കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. കഴിഞ്ഞ ദിവസങ്ങളിലെടുത്ത സാംപിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാംപിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് മന്ത്രി പറഞ്ഞു.സമ്പർക്കപ്പട്ടികയില്‍ നിലവില്‍ 274 പേരുണ്ട്. ഇവരില്‍ ഏഴുപേര്‍ കൂടി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുവരെ പരിശോധിച്ച 68 പേര്‍ക്ക് രോഗബാധയില്ലെന്ന് വ്യക്തമായി.തുടര്‍ച്ചയായ നാലാം ദിവസവും പരിശോധന ഫലം നെഗറ്റീവായതോടെ നിപ ഭീതി അകലുകയാണെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുകയാണ്. അതേസമയം ചാത്തമംഗലത്ത് റിപോര്‍ട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊര്‍ജിതമാക്കി. മൃഗസംരക്ഷണ വകുപ്പിനൊപ്പം പൂനെ എന്‍ഐവിയില്‍നിന്നുളള വിദഗ്ധസംഘവും പരിശോധന നടത്തുന്നുണ്ട്. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ച് നിരീക്ഷിക്കുക. തിരുവനന്തപുരം മൃഗരോഗ നിര്‍ണയ കേന്ദ്രത്തിലെ വിദഗ്ധസംഘം ചാത്തമംഗലത്തും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. ഇവിടുത്തെ പക്ഷികളില്‍നിന്നും മൃഗങ്ങളില്‍നിന്നും ശേഖരിച്ച സാംപിളുകള്‍ വിമാനമാര്‍ഗം ഭോപാലിലെ വൈറോളജി ലാബിലേക്കയച്ചു. കാര്‍ഗോ കമ്പനികളുടെ എതിർപ്പിനെ തുടർന്ന് സാമ്പിളുകൾ അയക്കാൻ വൈകിയിരുന്നു.നിപ ഭീതിയെത്തുടര്‍ന്ന് സാംപിളുകള്‍ അയക്കാനാവില്ലെന്നായിരുന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ് കാര്‍ഗോ കമ്പനിയുടെ നിലപാട്. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്ന് മൃസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഒന്നരവയസുകാരന് പ്രതിരോധകുത്തിവെയ്പ്പ് എടുത്തതിൽ വൻ വീഴ്ച; കാൽമുട്ടിൽ കുത്തിവെയ്പ്പ് എടുത്ത കുഞ്ഞ് ആശുപത്രിയിൽ; പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ
കൊല്ലം:ഒന്നരവയസുകാരന് പ്രതിരോധകുത്തിവെയ്‌പ്പെടുത്തതിൽ വൻ വീഴ്ച സംഭവിച്ചതായി പരാതി. തുടയിൽ എടുക്കേണ്ടിയിരുന്ന കുത്തിവെയ്പ്പ് കാൽമുട്ടിൽ എടുത്തു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.ഈ മാസം ഒന്നാം തീയതി തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് മുഖത്തല സ്വദേശിയാണ് മുഹമ്മദ് ഹംദാൻ എന്ന ഒന്നരവയസ്സുകാരന് കുത്തിവെയ്‌പ്പെടുത്തത്.കുത്തിവെയ്‌പ്പെടുത്ത സ്ഥാനം മാറിയെന്ന് സംശയം തോന്നിയ കുട്ടിയുടെ മാതാവ് നഴ്‌സിനോട് സംശയം പ്രകടിപ്പിച്ചിരുന്നു.എന്നാൽ മാതാവിന്റെ സംശയം ഇവർ മുഖവിലയ്‌ക്കെടുത്തില്ല.വീട്ടിൽ തിരിച്ചെത്തിയ കുട്ടിക്ക് അസഹ്യമായ വേദന ഉണ്ടാവുകയും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ ഡി.എം.ഒ അന്വേഷണത്തിന് ഉത്തരവിട്ടു. കുത്തിവെയ്‌പ്പെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ കുത്തിവെയ്‌പ്പെടുത്ത സമയത്ത് കുട്ടി കാൽ വലിച്ചതാണ് സ്ഥാനം തെറ്റാൻ കാരണമെന്നാണ് പ്രഥമിക ആരോഗ്യ കേന്ദ്രം അധികൃതർ നൽകുന്ന വിശദീകരണം.
കണ്ണൂര്‍ സര്‍വകലാശാലയുടെ പിജി സിലബസ്സില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പിജി സിലബസ്സില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. പബ്ലിക്ക് അഡ‍്മിനിസ്ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍എസ്‌എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി.ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയര്‍ത്തുമെന്നാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തുന്ന നിലപാട്.കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
എം.എസ് ഗോള്‍വാള്‍ക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവര്‍ക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പി.ജി സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പഠഭാഗങ്ങള്‍ ഉള്ളത്. ഗവേണന്‍സ് മുഖ്യഘടകമായ കോഴ്സില്‍ സിലബസ് നിര്‍മിച്ച അധ്യാപകരുടെ താല്‍പര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകള്‍ തീരുമാനിച്ചത്. സിലബസ് രൂപവത്കരണത്തില്‍ വേണ്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകര്‍ നിര്‍ദ്ദേശിച്ച പേപ്പറുകളെല്ലാം തള്ളി കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യ പദ്ധതി തീരുമാനിച്ചത്.എം.എ പൊളിറ്റിക്കല്‍ സയന്‍സ് ആയിരുന്ന പി.ജി കോഴ്സ് ഈ വര്‍ഷം മുതലാണ് എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് ആയി മാറിയത്. ഇന്ത്യയില്‍ തന്നെ ഈ കോഴ്സ് കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ ബ്രണ്ണന്‍ കോളജില്‍ മാത്രമേ ഉള്ളൂ.
തൃശൂർ പുത്തൂരില്‍ മിന്നൽ ചുഴലിക്കാറ്റ്; മൂന്ന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു;വൈദ്യുതി തൂണുകൾ പൊട്ടിവീണു;വ്യാപക നാശനഷ്ടം
തൃശൂർ: പുത്തൂരില്‍ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പുത്തൂര്‍ പഞ്ചായത്തിലെ വെട്ടുകാട് തമ്പുരാട്ടിമൂലയിലും, സുവോളജിക്കല്‍ പാര്‍ക്കിനടുത്ത് മാഞ്ചേരിയിലുമാണ് കാറ്റ് വീശിയത്. അരമണിക്കൂറിനിടെ വ്യത്യസ്ത സമയങ്ങളില്‍ വീശിയ മിന്നല്‍ ചുഴലിക്കാറ്റ് മലയോരത്ത് രണ്ടിടങ്ങളില്‍ നാശനഷ്ടമുണ്ടാക്കി. മൂന്നു മിനിറ്റ് വീതമാണ് കാറ്റ് വീശിയത്.മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 27 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടങ്ങളുണ്ടായി. വിവിധ സ്ഥലങ്ങളിലായി എട്ട് ഏക്കറിലെ റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണു. കുലച്ച 3,000 നേന്ത്രവാഴകള്‍ നശിച്ചു. തെങ്ങുകള്‍ വട്ടംമുറിഞ്ഞ് ദൂരേക്കു വീണു. വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞ് കമ്പികൾ പൊട്ടിവീണതോടെ പ്രദേശം മുഴുവന്‍ ഇരുട്ടിലായി. വഴിയില്‍ പലയിടത്തും മരങ്ങള്‍ വീണുകിടന്നത് നാട്ടുകാര്‍ മുറിച്ചുനീക്കി. മരങ്ങള്‍ മറിഞ്ഞു വീണും കാറ്റില്‍ മേല്‍കൂരകള്‍ പറന്നുപോയതുമായ വീടുകള്‍ മിക്കതും താമസിക്കാനാവാത്ത നിലയിലാണ്.മഴയും മേഘവും ഒരു സ്ഥലത്തുണ്ടാവുമ്പോൾ അടുത്ത പ്രദേശത്ത് മേഘങ്ങളുടെ തള്ളല്‍മൂലമുണ്ടാവുന്ന പ്രതിഭാസമാണിതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് റവന്യൂമന്ത്രി കെ രാജന്‍ ഓണ്‍ലൈനില്‍ അടിയന്തരയോഗം വിളിക്കുകയും നാശനഷ്ടം നേരിട്ടവര്‍ക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് രണ്ടുദിവസത്തിനുള്ളില്‍ പരാതി നല്‍കാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. പ്രശ്‌നപരിഹാരത്തിന് വൈകാതെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ കോളജുകള്‍ ഓക്ടോബര്‍ നാലിന് തുറക്കും; വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ ഓക്ടോബര്‍ നാലിന് തുറക്കും.ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേളേജുകളിലെത്തുന്നതിന് മുൻപ് എല്ലാ വിദ്യാര്‍ത്ഥികളും ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കാലാവധി ആയവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു.സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെ.ടി ജലീൽ ഇന്ന് ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകും
മലപ്പുറം:ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെ.ടി ജലീൽ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് മുന്നിൽ ഹാജരാകും.വൈകിട്ട് നാല് മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് ഇ ഡി നിർദ്ദേശം നിർദേശം നൽകിയിരിക്കുന്നത്.തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും, രേഖകളും ജലീൽ ഹാജരാക്കും.ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ എത്തിയതിൽ ദുരൂഹതയുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങൾക്കല്ല പണമെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ.ചന്ദ്രിക തട്ടിപ്പ് കേസിൽ ജലീൽ നേരത്തേയും ഇഡിയ്‌ക്ക് മൊഴി നൽകിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മൊഴി നൽകിയതെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകൾ ജലീൽ ഇ.ഡിക്ക് കൈമാറുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളാണ് ഇന്ന് ജലീൽ ഇഡിയ്‌ക്ക് മുന്നിൽ ഹാജരാക്കുക.
നിപ; സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്:നിപ ഭീതിയിൽ സംസ്ഥാനത്തിന് ആശ്വാസം.സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാംപിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്‌ക്ക് വിധേയമാക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 30,196 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ശതമാനം;27,579 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 30,196 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂർ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസർഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 190 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,617 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1259 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,579 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1646, കൊല്ലം 2077, പത്തനംതിട്ട 1191, ആലപ്പുഴ 1966, കോട്ടയം 2198, ഇടുക്കി 907, എറണാകുളം 2648, തൃശൂർ 2698, പാലക്കാട് 2267, മലപ്പുറം 3019, കോഴിക്കോട് 3265, വയനാട് 1222, കണ്ണൂർ 2003, കാസർഗോഡ് 472 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
മാനസ കൊലക്കേസ്;പ്രതി രഖിലിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു
കൊച്ചി:കോതമംഗലത്തെ ഡെന്റൽ വിദ്യാർത്ഥിനിയായ കണ്ണൂർ സ്വദേശിനി മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി.മാനസയെ വെടിവച്ചുകൊന്ന രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യനാണ് അറസ്റ്റിലായത്. ഇയാളെ തെളിവെടുപ്പിനായി ബീഹാറിലേക്ക് കൊണ്ടുപോയി.കൊലപാകം നടത്താന്‍ രഖില്‍ തോക്കുവാങ്ങിയത് ബീഹാറില്‍ നിന്നാണ്.ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാനെന്ന പേരിലാണ് രഖിലും ആദിത്യനും തോക്ക് വാങ്ങാനായി ബീഹാറിലേക്ക് പോയത്.ആദിത്യന്‍ രഖിലിന്റെ ഉറ്റസുഹൃത്തും ഒപ്പം ബിസിനസ് പങ്കാളിയുമാണ്. രഖിലിന് തോക്ക് വിറ്റ ബീഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ് കുമാര്‍ വര്‍മ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ബീഹാറില്‍ നിന്നാണ് ഇവരെ കേരള പൊലീസ് അറസ്റ്റുചെയ്തത്. സോനു കുമാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തോക്ക് കച്ചവടത്തിന്‍റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സര്‍ സ്വദേശി മനേഷ് കുമാറിനെ പൊലീസ് പിടികൂടിയത്. 35000 രൂപയ്ക്കാണ് ഇവരില്‍ നിന്ന് തോക്ക് വാങ്ങിയത്. തന്റെ കീഴില്‍ ജോലിചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നാണ് ബീഹാറില്‍ തോക്ക് എളുപ്പത്തില്‍ വാങ്ങാന്‍ കിട്ടുമെന്ന് രഖില്‍ മനസിലാക്കിയത്.
രണ്ടു കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പാനൂരിൽ പിടിയില്‍
തലശ്ശേരി: രണ്ടു കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പാനൂരിൽ പിടിയില്‍.പശ്ചിമ ബംഗാള്‍ ഹിയാത്ത് നഗറിലെ എസ്.കെ.മിനറുല്‍ (22) ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സെപക്ടര്‍ കെ.ഷാജിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂത്തുപറമ്പിൽ കഞ്ചാവ് വില്‍പനക്കായി ഇയാൾ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. പാനൂരിനടുത്ത് വാടകക്ക് താമസിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പ്രിവന്റീവ് ഓഫീസര്‍ പി.സി ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.പി. ശ്രീധരന്‍, പ്രജീഷ് കോട്ടായി, കെ.ബി.ജീമോന്‍, പി.ജലീഷ്, പ്രനില്‍ കുമാര്‍, എം.സുബിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍. ലിജിന, എം.രമ്യ എക്‌സൈസ് ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്