തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15,058 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂർ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസർഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,650 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,336 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,439 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1993, കൊല്ലം 2243, പത്തനംതിട്ട 1111, ആലപ്പുഴ 1747, കോട്ടയം 2234, ഇടുക്കി 1157, എറണാകുളം 3699, തൃശൂർ 2790, പാലക്കാട് 2218, മലപ്പുറം 2701, കോഴിക്കോട് 3520, വയനാട് 966, കണ്ണൂർ 1608, കാസർഗോഡ് 452 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
പ്രശസ്ത സിനിമാ–സീരിയൽ നടൻ റിസബാബ അന്തരിച്ചു
കൊച്ചി: പ്രശസ്ത സിനിമാ–സീരിയൽ നടൻ റിസബാബ(55) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഉച്ചയോടെ മോശമാകുകയായിരുന്നു. 1966 സെപ്തംബറിൽ കൊച്ചിയിലായിരുന്നു റിസബാവയുടെ ജനനം. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്. പിന്നീട് സീരിയലുകളിലും സജീവമായി. 1984 ൽ പുറത്തിറങ്ങിയ വിഷുപക്ഷിയാണ് ആദ്യ ചിത്രം. ഇൻ ഹരിഹർ നഗർ, ഡോ. പശുപതി, അനിയൻ ബാവ ചേട്ടൻ ബാവ, ചമ്പക്കുളം തച്ചൻ തുടങ്ങി നൂറിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.ഇൻഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെയാണ് മലയാള സിനിമാ മേഖലയിൽ അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് വില്ലനായും സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.ഡബിങ് ആര്‍ടിസ്റ്റ് കൂടിയായിരുന്ന റിസബാവ ഈയിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രമായ വണിലും അഭിനയിച്ചിരുന്നു. കര്‍മയോഗി എന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ്ക്ക് ശബ്ദം നല്‍കിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
മൻസൂർ വധക്കേസ് പ്രതികൾക്ക് ജാമ്യം;കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി
കണ്ണൂർ:പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വധക്കേസിലെ 10 പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. പ്രതികൾ കോടതി ആവശ്യങ്ങൾക്കൊഴികെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നത് അടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം.15-ാം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് രാത്രിയാണ് മൻസൂർ കൊല്ലപ്പെടുന്നത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്റ് ആയിരുന്ന മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് കണ്ടെത്തൽ.
നിസാമുദ്ദീൻ എക്‌സ്പ്രസ്സിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ചു
തിരുവനന്തപുരം: നിസാമുദ്ദീൻ എക്‌സ്പ്രസ്സിൽ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ചു.തിരുവല്ല സ്വദേശികളായ വിജയകുമാരി, മകൾ അഞ്ജലി, കോയമ്പത്തൂർ സ്വദേശിയായ ഗൗസല്യ എന്നിവരാണ് കവർച്ചയ്‌ക്കിരയായത്.ഇന്നലെ പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധരഹിതയായ നിലയിൽ റെയിൽവേ പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പോലീസ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിജയകുമാരിയുടേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണ്ണവും രണ്ട് മൊബൈൽ ഫോണും മോഷണം പോയതായാണ് പരാതി. ഗൗസല്യയുടെയും സ്വർണ്ണമാണ് കവർച്ച ചെയ്തത്. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഗൗസല്യ കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അതേസമയം സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട് . സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായാണ് കവർച്ചയ്‌ക്ക് പിന്നിലെന്നാണ് നിഗമനം. ഇയാളെ കണ്ടെത്താൻ തമിഴ്‌നാട്ടിലും കേരളത്തിലും ആർപിഎഫ് സംഘം തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കവർച്ചയ്‌ക്കിരയായ മൂന്ന് സ്ത്രീകളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.അന്വേഷണത്തിന്റെ ഭാഗമായി തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീകളെ കാണിച്ചിരുന്നു. ഈ കൂട്ടത്തിലാണ് സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായും ഉണ്ടായിരുന്നത്. കവർച്ചയ്‌ക്കിരയായ വിജയകുമാരി എന്ന സ്ത്രീയാണ് ഇയാളെ തിരിച്ചറിഞ്ഞത്. കവർച്ചയ്‌ക്കിരയായ മറ്റൊരു സ്ത്രീയും താൻ സഞ്ചരിച്ച കോച്ചിൽ ഇയാൾ ഉണ്ടായിരുന്നതായി പറയുന്നു. മധുരയിലും നാഗർകോവിലും അടക്കം നിരവധി കേസിൽ പ്രതിയായ ആളാണ് അസ്ഗർ ബാദ്ഷാ.ഇയാൾ ആഗ്രയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ആലപ്പുഴയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നാണ് പരിചയപ്പെടുത്തിയത്.മോഷണത്തിന് ഇരയായ അമ്മയും മകളും കൈകഴുകാൻ പോയപ്പോൾ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അസ്ഗർ പാഷ ആഗ്ര മുതൽ കവർച്ചയ്‌ക്ക് ഇരയായവരുടെ സീറ്റിനടുത്ത് ഉണ്ടായിരുന്നു. വെള്ളം കുടിച്ച ശേഷമാണ് ബോധരഹിതയായതെന്ന് സ്ത്രീകൾ പറയുന്നുണ്ട്. ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു.
കൊല്ലം അഴീക്കൽ ബീച്ചിൽ കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു
കൊല്ലം: ആലപ്പാട് അഴീക്കൽ ബീച്ചിൽ കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു.ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് ജഡം കരക്കടിഞ്ഞത്. ബീച്ചിലെ പാറക്കെട്ടിൽ കുടുങ്ങിയ ജഡം അഴുകിയ നിലയിലാണ്. ഓച്ചിറ പോലീസ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത;10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തിനടുത്തായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറ്, മദ്ധ്യ പടിഞ്ഞാറ് ഭാഗങ്ങളിൽ കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുണ്ട്. 40-50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 60 കലോമീറ്റർ വേഗത്തിലും കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനായി തൊഴിലാളികൾ ഈ ഭാഗത്തേക്ക് പോകരുത് എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത ഉള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബീച്ചുകളില്‍ പോകുന്നതും, കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണം.
എലിക്ക് വെച്ച വിഷം അബദ്ധത്തിൽ കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു
വേങ്ങര: വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം അറിയാതെ എടുത്തു കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ രണ്ടര വയസ്സ് പ്രായമുള്ള മകന്‍ ഷയ്യാഹ് ആണ് മരിച്ചത്.വീട്ടിൽ എലി ശല്യം രൂക്ഷമായതിൽ ഇവയെ നശിപ്പിക്കാൻ വെച്ചിരുന്ന വിഷം കുഞ്ഞ് ഒരാഴ്ച മുൻപ് അബദ്ധത്തിൽ കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി.ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.മാതാവ്: ഹസീന. സഹോദരങ്ങള്‍ : മുഹമ്മദ് അഷ്‌റഫ്, അമീന്‍, ഷിബിന്‍ ഷാ.
സംസ്ഥാനത്ത് ഇന്ന് 20,487 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19; 26,155 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 20,487 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂർ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസർഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 102 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 793 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1779, കൊല്ലം 2063, പത്തനംതിട്ട 1344, ആലപ്പുഴ 1738, കോട്ടയം 1463, ഇടുക്കി 863, എറണാകുളം 3229, തൃശൂർ 2878, പാലക്കാട് 1931, മലപ്പുറം 2641, കോഴിക്കോട് 3070, വയനാട് 986, കണ്ണൂർ 1550, കാസർഗോഡ് 620 എന്നിങ്ങനേയാണ് രോഗമുക്തിയായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി.
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സർക്കാർ പ്രഖ്യാപനം വന്നാൽ ഉടൻ സ്‌കൂളുകൾ തുറക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.സ്‌കൂൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.സ്‌കൂൾ തുറക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പ് മാത്രം വിചാരിച്ചാൽ പോരെന്നും വിദ്യാഭ്യാസ മന്ത്രി വൃക്തമാക്കി.അതേസമയം അദ്ധ്യാപകരും അനദ്ധ്യാപകരും സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാരും ഉൾപ്പടെയുള്ളവർ ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിക്കണെമന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.എന്നാൽ സീറോ പ്രിവിലൻസ് പഠനത്തിന്റെ ഫലം വന്ന ശേഷം സ്‌കൂളുകൾ തുറക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.സർവെയിൽ എഴുപത് ശതമാനം പേരിൽ ആന്റിബോഡി കണ്ടെത്തിയാൽ സ്‌കൂളുകൾ തുറക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം.5 മുതൽ 17 വയസ്സ് ഉള്ളവരിലെ ആന്റിബോഡി സാന്നിദ്ധ്യവും പഠനത്തിൽ പരിശോധിക്കുന്നുണ്ട്
കണ്ണൂർ ഇരിക്കൂറിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം; അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം പണി നടക്കുന്ന കെട്ടിടത്തില്‍ കുഴിച്ചിട്ടു കോണ്‍ക്രീറ്റ് ചെയ്തു
കണ്ണൂർ: ഇരിക്കൂറിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം..മറുനാടന്‍ തൊഴിലാളിയായെ അഷിക്കുല്‍ ഇസ്ലാമിനെയാണ് സുഹൃത്തുക്കള്‍ കൊലപ്പെടുത്തി പണി നടക്കുന്ന കെട്ടിടത്തിന്റെ ശൗചാലത്തില്‍ കുഴിച്ചിട്ടത്.മൃതദേഹം പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു.ഇരിക്കൂര്‍ പെരുവളത്ത്പറമ്പിൽ താമസിച്ച് തേപ്പുപണി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട അഷിക്കുല്‍ ഇസ്ലാമും സംഘവും.ജൂണ്‍ 28നാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും പരേഷ് നാഥും ഗണേഷ് എന്നയാളും കൂടി അഷിക്കുലിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ചാക്കിലാക്കി പണി നടന്നുകൊണ്ടിരിക്കുന്ന ശൗചാലയത്തില്‍ ഒരു മീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടു. അപ്പോള്‍ തന്നെ നിലം കോണ്‍ക്രീറ്റ് ഇടുകയും ചെയ്തു.ആശിഖുല്‍ ഇസ്‌ലാമിന്റെ മൃതദേഹം. കൊലപാതകം നടന്ന് രണ്ട് മാസം കഴിഞ്ഞാണ് സുഹൃത്തായ പരേഷ് നാഥ് മണ്ഡല്‍ പിടിയിലാകുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജൂണ്‍ 28 മുതലാണ് ആശിഖുല്‍ ഇസ്‌ലാമിനെ കാണാതായത്. അന്ന് തന്നെ അയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ പരേഷ് നാഥ് മണ്ഡലും, ഗണേഷും നാടുവിട്ടു. അതിന് മുന്‍പ് ഫോണ്‍ നന്നാക്കാന്‍ പോയ ശേഷം ആശിഖുല്‍ ഇസ്‌ലാമിനെ കാണാനില്ലെന്ന് ഇയാളുടെ സഹോദരന്‍ മോമിനെ വിളിച്ച് പരേഷ് നാഥ് അറിയിച്ചു. കണ്ണൂര്‍ മട്ടന്നൂരിൽ നിര്‍മാണ തൊഴിലാളിയായ സഹോദരന്‍ പിന്നീട് ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒപ്പം താമസിച്ചവരെ ബന്ധപ്പെടാന്‍ ശ്രമിക്കവെയാണ് അവര്‍ മുങ്ങിയതായി പൊലീസ് മനസിലാക്കുന്നത്. ഇവരുടെ ഫോണും സ്വിച് ഓഫായിരുന്നു. ഇതായിരുന്നു കേസില്‍ വഴിത്തിരിവായത്.എന്നാല്‍ കുറച്ച് കാലം കഴിഞ്ഞ് മണ്ഡലിന്‍റെ ഫോണ്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് ടവര്‍ ലോകേഷന്‍ പരിശോധനയില്‍ ഇയാള്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്ന് അറിഞ്ഞു. ഇതോടെ കണ്ണൂരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം ഇസ്‌ലാമിന്റെ സഹോദരന്‍ മോമിനെയും ഒപ്പംചേര്‍ത്ത് മഹാരാഷ്ട്രയിലേക്ക് ശനിയാഴ്ച പുറപ്പെട്ടു. മുംബൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ പാല്‍ഗരില്‍ നിന്നുമാണ് പരേഷ് നാഥ് മണ്ഡലിനെ പൊലീസ് പിടികൂടിയത്.ഗണേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.