിയ്‌ക്ക് രോഗം ഭേദമായിട്ടും പനി വിട്ടുമാറാതെ വന്നതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്‌ക്കായി നിരവധി ആശുപത്രികളിൽ പോയിരുന്നു. കുട്ടിയുടെ കുടുംബത്തെയും അയൽ വാസികളേയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മൃതദേഹം ഇന്ന് 10 മണിയോടെ സംസ്‌കരിക്കും എന്നാണ് വിവരം.നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് വീണ ജോർജ്ജ് വ്യക്തമാക്കി.ജില്ലയിൽ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നിപ്പ വാർഡ് ആരംഭിക്കാനാണ് തീരുമാനം. വിഷയം ചർച്ച ചെയ്യാൻ ഉന്നത തല യോഗം ചേരും. കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക ഉടൻ തയ്യാറാക്കുമെന്നും വീണ ജോർജ്ജ് വ്യക്തമാക്കി.
കോവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവില്ല; രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക് ഡൗണും തുടരും
തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. കൊറോണ സാഹചര്യം വിലയിരുത്താൻ ചേർന്ന് അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. സംസ്ഥാനത്ത് രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക് ഡൗണും തുടരും.കേരളത്തിന്റെ പ്രതിരോധ മാര്‍ഗം ഫലപ്രദംമാണെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ എറ്റവും നല്ല രീതിയില്‍ കൊവിഡ് ഡേറ്റ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപെട്ടതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഓണത്തിന് ശേഷം വലിയ വര്‍ദ്ധനവ് ഉണ്ടായില്ലെങ്കിലും ഉണ്ടായ വര്‍ദ്ധനവ് സാരമായി കാണുന്നില്ല. ഈ ഘട്ടത്തില്‍ നമ്മള്‍ ഒന്നുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട വര്‍ധനയില്ല. രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 29,682 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ശതമാനം;25,910 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29,682 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 185 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,008 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1357 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3443, എറണാകുളം 3496, മലപ്പുറം 2980, കോഴിക്കോട് 2913, പാലക്കാട് 1852, കൊല്ലം 2372, തിരുവനന്തപുരം 2180, കോട്ടയം 1986, ആലപ്പുഴ 1869, കണ്ണൂര്‍ 1467, പത്തനംതിട്ട 1129, ഇടുക്കി 1051, വയനാട് 905, കാസര്‍ഗോഡ് 465 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.132 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 21, വയനാട് 18, പാലക്കാട് 17, കണ്ണൂര്‍ 15, കാസര്‍ഗോഡ് 12, പത്തനംതിട്ട 10, കൊല്ലം 9, കോട്ടയം, മലപ്പുറം 6 വീതം, എറണാകുളം 5, തിരുവനന്തപുരം, ആലപ്പുഴ 4 വീതം, കോഴിക്കോട് 3, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,910 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1748, കൊല്ലം 1939, പത്തനംതിട്ട 1039, ആലപ്പുഴ 1517, കോട്ടയം 1857, ഇടുക്കി 787, എറണാകുളം 2828, തൃശൂര്‍ 2791, പാലക്കാട് 2484, മലപ്പുറം 2805, കോഴിക്കോട് 2864, വയനാട് 888, കണ്ണൂര്‍ 1764, കാസര്‍ഗോഡ് 599 എന്നിങ്ങനേയാണ് രോഗമുക്തിയായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,422 ആയി.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.